ഒരു പ്രീഡിഗ്രി സൂവോളജി ലാബ് ആണ് രംഗം. മേശപ്പുറത്തു ഒരു തവളയെ തടികൊണ്ടുള്ള പലകയിൽ ആണിയടിച്ചു വച്ചിരിക്കുന്നു. ലക്ഷ്മി ടീച്ചർ ഒരു തവളയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കുകയാണ്. ചെറിയ തവളയുടെ തുടയിലുള്ള സയാറ്റിക് നെർവ് കണ്ടുപിടിക്കയാണ് ഉദ്യമം. ചെറിയ തവളയും അതിന്റെ തുടയിലൂടെ ചെറിയ കത്രിക കടത്തി അറുത്തുകീറൽ നടത്തുന്ന അതിസൂക്ഷ്മമായ പഠനമാണ് നടക്കുന്നത്. ഞങ്ങൾ കുട്ടികൾ എല്ലാവരും വളെരെ ശ്രദ്ധയോടെ മേശയിൽ സർജറി നടക്കുന്നത് വീക്ഷിക്കുകയാണ്. നെർവ് കണ്ടുപിടിച്ചു അടയാളപ്പെടുത്തണം; ഏറ്റവും മികച്ചതായി ഓപ്പറേഷൻ ചെയ്യുന്നവരെ മാത്രമേ പരീക്ഷയിൽ വിജയിപ്പിക്കയുള്ളൂ. ഓരോരുത്തർക്കും വേണ്ടുന്ന തവളകൾ അവിടെ ലാബ് അസിസ്റ്റന്റ് മണിയുടെ കയ്യിൽ ഉണ്ട്.
എല്ലാവരുടെയും തലകൾ ഒട്ടിപ്പിടിച്ചതുപോലെ മേശയിൽ വച്ചിരിക്കുന്ന തവളയുടെ സർജറി കൃത്യമായി വീക്ഷിക്കുകയാണ്. ലക്ഷ്മി ടീച്ചർ നിർദ്ദേശങ്ങൾ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു. പെട്ടെന്ന് ടീച്ചർ നിശ്ശബ്ദയായി, ഇനിം തവളക്കു ജീവൻ വച്ച് ചാടിപ്പോകാൻ ശ്രമിക്കുകയാണോ എന്നും അറിയില്ല , എല്ലാവരും കുറച്ചുകൂടി കുനിഞ്ഞു, പാവം തവള അനങ്ങുന്നുണ്ടോ എന്ന് നോക്കുകയാണ്. അതുവരെ കിലുകിലാന്നു സംസാരിച്ചുകൊണ്ടിരുന്ന ടീച്ചർ എന്തേ പെട്ടെന്ന് നിശബ്ദയായി? , ടീച്ചറിന്റെ കൈകളും നിശ്ചലമായി. എല്ലാവരും ടീച്ചറിന്റെ മുഖത്തേക്കു നോക്കി. ടീച്ചർ സുരേന്ദ്രന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ചിരിച്ചുകൊണ്ടിരിക്കയാണ്,
സുരേന്ദ്രൻ ഏതോ മായാ ലോകത്തിൽ ഒന്നും അറിയാതെ ടീച്ചറിനെ നോക്കി നിൽക്കുന്നു. അവൻ തീരെ നീളം കുറവുള്ള ആളായതുകൊണ്ടു കല്പകവൃക്ഷം പോലെ തലയുയർത്തി കൂടിനിന്ന ഞങ്ങളുടെ തലയുടെ കൂടെ കൂടിയില്ല, അവൻ തവളയുമായി കുറേക്കൂടി അടുത്ത ബന്ധം സ്ഥാപിച്ചു നിൽക്കുകയായിരുന്നു. പക്ഷെ അവന്റെ നോട്ടം തറച്ചിരുന്നത് തവളയിൽ ആയിരുന്നില്ല , ടീച്ചറിന്റെ മാറിക്കിടന്ന സാരിയുടെ ഇടയിൽക്കൂടി അനാവൃതമായിരുന്ന നെഞ്ചിലേക്കായിരുന്നു. ടീച്ചർ അവനെ നോക്കുന്നതുപോലും അവൻ മനസ്സിലാക്കിയത് ഞങ്ങളുടെ ഉച്ചത്തിലുള്ള ചിരിയും അട്ടഹാസവും ക്‌ളാസിൽ നിറഞ്ഞപ്പോളായിരുന്നു. അപ്പോളും ടീച്ചർ ചിരിച്ചുകൊണ്ട് തവളയെ രണ്ടു കൈകൊണ്ടും പിടിച്ചിരിക്കുന്നു, സുരേന്ദ്രൻ ഫ്രീസ് ആയി അങ്ങനെ നിൽക്കെയാണ്.
ജിജൻ കുര്യൻ വളരെ സീരിയസ് ആയി മാത്രമേ സംസാരിക്കാറുള്ളു , എന്നാൽ ഈ സംഭവം കണ്ടു ഏറ്റവും കൂടുതൽ ആഘോഷിച്ചതു ജിജനായിരുന്നു. പിന്നെ ഇടയ്ക്ക് ഇവർ തമ്മിൽ കാണുമ്പോൾ ഒക്കെ തവളക്കാര്യം ഓർപ്പിക്കാറുണ്ട്; 'തവളെയെ പിന്നെയും കാണാം ഇതൊക്കെ പിന്നെ കാണാൻ പറ്റുമോ' എന്ന് പറഞ്ഞു സുരേന്ദ്രനും ചിരിച്ചുകൊണ്ട് പിരിയുന്ന കുസൃതി ഇടയ്ക്കിടെ പതിവായിരുന്നു.
‘മദനോത്സവം’ എന്ന സിനിമയായിരുന്നു അന്ന് ഞങ്ങളുടെ ക്യാംപസ് തീം എന്ന് പറയാം. കമലഹാസൻ മുടി വെട്ടിയതുപോലെ മുടിവെട്ടിക്കാൻ ഞാനും ജിജനും അൽപ്പം ദൂരെയുള്ള സ്റ്റെപ്പ്കട്ടിങ് സലൂണിൽ പോയി. മുടിവെട്ടിക്കഴിഞ്ഞു ഞങ്ങൾ എന്റെ വീട്ടിൽ പോയി. നന്നായി ചേരുന്നു ജിജൻ ഈ സ്റ്റൈൽ എന്ന് എന്റെ മൂത്ത ചേച്ചി അവനെ അഭിനന്ദിച്ചതും ഓർക്കുന്നു. അന്ന് അവന്റെ നിബിഡമായ മുടി സ്റ്റെപ്പ്കട്ട് ചെയ്തതിന്റെ ഭംഗി എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പന്തളം എൻഎസ്എസ്. കോളജിലെ ഒടുങ്ങാത്ത സമരക്കഥകൾ ഒഴിവാക്കി ഡിഗ്രിക്ക് ജിജൻ കുര്യൻ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ചേർന്നു . തപാൽ മാർഗം ഞങ്ങളുടെ ബന്ധവും ഊഷ്മളമായി തുടർന്നു. പന്തളം കോളജ് യൂണിയൻ ഉദ്ഘാടന ചടങ്ങിന് ജോർജ് ഓണക്കൂർ സാറിനെ ക്ഷണിക്കുവാൻ കോളജ് യൂണിയൻ ചെയർമാൻ റോയി പറന്തലും, സെക്രട്ടറി മോഹൻ കൊടുമണ്ണും ചേർന്ന് സാർ പഠിപ്പിച്ചിരുന്ന തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലേക്ക് ചെന്നു. അദ്ദേഹത്തിന്റെ "ഉൾക്കടൽ " എന്ന സിനിമ 25-ാ൦ ദിവസം ആഘോഷിക്കയാണ് അപ്പോൾ. കത്തുവഴി അറിയിച്ചതിനാൽ ജിജൻ എന്നെ തിരക്കി കോളജിൽ കാത്തു നിന്നിരുന്നു. കോളജിൽ ചെന്നപാടെ ആരോ പറഞ്ഞു ഓണക്കൂർസാർ, കാവാലം നാരായണപ്പണിക്കർ നടത്തുന്ന ഡ്രാമ ക്ലാസ്സിൽ ഉണ്ട് എന്ന്. അങ്ങനെ ചോദിച്ചു പറഞ്ഞു ചെന്നപ്പോൾ അവിടെ ഡ്രാമ ക്ലാസ് ആരംഭിക്കുന്നു. ഡ്രാമക്ലാസ്സിൽ ഓണക്കൂർ സാർ ഉണ്ട് എന്ന് അറിഞ്ഞു ജിജൻ അവിടെയെത്തിയപ്പോൾ ഞങ്ങൾ മറ്റു കുട്ടികളുടെ ഇടയിൽ ഇരുന്നു ഡ്രാമ പഠിച്ചുകൊണ്ടിരിക്കയാണ്. കോളജിനെ കിടിലം വിറപ്പിക്കുന്ന പ്രിൻസിപ്പൽ പണിക്കരച്ചനും വേദിയിൽ ഉണ്ട്. ഒരു വിധത്തിൽ വലിയ പരുക്കുകൾ കൂടാതെ അവിടെനിന്നും തടിതപ്പി, അന്നു രാത്രി ജിജന്റെ ആതിഥേയത്വം സ്വീകരിച്ചു ഹോസ്റ്റലിൽ താമസിച്ചു.
പിന്നെ ജിജൻ ബിടെക്കിനു കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു, പോളിമർ സയൻസ് ആയിരുന്നു വിഷയം , ആദ്യമായിട്ടാണ് അത്തരം ഒരു പഠനശാഖയെപ്പറ്റി അന്ന് അറിയുന്നത്. അധികം താമസിയാതെ ജിജന് റബ്ബർബോർഡിൽ ജോലി ലഭിച്ചു, വിവാഹം കഴിഞ്ഞു, കുട്ടിയുമായി. വളരെ വേഗതയിലായിരുന്നു അവന്റെ ജീവിതകാര്യങ്ങൾ. അപ്പോഴേക്കും എന്റെയും പഠനം കഴിഞ്ഞു ഗൾഫിൽ ജോലിക്കായി പോയി. മനസ്സിന് അടുത്തു നിർത്തുന്ന ചില സുഹൃത്തുക്കൾക്ക് എല്ലാ ക്രിസ്മസ് സമയത്തും കാർഡുകൾ പതിവായി അയക്കാറുണ്ടായിരുന്നു. അവരുടെ ഒക്കെ വീട്ടിലെ അഡ്രസ് ഇപ്പോഴും മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട്. മിക്കവാറും ആരും മറുപടിക്കാർഡുകൾ അയക്കാറില്ല, ബന്ധങ്ങളും അകന്നു വന്നു , എന്നാലും ഒരുപിടി കൂട്ടുകാർക്കു കാർഡുകൾ അയക്കുന്നത് ഞാൻ നിർത്തിയിരുന്നില്ല. മനസ്സിലെ സൗഹൃദം ക്രിസ്മസ് കാർഡുകളിലൂടെയെങ്കിലും അങ്ങനെതന്നെ നിലനിൽക്കട്ടെ എന്ന് കരുതി.
7 വർഷം മുൻപ് അവിചാരിതമായി ഫേസ്ബുക്കിൽ എനിക്ക് ജിജന്റെ ഒരു കുറിപ്പ് വന്നു. അങ്ങനെ ഞങ്ങളുടെ സൗഹൃദം വീണ്ടും പുഷ്പിച്ചു. അപ്പോൾ അവൻ കെനിയയിലെ മൊമ്പാസ്സയിൽ ജോലി ചെയ്യുക ആയിരുന്നു, കുടുംബവും അവനോടൊപ്പം ഉണ്ടായിരുന്നു. അതിഭയങ്കരമായ ഇടവേളക്കുശേഷം വീണ്ടും ബന്ധപ്പെടാനായതിൽ പെരുത്ത സന്തോഷമായിരുന്നു അവനും എനിക്കും. കുറെയേറെ വിശേഷങ്ങൾ, ഓർമ്മകൾ ഒക്കെ പങ്കുവച്ചു; മകന്റെ കല്യാണത്തിന് എത്തണമെന്ന് നിർബന്ധിച്ചു.എന്റെ വിവാഹത്തിനും അവൻ എത്തിയിരുന്നത് ഓർമ്മിപ്പിച്ചു. ഞാൻ അയച്ചുകൊണ്ടിരുന്ന എല്ലാ ക്രിസ്മസ് കാർഡുകളും അവന്റെ 'അമ്മ ശേഖരിച്ചു വച്ചിരുന്നു എന്നും, അവൻ വീട്ടിൽ എത്തുമ്പോൾ കൊടുക്കുമായിരുന്നു എന്നും പറഞ്ഞു.
കെനിയയെപ്പറ്റി വിശദമായി പറഞ്ഞു, അങ്ങനെ നാട്ടിൽ പോകുന്ന വഴി കെനിയ സന്ദർശിക്കാനും അവിടുത്തെ സഫാരി, കിലമഞ്ചാരോ പർവ്വതം കയറാനും ഞങ്ങൾ തീരുമാനിച്ചു. ഒപ്പം ജിജനും കുടുംബവും ന്യൂയോർക്കിൽ എത്തുവാനും ഇവിടെ അവരെ കാണിക്കുവാനും ഉള്ള പദ്ധതിയും പ്ലാൻ ചെയ്തു. മകന്റെ കല്യാണത്തിന് പോകാൻ സാധിച്ചില്ല അതിനാൽ കല്യാണത്തിന്റെ കുറെ ചിത്രങ്ങൾ അവൻ അയച്ചു തന്നിരുന്നു. അങ്ങനെ കത്തിടപാടുകളും ഫോൺ വിളികളുമായി പഴയ ചങ്ങാത്തം കൊണ്ടുപോയി. രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി സ്വന്തം അഭിപ്രായങ്ങൾ അവൻ ഫേസ്ബുക്കിൽ കുറിക്കുക പതിവായിരുന്നു.
ഏതാണ്ട് മൂന്നു വർഷത്തോളം ഊഷ്മളമായി കൊണ്ടുപോയിരുന്നു സുഹൃദ ബന്ധം പൊടുന്നനെ ഇല്ലാതായി. എന്താണ് കാരണം എന്ന് തീരെ മനസ്സിലായില്ല, എന്നാലും അവന്റെ ബർത്ത്ഡേ ഫേസ്ബുക്ക് ഓർമ്മപ്പെടുത്തുമ്പോൾ ആശംസകൾ അറിയിക്കുകയും , എന്റെ എല്ലാ പരസ്യപ്പെടുത്തിയ ലേഖനങ്ങളും ഈ കഴിഞ്ഞ മാസം വരെയും അയച്ചുകൊടുത്തിരുന്നു. ഇടയ്ക്കു അവന്റെ മകനുമായി ബന്ധപ്പെടാൻ ശ്രമിച്ചു, നടന്നില്ല. എന്നാലും ആശ കൈവിടാതെ എന്നെങ്കിലും അവൻ പ്രത്യക്ഷപ്പെടും എന്ന് എനിക്ക് ഉറപ്പായിരുന്നു.
വൈസ്‌മെൻ അന്തർദേശീയ ക്ലബ്ബിന്റെ ഒരു ചുമതല എനിക്ക് ലഭിച്ചു എന്ന വാർത്ത അറിഞ്ഞു ചെന്നൈ ക്ലബ്ബിലുള്ള ഒരു മുതിർന്ന പ്രവർത്തകൻ അഭിനന്ദനം അറിയിച്ചു. ഒപ്പം, ജിജന്റെ സുഹൃത്താണ് നിങ്ങൾ എന്ന് ഫേസ്ബുക്ക് പേജിൽനിന്നും മനസ്സിലായി. ജിജൻ എന്റെ കോബ്രദർ ആണ് എന്ന്കൂടി കുറിച്ചു. ടെയ്, അവൻ ഇതാ വീണ്ടും വരുന്നു ; പെട്ടെന്ന് അദ്ദേഹത്തിന് ടെക്സ്റ്റ് ചെയ്യാൻ തുടങ്ങി , എവിടെ ആ പഹയൻ ! എന്ത് കഷ്ടമാണ് ഇത്രയധികം മെസ്സേജുകൾ അറിയിച്ചിട്ടും ഒരു മറുപടി അയക്കാൻ കൂട്ടാക്കിയില്ലല്ലോ ? അവൻ തിരികെ നാട്ടിൽ വന്നോ ? എത്രയും വേഗം കോണ്ടാക്ട് നമ്പർ തരിക എന്ന് അപേക്ഷിച്ചു. പക്ഷെ, അതിനൊന്നും പെട്ടന്നു മറുപടി കിട്ടിയില്ല.
പിറ്റേ ദിവസം എനിക്ക് ഒരു വരി മറുപടി വന്നു.. അവൻ 2014 ഓഗസ്റ്റ് മാസം നമ്മെ വിട്ടുപോയി. ഇത്തരം ഒരു ആത്മനൊമ്പരം ആരോട് പങ്കുവെക്കും? ചില സൗഹൃദങ്ങൾ അങ്ങനെയായിരിക്കാം , കാർമേഘം പൊഴിഞ്ഞുവീണു പ്രത്യക്ഷപ്പെടുന്ന മഴവിൽ കാവടികൾ പോലെ. ചക്രവാളം മുഴുവൻ തേച്ചുപിടിപ്പിച്ച അൽപ്പായുസ്സുകളായ നിറക്കൂട്ടുകൾ - ഇങ്ങനെയും ചില സൗഹൃദങ്ങൾ.