ലണ്ടൻ പാലം വീണു;ക്ഷതമേൽക്കാതെ രാജാധിപത്യം

Queen Elizabeth II AP
SHARE

ബ്രിട്ടന് (യുണൈറ്റഡ് കിങ്ഡം) എലിസബത്ത് രാജ്ഞി എന്ന അവരുടെ ഏറ്റവും മൂല്യമേറിയ സ്വത്ത് നഷ്ടമായി. കഴിഞ്ഞ 70 വർഷത്തിനിടെ ബ്രിട്ടിഷ് സാമ്രാജ്യം ഏറക്കുറെ അസ്തമിച്ചെങ്കിലും അതിന്റെ പ്രൗഢിയും പ്രതാപവും വലിയൊരളവോളം നിലനിർത്തിയിരുന്നത് രാജ്ഞിയുടെ കുലീനവും അഭിജാതവുമായ വ്യക്തിത്വവും ഭൂഖണ്ഡങ്ങൾക്കപ്പുറം ജനങ്ങളെയും രാഷ്ട്രങ്ങളെയും സ്വാധീനിക്കാനുള്ള സവിശേഷമായ കഴിവുമായിരുന്നു. രാജകുടുംബത്തിന്റെ ആസ്ഥാന കവിപ്പട്ടം നേടിയ സൈമൺ ആർമിറ്റേജ് പാടി:

‘‘കാണ്ഡം മുതൽ ശിഖിരം വരെ പുഷ്പിച്ച ലില്ലി,

അതിന്റെ പ്രഭാവലയം 

അതിരുകൾക്കും ജീവിതത്തിനും അപ്പുറം പരക്കുന്നു’’

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി

ബ്രിട്ടന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ആഗോള സ്വാധീനത്തിന്റെ (softpower) പ്രതീകമായിരുന്നു എലിസബത്ത് രാജ്ഞി. 56 ലോകരാഷ്ട്രങ്ങൾ അവരെ കോമൺവെൽത്തിന്റെ അധ്യക്ഷയായി അവരോധിച്ചു. അതിൽ 14 എണ്ണം രാഷ്ട്രത്തലവനായി ആദരിച്ചു. ഇന്ത്യൻ ഹൈക്കമ്മിഷണർ എന്ന നിലയിൽ ഫിജി, പപ്പുവ ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ, ടുവലു എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള എന്റെ അധികാരപത്രം കൈമാറിയത് അതതു രാജ്യങ്ങളിലെ ഗവർണർക്കായിരുന്നുവെങ്കിലും അത് അഭിസംബോധന ചെയ്തിരുന്നത് എലിസബത്ത് രാജ്ഞിയെയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് മക്രോ ബ്രിട്ടിഷ് ജനതയോടു പറഞ്ഞതുപോലെ ‘അവർ നിങ്ങളുടെ രാജ്ഞിയായിരുന്നിരിക്കാം. പക്ഷേ, അവരായിരുന്നു രാജ്ഞി.’ 

ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വം, ആണവ രാഷ്ട്രപദവി, നാറ്റോയിലെ മാന്യസ്ഥാനം, വികസിതരാഷ്ട്ര സംഘടനയായ ജി 7 ലെ അംഗത്വം തുടങ്ങി ബ്രിട്ടൻ ഇന്നും ശിരസിലേറ്റുന്ന സാമ്രാജ്യത്വത്തിന്റെ ആടയാഭരണങ്ങൾ എല്ലാം രാജ്ഞിയുടെ ആഗോള സ്വാധീനത്തിന്റെ കൂടി ബാക്കിപത്രങ്ങളാണ്. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ കിരീടത്തിലെ അമൂല്യ രത്നം’ അവർ സ്ഥാനമേൽക്കും മുൻപ് നഷ്ടമായിരുന്നു. എങ്കിലും ഇന്ത്യയുമായി എക്കാലവും മിക്ക ബന്ധം നിലനിർത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യയിൽ മൂന്നു തവണ സന്ദർശനം നടത്തിയ രാജ്ഞി നമ്മുടെ മൂന്ന് രാഷ്ട്രപതിമാർക്ക് ബക്കിങ്ങാം കൊട്ടാരത്തിൽ ആതിഥ്യമരുളി. ഇന്ത്യയിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമുള്ള ഇംഗ്ലിഷ് ഭാഷയും ഷേക്സ്പിയർ സാഹിത്യവും ബിബിസിയും പോലെ, ഗതകാല സ്മരണയുടെ പ്രതീകമായി രാജ്ഞിയും ഇവിടെത്തന്നെയുണ്ടായിരുന്നു. ഏതാനും മാസം മുൻപ് മാത്രം ചുമതലയേറ്റ  രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആദ്യ വിദേശസന്ദർശനം അവർക്ക് പ്രണാമം അർപ്പിക്കാനാണെന്നതിൽ അസ്വാഭാവികതയില്ല.

1952 ഫെബ്രുവരിയിൽ കെനിയയിലെ ട്രീ ടോപ്പ് റിസോർട്ടിലേക്ക് കയറുമ്പോൾ പിറ്റേന്നു ബ്രിട്ടിഷ് രാജ്ഞിയായിട്ടായിരിക്കും തിരികെ ഇറങ്ങുകയെന്ന് എലിസബത്ത് രാജകുമാരി കരുതിയിട്ടുണ്ടാവില്ല. അവരുടെ പിതാവ് ജോർജ് ആറാമൻ അന്നു രാത്രി ലണ്ടനിൽ അന്തരിച്ചു. എലിസബത്ത് കിരീടാവകാശിയായതും ബ്രിട്ടിഷ് രാജചരിത്രത്തിലെ അത്യപൂർവമായ മറ്റൊരു സംഭവത്തിന്റെ പരിണതഫലമായിട്ടായിരുന്നു. അവരുടെ പിതൃസഹോദരനായ എഡ്വേർഡ് എട്ടാമൻ രാജാവ്, വിവാഹമോചിതയായ യുഎസ് വനിതയെ ജീവിതസഖിയാക്കുന്നതിനു വേണ്ടി കിരീടം ഉപേക്ഷിച്ചതിനെ തുടർന്നായിരുന്നു അത്.  

ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കിരീടം അണിയാനുള്ള ഭാഗ്യം എലിസബത്തിനു ലഭിച്ചു. ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജ്ഞിയെന്ന ബഹുമതിയും അവർക്കു സ്വന്തമായി. ആരെയും ആകർഷിക്കുന്ന പ്രകൃതവും ഫലിതബോധവും സമകാലിന വിഷയങ്ങളെക്കുറിച്ചുള്ള പരിജ്ഞാനവും ജീവിതത്തിന്റെ അവസാന ദിവസങ്ങളിൽ വരെ അവർ നിലനിർത്തി. മരിക്കുന്നതിന് ഏതാനും ദിവസം മുൻപാണ് ലിസ് ട്രസിനെ പുതിയ പ്രധാനമന്ത്രി രാജ്ഞി നിയമിച്ചത്. 70 വർഷത്തിനിടെ അവർ നിയമിച്ച പതിനാറാമത്തെ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്.

ബ്രിട്ടനിൽ രാജാധികാരം ആലങ്കാരികമായതു കൊണ്ട്, അവർ ആ പദവിയിൽ ഇരുന്നതല്ലാതെ യഥാർഥത്തിൽ ഭരണം കയ്യാളിയിട്ടില്ല. അതുകൊണ്ടു തന്നെ കോളനിവാഴ്ചക്കാലത്തെ ദുഷ്പ്രവൃത്തികൾക്ക് രാജ്ഞി നേരിട്ട് ഉത്തരവാദിയാകുന്നുമില്ല. എങ്കിലും അതിൽ ചില സംഭവങ്ങളെങ്കിലും അവരെയും ബാധിക്കാതിരുന്നില്ല. രാഷ്ട്രത്തലവന്റെ ആലങ്കാരിക പദവിയിൽ നിന്നു രാജ്ഞിയെ ഒഴിവാക്കണമെന്ന മുറവിളി പല രാജ്യങ്ങളിലും ഉയർന്നു. ചിലരെല്ലാം അവരെ നീക്കുകയും ചെയ്തു. എന്നാൽ, ഇതിനെയെല്ലാം ചരിത്രത്തിലെ അനിവാര്യമായ വഴിത്തിരിവുകളായി കരുതി നിർമമമായി കാണാനാണ് എലിസബത്ത് രാജ്ഞി ശ്രമിച്ചത്. ബ്രിട്ടിഷ് രാജ്ഞിയെ തുടർന്നും രാഷ്ട്രത്തലവനായി നിലനിർത്തണോ എന്നു തീരുമാനിക്കാൻ ഓസ്ട്രേലിയയിൽ നടന്ന ഹിതപരിശോധനാ ഫലം അവർക്ക് അനുകൂലമായിരുന്നു. ബ്രിട്ടന്റെ കോളനിയായി അംഗീകരിക്കണമെന്ന് വിക്ടോറിയ രാജ്ഞിയോട് മുൻപ് അപേക്ഷിച്ചിട്ടുള്ള ഫിജി, വർണവെറിയൻ ഭരണാധികാരികൾ ഇന്ത്യൻ കുടിയേറ്റക്കാരുടെ അവകാശങ്ങൾ നിഷേധിച്ചതിനെത്തുടർന്ന് കോമൺവെൽത്തിൽ നിന്നു പുറത്താക്കപ്പെട്ടപ്പോഴും എലിസബത്തിന്റെ രാജപദവി നിലനിർത്തി.

FILES-BRITAIN-ROYALS-PHILIP
എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും (ഫയൽ ചിത്രം)

ഇന്ത്യ സന്ദർശനത്തിനിടെ രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും ജാലിയൻവാലാബാഗിൽ എത്തുകയും അവിടെ ജീവൻവെടിഞ്ഞ ധീരരക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു. അതിനപ്പുറം ബ്രിട്ടിഷ് സാമ്രാജ്യത്വം ചെയ്ത കൊടിയ അനീയുടെ പേരിൽ മാപ്പുചോദിക്കാൻ അവർക്ക് അധികാരമുണ്ടായിരുന്നില്ല. തനിക്കു വിവാഹസമ്മാനമായി മഹാത്മാഗാന്ധി കൊടുത്തയച്ച ഖാദിയിൽ നെയ്ത ഉത്തരീയം അവർ അഭിമാനപൂർവമാണ് ഏതാനും വർഷം മുൻപ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണിച്ചത്. 

ഏഴു പതിറ്റാണ്ടു നീണ്ട കാലയളവിൽ മൂന്നു തലമുറയിൽപെട്ട രാജകുടുംബാംഗങ്ങളെ അവർക്കു കൈകാര്യം ചെയ്യേണ്ടിവന്നു. പാരമ്പര്യവാദത്തോടു കലഹിച്ച അവരിൽ പലരെയും നിയന്ത്രിക്കാൻ എളുപ്പമായിരുന്നില്ല. എങ്കിലും ഭിന്നാഭിപ്രായങ്ങൾ കൊട്ടാരത്തിന്റെ ചുവരുകൾക്കുള്ളിൽ ഒതുക്കാൻ മിക്കപ്പോഴും അവർക്കു കഴിഞ്ഞു. മക്കളായ ചാൾസും ആൻഡ്രുവും ആനും വിവാഹബന്ധം വേർപെടുത്തുകയും വിൻസർ കൊട്ടാരത്തിനു തീപിടിക്കുകയും ചെയ്ത 1992 നെ അവർ ‘ഭയാനകമായ വർഷം’ എന്നു വിശേഷിപ്പിച്ചു. ഡയാന രാജകുമാരിയുടെ അപകടമരണത്തെ തുടർന്ന് പരസ്യമായി അനുശോചനം രേഖപ്പെടുത്താതിരുന്ന രാജ്ഞി, ജനാഭിപ്രായം എതിരാണെന്നു മനസ്സിലായപ്പോൾ ടിവിയിൽ പ്രത്യക്ഷപ്പെട്ട് അവരെ അനുസ്മരിച്ചു. രാജ്ഞിയുടെ ശതകോടികൾ വിലവരുന്ന സ്വത്തുക്കൾ വിൽപത്ര പ്രകാരം ആർക്കൊക്കെയാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമല്ല. അതെല്ലാം രാജരഹസ്യങ്ങളായിത്തന്നെ അവശേഷിക്കാനാണ് സാധ്യത.

രാജപദവിയിലെത്താൻ 70 വർഷമായി ഊഴംകാത്തിരിക്കുന്ന ചാൾസ് രാജകുമാരൻ ഇതിനകം അതിനുള്ള പക്വത നേടിയിട്ടുണ്ടാവണം. കൂടുതൽ ജനാധിപത്യവൽകൃതമായ ലോകത്ത് രാജവാഴ്ച നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം ബോധവാനായിരിക്കണം. എലിസബത്ത് രാജ്ഞിയുടെ വ്യക്തിപ്രഭാവം ചാൾസിന് ഇല്ല. അതുകൊണ്ടുതന്നെ രാജാധികാരം ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. ഡയാനയുമായുള്ള വിവാഹമോചനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അല്ലാതെ അദ്ദേഹത്തെ അപ്രിയനാക്കുന്ന ഗൗരവമുള്ളതൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള അദ്ദേഹം കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള മാനവരാശി നേരിടുന്ന പ്രശ്നങ്ങളിൽ എല്ലാം സജീവമായി ഇടപെടുന്നുണ്ട്. എങ്കിലും ഇരുവരുടെയും പ്രവർത്തന ശൈലി വ്യത്യസ്തമാണ്. സന്നദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട വിവാദം ഇതിന് ഉദാഹരണമാണ്. 

യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോരാനുള്ള ബ്രിട്ടന്റെ തീരുമാനം നടപ്പാക്കുന്നതിനിടെയുണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളും റഷ്യയുമായുള്ള സംഘർഷവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിയണം. അഥവാ രാജാധികാരത്തിന് അവയെല്ലാം വെല്ലുവിളി ഉയർത്തിയേക്കാം. എലിസബത്ത് രാജ്ഞിയുടെ വഴക്കവും നിശ്ചയദാർഢ്യവും ചാൾസിനു സ്വായത്തമാകണമെന്നില്ല. അദ്ദേഹത്തിന്റെ അക്ഷമയെക്കുറിച്ച് പത്നി കാമില തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

King Charles III (Photo by Ben Stansall / AFP)
ചാൾസ് മൂന്നാമൻ രാജാവ് ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നു. (Photo by Ben Stansall / AFP)

എലിസബത്ത് രാജ്ഞിയുടെ മകൻ എന്ന സ്ഥാനവും ചാൾസിന് അനുകൂലമായ ഘടകമാണ്. എതിർശബ്ദങ്ങൾ ഉയരാതിരിക്കാൻ കുറച്ചുകാലത്തേക്കെങ്കിലും അത് സഹായിക്കും. അമ്മയെപ്പോലെ നീണ്ട കാലം അദ്ദേഹം സിംഹാസനത്തിൽ ഉണ്ടാവില്ല. എങ്കിലും അനുദിനം മാറുന്ന ലോകത്ത് രാജാധികാരം ഊനംതട്ടാതെ നിലനിർത്താൻ വേണ്ട നൈപുണ്യവും പ്രായോഗികബുദ്ധിയും അദ്ദേഹം പ്രകടമാക്കേണ്ടിവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}