പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ഫിജിയിൽ തദ്ദേശീയരായ ജനവിഭാഗങ്ങളും കുടിയേറ്റക്കാരായ ഇന്ത്യൻ വംശജരും തമ്മിൽ രൂപപ്പെട്ട ധാരണയുടെ പരിണതഫലമായിരുന്നു 1970 ൽ രൂപം നൽകിയ ആ രാജ്യത്തിന്റെ ഭരണഘടന. വിവിധ വംശീയവിഭാഗങ്ങൾ തമ്മിലുള്ള അധികാര സന്തുലനം നിലനിർത്താൻ പര്യാപ്തമായ വ്യവസ്ഥകളുണ്ടായിരുന്ന ആ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഫിജിയും ലോകത്തിന്റെ പാതയിലാണെന്ന് പ്രകീർത്തിക്കപ്പെട്ടു. ഇതനുസരിച്ച് ഇന്ത്യക്കാർക്കും തദ്ദേശീയർക്കും പാർലമെന്റിൽ തുല്യഎണ്ണം സീറ്റുകൾ നീക്കിവച്ചു. മറ്റു വംശീയവിഭാഗങ്ങൾക്കും ഏതാനും സീറ്റുകൾ സംവരണം ചെയ്തു.
രാജ്യത്ത് ഭൂരിപക്ഷമായ ഇന്ത്യൻ വംശജർ ‘ഒരാൾക്ക് ഒരു വോട്ട്’ എന്ന വ്യവസ്ഥയ്ക്കു വേണ്ടി വാശിപിടിച്ചില്ല. രാജ്യത്തെ മറ്റു വിഭാഗങ്ങളുടെ പിന്തുണയോടെ തദ്ദേശവാസികൾ ഭരണം നടത്തുന്നതിനോട് അവർക്ക് വിയോജിപ്പ് ഉണ്ടായിരുന്നില്ല. കരിമ്പുകൃഷി അടിസ്ഥാനമായുള്ള സമ്പദ്ഘടനയുടെ നിയന്ത്രണവും മേൽനോട്ടവും നിലനിർത്തിക്കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ശ്രദ്ധയൂന്നിയ ഇന്ത്യക്കാർ തദ്ദേശീയരെ സ്വതന്ത്രമായി രാഷ്ട്രീയാധികാരം കയ്യാളാൻ അനുവദിച്ചു. രാജ്യത്തിന്റെ മുഖ്യവരുമാന സ്രോതസ്സുകളിൽ ഒന്നായ വിനോദസഞ്ചാര മേഖലയുടെ നിയന്ത്രണവും ഇന്ത്യക്കാർക്കു തന്നെയായിരുന്നു.
ഈ ഭരണഘടനപ്രകാരം തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ തലവനായ റതു മാര 17 വർഷം രാജ്യം ഭരിച്ചു. എന്നാൽ, ആ വർഷം നടന്ന തിരഞ്ഞെടുപ്പിൽ, വിദ്യാസമ്പന്നരായ ഏതാനും തദ്ദേശീയ യുവാക്കൾ സമാന മനസ്കരായ ഇന്ത്യക്കാരുമായി ചേർന്ന് രൂപം നൽകിയ ലേബർ പാർട്ടി അധികാരത്തിൽ വന്നു. ഇതോടെ രാജ്യത്തെ ഗോത്രത്തലവന്മാർ ഇടഞ്ഞു. പട്ടാളത്തിന്റെ അധികാര ശ്രേണിയിൽ മൂന്നാമനായ സിതിവെനി റബുക്ക അവരുടെ പിന്തുണയോടെ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചു. ഫിജിയിലെ തദ്ദേശീയ ജനവിഭാഗത്തെ മാത്രം ഉൾപ്പെടുത്തി അദ്ദേഹം അവരോധിച്ച ഭരണസംവിധാനത്തിൽ ഇന്ത്യക്കാർ തീർത്തും അവഗണിക്കപ്പെട്ടു. റബുക്ക രൂപംനൽകിയ ഭരണഘടനയും ഇന്ത്യക്കാരോട് അശേഷം നീതി പുലർത്തിയില്ല. തമിഴ്നാട്ടിലെ വെല്ലിങ്ടൺ സൈനിക കോളജിലെ പൂർവവിദ്യാർഥിയായിരുന്നു റബുക്ക എന്നത് അക്കാലത്ത് അവിശ്വസിനീയമായ കൗതുകമായിരുന്നു.
അതിനുശേഷം 3 സൈനിക അട്ടിമറികൾക്ക് ഫിജി സാക്ഷ്യംവഹിച്ചു. ചരിത്രഗതി ഒരു വട്ടം പൂർത്തിയാക്കുമ്പോൾ, ആദ്യത്തെ അട്ടിമറിയിലെ നായകൻ റബുക്ക ഇപ്പോൾ ഇന്ത്യൻ വംശജരുടെ കൂടി പിന്തുണയോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് അധികാരത്തിലെത്തിയിരിക്കുന്നു.
1987 ലെ അട്ടിമറിക്ക് നേതൃത്വം നൽകിയ റബുക്ക അന്നത്തെ നടപടിയിൽ ഖേദംപ്രകടിപ്പിച്ചുകൊണ്ട് ഇപ്പോൾ പരസ്യമായി മാപ്പുപറയാൻ തയാറായി എന്നത് അതിലേറെ കൗതുകകരമായി തോന്നി. ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി തിമോസി ബവദ്രയെ സൈനികശേഷി ഉപയോഗിച്ച് പുറത്താക്കിയതിൽ അതിയായി ഖേദിക്കുന്നുവെന്നാണ് റബുക്ക ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ‘‘ഞാൻ ഈ കുറ്റസമ്മതം നടത്തുന്നത് എനിക്കു വേണ്ടിയും എന്നോടൊപ്പം 1987 മേയ് 14ന് സർക്കാരിനെ പുറത്താക്കാനുള്ള നീക്കങ്ങളിൽ പങ്കെടുത്ത മുഴുവൻ പേർക്കും വേണ്ടിയുമാണ്. ഞങ്ങൾ ചെയ്തത് തെറ്റായിരുന്നു. നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ഞങ്ങൾ വേദനിപ്പിച്ചു. പ്രത്യേകിച്ച് ഇന്ത്യൻ വംശജരായ ജനസമൂഹത്തെ’’ – അദ്ദേഹം തുറന്നു പറഞ്ഞു.
‘‘ഞങ്ങളെ കുറ്റപ്പെടുത്താനും വെറുക്കാനും നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾ അത്രയേറെ അനുഭവിക്കേണ്ടിവന്നു. കുറ്റസമ്മതം നടത്താനും ചെയ്തുപോയ തെറ്റുകൾക്ക് മാപ്പപേക്ഷിക്കാനുമാണ് ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്’’ – റബുക്ക നിലപാട് വ്യക്തമാക്കി.
ഫിജിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടയിലാണ് റബുക്ക മുൻകാല ചെയ്തികൾക്ക് മാപ്പു ചോദിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. ഈ മാസം പാപ്പുവ ന്യൂ ഗിനിയയിൽ നടക്കുന്ന ഇന്ത്യ– പസിഫിക് ഐലന്റ്സ് കോ ഓപ്പറേഷൻ സമ്മിറ്റിൽ (എഫ്ഐപിഐസി) നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ഇന്ത്യയും ഫിജിയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്നു കരുതുന്നു.
ഫിജിയിലെ ഇന്ത്യക്കാരുടെ മനസ്സിൽ അവശേഷിക്കുന്ന കന്മഷവും അവിശ്വാസവും നിർമാർജനം ചെയ്യാൻ റബുക്കയുടെ മാപ്പപേക്ഷ സഹായകമായേക്കും. സൈനിക അട്ടിമറിയുടെ ഓർമകൾ ബാക്കിയാക്കിയ വിഹ്വലതകളും അരക്ഷിതബോധവും ഇതോടെ ഇല്ലാതാവുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യയോടു മാത്രമല്ല, മേഖലയിലെ മറ്റ് ജനാധിപത്യ രാജ്യങ്ങളോടുള്ള സൗഹാർദ സമീപനത്തിന്റെ സൂചനയായും ഇതിനെ കണക്കാക്കാവുന്നതാണ്.
ഓസ്ട്രേലിയയുടെയും ന്യുസീലൻഡിന്റെയും സ്വാധീനം മൂലം ദക്ഷിണ പസിഫിക്കിലെ രാജ്യങ്ങളിൽ പലതും പരമ്പരാഗതമായി പടിഞ്ഞാറൻ ചേരിയിലായിരുന്നു. എന്നാൽ അവയിൽ ചിലത് ഇന്ന് ചൈനയുടെ പക്ഷത്താണ്. ഈ മേഖലയിൽ ചൈനയെ പ്രതിരോധിക്കാൻ പാശ്ചാത്യചേരിക്ക് ഫിജിയുടെ സഹായം വേണം. അതുകൊണ്ട് ഇന്ത്യയും ഫിജിയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിനെ ഈ രാഷ്ട്രങ്ങളും ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ 3 വ്യാഴവട്ടത്തിനിടയിൽ റബുക്കയുടെ നിലപാട് അസ്ഥിരമായിരുന്നുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. വെല്ലിങ്ടൺ സ്റ്റാഫ് കോളജിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിനു വരേണ്യപ്രതിച്ഛായയായിരുന്നു. ഇന്ത്യൻ വംശജരുടെ കയ്യിലിരിപ്പാവാം ‘സ്റ്റീവ്’നെ ഏകാധിപതിയാക്കിയതെന്ന് അന്ന് അദ്ദേഹത്തോടൊപ്പം ഗോൾഫ് കളിച്ചിരുന്ന ഒരു കേണലിന്റെ സഹധർമിണി ഒരിക്കൽ എന്നോടു പറഞ്ഞു. അട്ടിമറിയിലൂടെ അധികാരം പിടിക്കുന്നതിന്റെ തലേന്നും അവർ ഒരുമിച്ചു ഗോൾഫ് കളിച്ചു. അടുത്ത ഏതാനും ദിവസം തിരക്കിലായിരിക്കുമെന്നും കളിക്കാൻ വരില്ലെന്നും അദ്ദേഹം അവരോടു പറഞ്ഞിരുന്നു.
അട്ടിമറി വേളയിൽ തീർത്തും നിർദയനായ ഏകാധിപതിയായാണ് റബുക്ക പെരുമാറിയത്. എല്ലാ തയാറെടുപ്പുകളോടും കൂടിയാണ് അന്ന് പാർലമെന്റിൽ കടന്നുകയറിയതെന്നും താനും ബാക്കി സൈനികരും എല്ലാ ആയുധങ്ങൾ പ്രയോഗിക്കാൻ തയാറായിരുന്നുവെന്നും അദ്ദേഹം പിന്നീടു വെളിപ്പെടുത്തി. എന്നാൽ ഒരുതുള്ളി ചോര പോലും വീഴ്ത്താതെ ലക്ഷ്യം നേടിയെന്നും എല്ലാം സ്വമേധയാ ചെയ്തതാണെന്നും പറഞ്ഞു. എന്നാൽ, 2014 ൽ സുവയിൽ വച്ച് ഞങ്ങൾ നേരിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതു മറ്റൊരു കഥയാണ്. അന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഔദ്യോഗിക ചുമതലകൾ ഒന്നും ഉണ്ടായിരുന്നില്ല. നമ്മൾ രണ്ടുപേരും അന്നു പ്രവർത്തിച്ചത് മേലധികാരികളുടെ നിർദേശം അനുസരിച്ചാണെന്നും തമ്മിൽ വിദ്വേഷം വേണ്ടെന്നുമായിരുന്നു ആ വാക്കുകൾ.
റബുക്കയുടെ പരസ്യക്ഷമാപണത്തോടെ ഫിജി വീണ്ടും ലോകത്തിന്റെ മുഖ്യധാരയിലേക്കു വന്നുവെന്ന് പ്രതീക്ഷിക്കാം. എന്നാൽ, നഷ്ടമായ പ്രതിച്ഛായയും ശ്രേയസ്സും തിരികെ ലഭിക്കാൻ അദ്ദേഹം പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കണം. രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള വംശീയ ഐക്യം പരിപാലിക്കണം.
ലോകത്ത് പട്ടാള അട്ടിമറി നടത്തിയ നിരവധി പേരുണ്ട്. പക്ഷേ, അതിനുശേഷം അട്ടിമറി നടത്തിയ സൈനിക മേധാവിയായി സിനിമയിൽ അഭിനയിച്ചിട്ടുള്ളത് റബുക്ക മാത്രമാണ്.
(1987 ൽ പട്ടാള അട്ടിമറി നടക്കുമ്പോൾ ഫിജിയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്നു ലേഖകൻ. അട്ടിമറിയെത്തുടർന്ന് അദ്ദേഹത്തെ രാജ്യത്തുനിന്ന് പുറത്താക്കി)