ഷിൻസോ അബേ: ജപ്പാന്റെ പരിഷ്ക്കരണ പ്രക്രിയയുടെ ധീരരക്തസാക്ഷി

shinzo-abe-12
ഷിൻസോ അബെ
SHARE

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ അബേ രാജ്യത്തെ ആധുനികവൽക്കരിക്കുന്നതിലും സാമ്പത്തിക നില അഭിവൃദ്ധിപ്പെടുത്തുന്നതിലും നിർണായക പങ്കു വഹിച്ച രാഷ്ട്രതന്ത്രജ്ഞനാണ്. ലോകവേദിയിൽ ജപ്പാന് മാന്യസ്ഥാനം നേടിയെടുക്കുന്നതിലും അബേയുടെ നയതന്ത്രമികവ് പ്രകടമായി. മാമൂലുകളുടെ കെട്ടുപാടില്ലാതെ അദ്ദേഹം നടപ്പാക്കിയ പരിഷ്ക്കാരങ്ങളിൽ അസ്വസ്ഥരായി ഏതോ ചെറുവിഭാഗങ്ങളുടെ പ്രയോക്താവായിരിക്കാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ 8 ന് അദ്ദേഹത്തിനു നേരെ നിറയൊഴിച്ചത്.  

രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ജപ്പാനിൽ അസാധാരണമാണ്. എന്നാൽ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ പരിഷ്ക്കാരങ്ങൾക്കെതിരായ പ്രതികരണം പലപ്പോഴും കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും കാരണമാവാറുണ്ട്. പ്രധാനമന്ത്രിയായിരുന്നപ്പോൾ അബേ നടപ്പാക്കിയ പരിഷ്ക്കാരങ്ങൾക്ക് അദ്ദേഹത്തിന്റെ പാർട്ടിയുടെ പൂർണപിന്തുണ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ പല പ്രശ്നങ്ങൾക്കും കാരണം അതാണെന്നു വിശ്വസിക്കുന്ന ഒരുവിഭാഗം രാജ്യത്തുണ്ട്. 

Shinzo-Abe-taken-to-hospital
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയെ ആംബുലൻസിൽ കയറ്റുന്നു. ചിത്രം: STR / YOMIURI SHIMBUN / AFP

അബേ പ്രതിനിധാനം ചെയ്യുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നിർണായകശക്തിയായി വളർന്ന ശേഷം കഴിഞ്ഞ ആറ് പതിറ്റാണ്ടായി ജപ്പാനിലെ രാഷ്ട്രീയാന്തരീക്ഷം ശാന്തമാണ്. എന്നാൽ അതിനു മുൻപ് 1960 കളിൽ സ്ഥിതി അതായിരുന്നില്ല. രാഷ്ട്രീയത്തിലെ ഇടതു, വലതു ധാരകൾ തമ്മിൽ ഏറ്റുമുട്ടലുകളും സംഘർഷവും പതിവായിരുന്നു. അമേരിക്കയുമായി ഒപ്പുവച്ച സുരക്ഷാ ഉടമ്പടിയെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് കൊല്ലപ്പെട്ടത് അക്കാലത്താണ്.

അതിനുശേഷം അക്രമം വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ മുഖ്യരാഷ്ട്രീയകക്ഷികൾ തമ്മിൽ ധാരണയിലെത്തി. ക്രമേണ രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയുടെ അടിസ്ഥാന മൂല്യം അക്രമരാഹിത്യമെന്ന നില വന്നു. തോക്കുകൾ ഉപയോഗിക്കുന്നതിന് കർശന നിയമങ്ങളും നിയന്ത്രണങ്ങളും വന്നതോടെ വെടിവയ്പും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും ഏറെക്കുറെ ഇല്ലാതായി.

Shinzo Abe Shot | Video Grab | Twitter, @eeWYTNa1QxcCudM
ഷിൻസോ ആബെ വെടിയേറ്റു വീണപ്പോൾ (വിഡിയോ ദൃശ്യം), Photo: Twitter, @eeWYTNa1QxcCudM

അബേയുടെ ഭരണകാലത്തു നടപ്പിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ വിവിധ മേഖലകളിൽ സമൂലമാറ്റത്തിനു വഴി തുറന്നു. അമേരിക്കയുടെ നിഴലിൽ നിന്നു മാറി സ്വതന്ത്ര വിദേശനയം സ്വീകരിക്കാനും സൈനികശേഷി വർധിപ്പിക്കാനുമുള്ള തീരുമാനവും ഇന്ത്യ– പസിഫിക് മേഖലയിലെ ജനാധിപത്യരാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാനുള്ള പദ്ധതികളും രാജ്യത്തിനു സാമ്പത്തികമായും രാഷ്ട്രീയമായും ഉണർവു നൽകി. ജപ്പാനും ഇന്ത്യയും ഓസ്ട്രേലിയയും അമേരിക്കയും ചേർന്ന് ചതുർരാഷ്ട്രസഖ്യം രൂപീകരിക്കണമെന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. ഫുക്കുഷിമയിലെ ആണവാപകടത്തിനു ശേഷവും ആണവപദ്ധതികൾ വികസിപ്പിക്കാനുള്ള തീരുമാനവും നിർണായക ചുവടുവയ്പായി. ഇവയെല്ലാം രാജ്യാന്തര തലത്തിൽ ജപ്പാന്റെ പ്രതിച്ഛായ പുതിയ ഉയരങ്ങളിൽ എത്തിച്ചെങ്കിലും യാഥാസ്ഥിതിക ചിന്താഗതിക്കാരായ ചെറിയൊരു വിഭാഗത്തെ അസ്വസ്ഥരാക്കി. ഇപ്പോഴത്തെ സാമൂഹികാന്തരീക്ഷത്തിൽ വരാവുന്ന മാറ്റങ്ങൾ തങ്ങളുടെ നില അപകടത്തിലാക്കിയേക്കാമെന്ന ചെറുന്യൂനപക്ഷത്തിന്റെ ആശങ്കയാവാം അബേയുടെ വധത്തിലേക്കു നയിച്ചതെന്ന് കരുതണം.

രാജ്യത്തിന്റെ സൈനികശേഷി വർധിപ്പിക്കാനുള്ള തീരുമാനമായിരുന്നു ഇവയിൽ ഏറ്റവുമധികം വിവാദം സൃഷ്ടിച്ചത്. രണ്ടാം ലോകയുദ്ധത്തിലെ പരാജയത്തെ തുടർന്ന് വിജയികൾ ജപ്പാനോട് നീതികാട്ടിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. രണ്ടാം ലോകയുദ്ധത്തിന്റെ പേരിൽ ജപ്പാൻ മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കാൻ അബേ തയാറായില്ല. രാജ്യാതിർത്തിക്കപ്പുറം സൈന്യത്തെ അയയ്ക്കില്ലെന്നും യുദ്ധം ചെയ്യില്ലെന്നും വ്യവസ്ഥ ചെയ്യുന്ന ജപ്പാന്റെ ഭരണഘടന പരിഷ്ക്കരിക്കാനുള്ള ശ്രമമായിരുന്നു വിവാദം സൃഷ്ടിച്ച മറ്റൊരു നടപടി.  ഇക്കാര്യത്തിൽ അദ്ദേഹം സ്വീകരിച്ച തീവ്രദേശീയ നിലപാട് രണ്ടാം ലോകയുദ്ധത്തിലേറെ കെടുതികൾ അനുഭവിക്കേണ്ടിവന്ന ചൈനയെയും കൊറിയയെയും അരിശം കൊള്ളിച്ചു. 

1248-japan-former-pm-shinzo-abe

1947 ലെ ഉടമ്പടി രണ്ടാം ലോകയുദ്ധ വിജയികൾ അടിച്ചേൽപ്പിച്ചതാണെന്നും അത് പാശ്ചാത്യമൂല്യങ്ങളിൽ അധിഷ്ഠിതവും ജപ്പാന്റെ ദേശീയതാൽപര്യങ്ങൾക്കു വിരുദ്ധവുമാണെന്ന് അബേ സമർഥിച്ചു. പ്രധാനമന്ത്രിയായി രണ്ടാമതു തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹത്തിന്റെ ആദ്യ പരിപാടി യാസുകുനിയിലെ യുദ്ധസ്മരണ സന്ദർശനമായിരുന്നു. യുദ്ധത്തിൽ വീരമൃത്യുവരിച്ചവരുടെയും പരാജയത്തിനു ശേഷം യുദ്ധക്കുറ്റങ്ങളുടെ പേരിൽ വിചാരണ ചെയ്യപ്പെട്ട് ശിക്ഷ അനുഭവിക്കേണ്ടിവന്നവരുടെയും സ്മാരകമായിട്ടാണ് യാസുകുനി വിഭാവനം ചെയ്തിരിക്കുന്നത്.

ഭരണഘടന പരിഷ്ക്കരിക്കുന്നതിനുള്ള നടപടികൾ അബേ ഏറെ മുന്നോട്ടുകൊണ്ടുപോയി. ബില്ലുകളിൽ ചിലതെല്ലാം പാർലമെന്റ് പാസാക്കുകയും ചെയ്തു. എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുമൂലം തുടർന്നുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഭരണഘടനാ പരിഷ്ക്കാരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും നിലവിലുള്ള ഭരണഘടനയുടെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് സ്വയരക്ഷയ്ക്കായി സൈനിക ശേഷി വർധിപ്പിക്കാനും അമേരിക്കയുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 

രണ്ട് ആണവാക്രമണങ്ങൾക്ക് ഇരയായ ജപ്പാനിലെ സമാധാനപ്രേമികളെ അബേയുടെ ആണവനയം അസ്വസ്ഥരാക്കിയതിൽ അദ്ഭുതമില്ല. ഇപ്പോഴുള്ള സിവിലിയൻ ആണവ റിയാക്ടറുകൾ ആയുധനിർമാണശേഷിയുള്ളവയായി പരിവർത്തനപ്പെടുത്താൻ ജപ്പാന് എളുപ്പം കഴിയുമെന്ന് ഏവർക്കുമറിയാം.

Shinzo-Abe-with-Narendra-Modi-in-Varanasi

ആണവനിർവ്യാപന കരാർ ഒപ്പിടാൻ തയാറാവാത്ത ഇന്ത്യയെ ജപ്പാൻ എക്കാലവും വിമർശിച്ചിരുന്നു. എന്നാൽ ഇന്ത്യയും യുഎസും തമ്മിൽ സിവിൽ ആണവകരാർ ഒപ്പിട്ടപ്പോൾ അവർ അതിനെ സ്വാഗതം ചെയ്യുകയും ഇന്ത്യയുടെ ആണവരാഷ്ട്രപദവി അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഇക്കാര്യത്തിൽ ഇന്ത്യയുമായി സഹകരിക്കാനും ജപ്പാൻ തയാറായി.

രണ്ടാമത് അധികാരമേറ്റ ശേഷം അബേ നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് അബെനോമിക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. 2013 തുടക്കത്തിൽ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് തോന്നി. എന്നാൽ പിന്നീട് വളർച്ചാനിരക്ക് ഗണ്യമായി കുറയുകയും രാജ്യം മാന്ദ്യത്തിലേക്കു നീങ്ങുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പിൽ അബേ ഭരണ നിലനിർത്തിയെങ്കിലും അദ്ദേഹത്തിന്റെ ജനസമ്മതി ഗണ്യമായി കുറഞ്ഞു.

ചൈനയെ എല്ലാക്കാലത്തും സംശയദൃഷ്ടിയോടെയാണ് അദ്ദേഹം കണ്ടിരുന്നത്. ഇന്ത്യ– പസിഫിക് മേഖലയിലെ ജനാധിപത്യരാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള തീരുമാനം അതിന്റെ പ്രതിഫലനമായിരുന്നു. ക്വാഡ് രൂപീകരിക്കാനുള്ള നീക്കത്തിനു പിന്നിലും ചൈനയുടെ ആധിപത്യം അപകടകരമായ സ്ഥിതിയിലേക്കു പോകുമെന്ന ആശങ്കയായിരുന്നു. അതേസമയം, ചരിത്രത്തിൽ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് ഈ തീരുമാനത്തിന്റെ പേരിലായിരിക്കുമെന്ന് ഉറപ്പാണ്.

അബേയുടെ മുത്തച്ഛൻ ജപ്പാനിൽ പ്രധാനമന്ത്രിയായിരുന്നു. അച്ഛൻ വിദേശകാര്യ മന്ത്രിയും. ഇരുവരും ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ആ ബന്ധത്തെ ഇപ്പോഴത്തെ നിലയിലേക്ക് വളർത്തിയത് അബേ ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അബേയുടെ ഇന്ത്യ സന്ദർശനങ്ങൾ എല്ലാം ഇരുരാജ്യങ്ങളുടെ തമ്മിലുള്ള സൗഹാർദത്തിലെ ഊഷ്മളത മൂലവും പലമേഖലകളിൽ ഒരേ മനസ്സോടെ നീങ്ങാനുള്ള തീരുമാനങ്ങളിലൂടെയും ശ്രദ്ധേയമായി. അദ്ദേഹം കൊലചെയ്യപ്പെട്ട വാർത്തയറിഞ്ഞ് മോദി വികാരഭരിതനായി പ്രതികരിച്ചതും രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതും ഒട്ടും അസാധാരണമായി എനിക്കു തോന്നിയില്ല.

Shinzo Abe, Narendra Modi | Photo: Twitter, @narendramodi
ആബെ ഷിന്‍സോ, നരേന്ദ്ര മോദി (Photo: Twitter, @narendramodi)

അബേയുടെ ദേശീയവാദത്തിൽ ഊന്നിയ കാഴ്ചപ്പാടുകളും ജപ്പാനെ ആധുനികവൽക്കരിക്കാൻ അദ്ദേഹം കൈക്കൊണ്ട നടപടികളും രാജ്യത്തു പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ, സൈന്യത്തിൽ ഉൾപ്പെടെ ചെറുന്യൂനപക്ഷം അതിനെ ആശങ്കയോടെ കണ്ടു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2020 ൽ അദ്ദേഹം അധികാരം ഒഴിഞ്ഞെങ്കിലും പിൻഗാമിയായി ചുമതലയേറ്റവരിലും പാർട്ടി അണികളിലും ആ സ്വാധീനം തുടർന്നു. ഇതിൽ അസ്വസ്ഥരായ ആരെങ്കിലും വധത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നേക്കാം. മുൻപ്രധാനമന്ത്രിയായതു കൊണ്ട് അദ്ദേഹത്തിനു പരിമിത സുരക്ഷയേ ഉണ്ടായിരുന്നുള്ളൂ. അതും കൊലയാളിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ജപ്പാനെ ആധുനികവൽക്കരിക്കാൻ ശ്രമിച്ച് രക്തസാക്ഷിയായ രാഷ്ട്രതന്ത്രജ്ഞനായി അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA