റഷ്യ – യുക്രെയ്ൻ സംഘർഷം ഒന്നാം വാർഷികത്തിലെത്തുന്നതിനു തൊട്ടുമുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ സന്ദർശനം നടത്തി. അമേരിക്കൻ സൈന്യത്തിന് നിയന്ത്രണമില്ലാത്ത യുദ്ധഭൂമിയിൽ നേരിട്ടു പോകുന്ന ആദ്യത്തെ പ്രസിഡന്റാണ് ബൈഡൻ. അദ്ദേഹത്തിന്റെ യാത്ര വളരെ കഠോരവും അപകടകരവുമായിരുന്നു. ആദ്യം വിമാനത്തിൽ അമേരിക്കയിൽ നിന്ന് ജർമനിയിലും അവിടെ നിന്ന് കാറിൽ പോളണ്ട് അതിർത്തിയിലും അവസാനം ട്രെയിനിൽ മണിക്കൂറുകൾ യാത്രചെയ്ത് യുക്രെയ്നിലെ കീവിലും അദ്ദേഹം എത്തിച്ചേർന്നു. പക്ഷേ, എരിതീയിൽ എണ്ണയൊഴിക്കാൻ മാത്രമേ ഈ സന്ദർശനം ഉപകരിച്ചുള്ളൂ. യുദ്ധം കൂടുതൽ അപകടകരമായ സ്ഥിതിയിലെത്തുകയും ചെയ്തു.

അവസാനം വരെ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് ബൈഡൻ യുക്രെയ്ൻ ജനതയ്ക്ക് ഉറപ്പു നൽകി. കൂടുതൽ ആയുധങ്ങളും പണവും നൽകാമെന്ന് അദ്ദേഹം പ്രസിഡന്റ് സെലെൻസ്കിയെ അറിയിക്കുകയും ചെയ്തു. യുക്രെയ്ൻ അന്തിമവിജയം നേടുമെന്നും റഷ്യ തോറ്റമ്പുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാനശ്രമങ്ങളിൽ ഇനി താൽപര്യമില്ലെന്നു വ്യക്തമാക്കിയ ബൈഡൻ, യുദ്ധം കൂടുതൽ ശക്തമാക്കുമെന്ന സൂചന നൽകി. ഈ ഘട്ടത്തിൽ വെടിനിർത്തലിന് അവസരം ലഭിച്ചാൽ റഷ്യ അതു മുതലാക്കുമെന്നും വീണ്ടും യുദ്ധസജ്ജരാകാനുള്ള മുന്നൊരുക്കങ്ങൾ നടത്തുമെന്നും അദ്ദേഹം വിലയിരുത്തി.

റഷ്യയെ ആക്രമിക്കാനുള്ള താവളമായി അമേരിക്കയും മറ്റ് യൂറോപ്യൻ ശക്തികളും യുക്രെയ്നിനെ ഉപയോഗിക്കുകയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രതികരിച്ചു. അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടും റഷ്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 2.1% മാത്രമേ കുറവുവന്നിട്ടുള്ളൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു. റഷ്യയെ ദുർബലമാക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമം പരാജയപ്പെട്ടെന്നും അവരുടെ കളിപ്പാവയായി മാറിയ പ്രസിഡന്റ് സെലെൻസ്കി യുക്രെയ്ൻ ജനതയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ആരോപിച്ചു.
റഷ്യ– അമേരിക്ക ബലാബലത്തിന്റെ ആണിക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് (സ്റ്റാർട്ട്) പിന്മാറുന്നതായി റഷ്യൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നതാണ് പിന്നീടു കണ്ടത്. 2026 വരെ ദീർഘിപ്പിച്ചിരുന്ന കരാറാണിത്. ആവശ്യമെങ്കിൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ റഷ്യ നൽകുന്നത്. കരാറിൽ നിന്നു പിന്മാറിയാലും അതിൽ വ്യവസ്ഥചെയ്തിരിക്കുന്നതിൽ കൂടുതൽ ആണവായുധങ്ങൾ കൈവശം വയ്ക്കില്ലെന്ന് പുട്ടിൻ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ തീരുമാനം നിരുത്തരവാദപരമാണെന്നു പ്രതികരിച്ച അമേരിക്ക പക്ഷേ, മറ്റു പ്രഖ്യാപനങ്ങളൊന്നും ഇതേക്കുറിച്ചു നടത്തിയില്ല.

ഐക്യരാഷ്ട്ര സംഘടന ഈ വിഷയം ചർച്ച ചെയ്തപ്പോഴെല്ലാം ഇന്ത്യയെപ്പോലെ ഇരുപക്ഷത്തും ചേരാതിരുന്ന ചൈന റഷ്യയോട് അനുഭാവം പ്രകടമാക്കുന്ന നിലപാടിലേക്കു മാറുന്നതും ഇതിനിടെ കാണാൻ കഴിഞ്ഞു. ചൈനയുടെ വിദേശകാര്യ മന്ത്രി റഷ്യ സന്ദർശിച്ചു. പ്രസിഡന്റ് ഷി ജിൻപിങ് താമസിയാതെ മോസ്ക്കോയിലെത്തുമെന്നു കരുതുന്നു. ഈ ചുവടുമാറ്റം തിരിച്ചറിഞ്ഞ അമേരിക്ക, റഷ്യയ്ക്ക് ആയുധങ്ങൾ നൽകരുതെന്ന് ചൈനയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതിസന്ധിയിൽ നിന്നു പുറത്തുകടക്കാൻ ഒരു രക്ഷാമാർഗവും നിലവിൽ റഷ്യയുടെ മുന്നിലില്ല. ഒത്തുതീർപ്പു ചർച്ചകൾക്കോ വെടിനിർത്തലിനോ നാറ്റോയും വഴി കാണുന്നില്ല. എന്നാൽ ഐക്യരാഷ്ട്ര പൊതുസഭയിൽ ചൈനയുടെയും ഇന്ത്യയുടെയും പിന്തുണയോടെ ഫ്രാൻസ് ഇതുസംബന്ധിച്ചു പ്രമേയം കൊണ്ടുവരുമെന്നു റിപ്പോർട്ടുണ്ട്.

തയ‍്‍വാനെ കടന്നാക്രമിക്കാൻ ചൈനയ്ക്കു പദ്ധതിയുണ്ടെന്നും അവർ ഇപ്പോൾ റഷ്യയെ പിന്തുണയ്ക്കുന്നത് തിരികെ സഹായം പ്രതീക്ഷിച്ചാണെന്നും പ്രചാരണമുണ്ട്. ഇത്തരമൊരു പ്രചാരണം ദോഷകരമാണെന്നറിയാവുന്ന ചൈന മധ്യസ്ഥന്റെ റോളിലേക്കു മാറി പ്രശ്നം തീർക്കാൻ ശ്രമിച്ചേക്കാം. എങ്കിലും യുക്രെയ്ൻ കടന്നാക്രമണത്തിന്റെ വാർഷികം നൽകുന്നത് ശുഭസൂചനയല്ല. യുദ്ധം തീരുന്നതിന്റെ സൂചനയൊന്നും കാണാനില്ല. നിരാശാജനകമായ ഈ സ്ഥിതിവിശേഷത്തിലും ഇപ്പോഴത്തെ ലോകക്രമം പൂർണമായി തകർന്നടിയില്ലെന്ന പ്രത്യാശ ബാക്കിനിൽക്കുന്നു.