ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വം എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള സാധ്യതയിലേക്ക് ഒരു നെല്ലിട കൂടി മുന്നേറിയ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്. ഈ നിർദേശത്തെ തുടക്കം മുതൽ നഖശിഖാന്തം എതിർത്തുപോന്ന സ്ഥിരാംഗങ്ങളിൽ ചിലർ മാറിയ ലോകസാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ പുനർവിചിന്തനത്തിനു തയാറാണെന്ന സൂചന പുറത്തുവന്നു. ആഫ്രിക്കയിലെയും ലാറ്റനമേരിക്കയിലെയും ചില രാജ്യങ്ങൾക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പക്ഷേ, ഏഷ്യയെയും യൂറോപ്പിനെയും കുറിച്ച് മൗനംപാലിച്ചു. ഇതേസമയം, ഒരു ചുവടുകൂടി മുന്നോട്ടുപോയ റഷ്യ, സ്ഥിരാംഗത്വത്തിന് അർഹതയുള്ള രാജ്യങ്ങളായി ഇന്ത്യയുടെയും ബ്രസീലിന്റെയും പേര് എടുത്തുപറഞ്ഞു.
ആഗോള സാഹചര്യങ്ങളിൽ വന്ന മാറ്റവും 21–ാം നൂറ്റാണ്ടിൽ ഇതിനകം നേരിടേണ്ടിവന്ന ദുരന്തങ്ങളുമാണ് ഇത്തരമൊരു മനംമാറ്റത്തിലേക്ക് യുഎസിനെയും റഷ്യയെയും കൊണ്ടെത്തിച്ചത്. 2001 സെപ്റ്റംബർ 11 ന് അമേരിക്കയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം, 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം, കോവിഡ് മഹാമാരി, റഷ്യ– യുക്രെയ്ൻ യുദ്ധം എന്നീ പ്രതിസന്ധികൾ നേരിടാൻ കഴിയാതെ നിഷ്ക്രിയമായി നിന്ന ഐക്യരാഷ്ട്രസംഘടനയുടെ അവസ്ഥ ഭയാനകമായിരുന്നു. രക്ഷാസമിതിയിൽ ഏതാനും വികസ്വര രാജ്യങ്ങൾക്കുകൂടി സ്ഥിരാംഗത്വം നൽകിയാൽ ഇത്തരം സന്ദർഭങ്ങളിൽ അവരുടെ പിന്തുണ നേടാമെന്ന് വൻശക്തിരാഷ്ട്രങ്ങൾ കരുതുന്നുണ്ടാവണം. എന്നാൽ, രക്ഷാസമിതി വികസിപ്പിക്കുന്നതു സംബന്ധിച്ച് ഇതിനകം ചർച്ച ചെയ്യപ്പെട്ട നിർദേശങ്ങളിൽ ഏതിനെങ്കിലും പൊതുസഭയിൽ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളുടെ പിന്തുണ ലഭിക്കുമോയെന്ന് ഉറപ്പില്ല. രക്ഷാസമിതിയിലെ 5 സ്ഥിരാംഗങ്ങൾ ഉൾപ്പെടെ 9 പേരുടെ പിന്തുണയും ഇതിന് അനിവാര്യമാണ്. യുഎസിന്റെയും റഷ്യയുടെയും പിന്തുണ കൊണ്ടു മാത്രം രക്ഷാസമിതിയുടെ ഘടനയിൽ മാറ്റംവരുത്താൻ കഴിയില്ലെന്നു ചുരുക്കം. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ തങ്ങൾക്കു തുറന്ന മനസ്സാണെന്നു വ്യക്തമാക്കാനുള്ള തന്ത്രമാണ് അവരുടെ ഇപ്പോഴത്തെ ചുവടുമാറ്റമെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.

ഐക്യരാഷ്ട്രസംഘടനയിലെ അംഗത്വത്തിന് ആനുപാതികമായി രക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധി ബ്രജേഷ് മിശ്ര 1979 ൽ പ്രമേയം കൊണ്ടുവന്നപ്പോഴുള്ള രംഗങ്ങൾ ഞാൻ ഓർത്തുപോകുകയാണ്. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രതിനിധി എന്ന നിലയിൽ പ്രമേയം മുന്നോട്ടുവച്ച ഇന്ത്യ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ അല്ലാത്ത രാജ്യങ്ങളുടെ പ്രാതിനിധ്യം 5 എണ്ണം കൂടി വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, 5 സ്ഥിരാംഗങ്ങൾ ഒന്നടങ്കം ഈ നിർദേശത്തെ അടിമുടി എതിർത്തു. ഇതോടെ പ്രമേയം കടലാസിൽ ഒതുങ്ങി. വീണ്ടും പലതവണ ഇതേക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും ഒരിക്കലും വോട്ടെടുപ്പ് നടന്നില്ല.
ശീതയുദ്ധകാലത്തിനു ശേഷം രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെയും ഊഴംവച്ച് മാറിവരുന്ന അംഗങ്ങളുടെയും എണ്ണം 5 വീതം വർധിപ്പിക്കണമെന്ന നിർദേശം ബ്രസീൽ മുന്നോട്ടുവച്ചു. അപ്പോഴും എന്തെങ്കിലും പരിഷ്ക്കാരത്തിന് നിലവിൽ സ്ഥിരാംഗങ്ങളായ വൻശക്തിരാഷ്ട്രങ്ങൾ തയാറായില്ല. സ്ഥിരാംഗത്വത്തിന് അർഹതയുള്ള രാജ്യങ്ങളായി പരിഗണിക്കേണ്ടത് ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെയും ആഫ്രിക്കയിൽ നിന്നുള്ള 2 രാജ്യങ്ങളെയും ആയിരിക്കണമെന്ന നിർദേശം ഇതിനിടെ ഉയർന്നുവന്നു. ജപ്പാനും ജർമനിക്കും ഈ പദവി നൽകാമെന്ന് സ്ഥിരാംഗങ്ങൾ ഒരു ഘട്ടത്തിൽ സമ്മതിച്ചെങ്കിലും മറ്റുള്ളവയെക്കുറിച്ച് മൗനം പാലിച്ചു. ഇതിനിടെ അർധസ്ഥിരാംഗ പദവി എന്ന നിർദേശവും ചർച്ച ചെയ്യപ്പെട്ടു. സ്ഥിരാംഗത്വം നൽകിയാലും കുറച്ചുവർഷത്തേക്ക് വീറ്റോ അധികാരം ആവശ്യപ്പെടില്ലെന്ന വിട്ടുവീഴ്ചയ്ക്ക് ഈ പദവി ആഗ്രഹിക്കുന്ന രാജ്യങ്ങൾ തയാറായെങ്കിലും വൻശക്തികൾ വഴങ്ങിയില്ല. ഇതിനിടെ സെക്രട്ടറി ജനറൽ 2 ബദൽനിർദേശങ്ങൾ മുന്നോട്ടുവച്ചു. അതും അംഗീകരിക്കപ്പെട്ടില്ല. പല വർക്കിങ് ഗ്രൂപ്പുകൾ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും പൊതുവിൽ സ്വീകാര്യമായ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. എങ്കിലും വർഷങ്ങളായി ചർച്ചകൾ തുടരുന്നു.

രക്ഷാസമിതി വിപുലീകരിക്കുന്നതിനെ എതിർക്കുന്നത് സ്ഥിരാംഗങ്ങളായ വൻശക്തിരാഷ്ട്രങ്ങൾ മാത്രമാണെന്നു കരുതരുത്. പൊതുസഭയിലെ മറ്റ് 40 രാജ്യങ്ങൾ ഇപ്പോഴത്തെ ഘടന നിലനിർത്തിയാൽ മതിയെന്ന നിലപാടുമായി രംഗത്തുവന്നിരുന്നു. സ്ഥിരമല്ലാത്ത അംഗങ്ങളുടെ മാത്രം എണ്ണം കൂട്ടാമെന്ന നിർദേശവും ഇതിനിടെ ചർച്ചയ്ക്കു വന്നെങ്കിലും അതും മുന്നോട്ടുപോയില്ല.
ഈ ദുർഘടപ്രതിസന്ധിയിലാണ് യുഎസ് പ്രസിഡന്റും റഷ്യൻ വിദേശകാര്യ മന്ത്രിയും ഇക്കാര്യത്തിൽ നീക്കുപോക്കുകൾ ആവാമെന്ന സൂചന നൽകുന്നത്. പുതിയ നിർദേശമെന്നും അവർ മുന്നോട്ടുവച്ചിട്ടില്ല. ചില പ്രധാന രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതിലുള്ള എതിർപ്പ് ഉപേക്ഷിച്ചിട്ടുമില്ല.
കുഴഞ്ഞുമറഞ്ഞ അവസ്ഥയിൽ എല്ലാം അവ്യക്തവും അനുരഞ്ജനസാധ്യത വിദൂരവുമാണെങ്കിലും ഇന്ത്യ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. യുഎൻ വേദികളിൽ ഒരു രാജ്യവും മറ്റൊരു രാജ്യത്തെക്കുറിച്ച് സാധാരണ പരാമർശിക്കാറില്ലെങ്കിലും ഇത്തവണ പൊതുസഭാ സമ്മേളനത്തിൽ ഇന്ത്യ നേടിയ സവിശേഷ ശ്രദ്ധയ്ക്ക് നമ്മുടെ വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു. ഇന്ത്യയ്ക്കു നൽകിയ പരിഗണനയ്ക്ക് യുഎസിനും റഷ്യയ്ക്കും അദ്ദേഹം പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി. സാമ്പത്തിക രംഗത്ത് വൻശക്തികളായ ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെയും ആഫ്രിക്കയിൽ നിന്നുള്ള ഒരു രാജ്യത്തെയും രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവയ്ക്കുകയും ചെയ്തു.

ആണവായുധങ്ങൾ വരെ പ്രയോഗിക്കാൻ ഇടയുള്ള യുക്രെയ്ൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, രക്ഷാസമിതി വിപുലീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പറ്റിയ അവസരമല്ല ഇതെന്ന് ഏവർക്കും അറിയാം. അതുകൊണ്ട്, ആപത്ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളെയും ജനങ്ങളെയും ഒപ്പംനിർത്താനുള്ള പദ്ധതിയായും ഇതിനെ വിലയിരുത്തുന്നതിൽ തെറ്റില്ല. യുദ്ധം അവസാനിച്ച് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തശേഷം ഈ ചർച്ചകളിലേക്കു തിരികെവരാം. എപ്പോഴായാലും ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ ചട്ടക്കൂട് അതേപടി നിലനിർത്തിക്കൊണ്ട് ഇത്തരമൊരു വിപുലീകരണം സാധ്യമാകില്ല. മാറിയ ലോകസാഹചര്യം ഉൾക്കൊണ്ടുള്ള പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ വൻശക്തികൾ മനസ്സാ തയാറായാലേ ഈ നീക്കംകൊണ്ട് പ്രയോജനമുള്ളൂ. അതിന് സമഗ്രവും അതിവിപുലവുമായ ചർച്ചകൾ അനിവാര്യമാണ്.