മാലിന്യ സംസ്കരണം: കേരളം മാറി ചിന്തിക്കണം

brahmapuram-special-3
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പുകഞ്ഞു കത്തുന്ന മാലിന്യങ്ങൾ അണയ്ക്കുന്ന ജോലി പുരോഗമിക്കുമ്പോൾ അതിനിടയിലൂടെ ചൂടും പുകയും സഹിച്ചു നിർദേശങ്ങൾ നൽകാൻ നീങ്ങുന്ന അഗ്നിരക്ഷാ സംഘാംഗം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാമത്തെ സർക്കാർ അധികാരമേറ്റയുടൻ കേരളത്തിലെ മാലിന്യ നിർമാർജനത്തെക്കുറിച്ച് ഒരു പ്രമുഖപത്രം സംഘടിപ്പിച്ച സംവാദത്തിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. നയതന്ത്രജ്ഞൻ എന്ന നിലയിൽ ലോകത്ത് പല നഗരങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള എനിക്ക് മറ്റു രാജ്യങ്ങളിലെ വിവിധ നിർമാർജന മാതൃകകളെക്കുറിച്ച് അറിയാവുന്നതുകൊണ്ടാവാം ഈ ക്ഷണം ലഭിച്ചതെന്നു കരുതുന്നു. 

മിക്ക വികസിത രാജ്യങ്ങളിലെയും മാലിന്യ സംസ്കരണ പദ്ധതികൾ ഏറക്കുറെ സർക്കാർ നിയന്ത്രണത്തിലാണെന്ന ആമുഖത്തോടെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്. തരംതിരിച്ച വിവിധതരം മാലിന്യങ്ങൾ അതതു വസ്തുക്കൾക്ക് ഉദ്ദേശിച്ചിട്ടുള്ള കേന്ദ്രങ്ങളിലെ ചവറ്റുകുട്ടകളിൽ കൊണ്ടുവന്നിടുന്നതോടെ ജനങ്ങളുടെ ചുമതല അവസാനിക്കുന്നു. അതു സംസ്കരിക്കുന്ന ഇൻസിനറേറ്റർ മിക്ക നഗരങ്ങളിലും ഹൃദയഭാഗത്തു തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്. സ്റ്റീലും ഗ്ലാസും ഉപയോഗിച്ചു നിർമിച്ച മനോഹര സൗധങ്ങൾ ആ നഗരങ്ങളിലെ ഏറ്റവും ആകർഷകമായ എടുപ്പുകളിൽ ഒന്നായിരിക്കും. ഓസ്ട്രിയയിലെ വിയന്നയിൽ ആകർഷകമായ മന്ദിരങ്ങളിൽ ഒന്ന് ഇൻസിനറേറ്ററാണ്. രാജ്യത്തെ ഏറ്റവും പ്രമുഖ വാസ്തുശിൽപിയായ ഫ്രീഡൻസ്‍ഹൈക് ഹുണ്ടട്വാസ ആണ് അതു രൂപകൽപന ചെയ്തത്. അവിടെയെല്ലാം സംസ്കരിച്ച മാലിന്യം ഗോൾഫ് കോഴ്സോ ഉദ്യാനങ്ങളോ നിർമിക്കാൻ ഉപയോഗിച്ചുവരുന്നു. 

brahmapuram
Screengrab: Manorama News

കേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികൾ ഒരിടത്തും ഇപ്പോൾ നടപ്പാക്കുന്നില്ലെന്നായിരുന്നു എനിക്കു മറുപടിയെന്നോണം പ്രസംഗിച്ച ഒരു മുൻമന്ത്രി സ്ഥാപിക്കാൻ ശ്രമിച്ചത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രീകൃത സംസ്കരണം പൊതുജനാരോഗ്യത്തിനു ഭീഷണിയാണെന്നും ജനങ്ങളും മാലിന്യനിർമാർജന യജ്ഞത്തിൽ പങ്കാളിയാവുന്ന രീതിയാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രീകൃത നിർമാർജനം അവ വേർതിരിച്ച ശേഷമാണെന്നു ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ, അത് അപ്രായോഗമാണെന്നായിരുന്നു മറുവാദം. ഉറവിട സംസ്കരണമെന്ന വാദത്തിൽ ഉറച്ചുനിന്ന അദ്ദേഹം, മുമ്പേ പരാജയപ്പെട്ട മാതൃകയാണ് അതെന്നു മറന്നുപോയതാവണം. 

കൊച്ചിയിലെ ഒരു പ്രമുഖ കോളജിന്റെ ഗെസ്റ്റ് ഹൗസിൽ പിന്നീട് ഞാൻ താമസിക്കാൻ ഇടവന്നു. സമീപത്തെ മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധം മൂലം എനിക്ക് അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് ആതിഥേയരോട് ഇക്കാര്യം പറഞ്ഞപ്പോൾ, ഈ ദുർഗന്ധവുമായി അവർ പൊരുത്തപ്പെട്ടുവെന്നായിരുന്നു മറുപടി. അങ്ങനെ ഉറവിട മാലിന്യസംസ്കരണം ദുരന്തമായി മാറിയ കാഴ്ചയാണ് സംസ്ഥാനത്ത് എവിടെയും ദൃശ്യമാകുന്നത്. 

ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധ അധികാരകേന്ദ്രങ്ങളുടെ ഉദാസീന മനോഭാവത്തിന്റെ ബാക്കിപത്രമാണ്. കൃത്യമായ ആസൂത്രമോ സൗകര്യങ്ങളോ ഇല്ലാതെ 110 ഏക്കർ ഭൂമിയിൽ വർഷങ്ങളായി സംഭരിച്ചു വരുന്ന പലതരം നഗരമാലിന്യങ്ങൾ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു ഭീഷണിയായി മാറിയിരിക്കുന്നു. തീപിടിത്തത്തെ തുടർന്ന് പുകയും വിഷവാതകങ്ങളും നിറഞ്ഞതുമൂലം ഗ്യാസ് ചേംബറായി മാറിയ നഗരത്തിൽ ശ്വാസവായു കിട്ടാതെ ജനങ്ങൾ പൊറുതിമുട്ടി. നഗരം ഗ്യാസ് ചേംബറായി മാറിയെന്നു പറയാൻ ഹൈക്കോടതി നിർബന്ധിതരായി. 

brahmapuram-special-4
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീയും പുകയും അണയ്ക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ, ജോലി ചെയ്തു തളർന്ന അഗ്നിരക്ഷാ സംഘം വിശ്രമിക്കുമ്പോൾ അടുത്ത സംഘം പിന്നിൽ പ്രവർത്തിക്കുന്നു. ചിത്രം: മനോരമ

രണ്ടാഴ്ചയ്ക്കു ശേഷം തീയണയ്ക്കാൻ അധികൃതർക്കു കഴിഞ്ഞു. എന്നാൽ, പ്രശ്ന പരിഹാരം എന്തെന്ന് ആർക്കും നിശ്ചയമില്ല. കുമിഞ്ഞുകൂടിക്കിടക്കുന്ന ലക്ഷക്കണക്കിനു ടൺ മാലിന്യങ്ങൾ പരിസ്ഥിതിക്കും നഗരവാസികൾക്കു ഭീഷണിയായി അവിടെത്തന്നെ കിടക്കുകയാണ്. 

ബ്രഹ്മപുരം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ മറ്റിടങ്ങളിലും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ അറിവില്ലായ്മയും നിയമങ്ങളിലെ പഴുതുകളും അഴിമതിയുമെല്ലാം ഈ സ്ഥിതിവിശേഷത്തിനു കാരണമായിട്ടുണ്ട്. ബ്രഹ്മപുരത്തെ പ്ലാന്റിന് അവിടെയെത്തിക്കുന്ന മാലിന്യത്തിന്റെ പകുതിപോലും സംസ്കരിക്കാനുള്ള ശേഷിയില്ലെന്നാണ് വിവരം. 

ഖരമാലിന്യ സംസ്കരണത്തിനുള്ള സമഗ്ര നയം 2018 ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2026 ൽ കേരളത്തെ മാലിന്യമുക്തമാക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച ദർശന രേഖയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കേരള സ്റ്റേറ്റ് എൻവയൺമെന്റ് പ്ലാൻ 2022 ൽ വ്യക്തമാക്കുന്നതനുസരിച്ച് സംസ്ഥാനത്ത് ദിവസവും ബാക്കിയാവുന്ന 11,499 ടൺ ഖരമാലിന്യത്തിൽ 3205 ടൺ സംസ്കരിക്കാൻ മാത്രമേ നമുക്കു സൗകര്യങ്ങളുള്ളൂ. ബാക്കികൂടി സംസ്കരിക്കാൻ പര്യാപ്തമായ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വൻ മുതൽമുടക്ക് വേണ്ടിവരും. അതിവേഗം നഗരവൽക്കരണം നടക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഭാവി ആവശ്യങ്ങൾ കൂടി കണക്കാക്കിയാൽ മികച്ച സാങ്കേതിക വിദ്യയും മുതൽമുടക്കും കൂടാതെ പദ്ധതി വിജയിപ്പിക്കാൻ കഴിയില്ല. 

brahmapuram-special-6
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിച്ചത് അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മാലിന്യക്കൂനയ്ക്കും പുകയ്ക്കുമിടയിൽ. ചിത്രം: മനോരമ

സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ കണക്കനുസരിച്ച് കേരളത്തിൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളിൽ 10 % മാത്രമേ ഉറവിടത്തിൽ വേർതിരിക്കപ്പെടുന്നുള്ളൂ. കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേന വീടുകൾ തോറും പോയി പ്ലാസ്റ്റിക് പോലുള്ള അഴുകാത്ത മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്താകെ അതൊരു കുറ്റമറ്റ സംവിധാനമായി വികസിച്ചിട്ടില്ല. ചിലയിടങ്ങളിൽ അവ നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മറ്റു ചിലയിടങ്ങളിൽ മാസങ്ങൾ കൂടുമ്പോൾ പോലും അവർ വീടുകളിൽ എത്തുന്നില്ല. സൂക്ഷിച്ചുവയ്ക്കുന്ന മാലിന്യങ്ങൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന പൊതുജനങ്ങൾ വല്ലവിധേനയും അത് ഒഴിവാക്കാൻ നിർബന്ധിതരാകുന്നു. ഒഴിഞ്ഞ പറമ്പുകളിലും നഗരത്തിന്റെ മൂലകളിലും കുമിഞ്ഞുകൂടിക്കിടക്കുന്ന മലിനവസ്തുക്കൾ ഇത്തരമൊരു അനിശ്ചിതത്വത്തിന്റെയും അറിവില്ലായ്മയുടെയും ശേഷിപ്പു കൂടിയാണ്. 

മാലിന്യങ്ങൾ പൊതുവഴിയിലും ജലാശയങ്ങളിൽ വലിച്ചെറിയുന്നതും പതിവുകാഴ്ചയാണ്. ഇതിനെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ, സംസ്കരിക്കാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇത്തരമൊരു സ്ഥതിവിശേഷത്തിന് കാരണമെന്നു മറക്കരുത്. ഇതോടൊപ്പം മാലിന്യ സംസ്കരണ സംവിധാനത്തിലെ അഴിമതി പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. 

കേരളം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാലിന്യനിർമാർജനത്തിന് ഫലപ്രദവും ശാസ്ത്രീയവുമായ നിരവധി മാതൃകകൾ ലോകത്തുണ്ട്. അവയിൽ നമുക്ക് അനുയോജ്യമായതു തിരഞ്ഞെടുത്ത് വേണ്ടത്ര ഘടനാമാറ്റം വരുത്തി നടപ്പാക്കിയാൽ മതി. ഇതു പക്ഷേ, ഒറ്റ ദിവസം കൊണ്ടു കൈവരിക്കാവുന്ന ലക്ഷ്യമാണെന്നു ധരിക്കരുത്. തുടർച്ചയായ നിരിക്ഷണത്തിലൂടെയും ആസൂത്രിതമായ പരീക്ഷണത്തിലൂടെയും മാത്രമേ നമുക്കു സ്വീകാര്യമായ മാതൃക വികസിപ്പിക്കാൻ കഴിയൂ. അതിനു മുൻപ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ വേണം. കുമിഞ്ഞുകൂടാതെ ചവറുകൾ സംസ്കരിക്കാൻ വേണ്ടത്ര പുതിയ പ്ലാന്റുകൾ നിർമിക്കണം. അഥവാ മറ്റു നഗരങ്ങളിലും ഗ്യാസ് ചേംബറുകൾ സൃഷ്ടിക്കപ്പെട്ടേക്കാം. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS