ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചത് തികച്ചും ഉചിതമായി. അദ്ദേഹം മുൻപ് 5 തവണ ഈ ചുമതല വഹിച്ചിട്ടുണ്ട്. സുഭഗമായ വ്യക്തിത്വത്തിന് ഉടമയായ റനിൽ പാശ്ചാത്യലോകത്തിനും ഇന്ത്യയ്ക്കും ചൈനയ്ക്കും സ്വീകാര്യനാണ്. ഇപ്പോഴത്തെ സങ്കീർണമായ സ്ഥിതിയിൽ ഉത്തരവാദിത്തം നിറവേറ്റാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട്. കാര്യമായ ജനപിന്തുണയില്ലാതെ പ്രധാനമന്ത്രിയായ ബ്രിട്ടനിലെ വിൻസ്റ്റൻ ചർച്ചിലിനോടാണ് റനിൽ സ്വയം തുലനം ചെയ്യാറുള്ളത്.
പക്ഷേ, അഭൂതപൂർവമായ ഒരു സ്ഥിതിവിശേഷം കൈകാര്യം ചെയ്യാനാണ് അദ്ദേഹത്തെ ഈ ചുമതലയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഇതിനെല്ലാം കാരണക്കാരൻ എന്നു വലിയൊരു വിഭാഗം ജനങ്ങൾ കരുതുന്ന പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ കസേര സംരക്ഷിച്ചുകൊണ്ടുവേണം അദ്ദേഹത്തിന് സ്വന്തം ചുമതല നിർവഹിക്കാൻ. ഗോട്ടബയ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് തുടങ്ങിയ രാജ്യവ്യാപക പ്രക്ഷോഭം ഇപ്പോഴും തുടരുകയാണെന്ന് ഓർക്കണം.

പ്രസിഡന്റ് ഗോട്ടബയയും പ്രസിഡന്റിന് വിപുലമായ അധികാരങ്ങളുള്ള ഇപ്പോഴത്തെ ഭരണസമ്പ്രദായവും മാറണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭത്തിന് പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിയോടെ കൂടുതൽ ആവേഗം കൈവന്നിട്ടുണ്ട്. സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ സമരം ചെയ്യുന്ന പ്രക്ഷോഭകർക്കു നേരെ ആക്രമണം നടത്തിയത് അദ്ദേഹത്തിന്റെ കിങ്കരന്മാരാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടതോടെയാണിത്. രജപക്സെ കുടുംബത്തെ സംരക്ഷിക്കുന്ന നിലപാടാണ് റനിൽ മുൻപും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് ആവശ്യമായ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് പ്രസിഡന്റും സ്ഥാനമൊഴിയണമെന്ന് ലങ്കയിലെ ജനങ്ങളിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നു.
റനിലിനും രാജ്യത്ത് കാര്യമായ ജനപിന്തുണയില്ല. അദ്ദേഹത്തിന്റെ പാർട്ടി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു. ജനങ്ങളുടെ വോട്ട് കൊണ്ട് അവരുടെ ഒരാൾപോലും ജയിച്ചില്ല. പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിലുള്ള ആനുപാതിക വീതംവയ്പിൽ പിന്നീട് ഒരു സീറ്റ് ലഭിച്ചു. അങ്ങനെ, പ്രസിഡന്റിന്റെ പാർട്ടിയുടെ പൂർണ പിന്തുണയില്ലാതെ നിന്നുപിഴയ്ക്കാൻ കഴിയാത്ത പ്രധാനമന്ത്രിക്ക് നിർണായക തീരുമാനങ്ങൾ എടുക്കാനോ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനോ കഴിയില്ലെന്ന് ജനങ്ങൾ ശങ്കിക്കുന്നു. അതിൽ ഉപരിയായി, സാമ്പത്തിക രംഗത്ത് ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ട മുൻഅനുഭവം റനിലിന് ഇല്ല. അദ്ദേഹം മുൻപ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളെല്ലാം മറ്റു ചില വിദഗ്ധരുടെ പിന്തുണയോടെയായിരുന്നു. 5 തവണ പ്രധാനമന്ത്രിയായെങ്കിലും ഒരു തവണ പോലും കാലാവധി തികയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. വിശ്വസിക്കാൻ കൊള്ളാവുന്ന രാഷ്ട്രീയ നേതാവ് എന്നതിൽ ഉപരി മികച്ചൊരു ഇടപാടുകാരൻ എന്ന പ്രതിച്ഛായയാണ് ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ളത്.

ശ്രീലങ്ക സമീപകാലത്തു നേരിടേണ്ടിവന്നത് ദൗർഭാഗ്യങ്ങളുടെ പരമ്പര തന്നെയാണ്. കോവിഡ്–19, ഈസ്റ്റർദിന ഭീകരാക്രമണം, റഷ്യ–യുക്രെയ്ൻ യുദ്ധം, ചൈന ഒരുക്കിയ കടക്കെണി എന്നിവയെല്ലാം ഗോട്ടബയയുടെ നിയന്ത്രണത്തിന് അപ്പുറമായിരുന്നു.
അതേസമയം, ആദായനികുതിയും വാറ്റും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും രാസവളങ്ങളുടെ ഇറക്കുമതി നിരോധനവും ഭരണതലത്തിലെ വ്യാപകമായ അഴിമതിയും തകർച്ചയ്ക്ക് ആക്കംകൂട്ടി. 72 ശതമാനം വകുപ്പുകളും രജപക്സെ കുടുംബം കൈകാര്യം ചെയ്യുന്നുവെന്ന സ്ഥിതിവിശേഷം ജനങ്ങളെ കൂടുതൽ അസ്വസ്ഥരും കുപിതരുമാക്കി. ഈ രോഷമാണ് പ്രധാനമന്ത്രി മഹിന്ദ രാജിവച്ചതിനു ശേഷവും ‘ഗോ, ഗോട്ട ഗോ’ എന്ന മുദ്രാവാക്യം കൊളംബോയിലെ തെരുവുകളിൽ അലയടിക്കാൻ കാരണം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, പ്രസിഡന്റ് ഗോട്ടബയ അധികാരത്തിൽ തുടരുന്ന കാലത്തോളം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് രാജ്യത്തെ പ്രതിസന്ധിയിൽ നിന്നു കരകയറ്റാനാവില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനോടൊപ്പം രജപക്സെ കുടുംബത്തിന്റെ ഏകാധിപത്യത്തിൽ നിന്നുള്ള മോചനവും ജനങ്ങളുടെ ആവശ്യമായി വളർന്നുകഴിഞ്ഞു. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹളരുടെ നായകനായി പ്രതിഷ്ഠിക്കപ്പെട്ട ഗോട്ടബയയ്ക്കെതിരെ ബുദ്ധമത സന്യാസിമാരും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും രംഗത്തുണ്ട്.

രജപക്സെമാരുടെ ഭരണത്തിൽ പട്ടാളം ഇടപെടുന്നുവെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. ഈ സ്വാധീനം പരിധിക്കപ്പുറം വളർന്നാൽ പാക്കിസ്ഥാനിലെയും മ്യാൻമറിലെയും സ്ഥിതി ഇവിടെയും രൂപപ്പെടാൻ അധികകാലം വേണ്ടിവരില്ലെന്നാണ് അവരുടെ ഭയം. സംരക്ഷകനായ ഗോട്ടബയ പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുന്ന കാലത്തോളം പ്രധാനമന്ത്രി റനിലിന് പട്ടാളത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നും ജനം കരുതുന്നു.
പ്രസിഡന്റ് രാജിവച്ച് ശേഷിക്കുന്ന കാലയളവിലേക്ക് പുതിയൊരു പ്രസിഡന്റിനെ തിരഞ്ഞെടുത്താൽ റനിലിനു പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള ദേശിയ സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞേക്കും. സജിത് പ്രേമദാസയും മറ്റും ഉൾപ്പെട്ട അത്തരമൊരു സർക്കാരിന് ഇപ്പോഴത്തെ പ്രതിസന്ധി തരണംചെയ്യാൻ കഴിയുമെന്നാണു പ്രതീക്ഷ. ഇപ്പോഴത്തെ ഗുരുതരാവസ്ഥ നേരിടാൻ വഴികൾ തേടുന്ന വിദഗ്ധർക്കും അതോടെ കൂടുതൽ അധികാരവും ജനപിന്തുണയും ലഭിക്കും.
സ്ഥിതി കൂടുതൽ വഷളാകാതെ ലോകബാങ്കിന്റെയും രാജ്യാന്തരനാണ്യനിധിയുടെയും സഹായത്തോടെ പിടിച്ചുകയറാൻ പറ്റിയ ഏറ്റവും മികച്ച നേതാവ് റനിൽ തന്നെയാണെന്നതിൽ സംശയമില്ല. ജനങ്ങളുടെ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നിലനിർത്താനും അദ്ദേഹത്തിന് കഴിയും. യുവതലമുറയ്ക്കു പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന ഒരു സർക്കാരിനു മാത്രമേ രാജ്യം അരാജകത്വത്തിലേക്കു പോകുന്നതു തടയാനും സമാധാനം നിലനിർത്താനും ശേഷിയുണ്ടാകൂ. അടുത്തകാലം വരെ ശ്രീലങ്കയിലെ യുവാക്കളുടെ മനസ്സ് രാജ്യത്തിനൊപ്പമായിരുന്നു. സാമ്പത്തിക വികസനത്തിന്റെ പല സൂചികകളിലും അവർ വികസിത രാഷ്ട്രമായ ജപ്പാനു തൊട്ടുപിന്നിലുണ്ടായിരുന്നുവെന്ന് ഓർമിക്കണം.

റനിലിന്റെ രാജ്യാന്തര പ്രതിച്ഛായ ആകർഷകമാണ്. പക്ഷേ, അതു ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ലോകം. യുക്രെയ്ൻ യുദ്ധം എല്ലാവരുടെയും സ്വൈരംകെടുത്തുന്നു. ശ്രീലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു വലിയൊരളവോളം കാരണക്കാരായ ചൈന അവർക്കു സഹായകമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതുവരെ പല തരത്തിലായി 600 കോടി ഡോളർ സഹായം നൽകിയ ഇന്ത്യ പോലും അത് ലങ്കയിലെ ജനങ്ങൾക്കുള്ള പിന്തുണയെന്ന മട്ടിലാണ് പുറത്തുപറഞ്ഞിട്ടുള്ളത്. ഗോട്ടബയ സർക്കാരിനുള്ള പിന്തുണയെന്ന് പരാമർശിക്കാൻ ഇന്ത്യ തയാറായിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
സുസ്ഥിരമായ ശ്രീലങ്ക ജനാധിപത്യമാർഗത്തിൽ നിലനിന്നുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കണമെന്നാണ് ഇന്ത്യ താൽപര്യപ്പെടുന്നത്. ജനപിന്തുണ നഷ്ടപ്പെട്ട പ്രസിഡന്റെ നിയമിക്കുന്ന സർക്കാരിനെക്കാൾ ഇന്ത്യ താൽപര്യപ്പെടുന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെയാണ്.
പ്രതിസന്ധി ഗുരുതരമാണ്. പക്ഷേ, പ്രതീക്ഷയ്ക്കു വകയുണ്ട്. ഇത്രയേറെ കഷ്ടപ്പാടുകൾക്കിടയിലും ജനങ്ങൾ സംയമനം കൈവിട്ടിട്ടില്ലെന്നത് നമുക്കും ആശ്വാസം നൽകുന്നു.