ബലൂണുകളുടെ അങ്കം; ചാരവൃത്തിയുടെ കാണാപ്പുറങ്ങൾ

chinese-spy-balloon
Photo: US Navy
SHARE

‘വിശ്വസിക്കുക, ശേഷം സത്യമെന്ന് ഉറപ്പാക്കുക’ എന്നതാണ് രാജ്യാന്തര ബന്ധങ്ങളിലെ അംഗീകൃത പ്രമാണം. മികച്ച സൗഹൃദം പുലർത്തുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾ പോലും ചങ്ങാതിരാഷ്ട്രങ്ങളുടെ മേൽ ഒരുകണ്ണ് വയ്ക്കാറുണ്ട്. 

ചരിത്രാതീതകാലം മുതൽ ചാരവൃത്തിയുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ച അതിനെ കൂടുതൽ തീഷ്ണവും ദുഷ്ക്കരവുമാക്കി. ആധുനിക കാലത്ത് അതു കണ്ടുപിടിക്കാ‍നും എളുപ്പമല്ല. അപൂർവമായെങ്കിലും സംഘർഷത്തിനു കാരണമാകാറുണ്ടെങ്കിലും വ്യക്തിബന്ധങ്ങൾ മുതൽ ഉപഗ്രഹചിത്രങ്ങൾ വരെ ഇന്നും ചാരവൃത്തിക്ക് ഉപയോഗിക്കുന്നു. 

ഒരു കുപ്പി കോക്ക കോളയിലെ കലോറി മൂല്യം വരെ ഉപഗ്രഹനിരീക്ഷണത്തിലൂടെ കണ്ടെത്താവുന്ന ഇക്കാലത്ത് ബലൂണുകൾ ചാരപ്പണിക്ക് ഉപയോഗിക്കുമോയെന്ന് സംശയം തോന്നിയേക്കാം. എന്നാൽ, മറ്റൊരു രാജ്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനുള്ള ഒരവസരവും ഒരു രാജ്യവും പാഴാക്കാറില്ല. അത് ശത്രുവായാലും മിത്രമായാലും ഈ സ്ഥിതിയിൽ മാറ്റമില്ല. ഇത്തരത്തിലുള്ള നിരീക്ഷണം പരസ്പരം വകവച്ചുകൊടുക്കുക എന്നതുതന്നെയാണ് എല്ലാ രാജ്യങ്ങളും തമ്മിലുള്ള അനൗദ്യോഗിക ധാരണ. എങ്കിലും അന്യായമെന്നു തോന്നാവുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ഇടയ്ക്കിടെ പ്രതിഷേധം ഉയരും. ഒരു ഘട്ടം കഴിയുമ്പോൾ അത് പരസ്പരം ഒതുക്കിത്തീർക്കും. 

china-balloon-04
Photo: US Navy

കഴിഞ്ഞ ഫെബ്രുവരി നാലിന് യുഎസിനു മുകളിലൂടെ പറന്ന ചൈനയുടെ ബലൂൺ അവരുടെ ജലാതിർത്തിക്കുള്ളിൽ വച്ച് അവരുടെ യുദ്ധവിമാനങ്ങൾ വെടിവച്ചുവീഴ്ത്തി. സാധാരണ നിലയിൽ ഇത് വലിയ സംഭവമാകേണ്ടതില്ല. എന്നാൽ, യുഎസും ചൈനയുമായുള്ള ബന്ധം തീർത്തും മോശം നിലയിൽ ആയതിനാൽ ഇതിന് വാർത്താപ്രാധാന്യം കൈവന്നു. 

കഴിഞ്ഞ ഒരു വർഷത്തോളമായി റഷ്യയെ കൈകാര്യം ചെയ്യുന്ന തിരക്കിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ– റഷ്യ യുദ്ധം തുടരുന്നതിനിടെ ചൈനയുമായുള്ള ബന്ധം ഏതുനിലയിൽ മുന്നോട്ടുപോകണമെന്നു കൃത്യമായി തീരുമാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ചൈന ശത്രുവാണോ പങ്കാളിയാണോ എന്ന് നിർണയിക്കാത്ത നിലയാണ് ഇപ്പോഴുള്ളത്. 

china-balloon-03
Photo: US Navy

ദീർഘമായ കൂടിയാലോചനകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ബലൂൺ വെടിവച്ചുവീഴ്ത്താൻ തീരുമാനിച്ചത്. അതുമൂലം ആൾനാശമോ വസ്തുനാശമോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കി. അവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള സൗകര്യം കണക്കിലെടുത്തു. എങ്കിലും ഇതൊരു അമിത പ്രതികരണമായാണ് രാജ്യാന്തര സമൂഹം വിലയിരുത്തിയത്. കാരണം ബലൂൺ ഉപയോഗിച്ച് ചൈന യുഎസിന്റെ എന്തെങ്കിലും വിവരങ്ങൾ ചോർത്തിയതായി വെളിപ്പെട്ടിട്ടില്ല. യുഎസിന്റെ ഭൂഖണ്ഡാന്തര ആണവ മിസൈലുകളും മറ്റും സജ്ജമാക്കിയിട്ടുള്ള നിർണായകമേഖലകളിലൂടെ ബലൂൺ പറന്നതായി പറയുന്നു. അലാസ്കയും പശ്ചിമ കാനഡയും ഉൾപ്പെടെയുള്ള മേഖലകൾക്കു മുകളിലും അതു സഞ്ചരിച്ചു. 

വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം റദ്ദാക്കിയതോടെയാണ് സംഭവത്തിന് ഗൗരവസ്വഭാവം കൈവന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സന്ദർശനം റദ്ദാക്കിയത് നയതന്ത്രരംഗത്ത് തിരിച്ചടിയായി. യുഎസ് ചെയ്തത് ശരിയായില്ലെന്നായിരുന്നു ചൈനയുടെ ആദ്യ പ്രതികരണം. യുഎസിന്റെ ഇത്തരം ബലൂണുകൾ മുൻപ് ചൈനയുടെ മുകളിലൂടെ പറന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകണങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നതെന്ന് ചൈന ആണയിടുമ്പോൾ അവ നിരീക്ഷണ യന്ത്രങ്ങളായിരുന്നുവെന്ന് യുഎസ് പറയുന്നു. ഇന്ത്യ ഉൾപ്പെടെ നാൽപതിലേറെ രാജ്യങ്ങളുടെ മുകളിലൂടെ ഈ ബലൂൺ പറന്നുവെന്നും യുഎസ് വിശദീകരിക്കുന്നു. 

പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇത്തരം ആവശ്യങ്ങൾക്കു ബലൂണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ബലൂണുകളിലെ സാങ്കേതിക സംവിധാനം വിസ്മയിപ്പിക്കുന്നതാണ്. ചൈനയുടെ ബലൂൺ 60,000 അടി ഉയരത്തിലാണ് പറന്നിരുന്നത്. കോൺകോഡ് വിമാനങ്ങൾക്കു മാത്രമേ അതിനു മുകളിൽ പറക്കാൻ ശേഷിയുള്ളൂ എന്നോർക്കണം. പ്രൊപ്പല്ലറുകളും റഡറുകളും ഘടിപ്പിച്ച ബലൂണിന്റെ സഞ്ചാരപാത കണ്ടെത്താൻ എളുപ്പമല്ല. ദീർഘകാലം പറക്കാനുള്ള ശേഷി അതിനുണ്ടായിരുന്നു. വെടിവച്ചുവീഴ്ത്തിയപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ പതിച്ചത് രണ്ടര ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ്. സാങ്കേതികവിദ്യയിലെ മുന്നേറ്റവും അൽപം കൈക്കരുത്തും പ്രകടമാക്കാൻ കൂടിയാണ് ചൈന യുഎസിനു മുകളിലൂടെ ബലൂൺ പറത്താൻ ധൈര്യപ്പെട്ടതെന്ന് അനുമാനിക്കാം. 

China Spy Balloon | (Photo - REUTERS/Randall Hill)
വെടിവച്ചതിനെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്കു പതിക്കുന്ന ചാര ബലൂൺ. (Photo - REUTERS/Randall Hill)

ചൈനയും യുഎസുമായുള്ള വാഗ്വാദത്തിനും ഈ സംഭവം വഴിവച്ചു. ബലൂണിലെ യന്ത്രഭാഗങ്ങൾ വിട്ടുകൊടുക്കണമെന്ന ചൈനയുടെ ആവശ്യം വീണ്ടുമൊരു ശീതയുദ്ധത്തിന്റെ മണിമുഴക്കമായി തോന്നി. എന്നാൽ, ഒരാഴ്ചയ്ക്കു ശേഷം ഇരുകൂട്ടരും മയപ്പെട്ടു. ഇത്രയും വേണ്ടിയിരുന്നോയെന്ന് യുഎസിനു സംശയം തോന്നി. ആരോപണങ്ങളുടെ കടുപ്പം കുറയ്ക്കാൻ ചൈനയും തയാറായി. ഇതിന്റെ പേരിൽ ചൈനയുമായി സംഘർഷത്തിനു സാധ്യതയില്ലെന്ന് യുഎസ് വക്താവ് പരസ്യമായി പറയുകയും ചെയ്തു. 

യുഎസ്– ചൈന ബന്ധം നല്ല നിലയിലല്ല. അത് കൂടുതൽ വഷളാവാൻ ഇപ്പോഴത്തെ സംഭവം നിമിത്തമാകുമെന്നു തോന്നുന്നില്ല. മാത്രമല്ല, മറ്റു രാജ്യങ്ങൾക്കു മുകളിലൂടെ ചാരബലൂണുകൾ പറത്തുന്നതു ചൈന മാത്രമല്ല. ഇതൊക്കെയാണെങ്കിലും ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ മ്യൂണിക്കിൽ തുടങ്ങിയ സുരക്ഷാ സമ്മേളനത്തിൽ വച്ച് കൂടിക്കാണുമെന്ന വാർത്ത ലോകത്തിന് ആശ്വാസമായി. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS