തയ്‍വാനിൽ ഹോങ്കോങ് മോഡൽ ഭരണം: വളംവച്ച് നാൻസി പെലൊസി

US House Speaker Nancy Pelosi Taiwan
US House Speaker Nancy Pelosi (2nd L) speaking, as Taiwan's President Tsai Ing-wen (2nd R), Vice President William Lai (R) and Director of American Institute in Taiwan (AIT) Sandra Oudkirk listen, in the Presidential Office in Taipei. Photo by Handout / Taiwan Presidential Office / AFP
SHARE

യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്‍വാൻ സന്ദർശനം സൃഷ്ടിച്ച അലകൾ ഇനിയും അടങ്ങിയിട്ടില്ല. റഷ്യയും ചൈനയുമായി ഒരേസമയം യുദ്ധം ചെയ്യേണ്ട ആപൽക്കരമായ സ്ഥിതിയിലേക്ക് യുഎസിനെ കൊണ്ടെത്തിക്കാൻ വഴിതെളിക്കുന്നതായിരുന്നു ആ സന്ദർശനം. ജനാധിപത്യത്തോടുള്ള അഭിവാഞ്ഛയും തയ്‍വാനോടുള്ള അനുകമ്പയും ചൈനയോടുള്ള വെറുപ്പും ആവാം മിസൈൽ ആക്രമണ ഭീഷണി അവഗണിച്ചും അങ്ങോട്ടു പോകാൻ സ്പീക്കറെ പ്രേരിപ്പിച്ചത്. 

നാൻസിയുടെ രണ്ടുംകൽപ്പിച്ചുള്ള നടപടി തന്റെ അറിവോടെയല്ലെന്നാണ് പ്രസിഡന്റെ ജോ ബൈഡൻ പറയുന്നത്. അവരെ തടയാൻ കഴിയുമായിരുന്നില്ലെന്നും താൻ അതിനു ശ്രമിച്ചില്ലെന്നും അതൊരു ശരിയായ നടപടിയല്ലെന്ന് യുഎസ് സൈനിക നേതൃത്വം വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കറെ എന്നല്ല യുഎസ് ജനപ്രതിനിധിസഭാംഗങ്ങളായ ആരെയും എവിടെ പോകുന്നതിൽ നിന്നു വിലക്കാനും തനിക്ക് അധികാരമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ സംഭാഷണത്തിൽ ബൈഡൻ തുറന്നു പറഞ്ഞു. പക്ഷേ, ലോകത്ത് ആരും ഇതു വിശ്വസിക്കില്ല. അമേരിക്ക ഓരോരോ സമയത്ത് പരീക്ഷിക്കുന്ന തന്ത്രങ്ങളായേ എല്ലാവരും ഇതിനെ കാണുന്നുള്ളൂ. 

Nancy Pelosi
കഴിഞ്ഞ ആഴ്ച തയ‌്‌വാനിലെത്തിയ യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി പാർലമെന്റ് സന്ദർശിച്ച ശേഷം മടങ്ങുന്നു. ചിത്രം: റോയിട്ടേഴ്സ്

തയ്‌വാൻ പ്രശ്നത്തിനു ഹോങ്കോങ് മോഡൽ പരിഹാരമെന്ന വിധം ചർച്ച ഉയർത്തിക്കൊണ്ടുവരുവാൻ നാൻസി പെലോസിയുടെ സന്ദർശനം വഴി തുറന്നു. ഈ പ്രശ്നത്തിൽ കക്ഷിയായ ആരും അത്തരമൊരു പരിഹാരത്തിനു സന്നദ്ധമല്ലെന്ന് ഇതിനകം വ്യക്തമായതാണ്. തയ്‍വാന് സ്വാതന്ത്ര്യം നൽകണമെന്ന് നാൻസി ഒരു ഘട്ടത്തിലും പറഞ്ഞില്ല എന്നതു ശ്രദ്ധേയമാണ്. ജനാധിപത്യം നിലനിർത്തണം എന്നു മാത്രമേ അവർ ആവർത്തിച്ചുള്ളൂ. ഒരു തവണ മാത്രം തയ്‍വാനെ രാജ്യം എന്ന് അവർ വിശേഷിപ്പിച്ചു. അത് നാവുപിഴയായിരുന്നു എന്നു കരുതാം. 

പെലോസിയുടെ സന്ദർശനത്തിനു ശേഷം 160 രാജ്യങ്ങൾ ഒരൊറ്റ ചൈന എന്ന തങ്ങളുടെ നിലപാടിനു പിന്തുണ അറിയിച്ചതായി ചൈനീസ് ഭരണ നേതൃത്വം അവകാശപ്പെടുന്നു. അപ്പോഴും ഈ നിലപാടിനെ പിന്തുണയ്ക്കാത്ത കുറച്ചു രാജ്യങ്ങൾ കൂടിയുണ്ട്. ഐക്യരാഷ്ട്രരക്ഷാസമിതിയിലെ സ്ഥിരാംഗമായി റിപ്പബ്ലിക് ഓഫ് ചൈനയ്ക്കു പകരം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ ഉൾപ്പെടുത്തിയ തീരുമാനവും അന്ന് ഏകണ്ഠമായിരുന്നില്ല. എന്നാൽ, സമാധാന പാതയിൽ ജനാധിപത്യം സംരക്ഷിച്ചുകൊണ്ട് തയ്‍വാനെ ചൈനയോടു ചേർക്കാൻ തീരുമാനിച്ചാൽ കൂടുതൽ രാജ്യങ്ങൾ അതിനു പിന്തുണ നൽകുമെന്ന് ഉറപ്പാണ്. 

മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായി രാജ്യത്തിന്റെ സർവമേഖലകളിലും ആധിപത്യമുറപ്പിച്ച ഷി ജിൻ പിങ് പക്ഷേ, നാൻസി പെലൊസിയുടെ നടപടിയെ കണ്ടില്ലെന്നു നടിക്കാൻ തയാറായില്ല. അതിർത്തിയിൽ മിസൈലുകൾ തൊടുത്തും വൻതോതിൽ സൈനികാഭ്യാസങ്ങൾ നടത്തിയും പോർവിമാനങ്ങൾ തലങ്ങും വിലങ്ങും പറത്തിയും എന്തിനും തയാറാണെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. പ്രതിരോധമന്ത്രി തലത്തിലും അതിനു മുകളിലും ഒഴികെയുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്താനിരുന്ന ചർച്ചകളിൽ നിന്നും പിന്മാറി.

1248-biden
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

നവംബറിലെ തിരഞ്ഞെടുപ്പിനു ശേഷം സ്പീക്കർ സ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി നടത്തിയ പ്രകടനമായി മാത്രം നാൻസിയുടെ സന്ദർശനത്തെ കാണാനാവില്ല. ഭാവിയിൽ തയ്‌വാനിൽ എന്തു സംഭവിച്ചാലും, അവിടത്തെ  ജനാധിപത്യസംരക്ഷണത്തിനായി പോരാടിയെന്ന കീർത്തി അവരെ ചരിത്രത്തിൽ അടയാളപ്പെടുത്തും. നവംബറിലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ച് പ്രസിഡന്റ് ബൈഡന് രണ്ടാമൂഴം ലഭിച്ചാലും അതിൽ ഒരു പങ്ക് സ്പീക്കർക്ക് അവകാശപ്പെടാം.

തയ്‍വാനിലെ ഇപ്പോഴത്തെ സ്ഥിതി കാര്യങ്ങൾ ഏതുവഴി തിരിയാനും പറ്റിയ നിലയിലാണെന്നതാണ് ഏറെ കൗതുകകരം. അവിടത്തെ 2.3 കോടി ജനങ്ങളിൽ ഭൂരിപക്ഷവും ചൈനയിലെ ഹാൻ വംശജരാണ്. അവരിൽ മിക്കവരും ബാക്കി തയ്‍വാൻ ജനതയിൽ നല്ലൊരു വിഭാഗവും പുനരേകീകരണമെന്ന ആശയത്തിന് എതിരല്ല. അവർ ആരും ചൈനയെ ശത്രുവായി കാണുന്നുമില്ല. ജനങ്ങളിൽ 64 ശതമാനം മാത്രമേ തങ്ങൾ തയ്‌വാൻകാരാണെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ. 1994 ൽ ഇത് 20 ശതമാനമായിരുന്നു. എന്നാൽ, ഭരണം നടത്തുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാർട്ടി ചൈനയുടെ നിലപാടിനെ നഖശിഖാന്തം എതിർക്കുന്നു. പഴയ കുമിന്താങ് പാർട്ടി ചൈനയുമായി നല്ല ബന്ധത്തിൽ പോകണമെന്ന അഭിപ്രായക്കാരാണ്. അരുണാചലിലും ലഡാക്കിലും ഇന്ത്യയുമായുള്ള അതിർത്തി തർക്കം ഉൾപ്പെടെ വിഷയങ്ങളിൽ അവർ ചൈനയ്ക്കൊപ്പമാണ്.  സമാധാനപരമായ പുനരേകീകരണത്തിന് ഇപ്പോഴും സാധ്യത നിലനിൽക്കുന്നുവെന്നു ചുരുക്കം. 

CHINA-TAIWAN-US-MILITARY
Chinese military helicopters fly past Pingtan island, one of mainland China's closest point from Taiwan, in Fujian province on August 4, 2022, ahead of massive military drills off Taiwan following US House Speaker Nancy Pelosi's visit to the self-ruled island. - China's largest-ever military exercises encircling Taiwan kicked off on August 4, in a show of force straddling vital international shipping lanes after a visit to the island by US House Speaker Nancy Pelosi. (Photo by Hector RETAMAL / AFP)

തയ്‌വാനിൽ ജനാധിപത്യം നിലനിർത്തണമെന്ന വാദത്തോട് ചൈനയ്ക്കു കാര്യമായ എതിർപ്പുണ്ടാകണമെന്നില്ല. കാരണം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നാണല്ലോ അവരും അവകാശപ്പെടുന്നത്. പക്ഷേ ഇപ്പോഴത്തെ നിലയിൽ, പുനരേകീകരണം എന്നതിനപ്പുറം ഒരു നിർദേശത്തിനും ചെവികൊടുക്കാൻ ചൈന തയാറല്ല.

ഹോങ്കോങ് മാതൃകയിൽ തയ്‍വാനെ ചൈനയോടു ചേർക്കുന്നതിൽ യുഎസിനും കാര്യമായ എതിർപ്പ് ഉണ്ടാകാൻ ഇടയില്ല. എന്നാൽ, ഹോങ്കോങ്ങിലേതു പോലുള്ള വാഗ്ദാന ലംഘനവും കടന്നുകയറ്റവും പ്രശ്നം സങ്കീർണമാക്കും. ഒരു രാഷ്ട്രം, രണ്ട് ഭരണ സംവിധാനം എന്ന വാഗ്ദാനം ലംഘിച്ച് ഹോങ്കോങ്ങിലെ ജനാധിപത്യവ്യവസ്ഥയിൽ സാവധാനം കടന്നുകയറി ഏകാധിപത്യവും പാർട്ടിസർവാധിപത്യവും നടപ്പാക്കാനാണ് ഷി ഭരണകൂടം സമീപകാലത്തായി ശ്രമിച്ചുവരുന്നത്. 

ചൈനയുമായുള്ള ബന്ധം തീർത്തും മോശമാകുന്നത് യുഎസിനും അതിഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. അത്തരമൊരു സ്ഥിതിയിൽ വിജയം അവർക്കും ഉറപ്പില്ല. ചൈനയുമായുള്ള ബന്ധത്തിൽ യുഎസ് ഇതുവരെ സ്വീകരിച്ചുവന്ന ‘തന്ത്രപരമായ അവ്യക്തത’ പെലൊസിയുടെ സന്ദർശനത്തോടെ തന്ത്രപരമായ അമ്പരപ്പിലേക്കും അങ്കലാപ്പിലേക്കും കൂപ്പുകുത്തി എന്നു സാരം. 

manorama-year-book-nancy-pelosi

പ്രതീക്ഷയുടെ ഇത്തിരിവെട്ടം എവിടെയും കാണാനില്ലാത്ത സാഹചര്യത്തിൽ ഹോങ്കോങ് മാതൃകയിലുള്ള പ്രശ്നപരിഹാരം അമേരിക്കയ്ക്കും രാഷ്ട്രീയമായി ആശ്വാസമേകും. തയ്‌വാൻ കയ്യടക്കാനുള്ള പദ്ധതിയൊന്നും യുഎസിന് ഇല്ലാത്തതുകൊണ്ട് പരിഹാരം ഏതുവിധത്തിലായാലും അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല.

പെലോസിയുടെ സന്ദർശനത്തെ തുടർന്ന് ചൈന നടത്തിയ സൈനികാഭ്യാസങ്ങൾ തയ്‌വാൻ ജനതയെ ഒട്ടും പരിഭ്രമിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. താഴ്ന്നു പറക്കുന്ന പോർവിമാനങ്ങൾ കാണാനും സെൽഫി എടുക്കാനും ജനങ്ങൾ ആ പ്രദേശത്തേക്ക് ഉല്ലാസയാത്രകൾ സംഘടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്. ചൈന ഒരിക്കലും തങ്ങളെ ആക്രമിക്കില്ലെന്ന് തയ്‌വാനിലെ ജനങ്ങൾ കരുതുന്നുണ്ടാകും. അത്തരമൊരു അമിതവിശ്വാസം അസ്ഥാനത്താണെങ്കിലും ആളുകൾ വ്യാകുലത കൂടാതെ ഉല്ലാസപൂർവം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് നല്ല കാര്യമാണ്. 

nancy-pelosi-and-xi-jinping
നാൻസി പെലോസി, ഷി ചിൻപിങ്

പെലൊസിയുടെ സന്ദർശനം യുഎസിനോ ചൈനയ്ക്കോ തയ്‌വാനോ ഗുണം ചെയ്തില്ല. അമേരിക്കയുടെ നയത്തിലും പ്രഖ്യാപനങ്ങളിലും അവ്യക്തതയും ചിട്ടയില്ലായ്മയുമുണ്ട്. അതിന് ലവലേശം ഐകരൂപ്യമില്ല. വേണ്ടിവന്നാൽ തയ്‌വാനിലേക്കു കടന്നുകയറാൻ വേണ്ട മുന്നൊരുക്കം നടത്താൻ കഴിഞ്ഞത് ചൈനയ്ക്കു നേട്ടമായി. തയ്‌വാൻ പക്ഷേ, ഒരു ചുവട് പിന്നോട്ടുവയ്ക്കാൻ കഴിയാത്ത അവസ്ഥയിലേക്കു പോയേക്കുമെന്നു തോന്നുന്നു. കണക്കുകൂട്ടലുകൾ പിഴച്ചാൽ അത് ദുരന്തത്തിൽ കലാശിക്കും.

പെലോസിക്കുവേണ്ടി പൊരുതാൻ മറ്റാരെയെങ്കിലും കിട്ടുമോയെന്ന് അറിയില്ല. ഹോങ്കോങ്ക് മാതൃകയിൽ പ്രശ്നപരിഹാരത്തിനു വഴി തുറന്ന് അവർ സമാധാനത്തിന്റെ കാവൽ മാലാഖയായി വാഴ്ത്തപ്പെടുമോ എന്നും പറയാനാവില്ല. സമകാലീന ചരിത്രത്തിൽ അവർ പേര് എഴുതിച്ചേർത്തുവെന്ന് ഉറപ്പിക്കാം.

English Summary : Nancy Pelosi revives notion of Hong Kong model for Taiwan

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}