അമേരിക്കൻ മനസ്സിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ

152295734
SHARE

ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയോടെ മുന്നോട്ടുകുതിക്കാനുള്ള വെമ്പലിലാണ് അമേരിക്കൻ സമൂഹം. യുക്രെയ്ൻ സംഘർഷം ലോകയുദ്ധമായി പരിണമിക്കാനുള്ള സാധ്യതയും ഉയർന്ന പണപ്പെരുപ്പവും ചില മേഖലകളിൽ ഇപ്പോഴും വിട്ടൊഴിയാത്ത കോവിഡ് ദുരിതവും അനിശ്ചിതത്വം നിറഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പുമൊന്നും അമേരിക്കയുടെ പ്രാമാണ്യത്തിനു ഭീഷണി സൃഷ്ടിക്കാൻ പോന്ന ഘടകങ്ങളാണെന്ന് അവർ കരുതുന്നില്ലെന്നു തോന്നുന്നു. തായ്‍വാനിൽ ചൈന നടത്തുന്ന ഇടപെടലുകളും ബാങ്കുകളുടെ തകർച്ചയും ഡോളറിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാനുള്ള ആസൂത്രിത പദ്ധതികളും അവരെ അസ്വസ്ഥരാക്കുന്നില്ല. ചില മേഖലകളിലെ തൊഴിലില്ലായ്മയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ മരണമണി മുഴങ്ങുന്നുവെന്ന പ്രവചനങ്ങളും ഇവിടെ ഏശുന്ന മട്ടില്ല. മുഖാവരണങ്ങൾ ഉപേക്ഷിച്ച്, അകലം പാലിക്കണം (safe distance) എന്ന കോവിഡ് പ്രമാണം അവഗണിച്ച് അവർ ജോലികളിൽ മുഴുകുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകളും കോവിഡിനു മുൻപുള്ള കാലത്തേക്കാൾ‍ ഉയർന്ന തോതിൽ എത്തിയിരിക്കുന്നു.

ഈ നൂറ്റാണ്ടിൽ നേരിടേണ്ടിവന്ന 3 വെല്ലുവിളികളെയും അതിജീവിച്ചതായി യുഎസ് ജനത കരുതുന്നു. 2001 സെപ്റ്റംബർ 11 ന് (9/11) വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ഉൾപ്പെടെയുള്ള അമേരിക്കയുടെ അഭിമാനസ്തംഭങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണവും തുടർന്ന് 2008 ലുണ്ടായ സാമ്പത്തിക തകർച്ചയും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികൾ അവർക്കിപ്പോൾ ചരിത്രത്തിന്റെ ഭാഗമായ ഓർമകളാണ്. യുക്രെയ്നിൽ തുടരുന്ന പോരാട്ടം അവസാനിപ്പിക്കാൻ യുഎസ് കാര്യമായ ശ്രമം നടത്തുന്നില്ലെന്നു കരുതണം. റഷ്യൻ സൈനിക സന്നാഹങ്ങളുടെയും ആയുധങ്ങളുടെയും പരിമിതിയും ദൗർബല്യങ്ങളും ഒരു വർഷത്തെ യുദ്ധത്തിനിടയിൽ അവർ മനസ്സിലാക്കിക്കഴിഞ്ഞു. റഷ്യയെ നിഷ്പ്രഭമാക്കാനുള്ള സുവർണാവസരമാണ് ഇതെന്ന ചിന്ത അമേരിക്കൻ നേതൃത്വത്തിൽ രൂഢമൂലമായതായി അവരുടെ പ്രതികരണങ്ങൾ ധ്വനിപ്പിക്കുന്നു. യുക്രെയ്നിൽ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ സൈന്യത്തെ വീണ്ടും ഒന്നിപ്പിക്കാനും ശക്തി കേന്ദ്രീകരിക്കാനും സഹായിക്കുന്ന ഒന്നും ചെയ്യരുതെന്ന് നിർദേശിച്ചത് പ്രശ്നപരിഹാരം സൈനികമായിത്തന്നെ വേണമെന്ന നയം വ്യക്തമാക്കുന്നതാണ്. 

പലതരം വെല്ലുവിളികളെ പലപ്പോഴായി അതിജീവിച്ച അമേരിക്കൻ ജനതയുടെ ദൃഢനിശ്ചയത്തിന്റെ ബഹിർസ്ഫുരണമാണ് ഇവിടെ പ്രകടമാകുന്നത്. കര, വ്യോമ അതിർത്തികളിൽ കൂടുതൽ കണിശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. അതേസമയം, ലോകത്തിന്റെ വിദൂരമേഖലകളെ നിയന്ത്രിക്കാനും ചൊൽപ്പടിയിൽ നിർത്താനുള്ള പദ്ധതികളിൽ നിന്ന് യുഎസ് അൽപം വിട്ടുനിൽക്കുന്നു. ദക്ഷിണ പസിഫിക്കിൽ നിയന്ത്രണം കടുപ്പിച്ച ചൈന പടിഞ്ഞാറൻ അർധഗോളത്തിലും ആധിപത്യത്തിന് ശ്രമിക്കുന്നത് അവർ കാണാഞ്ഞിട്ടല്ല. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലിബാൻ ഉടനെയൊന്നും ഭീഷണി സൃഷ്ടിക്കുമെന്നും അവർ കരുതുന്നില്ല.

പുതിയ ലോകക്രമം ഉരുത്തിരിയുന്ന ദശാസന്ധിയിൽ ‘നാറ്റോ’ കൂടുതൽ ശക്തമാകുന്നത് അമേരിക്കയ്ക്ക് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്. ചൈനയുടെ ഏകശിലാഖണ്ഡമായ രാഷ്ട്രഘടനയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനകളും അവർ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. പുതുതായി രൂപപ്പെടുന്ന ചൈന– റഷ്യ– ഇറാൻ– പാക്കിസ്ഥാൻ അച്ചുതണ്ടിന് ഒട്ടേറെ വൈരുദ്ധ്യങ്ങളുണ്ടെന്നും അവ വഴിയേ കൈകാര്യംചെയ്യാമെന്നുമാണ് അവരുടെ ഉള്ളിലിരിപ്പ്. ഓസ്ട്രേലിയയും യുകെയും യുഎസും ചേർന്ന പുതിയ സഖ്യം (AUKUS) രൂപപ്പെട്ടത് ഇത്തരമൊരു ചിന്തയിൽ നിന്നാവണം. ഇസ്രയേലും ഇന്ത്യയും യുഎഇയും യുഎസും ചേർന്ന ഐ2യു2 ഈ ലക്ഷ്യത്തോടെയുള്ള മറ്റൊരു ചുവടുവയ്പാണ്. അതേസമയം, മധ്യപൂർവദേശത്ത് അമേരിക്കയുടെ മേൽക്കോയ്മയെ വെല്ലുവിളിക്കുന്ന വിധം ചൈനയുടെ സ്വാധീനം വളരുന്നതും ഇസ്രയേലിലെ രാഷ്ട്രീയ അനിശ്ചിതത്വവും അവരെ അലോസരപ്പെടുത്തുന്നുണ്ട്.

ചൈനയുമായി ഏറ്റുമുട്ടേണ്ടിവന്നാൽ ആരൊക്കെ കൂടെനിൽക്കുമെന്ന് യുഎസ് ചില കണക്കുകൂട്ടലുകളും വിശകലനങ്ങളും നടത്തിയതായി വിവരമുണ്ട്. ഇന്ത്യ–യുഎസ് ബന്ധം ട്രംപ് ഭരണത്തിന്റെ അവസാന നാളുകളിൽ എക്കാലത്തെയും നല്ല നിലയിലായിരുന്നു. എന്നാൽ, യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാട് അതിന്റെ പ്രഭ കെടുത്തി. എങ്കിലും ഇന്തൊനീഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യ പ്രഖ്യാപിച്ച നിലപാട് യുഎസിനും സ്വീകാര്യമായിരുന്നു. അതിന്റെ തുടർച്ച പിന്നീട് ഇന്ത്യയിൽ നടന്ന ജി20 സമ്മേളനങ്ങളിൽ ഉണ്ടിയില്ലെന്ന നിരാശയും പരിഭവവും ഇപ്പോൾ ബാക്കിനിൽക്കുന്നു. ഇന്ത്യയുടെ അധ്യക്ഷതയിൽ ജി 20 കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ദക്ഷിണാർധഗോളത്തിലെ രാഷ്ട്രങ്ങൾക്കു കൂടുതൽ ഗുണംചെയ്യുന്നതാണ്. അമേരിക്കയ്ക്ക് അതിൽ വലിയ താൽപര്യമില്ലതന്നെ. 

ചൈനയുമായി യുദ്ധം ചെയ്യേണ്ടിവന്നാൽ ഒരിക്കലും ഇന്ത്യ അമേരിക്കയുടെ കൂടെ നിൽക്കില്ലെന്ന് ഒരു രാഷ്ട്രബലതന്ത്ര ചിന്തകൻ ഈയിടെ വിലയിരുത്തിയിരുന്നു. ചൈനയുമായുള്ള ഇന്ത്യയുടെ സൈനിക അസന്തുലിതാവസ്ഥയാണ് അതിനു മുഖ്യകാരണമെന്നും അദ്ദേഹം അനുമാനിച്ചു. ഇന്ത്യ– ചൈന അതിർത്തിയിലെ കുഴഞ്ഞുമറിഞ്ഞ സ്ഥിതിവിശഷവും അതിനുള്ള കാരണമായേക്കാം. അമേരിക്കയുടെ സൈനിക പങ്കാളിയായി ഇന്ത്യ ഒരിക്കലും സ്വയംകരുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ചൈനയെ പ്രതിരോധിക്കണമെന്നു മാത്രമേ ഇന്ത്യയ്ക്ക് ഉദ്ദേശ്യമുള്ളൂ. ഫലത്തിൽ അത് അമേരിക്കയ്ക്ക് സഹായകമാണെന്നതിൽ തർക്കമില്ല.

joe-biden

ഇന്ത്യൻ ജനാധിപത്യസംവിധാനത്തിൽ ബൈഡൻ ഭരണകൂടത്തിനുള്ള അവിശ്വാസവും മതസ്വാതന്ത്ര്യം സംബന്ധിച്ച അവരുടെ നിലപാടുകളും നമുക്കു സുഖിക്കുന്നതല്ല. ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു കല്ലുകടിയാണ്. റഷ്യയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളെക്കുറിച്ച് ഇന്ത്യൻ നേതൃത്വം പറഞ്ഞതും അവർക്കു പിടിച്ചമട്ടില്ല. എങ്കിലും പ്രതിരോധരംഗത്തെ സഹകരണവും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതും തടസ്സപ്പെടാൻ സാധ്യതയില്ല. യുദ്ധോപകരണങ്ങൾ വാങ്ങാനുള്ള പദ്ധതികളും മുടക്കംകൂടാതെ മുന്നോട്ടുപോകും.

പ്രതിരോധ സാമഗ്രികൾ യഥാസമയം നൽകാൻ റഷ്യയ്ക്കു കഴിയാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ചൈനയുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഉന്നതല രാഷ്ട്രീയ ഇടപെടലിലൂടെ മാത്രമേ ഇതിനു പരിഹാരംകാണാൻ കഴിയൂവെന്നു തോന്നുന്നു. 

ഇന്ത്യ– യുഎസ്– ജപ്പാൻ– ഓസ്ട്രേലിയ ചതുർരാഷ്ട്ര കൂട്ടായ്മ (ക്വാഡ്) സൈനിക സഖ്യമല്ല. കാലാവസ്ഥാ വ്യതിയാനവും കോവിഡ് വാക്സീൻ വിതരണവും വിതരണശൃംഖലകൾ തടസ്സംകൂടാതെ നിലനിർത്താനുള്ള പദ്ധതികളും മറ്റുമാണ് ഇതിന്റെ ലക്ഷ്യം. ഇന്തോ– പസിഫിക് മേഖലയിൽ സമാധാനം നിലനിർത്തുന്നതിൽ ഇതിനു പങ്കുവഹിക്കാൻ കഴിയും. വിവിധോദ്ദേശ്യ രാജ്യാന്തര സഹകരണത്തിന്റെ പുതിയൊരു മാതൃകയായിപോലും ഈ സഖ്യത്തെ കണക്കാക്കാം. ജനാധിപത്യരാജ്യങ്ങളും ഏകാധിപത്യസംവിധാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം മൂർഛിക്കുന്ന ഘട്ടത്തിൽ ഇന്ത്യ യുഎസിനോടൊപ്പം നിൽക്കുന്നത് ഭാവിയെക്കുറിച്ചു ശുഭപ്രതീക്ഷ നൽകുന്നു.

ലോകാധിപത്യത്തിന് ഊനംതട്ടാതെ ഇപ്പോഴത്തെ സ്ഥിതി മറികടക്കാമെന്നു യുഎസ് ജനത പ്രതീക്ഷിക്കുന്നു. ഹൈഡ്രോകാർബൺ അധിഷ്ഠിതമായ ലോകത്തിന്റെ ഊർജരംഗത്തുനിന്ന് അവർക്ക് ആശ്വാസകരമായ വാർത്തകളാണ് വരുന്നത്. യുക്രെയ്നിൽ യുദ്ധം നടക്കുമ്പോൾ അമേരിക്കൻ എണ്ണക്കമ്പനികൾ റെക്കോർഡ് ലാഭം നേടി. ഏതുതരം പ്രതിസന്ധിയെയും അവസരമാക്കാമെന്ന ആത്മവിശ്വാസമാണ് ചങ്കുറപ്പോടെ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS