ഇന്ത്യ– യൂറോപ്പ് ബന്ധം മെച്ചപ്പെടുമ്പോൾ

Emmanuel-Macron-with-Prime-Minister-Narendra-Modi
France's President Emmanuel Macron welcomes India's Prime Minister Narendra Modi before a meeting at the Elysee Palace in Paris, France May 4, 2022. REUTERS/Gonzalo Fuentes
SHARE

ന്യൂഡൽഹിയിൽ നടന്ന റെയ്സിന സംവാദത്തിനു തൊട്ടുപിന്നാലെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഇടയായത് യാദൃച്ഛികമാവാം. എന്നാൽ, ഈ സന്ദർശനത്തിന് ഇതിലും ഉചിതമായൊരു സമയം വേറെ ഇല്ലായിരുന്നു എന്നു പറയാം. പല യൂറോപ്യൻ രാജ്യങ്ങളും റെയ്സിന സംവാദത്തിനെത്തിയതു തന്നെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ അവരുടെ പക്ഷം ചേരാൻ ഇന്ത്യയെ പ്രേരിപ്പിക്കാൻ കഴിയുമോ എന്നറിയാനാണ്. റഷ്യയ്ക്കെതിരെ രൂപം കൊണ്ടിട്ടുള്ള ജനാധിപത്യചേരിയിൽ ഇന്ത്യയും അണിചേരണമെന്ന് അവർ ആഗ്രഹിക്കുന്നു.

റഷ്യയുമായുള്ള പരമ്പരാഗത ബന്ധം ഒരുകാലത്തും യുഎസും യൂറോപ്പുമായുള്ള നമ്മുടെ സൗഹൃദം മെച്ചപ്പെടുന്നതിനു തടസ്സമായിരുന്നിട്ടില്ല. എന്നിട്ടും യുക്രെയ്ൻ തർക്കത്തിൽ ഇന്ത്യ സ്വീകരിച്ച സ്വതന്ത്ര നിലപാട് തിന്മയുടെ പക്ഷം ചേരലായി വ്യാഖ്യാനിക്കപ്പെട്ടു. യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിൽ പങ്കുചേരാതിരുന്നതാണ് അവരെ ചൊടിപ്പിച്ചത്. പല തലത്തിൽ സമ്മർദം ചെലുത്തി, ‘റഷ്യൻ ഏകാധിപത്യത്തിനെതിരെ’ ജനാധിപത്യശക്തികളോടൊപ്പം അണിചേരാൻ അവർ നമ്മെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. അതിനായി അനുനയത്തിന്റെ എല്ലാ വഴികളും അവർ പരീക്ഷിക്കുന്നു.

pm-modi-flight

എന്നാൽ, അനുരഞ്ജനപാതയിൽ മുന്നോട്ടുപോയി സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സ്വതന്ത്രസമീപനമാണ് ഏറ്റവും ഉചിതമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഇതിനെ വേണ്ടവിധം മനസ്സിലാക്കാതെ ഇന്ത്യയുടെ നിലപാട് സൗഹാർദപരമല്ലെന്നും കുറച്ചൊക്കെ ശത്രുതാപരമാണെന്നും ഉറപ്പിച്ച്, നമുക്ക് യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ വലിയ താൽപര്യമില്ലെന്ന നിഗമനത്തിലാണ് ഈ രാജ്യങ്ങളുടെ പ്രതിനിധികളിൽ പലതും റെയ്സിന സംവാദം കഴിഞ്ഞ് ന്യൂഡൽഹിയിൽ നിന്നു മടങ്ങിയത്.   

മോദിയുടെ സന്ദർശനവേളയിലും യുക്രെയ്ൻ യുദ്ധം ഉന്നതതലത്തിൽ തന്നെ ചർച്ചാവിഷയമായി. എന്നാൽ ജർമനിയും ഫ്രാൻസും ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ് ലൻഡ്, നോർവെ, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളും ആയി നടത്തിയ ചർച്ചകളിലെല്ലാം അവരുമായുള്ള ദീർഘകാല ബന്ധത്തിന്റെ ഇഴയടുപ്പത്തെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചത്. ഈ ബന്ധത്തിനു ഊനംതട്ടാത്തവിധം യുക്രെയ്ൻ യുദ്ധത്തെ മറ്റൊരു തലത്തിൽ കാണണമെന്നാണ് അദ്ദേഹം നൽകിയ സന്ദേശം. പക്ഷേ, യുക്രെയ്ൻ യുദ്ധത്തിനു ശേഷം ഉരുത്തിരിയാൻ ഇടയുള്ള ശാക്തിക സമവാക്യങ്ങൾ എന്തായിരിക്കുമെന്നും അതിൽ ഇന്ത്യയുടെ സ്ഥാനം എവിടെയായിരിക്കുമെന്നും അറിയാനാണ് ഈ രാജ്യങ്ങളെല്ലാം ഉത്കണ്ഠാപൂർവം ശ്രമിച്ചത്.

modi-Mette-Frederiksen
Prime Minister Narendra Modi greets the members of the Indian community, during an event, in Copenhagen, Denmark. Prime Minister of Denmark Mette Frederiksen is also seen. Photo: PTI

യുഎസും നാറ്റോ സഖ്യരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടു എന്നതാണ് യുക്രെയ്ൻ യുദ്ധത്തിന്റെ ഉടനടിയുള്ള പ്രത്യാഘാതം. മുൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ് ഈ ബന്ധങ്ങളെല്ലാം പരമാവധി വഷളാക്കിയാണ് പടിയിറിങ്ങിയത്. എന്നാൽ, യുക്രെയ്നിലെ റഷ്യൻ സൈനികനടപടിയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ പൊതുവെയും നാറ്റോ സഖ്യരാജ്യങ്ങൾ പ്രത്യേകിച്ചും യുഎസുമായി കൂടുതൽ അടുത്തു. നാറ്റോ സഖ്യത്തിൽപെട്ട രാജ്യങ്ങൾക്കും അല്ലാത്ത യുക്രെയ്നിനും യുഎസ് വൻതോതിൽ സൈനിക സഹായം നൽകി. ഇതോടെ റഷ്യ– യുക്രെയ്ൻ സംഘർഷത്തിനറെ കേന്ദ്രസ്ഥാനത്ത് അവരെത്തി. 

റഷ്യയ്ക്കെതിരായ ഉപരോധം ആത്യന്തികമായി യുഎസിനു ഗുണം ചെയ്യുമെന്ന വാദം നിലനിൽക്കെത്തന്നെ, ഈ ബഹുതല ഉപരോധം കർശനമായി നടപ്പാക്കാൻ അവർ മുന്നിട്ടിറങ്ങി. അതിനു സഹായകമായവിധം ഒപ്പംനിൽക്കാൻ കൂട്ടാക്കാത്ത ഇന്ത്യയെക്കുറിച്ച് യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും മുറുമുറുപ്പ് ഉയരുന്നതു സ്വാഭാവികമാണ്. അതു കൂടുതൽ ഉച്ചത്തിലാകും മുൻപ് ഇന്ത്യയെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കാൻ അവരെല്ലാം കൂടി യുഎസിനെത്തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പണ്ട് ആണവ കരാറിന്റെ കാര്യത്തിലും ഇതേ തന്ത്രമാണ് അവർ സ്വീകരിച്ചത്. 

Magdalena-Andersson-pm-modi

ഇന്ത്യ നിലപാട് മാറ്റുമെന്നും യുഎസിന്റെയും യൂറോപ്പിന്റെയും കൂടെ നിൽക്കുമെന്നും ജർമനിക്കു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പെട്ടെന്നുണ്ടായ ഒരു സംഭവത്തെക്കാൾ പ്രാധാന്യം യൂറോപ്പുമായുള്ള ഇന്ത്യയുടെ ബഹുതല സൗഹാർദത്തിനുണ്ടെന്ന നിലപാടിൽ മോദി ഉറച്ചുനിന്നു. ജർമനിയുമായുള്ള വാണിജ്യപരവും തന്ത്രപ്രധാനവുമായുള്ള ബന്ധം പുതിയൊരു തലത്തിലേക്കു കൊണ്ടുപോകാൻ ഇരുസർക്കാരുകളുടെയും ഉന്നതതല നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചകൾക്കു കഴിഞ്ഞു. വാണിജ്യം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിലെ സഹകരണത്തിന് ദീർഘകാലസ്വഭാവവും ലക്ഷ്യവുമുണ്ടെന്നും യുക്രെയ്നിലെ സംഘർഷം താൽക്കാലികമായൊരു വ്യതിയാനമാണെന്നും ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടാവണം. വാണിജ്യത്തിനു പുറമേ ഇന്തോ–പസിഫിക് മേഖലയിലെ സഹകരണം, കോവിഡിന്റെ ആഘാതത്തിൽ നിന്നു കരകയറാനുള്ള നടപടികൾ, ജർമനിയിലെ ഇന്ത്യൻ സമൂഹത്തിനറെ സംഭാവന എന്നീ വിഷയങ്ങളും ഉന്നതതലത്തിൽ ചർച്ച ചെയ്യപ്പെട്ടു. അടുത്ത മാസം ജർമനിയിൽ നടക്കുന്ന ജി 7 സമ്മേളനത്തിലേക്ക് അവർ ഇന്ത്യയെ ക്ഷണിക്കുമെന്നാണ് സൂചന. 

കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജപദ്ധതികൾ, കോവിഡന്റെ സാമ്പത്തിക ആഘാതം, പൊതു സുരക്ഷാ സ്ഥിതി എന്നീ വിഷയങ്ങളാണ് നോർഡിക് രാജ്യങ്ങളുമായുള്ള ഉച്ചകോടിയിൽ ചർച്ച ചെയ്തത്. യുക്രെയ്നിലെ സംഘർഷം ഉച്ചകോടിയുടെ സാമ്പത്തിക അജണ്ട ചർച്ചചെയ്യുന്നതിനു തടസ്സമായില്ല. സമുദ്രമേഖലയിലെ സഹകരണവും ചർച്ച ചെയ്യപ്പെട്ടു. സമുദ്രവിഭവങ്ങൾ ശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിനുള്ള ബ്ലൂ ഇക്കണോമി സംരംഭങ്ങളിൽ, വിശേഷിച്ച് സാഗർമാല പദ്ധതിയിൽ പങ്കുചേരാൻ മോദി അവരോട് അഭ്യർഥിച്ചു. 

German-Chancellor-Olaf-Scholz-modi
German Chancellor Olaf Scholz and Indian Prime Minister Narendra Modi shake hands as they attend a a news conference during the German-Indian government consultations at the Chancellery in Berlin, Germany May 2, 2022. Photo: PTI

യുക്രെയ്ൻ വിഷയത്തിൽ അഭിപ്രായഭിന്നത നിലനിൽക്കെതന്നെ, മറ്റു കാര്യങ്ങളിൽ കൂടുതൽ സഹകരിക്കാനാണ് ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളും ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട പ്രവർ്തതനങ്ങളും ഇതിൽ പെടും. പ്രതിരോധരംഗത്തും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതികളിലും കൂടുതൽ സഹകരിക്കും. ഇന്തോ– പസിഫിക് മേഖലയിൽ സ്വതന്ത്രവും രാജ്യാന്തര ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് മുൻപു നടത്തിയ ചർച്ചകളെക്കുറിച്ച് മോദിയും ഫ്രഞ്ച് പ്രസിഡന്റെ ഇമ്മാനുവൽ മക്രോയും സംസാരിച്ചു. 

ഇന്ത്യയുടെ ദീർഘകാല താൽപര്യങ്ങൾ മുന്നിൽ കണ്ട് യൂറോപ്പുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് മോദിയുടെ സന്ദർശനം ഉപകരിച്ചു. റെയ്സിന സംവാദത്തിൽ ഉയർന്നുകേട്ട പരിഭവ സ്വരങ്ങൾ അവശേഷിക്കുമ്പോൾത്തന്നെ പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഒരുപരിധിവരെയെങ്കിലും വിജയിച്ചുവെന്നു പറയാം. എങ്കിലും യുക്രെയ്ൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് ഒരു കല്ലുകടിയായി ബാക്കിനിൽക്കുമെന്നാണ് ജർമനിയുമായുള്ള ചർച്ചകളെ കുറിച്ച് പ്രശസ്ത രാജ്യാന്തരവിശകലന വിദഗ്ധ ഷാന്റി മാരിയറ്റ് ഡിസൂസ പറഞ്ഞത്. 

modi-pm-Iceland

ഈ യുദ്ധത്തിനു ശേഷം ഉരുത്തിരിയുന്ന ലോകക്രമം നിർണയിക്കുന്നതിൽ ഇന്ത്യയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും സുപ്രധാന പങ്കുണ്ട്. അപ്പോഴും ഇതിനെല്ലാം അടിസ്ഥാനമാകാൻ പോകുന്നത് റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പരിസമാപ്തിയാണ്. അതിനുശേഷമുള്ള റഷ്യ– യുഎസ് ബന്ധവും അതിൽ നിർണായകമാവും.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA