ദക്ഷിണ പസിഫിക് ദ്വീപ് രാജ്യമായ ഫിജിയിൽ ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ 1987 ലെ അട്ടിമറി നായകൻ സിതിവേനി റബുക്ക വീണ്ടും അധികാരത്തിലെത്തി. മറ്റൊരു അട്ടിമറിയിലൂടെ 2006 ൽ അധികാരത്തിലെത്തിയ ഫ്രാങ്ക് ബൈനിമരാമയെ നിഷ്കാസിതനാക്കിയാണ് റബുക്കയുടെ അവസരവാദ സഖ്യം വീണ്ടും ഭരണം പിടിച്ചത്. കുഴഞ്ഞുമറിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം രൂപംകൊണ്ട ഈ സഖ്യത്തിൽ 4 പാർട്ടികളാണുള്ളത്. ഞാൻ അവിടെ ഹൈക്കമ്മിഷണറായിരുന്ന 1986–89 കാലയളവിൽ ബദ്ധശത്രുക്കളായിരുന്നു ഈ പാർട്ടികൾ.
ഫിജിയിലെ അദ്യ പ്രധാനമന്ത്രി റതു സർ കാമിസെസെ മാരയുടെ ‘അലയൻസ് പാർട്ടി’ രാജ്യത്തെ ഫ്യൂഡൽ പ്രഭുക്കന്മാരുടെ സംഘടനയാണ്. ഇന്ത്യക്കാരുടെ സംഘടനയായ ‘നാഷനൽ ഫെഡറേഷൻ പാർട്ടി’ എക്കാലവും ഇവരുടെ ശത്രുക്കളായിരുന്നു. ഇന്ത്യൻ വംശജർക്ക് ആധിപത്യമുള്ള ‘ലേബർ പാർട്ടി’ സർക്കാരിനെ അട്ടിമറിക്കാൻ അലയൻസ് പാർട്ടി അന്ന് റബുക്കയ്ക്ക് പിന്തുണ നൽകി. നാഷനൽ ഫെഡറേഷൻ പാർട്ടി ഇപ്പോൾ റബുക്കയ്ക്ക് പിന്തുണ നൽകുന്നത് ചരിത്രത്തിലെ വൈരുദ്ധ്യമായി തോന്നാം. തദ്ദേശീയരായ ദ്വീപ് നിവാസികളെ ഇന്ത്യൻ വംശജരുടെ മേധാവിത്വത്തിൽ നിന്ന് സംരക്ഷിക്കാനെന്ന പേരിലാണ് റബുക്ക അന്ന് ഭരണം അട്ടിമറിച്ചതെന്നോർക്കണം.

കഴിഞ്ഞ 35 വർഷത്തിനിടെ റബുക്ക ഇന്ത്യൻ വംശജരുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ടാകണം. അധികാരത്തിൽ പങ്കാളിത്തം ആഗ്രഹിക്കാത്ത കാലത്തോളം സ്വൈരവും സമാധാനവുമായി ഇന്ത്യക്കാർക്ക് അവിടെ കഴിയാമെന്നായിരിക്കണം അദ്ദേഹം കരുതുന്നുണ്ടാവുക.
1987 ലെ അട്ടിമറിയെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. അതേത്തുടർന്ന് വഷളായ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ 10 വർഷം വേണ്ടിവന്നു. അന്ന് ഹൈക്കമ്മിഷണറായിരുന്ന ഞാൻ പുറത്താക്കപ്പെട്ടു. ചിരവൈരികളായിരുന്ന പാർട്ടികൾ മഴവിൽ സഖ്യം സ്ഥാപിച്ച് ഇപ്പോൾ അധികാരം പങ്കിടാൻ വഴിയൊരുക്കിയത് റബുക്കയുടെ നേതൃശേഷിയും രാഷ്ട്രീയ തന്ത്രങ്ങളും കൊണ്ടാവണം.
ഫിജിയിലെ അന്നത്തെ അട്ടിമറിക്ക് രാജ്യാന്തര പ്രത്യാഘാതങ്ങൾ ഒന്നുമുണ്ടായില്ല. മേഖലയിലെ പ്രബല രാജ്യങ്ങളായ ഓസ്ട്രേലിയയും ന്യുസീലൻഡും തദ്ദേശീയ ജനതയുടെ അവകാശവാദങ്ങളിൽ ആദ്യം അൽപം ആശങ്കാകുലരായെങ്കിലും സൈനിക ഭരണകൂടത്തെ അംഗീകരിച്ചു. അവരുടെ രാജ്യത്തെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് റബുക്കയുമായി ബന്ധമില്ലെന്ന് ഉറപ്പാക്കി. അന്ന് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ ഇന്ത്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോമൺവെൽത്തിലും ഐക്യരാഷ്ട്ര സംഘടനയിലും ഇന്ത്യ ഈ വിഷയം ഉന്നയിച്ചു. മെൽബണിൽ നടന്ന കോമൺവെൽത്ത് സമ്മേളനത്തിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ വിഷയം ഉന്നയിക്കുകയും അംഗരാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. ഫിജിയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പട്ടാളഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് പരസ്യനിലപാട് എടുത്ത ഇന്ത്യ അന്ന് ഫിജിക്കെതിരെ വാണിജ്യ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷവും 2 വർഷത്തോളം ഞാൻ അവിടെ ചുമതലയിൽ തുടർന്നു. പിന്നീട് ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ പദവി അവർ കോൺസുലേറ്റ് തലത്തിലേക്ക് താഴ്ത്തി. അതോടെ ആ രാജ്യത്തിന് അനഭിമതനായ വ്യക്തിയായി (persona non grata) പ്രഖ്യാപിക്കാതെ തന്നെ 72 മണിക്കൂറിനുള്ളിൽ ഞാൻ അവിടം വിടേണ്ടി വന്നു. ഇന്ത്യ ഫിജിയുമായി പിന്നീട് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത് അവർ ജനാധിപത്യ ഭരണഘടന അംഗീകരിച്ച ശേഷമാണ്. മറ്റൊരു രാജ്യവും അന്ന് പട്ടാള ഭരണകൂടത്തിനെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ല.
ദക്ഷിണ പസിഫിക് അക്കാലത്ത് അമേരിക്കയുടെ കളിപ്പൊയ്കയായിരുന്നു. ഓസ്ട്രേലിയയും ന്യൂസീലൻഡും അതിന്റെ കാവലാളുകളായിരുന്നു. ചൈനയ്ക്ക് അവിടെ നയതന്ത്രകാര്യാലയം ഉണ്ടായിരുന്നു. അവരുടെ ജനങ്ങൾക്ക് ഭീഷണിയില്ലാത്തതിനാൽ മറ്റു പ്രശ്നങ്ങളിലൊന്നും അവർ തലയിട്ടില്ല. ദക്ഷിണ പസിഫിക്കിലെ മറ്റ് പല രാജ്യങ്ങൾക്ക് അന്ന് തായ‍്‍വാനുമായി നയതന്ത്രബന്ധം ഉണ്ടായിരുന്നെങ്കിലും ചൈന എതിർപ്പ് പ്രകടിപ്പിച്ചില്ല.
ഇന്ന് സ്ഥിതി മാറി. ദക്ഷിണ പസിഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചൈന തായ‍്‍വാനെ അവിടെ നിന്ന് പുറത്താക്കാനുള്ള യത്നത്തിലാണ്. കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ മാത്രം നാം കേൾക്കാറുള്ള സോളമൻ ദ്വീപുകൾ ചൈനയുമായി ഒപ്പുവച്ച ഉടമ്പടി ചിത്രം ആകെ മാറ്റിമറിച്ചു. പാപുവ ന്യൂഗിനിയിൽ നയതന്ത്രകാര്യാലയം തുറന്ന ഇന്ത്യ, ഫിജി ആസ്ഥാനമായുള്ള സാംസ്കാരിക കൂട്ടായ്മയായി തുടങ്ങിയ ദക്ഷിണ പസിഫിക് ഫോറത്തിൽ അംഗത്വമെടുത്തു. യുഎസും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും ചേർന്ന് ചതുർരാഷ്ട്രസഖ്യം (ക്വാഡ്) രൂപീകരിച്ചതോടെ മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ തേടുകയാണ് ചൈന. ഇതോടെ യുഎസ്– ചൈന കിടമത്സരത്തിന്റെ രംഗവേദിയാവുകയാണ് ദക്ഷിണ പസിഫിക്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നായകനായി ബൈനിമരാമ മുന്നോട്ടുവരികയും ചൈനയുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുകയും ചെയ്തതോടെ പാശ്ചാത്യ രാഷ്ട്രങ്ങൾക്കു ഫിജി ചിന്താവിഷയമായിരുന്നു. അതുകൊണ്ടു തന്നെ റബുക്കയുമായി ബന്ധം സ്ഥാപിക്കാൻ അവർ ശ്രമിച്ചേക്കും.
തമിഴ്നാട്ടിലെ വില്ലിങ്ടൺ സ്റ്റാഫ് കോളജിൽ ലഫ്. കേണൽ ട്രെയ്നി ആയിരുന്ന റബുക്ക നമ്മുടെ സൈനിക ഉദ്യോഗസ്ഥരിൽ പലർക്കും സുപരിചിതനാണ്. അവരെല്ലാം അദ്ദേഹത്തെ ആദരപൂർവം കാണുന്നു. ഞങ്ങൾ ഒരുമിച്ച് ഗോൾഫ് കളിച്ചിട്ടുണ്ട്. വെസ്റ്റ് ഏഷ്യയിലെ സമാധാന ദൗത്യത്തിനു ശേഷം മടങ്ങിയെത്തിയ റബുക്കയ്ക്ക് പ്രത്യേക ആദർശങ്ങളോ കെട്ടുപാടുകളോ ഉണ്ടായിരുന്നതായി അറിവില്ല. അന്ന് ലേബർ പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ റതു മാര അദ്ദേഹത്തെ ഉപയോഗിച്ചതാവണം.
ഫിജിയിലെ ചില ഇന്ത്യൻ സാംസ്കാരിക സംഘടനകൾ 2014 ൽ എന്നെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. അന്ന് അവിടത്തെ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും എന്നെ ഹൃദ്യമായി വരവേറ്റു. പദവികൾ ഒന്നും ഇല്ലാതിരുന്ന റബുക്കയും എന്നെ കാണാനെത്തി. ഫിജി ഗോൾഫ് ക്ലബിൽ വച്ച് കണ്ടുമുട്ടിയ ഞങ്ങൾ പഴയ കഥകൾ പറഞ്ഞ് ഏറെനേരം ചെലവഴിച്ചു. മുൻപ് ഞങ്ങൾ രണ്ടുപേരും പ്രവർത്തിച്ചത് അതതു രാജ്യങ്ങളുടെ താൽപര്യപ്രകാരമാണെന്നും ഇരുവരും അനുസ്മരിച്ചു. അതിന്റെ പേരിൽ വ്യക്തിപരമായ നീരസം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.

ഏത് റോളിൽ പ്രവർത്തിക്കാനും ശേഷിയുള്ളയാളാണ് റബുക്ക. പാശ്ചാത്യരാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞാൽ ദക്ഷിണ പസിഫിക്കിൽ നിന്ന് ചൈനയെ അകറ്റിനിർത്തുകയെന്ന പദ്ധതിയുടെ കേന്ദ്രബിന്ദുവാകാം. നാഷനൽ ഫെഡറേഷൻ പാർട്ടിയുടെ സഖ്യകക്ഷിയെന്ന നിലയിൽ ഇന്ത്യയുമായി നല്ല ബന്ധത്തിൽ പോകാം. ദക്ഷിണ പസിഫിക്കിലെ ബലാബലം അടിസ്ഥാനമാക്കി യുഎസും ചൈനയും ഇന്ത്യയും സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാകും ഈ സർക്കാരിന്റെ ആയുസ്സ്. റബുക്ക കൂടെയുണ്ടെങ്കിൽ മേഖലയിൽ യുഎസ് ആധിപത്യം നേടിയേക്കും.