പുതുവർഷം പിറന്നു; പ്രതീക്ഷകൾ എന്തെല്ലാം?

What to expect in New Year
SHARE

മാനവസമൂഹം കാലത്തെ (time) വർഷം (year) എന്ന ഏകകത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ തുടങ്ങിയത് സൗകര്യം കണക്കിലെടുത്തു മാത്രമാണ്. എന്നാൽ, ഇതോടെ വർഷം അടിസ്ഥാനമാക്കി ലക്ഷ്യങ്ങൾ നിർണയിക്കാൻ തുടങ്ങി. വർഷാവസാനം അവ സഫലമായോ എന്ന കണക്കെടുപ്പ് ആരംഭിച്ചു. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകൾ പങ്കുവയ്ക്കാനും തുടങ്ങി. ഭാഗ്യാന്വേഷകർ അതനുസരിച്ച് സ്വപ്നത്തിൽ മുഴുകി. ‘ഒന്നും സംഭവിക്കാത്ത ദശാബ്ദങ്ങളുണ്ടാകും. ദശാബ്ദങ്ങളിൽ സംഭവിക്കേണ്ടതിനു സാക്ഷ്യം വഹിച്ച ആഴ്ചകളും’ എന്ന് ലെനിൻ പറഞ്ഞതാണ് ഈ സന്ദർഭത്തിൽ ഓർമയിലെത്തുന്നത്. 

2023 നെക്കുറിച്ചുള്ള പ്രതീക്ഷകൾ വികൽപങ്ങളായേക്കാം. അത് 2022 ന്റെ തുടർച്ചതന്നെ ആയിക്കൂടെന്നില്ല. കഴിഞ്ഞവർഷം ലോകഗാത്രത്തിനേറ്റ മുറിവുകളിൽ പലതിലും ഇപ്പോഴും രക്തം ചിന്തുന്നു. ഓർമകൾ ഭീതിയുണർത്തുന്നുണ്ടെങ്കിലും പ്രതീക്ഷകൾ താൽക്കാലിക ആശ്വാസം നൽകുന്നുന്നുവെന്നു മാത്രം.

വരുംകാലത്തെക്കുറിച്ചു പ്രവചിക്കണമെങ്കിൽ ഈ നൂറ്റാണ്ടിൽ ഇതിനകം സംഭവിച്ചതിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കണം. യുഎസിനു നേരെയുണ്ടായ 9/11 ഭീകരാക്രമണം, ആഗോള സാമ്പത്തിക മാന്ദ്യം, കോവിഡ് 19 മഹാമാരി, റഷ്യ– യുക്രെയ്ൻ യുദ്ധം എന്നിവയാണ് കഴിഞ്ഞ 2 ദശാബ്ദത്തിനിടയിൽ ചരിത്രഗതി നിർണയിച്ച മുഖ്യസംഭവങ്ങൾ. ഇവയെല്ലാം ചെറുതായി തുടങ്ങിയശേഷം ലോകവ്യാപകപ്രത്യാഘാതം സൃഷ്ടിച്ചവയാണ്. ഈ സംഭവങ്ങളുടെ പ്രത്യാഘാതങ്ങൾ പിന്നീട് അതിലേറെ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചു. കാരണം അവ സുചിന്തിതമായി എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. നിരാശയിലും തിടുക്കത്തിലും ശാസ്ത്രത്തിന്റെ സ്വാഭാവിക ഗതിവേഗത്തിൽ കൃത്രിമമായി ഇടപെട്ടും വേണ്ടത്ര ഗവേഷണം നടത്താതെയും കൈക്കൊണ്ട ന‌ടപടികളുടെ ദൂരവ്യാപകമായ വരുംവരായ്കകൾ ആരും കണക്കിലെടുത്തില്ല. 

russia-ukraine-war
തിരിച്ചടി: കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയായ ഡോണെറ്റ്സ്കിലെ മക്കിവ്ക നഗരത്തിൽ, പുതുവർഷപ്പുലരിയിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ തകർന്ന കോളജ് കെട്ടിടം. റഷ്യൻ സൈനികർ താമസിച്ചിരുന്ന ഇവിടെയുള്ള ആയുധപ്പുരയിലാണ് യുഎസ് നിർമിത മിസൈലുകൾ പതിച്ചത്. ചിത്രം: റോയിട്ടേഴ്സ്

2023 ന്റെ ഏറ്റവും വലിയ പൈതൃകം റഷ്യ– യുക്രെയ്ൻ സംഘർഷമാണ്. പഴയ റഷ്യൻ സാമ്രാജ്യത്തെക്കുറിച്ചുള്ള മിഥ്യാബോധമാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ യുദ്ധത്തിലേക്കു നയിച്ചത്. ആ യുദ്ധം തുടങ്ങുന്നതിനു മുൻപ് പുട്ടിൻ ചൈനയുമായി സുരക്ഷാ ഉടമ്പടിയുണ്ടാക്കി. യുക്രെയ്ൻ യുദ്ധത്തിൽ ചൈന റഷ്യയ്ക്കു നൽകുന്ന പിന്തുണ, തയ്‍വാനു വേണ്ടിയുള്ള പോരാട്ടത്തിൽ റഷ്യ ചൈനയ്ക്കു നൽകുന്ന പിന്തുണ കൂടിയാണ്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ അപലപിക്കാൻ ഇന്ത്യ തയാറിയിട്ടില്ലെങ്കിലും താമസിയാതെ ഇന്ത്യ– റഷ്യ ബന്ധം മോശമാകാൻ സാധ്യതയുണ്ട്. 

2023 ൽ ഇന്ത്യ– യുഎസ് ബന്ധം കൂടുതൽ മെച്ചപ്പെട്ടേക്കാം. ഇതോടെ ഇന്ത്യയും യുഎസും ജപ്പാനും ഓസ്ട്രേലിയയും അംഗങ്ങളായ ചതുർരാഷ്ട്രസഖ്യം (ക്വാഡ്) കൂടുതൽ ശക്തമായേക്കും. ഏഷ്യയിലെ നാറ്റോ സഖ്യമായി ചൈന കണക്കാക്കുന്ന ക്വാഡിനെതിരെ അവരോടൊപ്പം റഷ്യയും അണിചേരും. ഇതോടെ 2 ഏകാധിപത്യരാഷ്ട്രങ്ങൾ ഒരു വശത്തും ജനാധിപത്യചേരി മറുവശത്തുമായുള്ള പുതിയ ലോകക്രമം സൃഷ്ടിക്കുന്ന വൈരുധ്യം കൂടുതൽ പ്രകടമാകും. ഇതിനിടയിൽ ചേരിചേരാരാഷ്ട്രമെന്ന പ്രതിച്ഛായ നിലനിർത്താൻ ഇന്ത്യയ്ക്ക് എളുപ്പമാവില്ല.

Flag India Us
Photo by: FreshStock/shutterstock.com

ലോകം മുൻപ് മഹാമാരികളെ നേരിട്ടിട്ടുണ്ട്. സമീപകാലത്തു തന്നെ എച്ച്ഐവി– എയ്ഡ്സും എബോളയും ഭീഷണിയുയർത്തിയപ്പോൾ, ഏകോപിതമായ പ്രവർത്തനത്തിലൂടെ ഇവയെ നേരിടുന്നതിൽ ലോകം വിജയിച്ചു. ഇതോടെ ഇത്തരം മഹാമാരികൾ മേലി‍ൽ വികസിതരാജ്യങ്ങളെ ബാധിക്കില്ലെന്ന ധാരണ പരന്നു. അവ കൈകാര്യം ചെയ്യാൻ ആരോഗ്യ മേഖലയിൽ നിലവിലുണ്ടായിരുന്ന സംവിധാനം തന്നെ യുഎസ് അടച്ചുപൂട്ടി. അത്യാധുനിക സാങ്കേതിക വിദ്യകളും ദുരന്തപ്രതികരണ സംവിധാനങ്ങളും നിലവിലുള്ള രാജ്യങ്ങളെ ഇത്തരം പ്രതിസന്ധികൾ ബാധിക്കില്ലെന്ന് അവർ ഉറപ്പിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് രോഗികൾ എത്താനുള്ള സാധ്യത മാത്രമായിരുന്നു അവരുടെ ആരോഗ്യവിദഗ്ധരെ അലട്ടിയിരുന്നത്.

എന്നാൽ, കോവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി യുഎസ് മാറുന്നതാണ് കണ്ടത്. അവിടെ നിന്നു വന്ന വിമാനങ്ങളെ വികസ്വര രാജ്യങ്ങളിലെ ജനങ്ങൾ ഉൾക്കിടിലത്തോടെ നോക്കിനിന്നു. കോവിഡിന്റെ വ്യാപനവും ആൾനാശവും മറച്ചുവച്ചതിന് ചൈന പ്രതിക്കൂട്ടിലായി. വുഹാനിലെ ലബോറട്ടറിയിൽ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന പ്രചാരണം അവരെ കൂടുതൽ പ്രതിരോധത്തിലാക്കി. ഈ വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർന്ന യുഎൻ രക്ഷാസമിതി യോഗം പോലും മാറ്റിവയ്ക്കേണ്ടിവന്നു. വലുതും ചെറുതുമായ ഓരോ രാജ്യങ്ങളും ദുരന്തം ഒറ്റയ്ക്ക് ഒറ്റയ്ക്ക് നേരിടേണ്ടിവന്നു. 5 കോടി മനുഷ്യജീവനുകളാണ് അതിന് വിലയായി നൽകേണ്ടിവന്നത്.

coronavirus at a testing site usa

കോവിഡ് ഭീഷണി ഒഴിഞ്ഞെന്നും ഈ വർഷം കോവിഡാനന്തര ലോകക്രമത്തിനു രൂപം നൽകുമെന്നും കരുതിയിരുന്നത് അസ്ഥാനത്തായി. ചൈനയിൽ പടരുന്ന മഹാമാരി വീണ്ടും ലോകത്തിന്റെ ഉറക്കംകെടുത്തുകയാണ്. നിയന്ത്രണങ്ങളി‍ൽ സഹികെട്ട് തെരുവിലിറങ്ങിയ ജനങ്ങൾ ഷി ജിൻപിങ് സർക്കാരിനു വെല്ലുവിളിയായി. കർശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയുന്ന സീറോ കോവിഡ് നയം സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. വീണ്ടും കോവിഡ് തരംഗമുണ്ടാകുമെന്ന ഭീതിയിലാണ് ലോകം. ഇതിനകം കണ്ടുപിടിച്ച ചില മരുന്നുകളും വാക്സീനുകളും ആശ്വാസം പകരുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ‘സ്റ്റൈറോയ്ഡ് മരുന്നുകളെ അമിതമായി ആശ്രയിക്കുന്ന ലോകം അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്ത്യൻ വംശജനായ യുഎസ് മാധ്യമപ്രവർത്തകൻ ഫരീദ് സകറിയ മുന്നറിയിപ്പു നൽകുന്നു. ‘മഹാമാരിക്കു ശേഷമുള്ള ലോകത്തിന് 10 പാഠങ്ങൾ’ എന്ന കൃതിയിലാണ് ഈ നിരീക്ഷണമുള്ളത്.  

economy-market2

ബാങ്കിങ്– ഓഹരി വിപണിയിലെ അമിതവും വഴിവിട്ടതുമായ പ്രവർത്തനങ്ങളാണ് 2008 ലെ ആഗോള സാമ്പത്തിക തകർച്ചയ്ക്കു കാരണമായത്. വൻതുക ബാങ്ക് വായ്പയെടുത്ത് ആഡംബര ഭവനങ്ങൾ വാങ്ങാൻ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. യഥാർഥ വിലയിലും കൂടിയ നിരക്കിൽ ഇവയുടെ ക്രയവിക്രയവും വായ്പാ ഇടപാടുകളും നടന്നു. ഇത്തരം സ്ഥാപനങ്ങളുടെ കൂട്ടതകർച്ചയായിരുന്നു ഫലം. ലോകം മുഴുവൻ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവന്നു. ലോക്ഡൗണും സാമ്പത്തിക മേഖലയിലെ തടസ്സങ്ങളും മൂലം ഈ വർഷം മറ്റൊരു മാന്ദ്യം ലോകത്തെ കാത്തിരിക്കുന്നതായി പ്രവചനങ്ങളുണ്ട്.

world-trade-center-attack-Burn-down-Smoke-121

ഈ നൂറ്റാണ്ടിലെ ആദ്യത്തെ മഹാസംഭവം യുഎസിനു നേരെയുണ്ടായ 9/11 ഭീകരാക്രമണമായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനയ്ക്ക് വിധേയരാകുമ്പോൾ മാത്രമേ സാധാരണക്കാർ ഇപ്പോൾ അതേക്കുറിച്ച് ഓർക്കാറുള്ളൂവെങ്കിലും അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. ആണവായുധങ്ങൾ കൈവശമുണ്ടെങ്കിൽ സുരക്ഷിതരാണെന്ന തോന്നൽ അതോടെ അവസാനിച്ചു. ഒരുതരം ആയുധങ്ങളും കൈവശമില്ലാത്ത 10 പേർ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ പരാജയപ്പെടുത്തി. 30 വർഷം നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തിനൊടുവിൽ അവരെ വീണ്ടും നാണംകെടുത്തി. ലോകമെമ്പാടുമുള്ള മതമൗലികവാദികളുടെ സജീവമായ ആയുധം ഇപ്പോഴും ഭീകരപ്രവർത്തനമാണ്. ലോകത്ത് എവിടെയും എപ്പോൾ വേണമെങ്കിലും അത് പ്രയോഗിക്കപ്പെടാം.

കാലഗണനയിലെ കൃത്രിമ സൃഷ്ടിയാണ് വർഷം. സന്തോഷവും സന്താപവും പക്ഷേ, തുടർച്ചയാണ്. എങ്കിലും ആകുലതകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കരകയറാൻ കഴിയുമെന്ന് മനുഷ്യൻ പ്രത്യാശിക്കുന്നു.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS