ജി20 അധ്യക്ഷ പദവിയിൽ ഇന്ത്യ; വെല്ലുവിളികളും സാധ്യതകളും

modi-g20-summit
SHARE

‘‘ഉച്ചകോടിയുടെ പ്രഖ്യാപനം അന്തിമമാക്കുന്നതിൽ ഇന്ത്യ നിർണായക പങ്കു വഹിച്ചു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.’’– ഇന്തൊനീഷ്യയിലെ ബാലിയിൽ ജി20 ഉച്ചകോടിയുടെ അവസാനം വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. യുഎസ് ഭരണകൂടത്തിന്റെ ഈ അഭിപ്രായം പിന്നീട് പ്രസിഡന്റ് ജോ ബൈഡനും ആവർത്തിച്ചു. റഷ്യ– യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെ യുഎസ് പ്രശംസിക്കുന്നത് ഇതാദ്യമാണ്. ഉച്ചകോടിക്കിടെ ഇന്ത്യ– യുഎസ് ബന്ധം അവലോകനം ചെയ്ത ബൈഡനും മോദിയും എല്ലാ അസ്വാരസ്യങ്ങളും മറന്ന് ഒരുമിച്ചുനിൽക്കേണ്ട നിർണായക ചരിത്രസന്ധിയാണിതെന്ന നിഗമനത്തിലാണ് പിരിഞ്ഞത്. ജി20 അധ്യക്ഷസ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ആരോഹണത്തിന് ഇത് കരുത്തും ഊർജവും നൽകുന്നു. അടുത്ത വർഷം ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടി വരെ ജി20 രാഷ്ട്രസംഘടനയുടെ അധ്യക്ഷപദം ഇന്ത്യ അലങ്കരിക്കും.  

ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെ രാജ്യാന്തര കൂട്ടായ്മകളുടെ അധ്യക്ഷപദം അക്ഷരമാല ക്രമത്തിൽ ഊഴംവച്ച് മാറുന്നത് നടപ്പുരീതിയാണ്. എന്നാൽ, അർഹിക്കുന്ന രാജ്യവും അർഹനായ നേതാവും ശരിയായ സമയത്ത് അത്തരം സ്ഥാനങ്ങളിൽ വരുന്നത് അപൂർവമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 കൂട്ടായ്മയുടെ അധ്യക്ഷപദം അലങ്കരിക്കുന്നതിനെയാണ് ഇവിടെ ഉദ്ദേശിച്ചത്. ഈ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനു മുൻപുതന്നെ മോദിയും ഇന്ത്യൻ പ്രതിനിധി സംഘവും ബാലി പ്രഖ്യാപനം അന്തിമമാക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. അതിലെ ആശയങ്ങളും വാക്കുകളും ഇന്ത്യയുടെ ഉന്നതനേതൃത്വം മുൻപ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ബാലി ഉച്ചകോടി ചർച്ച ചെയ്ത സുപ്രധാന വിഷയത്തിൽ – റഷ്യ– യുക്രെയ്ൻ സംഘർഷം – ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് അതിനു കഴിഞ്ഞത്. യുദ്ധവും നശീകരണവും അവസാനിപ്പിച്ച് ഒത്തുതീർപ്പു ചർച്ച ആരംഭിക്കണമെന്ന ആവശ്യത്തിൽ ജി20 രാജ്യങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. ഇന്ത്യ ഇക്കാര്യത്തിൽ തുടക്കം മുതൽ സ്വീകരിച്ചുവരുന്ന നിലപാട് മറ്റൊന്നല്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ബാലിയിൽ എത്തിയില്ല. റഷ്യയെ പ്രതിനിധീകരിച്ച അവരുടെ വിദേശകാര്യമന്ത്രി ഏറക്കുറെ ഒറ്റപ്പെടുകയും ചെയ്തു. 

modi-g20-summit-2

ജി20 കൂട്ടായ്മയുടെ അധ്യക്ഷ രാഷ്ട്രമെന്ന നിലയിൽ സമാധാനചർച്ചകളുടെ കേന്ദ്രബിന്ദുവായി ഇനി ഇന്ത്യ മാറും. മധ്യസ്ഥൻ എന്ന നിലയിലല്ലാതെ ഇരുകൂട്ടരുമായി ഒരുപോലെ ആശയവിനിമയം നടത്താൻ കഴിയുന്ന സന്ദേശവാഹകനായിട്ടാവാം ആ പങ്ക് നിർവഹിക്കപ്പെടുക. ഇന്ത്യ ഒത്തുതീർപ്പ് ചർച്ചകളുടെ രാസത്വരകമാകുമെന്ന് യുഎസും നാറ്റോയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ഇതൊരു ചതിക്കുഴിയാണെന്ന് കരുതി വേണം ഓരോ ചുവടും മുന്നോട്ടുവയ്ക്കാൻ. കാരണം പരാജയത്തിന്റെ സർവ ഉത്തരവാദിത്തവും നമ്മുടെ തലയിൽ കെട്ടിവയ്ക്കപ്പെട്ടേക്കാം. ചൈന അതിനായി കാത്തിരിക്കുകയാണ്. ഇന്ത്യയ്ക്ക് രാജ്യാന്തരവേദികളിൽ ലഭിക്കാവുന്ന ഏത് അംഗീകാരവും ഇല്ലാതാക്കാൻ അവർ ശ്രമിക്കും. മാലാഖമാർ കടന്നുചെല്ലാൻ മടിക്കുന്ന മേഖലയിലാണ് നാം കാലൂന്നാൻ ശ്രമിക്കുന്നത്. ‘മഹാഗുരു’ എന്ന നമ്മുടെ അവകാശവാദം ഇവിടെ പരീക്ഷിക്കപ്പെടുകയാണ്.

ബാലിയിലെ യഥാർഥ ജേതാവ് ഷി ജിൻ പിങ്ങാണ്. ചൈനയുടെ ആജീവനാന്ത ഭരണാധികാരിയെന്ന പ്രതിച്ഛായയുമായാണ് ഷി ബാലിയിൽ എത്തിയത്. കോവിഡ് മഹാമാരി ലോകം നിശ്ചലമാക്കിയ കഴിഞ്ഞ 3 വർഷം അദ്ദേഹം ഒതുങ്ങിക്കഴിയുകയായിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കന്മാരെല്ലാം അദ്ദേഹവുമായി സംസാരിക്കാനും ഫോട്ടോ എടുക്കാനും മത്സരിച്ചു. ചൈനയിലെ മനുഷ്യാവകാശ ലംഘനത്തെ നിരന്തരം വിമർശിക്കാറുള്ള യുഎസും ചൈനയുമായുള്ള ബന്ധം തായ്വാൻ പ്രശ്നത്തോടെ കൂടുതൽ വഷളായ നിലയിലാണ്. എന്നിട്ടും ഷിയും പ്രസിഡന്റ് ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച ഉച്ചകോടിയുടെ അവസാനംവരെ നല്ല അന്തരീക്ഷം സൃഷ്ടിച്ചു. 

modi-g20-summit-3

ചൈനയുമായി തർക്കമുള്ള മറ്റു രാജ്യങ്ങളുടെ നേതാക്കൾ അവരുടെ ഭാഗം പറയാൻ ഈ അവസരം ഉപയോഗപ്പെടുത്തി. 2016 നു ശേഷം ആദ്യമായി ഷിയുമായി കൂടിക്കാഴ്ച നടത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ചർച്ചകൾ നന്നായിരുന്നെന്ന് പ്രതികരിച്ചു. ഏതാനും ഓസ്ട്രേലിയൻ പൗരന്മാരെ ചൈനയിൽ തടവിലാക്കിയതിലും സിൻജിയാങ് പ്രവിശ്യയിൽ ഉയ്ഗ്വർ മുസ്ലിംകൾക്കെതിരായ നടപടികളിലും ആശങ്ക അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുട്ടിനെ പ്രേരിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഷിയോട് അഭ്യർഥിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയാൽ അടുത്തവർഷം താൻ ചൈന സന്ദർശിക്കാമെന്നും പറഞ്ഞു. ഷിയും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ആദ്യമായി മുഖാമുഖം കാണുന്നത് ബാലിയിൽ വച്ചാണ്. ഇതിനിടെ, രണ്ടുപേരും മാത്രം നടത്തിയ ചർച്ചകളുടെ വിവരം മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഷി പരസ്യമായി ശാസിച്ചു. കൂടുതൽ സംസാരിക്കാമെന്ന ട്രൂഡോയുടെ നിർദേശത്തിന് സാഹചര്യം അനുകൂലമായിട്ടേ ഇനി ചർച്ചയുള്ളൂ എന്നായിരുന്നു ഷിയുടെ ധിക്കാരപൂർവമുള്ള മറുപടി. 

രാജ്യാന്തര രാഷ്ട്രീയത്തിനാണ് ഉച്ചകോടിയിലെ ചർച്ചകളിൽ പ്രാമുഖ്യം ലഭിച്ചത്. ഭക്ഷ്യസുരക്ഷയും ഊർജസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യ അജൻഡ ആകണമെന്ന് ആതിഥേയരായ ഇന്തൊനീഷ്യ ആഗ്രഹിച്ചിരുന്നു. ആദ്യദിവസത്തെ ശ്രദ്ധാകേന്ദ്രം ബൈഡനും ഷിയുമായിരുന്നു. അടുത്ത ദിവസം ജി7 രാഷ്ട്രങ്ങളുടെ സമ്മേളനം ആയി മാറിയെന്നു പറയാം. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പോളണ്ടിന്റെ ഭൂപ്രദേശത്ത് മിസൈൽ വീണ് ആൾനാശമുണ്ടായതോടെ ചർച്ചയുടെ ഫോക്കസ് അതായി മാറി. യുക്രെയ്നിന്റെ പ്രതിരോധ സംവിധാനത്തിൽ നിന്നുതന്നെയാണ് അത് വിക്ഷേപിക്കപ്പെട്ടതെന്ന കണ്ടെത്തൽ റഷ്യയ്ക്ക് ആശ്വാസമായി.

g20-logo-lotus2

ബാലിയിലെ സംയുക്ത പ്രഖ്യാപനം റഷ്യയ്ക്കെതിരായി കുറ്റപത്രമായി മാറി. ലോകരാഷ്ട്രങ്ങളുടെ പൊതുവികാരത്തെ അക്രമിരാഷ്ട്രത്തിന്റെ വീറ്റോ അധികാരം നിഷ്പ്രഭമാക്കിയതിന്റെ മറ്റൊരു ഓർമപ്പെടുത്തൽ കൂടിയായി അതുമാറി. ‘‘മിക്ക അംഗങ്ങളും യുക്രെയ്ൻ യുദ്ധത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. റഷ്യയുടെ കടന്നാക്രമണം ലോകത്തിനു വരുത്തിവയ്ക്കുന്ന വൻനാശത്തിലേക്ക് അത് ശ്രദ്ധ ക്ഷണിച്ചു. ‘‘വിതരണ ശൃംഖലകൾ മുറിഞ്ഞതുമൂലം ലോകമാകെ ഭക്ഷ്യദൗർലഭ്യവും ഊർജപ്രതിസന്ധിയും നിലനിൽക്കുന്നു. വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും ലോകത്ത് അസ്ഥിരത സൃഷ്ടിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വേദിയല്ല ജി20 എങ്കിലും അത്തരം പ്രശ്നങ്ങൾ ലോകസമ്പദ്ഘടനയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നാം തിരിച്ചറിയേണ്ടതാണ്.’’– പ്രഖ്യാപനം വ്യക്തമാക്കുന്നു. 

അന്തരീക്ഷ താപനില വ്യവസായവൽക്കരണത്തിനു മുമ്പുണ്ടായിരുന്നതിനെക്കാൾ ഒന്നര ഡിഗ്രിയിൽ അധികം കൂടാതിരിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നു മാത്രമേ അതേക്കുറിച്ചു പ്രഖ്യാപനത്തിൽ പറയുന്നുള്ളൂ. ഇതേ ദിവസങ്ങളിൽ ഈജിപ്തിൽ നടന്ന കാലാവസ്ഥാ ഉച്ചകോടി കാര്യമായ തീരുമാനങ്ങൾ ഒന്നുമില്ലാതെയാണ് അവസാനിച്ചത്.

റഷ്യയുടെ സാന്നിധ്യം മറ്റുള്ളവരിൽ സൃഷ്ടിച്ച അലോസരം മൂലം ഇത്തവണ അവസാനം കുടുംബഫോട്ടോ എടുക്കുന്ന പതിവു മുടങ്ങി. വീഡിയോ ലിങ്കിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത യുക്രെയ്ൻ പ്രസിഡന്റെ വൊളോഡിമെർ സെലെൻസ്കി, റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവിനെ ഇരുത്തിക്കൊണ്ടാണ് കൂട്ടായ്മയെ ജി19 എന്നു വിശേഷിപ്പിച്ചത്. യുഎന്നിൽ റഷ്യയ്ക്കെതിരായ പ്രമേയത്തെ അനുകൂലിക്കാതിരുന്ന ചൈനയും ഇന്ത്യയും പോലും ഇവിടെ നിശ്ശബ്ദത പാലിച്ചു. ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ നിന്ന് റഷ്യയെ വിമർശിക്കുന്ന ഭാഗം മയപ്പെടുത്താൻ ആരും ശ്രമിച്ചില്ല. ‘

Narendra Modi in G20 Summit Photo by BAY ISMOYO / POOL / AFP
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദി. Photo by BAY ISMOYO / POOL / AFP

യുഎസ്– ചൈന ബന്ധം പുനഃക്രമീകരിക്കാൻ ഇരുകൂട്ടരും ശ്രമിച്ചുതുടങ്ങിയെന്നാണ് ബൈഡൻ– ഷി കൂടിക്കാഴ്ചയുടെ അനന്തരഫലം സൂചിപ്പിക്കുന്നത്. തായ്വാനെ ഭീഷണിപ്പെടുത്താൻ ചൈന നടത്തുന്ന സൈനികാഭ്യാസത്തെ വിമർശിച്ചപ്പോഴും അവർ അരുതാത്തതൊന്നും ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്ന മട്ടിൽ അദ്ദേഹം സ്വരം മയപ്പെടുത്തി. ‘ഏക ചൈന’ എന്ന നിലപാടിൽ നിന്ന് യുഎസ് പിന്നോട്ടുപോയിട്ടില്ലെന്ന് അദ്ദേഹം ഷി ക്ക് ഉറപ്പുനൽകി. യുഎസുമായുള്ള ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ചൈനയും പിന്നീട് വെളിപ്പെടുത്തി.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നയതന്ത്ര അരങ്ങേറ്റം സാമാന്യം വിജയകരമായിരുന്നു. യുക്രെയ്നിലെ റഷ്യൻ കടന്നാക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. റഷ്യൻ വിദേശകാര്യമന്ത്രിയെ തുറിച്ചുനോക്കിക്കൊണ്ടുള്ള ആ വാക്കുകൾക്ക് കീവിൽ വലിയ സ്വീകാര്യത ലഭിച്ചു. ഋഷിയും ഷിയുമായി കൂടിക്കാഴ്ച നടക്കാതിരുന്നത് സമയക്കുറവു കൊണ്ട് മാത്രമാണ്. എങ്കിലും ചർച്ച നടത്താനുള്ള സന്നദ്ധത ബന്ധം മെച്ചപ്പെടുമെന്ന സൂചന നൽകുന്നു. മുൻഗാമികളുടെ പാതയിൽ നിന്ന് മാറിനടക്കാനാണ് ഋഷിയും ശ്രമിക്കുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. 

52 പേജുള്ള ബാലി പ്രഖ്യാപനത്തിന്റെ അധികഭാഗവും ലോകസാഹചര്യങ്ങളെക്കുറിച്ചുള്ള വിശകലനമാണ്. ബാക്കി ശുഭപ്രതീക്ഷകളും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള മുന്നുപാധി യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കലാണെന്ന് പ്രഖ്യാപനം അടിവരയിടുന്നു. 

അടുത്ത ഒരു വർഷം ജി 20യുടെ നിർവഹണ ചുമതല ഇന്ത്യയ്ക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മറ്റ് ഉന്നത ഉദ്യോഗസ്ഥ സംഘവും ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ കാര്യക്ഷമതയുടെയും നേതൃശേഷിയുടെയും ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. 2024 ലെ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് അനുകൂല ഘടകമായേക്കും. എന്നാൽ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറച്ചെങ്കിലും നമുക്കും പഴി കേൾക്കേണ്ടി വന്നേക്കാം. ഇക്കാലത്ത് നേതൃഭാരമില്ലാതെ ചൈന അവരുടെ ലക്ഷ്യത്തിലേക്കു കുതിക്കും. അതുകൊണ്ട് ഏതുനിലയിലും 2023 നമുക്കൊരു സാധ്യതയാണ്, അതിലേറെ വെല്ലുവിളിയും.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS