പ്രിയതമയുടെ വിയോഗം– പ്രാണൻ വായുവായ് മാറിയപ്പോൾ

TP-Sreenivasan-with-wife
SHARE

മരണത്തെ മുഖാമുഖം നേരിടേണ്ടിവരുന്നത് അങ്ങേയറ്റം വേദനാജനകമായ ഒരു അനുഭവമാണ്. യാത്രപറയുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാകുമ്പോൾ ആ അനുഭവം കൂടുതൽ വേദനാജനകവും മനസ്സിനെ പിടിച്ചുലയ്ക്കുന്നതും ആയിത്തീരുന്നു. 55 വർഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന, സുഖദുഃഖങ്ങളിൽ പങ്കാളിയായിരുന്ന പ്രിയ പത്നി ലേഖ ശ്രീനിവാസന്റെ വിയോഗം തീർത്തും അവിചാരിതമായിരുന്നു. ഗുരുതരമായ രോഗാവസ്ഥയിൽ നിന്ന് അവർ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന ഘട്ടത്തിലാണ് അതു സംഭവിച്ചത്. മരിക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് പോലും ലേഖ ഞങ്ങളുടെ മകനുമായി സംസാരിച്ചു. പിന്നെ ഒരു നിമിഷം കൊണ്ട് ആ പ്രാണൻ വെറും വായുപ്രവാഹമായി മാറി. മരണത്തെ മുഖാമുഖം നേരിട്ടുകൊണ്ട് ജീവിതത്തിന്റെ അർഥം എന്തെന്നു കണ്ടെത്താൻ ശ്രമിക്കുകയും അത് രേഖപ്പെടുത്തുകയും അതിനിടെ 36–ാം വയസ്സിൽ ഈ ലോകത്തോട് യാത്രപറയുകയും ചെയ്ത ന്യൂറോ സർജൻ ഡോ. പോൾ കലൈനിധിയെപ്പോലെ ലേഖയും പ്രിയപ്പെട്ടവരെ വിട്ടു പിരിഞ്ഞു.

മരണം അടുക്കാറായി എന്ന് ലേഖയ്ക്ക് തോന്നിയിരുന്നോ എന്ന് എനിക്കറിയില്ല. അതേക്കുറിച്ചൊന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല. എങ്കിലും മഹാമാരി മരണം വിതച്ച കഴിഞ്ഞ വർഷങ്ങളിൽ അവളുടെ ഓരോ പ്രവൃത്തികളും ഒരു തയാറെടുപ്പിന്റെ സൂചന നൽകുന്നതായിരുന്നു. രണ്ട് വർഷം മുൻപ് അവൾ സ്വന്തം ജീവിതകഥ എഴുതാൻ തുടങ്ങിയത് സമയം അടുത്തുവരുന്നു എന്നു തോന്നിയതു കൊണ്ടാണോ എന്നറിയില്ല. ഞങ്ങൾ ന്യൂയോർക്കിലായിരുന്നപ്പോൾ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച കരുണ ചാരിറ്റീസിന്റെ തിരക്കേറിയ ജോലികൾക്കിടയിലും താൻ എന്തായിരുന്നുവെന്ന് സ്വന്തം ഭാഷയിൽ രേഖപ്പെടുത്താൻ ലേഖ സമയം കണ്ടെത്തി. വരുംതലമുറകൾക്ക് വേണ്ടി ചെയ്ത ആ ജോലിയും അവൾക്ക് അങ്ങേയറ്റം ആനന്ദദായകമായിരുന്നു. 

Lekha Sreenivasan

രോഗപീഡകളിൽ നിന്നു മോചനം തേടി പലതരം മരുന്നുകൾ അവൾ കഴിച്ചിരുന്നു. ശ്വാസതടസ്സം രൂക്ഷമായപ്പോൾ ഓക്സിജൻ മാസ്ക്കിനെ ആശ്രയിച്ചു. എന്നാൽ, ഇവയൊന്നും നൽകാത്ത ആശ്വാസം ജീവിതത്തെക്കുറിച്ച് എഴുതുമ്പോൾ അവൾക്കു ലഭിച്ചിരുന്നു. അഥവാ ഇത്തരം വേദനകളെ മറികടക്കാനുള്ള ഉപാധിയായി അവർ ആത്മകഥാരചനയെ കണക്കാക്കി. ഒടുവിൽ അവൾ ഭയപ്പെട്ടിരുന്നതു തന്നെ സംഭവിച്ചു. ആ രചന പൂർത്തിയാക്കാൻ കഴിയാതെ ലേഖ പ്രിയപ്പെട്ടവരോടു യാത്ര പറഞ്ഞു. ഓക്സിജനും മരുന്നുകളും വേണ്ടാത്ത ലോകത്തേക്കുള്ള യാത്രയിൽ ആ മുഖം ശാന്തമായിരുന്നു. അവൾ ഉറങ്ങുകയാണെന്നു തോന്നി. 

ഡോ. കലൈനിധിയുടെ കാര്യത്തിലെന്നപോലെ, ജീവിതകഥ മുഴുമിപ്പിക്കാനുള്ള ഉൽക്കടമായ ആഗ്രഹമാവാം അവളുടെ ആയുസ്സ് ദീർഘിപ്പിച്ചത്. അതേക്കുറിച്ച് ഡോ. കലൈനിധി എഴുതി: ‘‘ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എല്ലാത്തിനെയും നിർജീവമാക്കി. എങ്ങോട്ടു തിരിഞ്ഞാലും മരണത്തിന്റെ കരിനിഴൽ. അത് എല്ലാ ജീവിതവൃത്തികളെയും അർഥശൂന്യമാക്കി’’. സാമുവൽ ബക്കറ്റിനെപ്പോലെ അവൾ ഓരോദിവസത്തെയും മുഖാമുഖം നേരിട്ടു. ‘‘എനിക്കു വയ്യ, എങ്കിലും ഞാൻ അത് ചെയ്യും’’ എന്ന ദൃഢനിശ്ചയത്തോടെ.

TP-Sreenivasan-with-wife1

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കുമ്പോൾ ലേഖ യാതനകളിൽ നിന്ന് ആശ്വാസം കണ്ടെത്തി. എല്ലാം സ്വയം സഹിച്ചു. എങ്കിലും എന്റെ അസാന്നിധ്യം അവളെ അരക്ഷിതയാക്കാറുണ്ട്. ഞാൻ നഗരം വിട്ടുപോകുന്നത് അവളെ അസ്വസ്ഥയാക്കി. അതുകൊണ്ടു തന്നെ കോവിഡ് മഹാമാരിമൂലം എന്റെ പുറംയാത്രകൾ രണ്ടു വർഷത്തോളം തടസ്സപ്പെട്ടത് ഒരു അനുഗ്രഹമായാണ് അവൾ കണക്കാക്കിയത്. 

ലേഖയുടെ ഓർമശക്തി അപാരമായിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപ് നടന്ന ചെറിയ സംഭവങ്ങൾപോലും സൂക്ഷ്മതയോടെ അവൾ ഓർത്തെടുത്തു കുറിച്ചുവച്ചു. ലേഖ പാതിവഴിയിലാക്കിയ ‘Better Half Of Diplomacy’ (നയതന്ത്രത്തിന്റെ പത്നി) അവളുടെ ജീവിതാനുഭവങ്ങളുടെ ആത്മാർഥവും സത്യസന്ധവുമായ വിവരണമാണ്. താമസിയാതെ അത് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. 

ലേഖയ്ക്ക് ആദരാഞ്ജലിയർപ്പിക്കാനും ഞങ്ങളെ ആശ്വസിപ്പിക്കാനും അന്നും തുടർന്നുള്ള ദിവസങ്ങളിലും ഒട്ടേറെപ്പേർ ഞങ്ങളുടെ വീട്ടിൽ എത്തി. അവരിൽ ഏറെയും സാധാരണക്കാർ ആയിരുന്നു. ഒരു നയതന്ത്രജ്ഞന്റെ ഭാര്യയെന്ന നിലയിലലല്ല, അനുകമ്പയോടെ പെരുമാറുന്ന സഹോദരി എന്ന നിലയിലായിരുന്നു അവരെല്ലാം ലേഖയെ കണ്ടിരുന്നത്. ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കണ്ണീരൊപ്പാൻ ആഗ്രഹിച്ച ലേഖ അവർക്ക് താങ്ങും തണലുമായിരുന്നു.

lekha-sreenivasan-09
ലേഖ ശ്രീനിവാസൻ

കേരളത്തിന്റെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാനത്തെ 4 മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളായ ശശി തരൂർ, കെ. മുരളീധരൻ, എം.കെ. രാഘവൻ, ബിനോയ് വിശ്വം, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, പന്തളം സുധാകരൻ, കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ തുടങ്ങി നിരവധി പ്രമുഖ വ്യക്തികളും സംഘടനാ പ്രതിനിധികളും ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തി. എന്നാൽ അതിലേറെ എന്നെ അദ്ഭുതപ്പെടുത്തിയത് നൂറുകണക്കിന് സാധാരണക്കാരുടെ സാന്നിധ്യമാണ്. കരുണയുടെ സഹായത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന അവരിൽ പലരും നിറകണ്ണുകളോടെയാണ് അവിടെ നിന്നു മടങ്ങിയത്. അടുത്ത മാസം മുതൽ എങ്ങനെ മരുന്ന് വാങ്ങുമെന്നും കുട്ടികളുടെ സ്കൂൾ ഫീസ് എങ്ങനെ അടയ്ക്കുമെന്നും അവർ ചിന്തിച്ചുപോയതാവാം. മരണം മുന്നിലെത്തിയ ദിവസങ്ങളിലും ലേഖ ചിന്തിച്ചത് അവരെക്കുറിച്ചുകൂടിയാവണം. 

തുടക്കത്തിൽ ഞാൻ പറഞ്ഞതുപോലെ മരണം വേദനാജനകമാണ്. എങ്കിലും ലേഖയുടെ മരണം ഞങ്ങൾ ആഘോഷമായാണ് കാണുന്നത്. കാരണം നിരവധി മനുഷ്യരുടെ ജീവിതത്തിൽ ആശ്വാസമേകാൻ അവൾക്കു കഴിഞ്ഞു. വിശക്കുന്നവന് ഭക്ഷണമായി, രോഗപീഡ മൂലം വേദനിക്കുന്നവന് ആശ്വാസത്തിന്റെ ലേപമായി അവൾ അവരുടെ ജീവിതത്തിൽ നിറഞ്ഞുനിന്നു. തീർത്തും സാർഥകമായ ജീവിതം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS