നീതിയുടെ പ്രഭാവലയത്തിൽ നിറഞ്ഞു നിന്ന മാർ ബർണബാസ്‌ മെത്രാപോലിത്ത

mar-bernabas
SHARE

വ്യക്തിത്വം ഇല്ലെങ്കിൽ വ്യക്തിയില്ല എന്നാണ് പ്രമാണം. ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയും മതിയായ വ്യക്തികൾ ഇല്ല എന്ന സത്യമാണ്. ഒരു വ്യക്തി രൂപപ്പെടുന്നത് സ്വയമായ ചില വിട്ടു വീഴ്ച്ചയില്ലാ സമീപനം കൊണ്ട് മാത്രമല്ല, അത് ഒരു ദൈവീക നിമിത്തം കൂടിയാണെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചു ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർണബാസ്‌.

വിളക്കുകൾ അങ്ങനെയാണ്. പ്രകാശത്തിനെതിരേയുള്ള വിളക്കിന്റെ ഭാഗം എല്ലാം ഇരുളുതന്നെയാണ്. ജനിച്ചുവീണ വിശ്വാസത്തിൽ വിശ്വസിക്കുക മാത്രമല്ല, അതിൽ ഒരു തിരിയായി എരിഞ്ഞു തീരുമ്പോഴും താൻ കൊളുത്തപ്പെട്ട വലിയ വിളക്കിലെ ഇരുളിനെപ്പറ്റിയും എണ്ണയുടെ കുറവിനെപ്പറ്റിയും തികച്ചും ബോധവാനായിരുന്നു തിരുമേനി. സ്വയം ബോധ്യപ്പെട്ട തിരിച്ചറിവുകൾ ഏതു മുഖത്തും നോക്കി പറയാനും, അതിനുവേണ്ടി വീറോടെ പൊരുതാനും അദ്ദേഹം മടിച്ചില്ല. തനിക്കു ബോധിക്കാത്ത കാര്യങ്ങൾ ആരെയും നോവിക്കാതെ പറയാൻ കഴിഞ്ഞില്ലായിരിക്കാം അതിനുള്ള സുഖിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രം അദ്ദേഹത്തിന് പരിചിതമല്ലായിരിക്കാം, എന്നാലും കാലം കടന്നു പോകുമ്പോൾ അദ്ദേഹത്തിന്റെ ആ പ്രതികരണങ്ങൾ പ്രവാചക സന്ദേശങ്ങളായി ശത്രുക്കൾക്കു പോലും തോന്നി തുടങ്ങി. 

അതുകൊണ്ടു ഒക്കെയാവാം ഒരു ഈയാംപാറ്റ പോലെ ആ പ്രകാശവലയത്തിൽ അങ്ങനെ പറന്നു നിൽക്കാൻ കൊതിയായിരുന്നു. വൃത്തിയും ശുദ്ധിയും പുറത്തല്ല കാട്ടേണ്ടത് എന്ന് ആകാരം കൊണ്ട് തന്നെ സംഭാഷിച്ചു. അമേരിക്കയുടെ നിലവാരത്തിന് ഒക്കാത്ത പരുക്കനും ഒതുക്കമില്ലാത്തതുമായ പ്രകൃതം ആയിട്ടുകൂടി അമേരിക്കയിൽ ജനിച്ചു വളർന്ന അനേകം ചെറുപ്പക്കാരുടെ മനസ്സ് കവരാൻ അദ്ദേഹത്തിനായി. നുറുങ്ങിയ സന്ദേശങ്ങളിലൂടെ, താൻ കടഞ്ഞെടുത്ത ആത്മീയ അമൃത് പകരാനായി. ആ ആത്മാവ് അമേരിക്കയുടെ സഭാ തടാകത്തിനുമേൽ ഇന്നും പരിവർത്തിച്ചുകൊണ്ടിരിക്കുന്നു. 

സന്യാസിക്കുവേണ്ട വൃതനിഷ്ടകൾ പറയുമ്പോൾ പലപ്പോഴും അനുകരിക്കാൻ പറ്റാത്ത പാതകൾ അദ്ദേഹം തുറന്നിട്ടു. ഓരോ ജീവ ശ്വാസത്തിലും ദൈവ കൽപിതമായ താളം അദ്ദേഹം കാത്തുസൂക്ഷിച്ചു. നിരന്തരം ഒരു വിഷയത്തെ ക്കുറിച്ചു മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുമ്പോൾ ലോകത്തിന്റെ മറ്റു കാഴ്ചപ്പാടുകൾ ഇല്ലാതാവില്ലേ എന്നു സംശയിച്ചു നല്ലൊരു സാമൂഹ്യ വിഷയം പറയുന്ന പുസ്തകം ഞാൻ വായിക്കാൻ കൊടുത്തു. “ബർണബാസ്‌ മെത്രാച്ചനാണ്‌, കോരസൺ ജോലി കഴിഞ്ഞു ഇതുവഴി വരണം” എന്ന ഒരു മെസ്സേജ് അതിരാവിലെ തന്നെ കിട്ടി. ഈ പുസ്തകം എന്റെ ചിന്തകൾക്ക് നേരെ വിപരീതമാണ്. അതുകൊണ്ടു ഈ ലേഖനം ഒന്നു വായിച്ചാട്ടെ, എന്ന് ഒരു ശിക്ഷ. കുറേ വേസ്റ്റ് പേപ്പറുകളിൽ കുത്തിനിറച്ചു മാർജിനിലും നിറഞ്ഞുനിന്നു എഴുത്തുകൾ, പിന്നെ പേപ്പർ തീർന്നപ്പോൾ ഊണു മേശയുടെ മുകളിൽ വിരിച്ചിരുന്ന പത്രത്തിന്റെ ചെറിയ മാർജിനുകളുമായി ലേഖനം നീണ്ടു. ഞാൻ ഊണു മേശയുടെ ഒരു കസേരയിൽ ഇരുന്നു വായിക്കാൻ തുടങ്ങി. മുഖം രണ്ടു കൈകളിലും താങ്ങിപ്പിടിച്ചു ഇമവെട്ടാതെ എന്റെ നേരെ അടുത്ത കസേരയിൽ തിരുമേനിയും ഇരുപ്പുറപ്പിച്ചു. തിരുമേനിയുടെ തുറിച്ചുള്ള നോട്ടവും നിശബ്ദതയും എനിക്ക് ആകെ പരിഭ്രമമായി. വിഷയം ശ്രദ്ധിക്കാൻ പറ്റുന്നില്ല ഒന്നും പിടികിട്ടുന്നുമില്ല. വായിച്ചു കഴിഞ്ഞു ഒരു ചർച്ചക്ക് തയ്യാറായാണ്  തിരുമേനിയുടെ ഇരിപ്പ്.

വിടാൻ ഭാവമില്ല എന്നു മനസ്സിലാക്കിയുള്ള ഇരിപ്പു കണ്ടു ഞാൻ ഒരു തരത്തിൽ അതു വായിച്ചു തീർത്തു. വായിക്കാൻ സാധിക്കാത്ത ഭാഗം വായിച്ചുതരാനും തിരുമേനി തയ്യാറായി. മുഴുവൻ വായിച്ചു തീർന്നു തിരുമേനിയുടെ മുഖത്തേക്ക് നോക്കി, അപ്പോഴും അതേ ഇരിപ്പു, വെട്ടി നിരപ്പാക്കാത്ത നീണ്ടു നരച്ച കൺപീലികൾക്കിടയിലൂടെ ഇരുട്ടിൽ തിളങ്ങിനിന്ന മിഴികൾ ഭയപ്പെടുത്തി. എന്നാൽ അപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖത്തു ഉദയ കിരണങ്ങളുടെ തുടിപ്പ് മാറിമാറി വന്നുനിറഞ്ഞു. "എങ്ങനെയുണ്ട്?" ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം വന്നു പതിച്ച സ്വരം ആയിരുന്നതിനാൽ ഇടിവെട്ടും കൊള്ളിയാനും ഒന്നിച്ചു പതിച്ചതുപോലെ ഞാൻ പതറി. ‘സൃഷ്ട്ടികൾ അതി വിസ്മയമാര്ർന്നു’ എന്ന് പറഞ്ഞതുപോലെ ‘ഗംഭീരമായിരിക്കുന്നു ചിന്തകൾ’ എന്നു ഒരു ഞരക്കത്തോടെ പറഞ്ഞു. 

"ഞാൻ എഴുതിയതുകൊണ്ടു പറകയല്ല, വേറാരും ഇങ്ങനെ എഴുതി എന്ന് എനിക്ക് തോന്നുന്നില്ല". തിരുമേനി തന്നെ സ്വന്തം എഴുത്തിനെപ്പറ്റി പറയുകയാണ്. ശരീരത്തിന്റെ വിളക്ക്  കണ്ണാകുന്നു. കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും  (മത്തായി 7 :22) പ്രകാശവും ഇരുളിനെപ്പറ്റിയും ഉള്ള വിശകലനമായിരുന്നു അതിൽ. പിന്നെ അതിന്റെ ഓരോ പോയിന്റുകളും വിശദമാക്കുകയാണ്. നിഷ്കളങ്കമായ ആ മുഖത്തു നോക്കി ഞാൻ വെറുതേ നോക്കിയിരുന്നു. മിഠായി ചെല്ലത്തിൽനിന്നു കുട്ടികൾക്ക് കൊടുക്കണം എന്ന് പറഞ്ഞു “എടുക്കൂ എടുക്കൂ” എന്ന് നിർബന്ധിച്ചു തന്നിരുന്ന മിഠായി കയ്യിൽ പിടിച്ചു പടവുകൾ ഇറങ്ങുമ്പോൾ എന്റെ ഹൃദയത്തിൽ സമ്മാനിച്ച സ്നേഹ വസന്തം വാക്കുകൾക്ക് അതീതമായിരുന്നു. ഒരു എഴുത്തുകാരൻ എങ്ങനെ ചിന്തിക്കണം എങ്ങനെ എഴുതണം എന്നൊക്കെയുള്ള  ആദിപാഠത്തിന്റെ നിർവൃതിയിൽ ഞാൻ അങ്ങനെ മയങ്ങിപ്പോയി.

മറ്റൊരു ദിവസം പുലർന്നത് കൃത്യം രാവിലെ അഞ്ചുമണിക്ക് തിരുമേനിയുടെ ടെലിഫോൺ കോൾ ആയിരുന്നു. “ജോലി കഴിഞ്ഞു ഇതുവഴി വരണം”. ഉടൻ ഫോൺ കട്ട്ചെയ്തു. ഭദ്രാസന കോൺഫറൻസ് സംബന്ധിച്ച ഒരു പത്ര വാർത്തയിൽ അൽപ്പം അതിശയോക്തി കലർന്നിരുന്നു. അത് ഒഴിവാക്കണം എന്ന് പറയാനാണ് വിളിപ്പിച്ചത്. അതി ഭാവുകത്വവും അതിശയോക്തിയും പൊങ്ങച്ചവും തിരുമേനിക്ക് പൊറുക്കാനാവാത്ത പാതകമായിരുന്നു. 

അത്യാവശ്യം കാര്യങ്ങൾ മാത്രം പറയുക, പറയുന്നതിന് നൂറു ശതമാനവും വില കൊടുക്കുക , ഒക്കെ കൃത്യവും യുക്തവും ആയിരിക്കണം. ജോലി കഴിഞ്ഞു വന്നാൽ മതി ഞാൻ കാത്തിരിക്കാം എന്ന് പറയുന്നത് വഴി സാധാരണ വിശ്വാസിയുടെ പ്രായോഗിക ജീവിതത്തിന്റെ പ്രാരാബ്ധങ്ങളെക്കുറിച്ചു തികച്ചും ബോധവാനായിരുന്നു തിരുമേനി. അവക്ക് വലിയ വിലകൽപ്പിച്ചിരുന്നു എന്ന് പറയുന്നതാണ് ശരി. ആളുകൾ അവധിയെടുത്തു മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ നിര്ബന്ധിച്ചിരുന്നില്ല. ഏതു സമയവും ആർക്കും അപ്പോയ്ന്റ്മെന്റുകൾ ഇല്ലാതെ കടന്നു വരാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഒക്കെ ഒരു തുറന്ന പുസ്തകം പോലെ ആളുകളുടെ  ഇടയിൽ അവർക്കൊപ്പം നില്ക്കാൻ കഴിഞ്ഞിരുന്നു എന്നതാണ് തിരുമേനിയുടെ മഹത്വം. 

സ്നേഹം എന്നതായിരുന്നു തിരുമേനിയുടെ ഇഷ്ട്ടപ്പെട്ട പ്രസംഗ വിഷയം. 'തോൽക്കാനും പഠിക്കണം' എന്ന വിഷയത്തെപ്പറ്റിയും പരിവര്‍ത്തനാത്മകമായ പ്രസംഗം അദ്ദേഹത്തിൽ നിന്നും കേട്ടിട്ടുണ്ട്.      വീട്ടിൽ നടന്ന ഒരു പ്രർത്ഥന യോഗത്തിൽ തിരുമേനി അധ്യക്ഷനായിരുന്നു. എൻറെ മകൾ മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായമാണ്, പാട്ടുകേട്ട് അവൾ തിരുമേനിയുടെ അടുത്ത് ഇഴഞ്ഞു ചെന്ന് അറിയാതെ കൈ അടിച്ചു കൊണ്ടിരുന്നു. തിരുമേനിക്ക് അത് വളരെ ഇഷ്ട്ടപ്പെട്ടു, പ്രാർഥനക്ക് ആളുകൾ പാട്ടുപാടുമ്പോൾ തിരുമേനിയും കുട്ടിയും കൈ അടിച്ചു സന്തോഷത്തോടെ പാടി രസിക്കുന്നതു ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ചെറുകുട്ടികളോടും എത്ര പ്രായം കൂടിയവരോടും രോഗികളോടും, മറ്റു മതവിശ്വാസികളോടും ഒക്കെ ചേർന്ന് നിന്നു ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. തനിക്കു ആരോഗ്യം ഉള്ള സമയമെല്ലാം കടന്നു ചെല്ലാവുന്ന രോഗികളുടെ സാമീപ്യം ഒരു നിഷ്ഠപോലെ  കൊണ്ടുപോയി. കൂടെ പ്രാർഥിക്കുന്നവർ ഏതു വിശ്വാസക്കാരായിരുന്നാലും, അവർ അനുഭവിക്കുന്ന ഒരു ശാന്തതയും സംതൃപ്തിയും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.   

ഓരോ പള്ളിയിലെയും വൈദികർ നടത്തുന്ന പ്രസംഗങ്ങളെക്കുറിച്ചു ചോദിച്ചറിയാനും തിരുമേനി ശ്രദ്ധിച്ചിരുന്നു. അമേരിക്കയിലെ വൈദീകർ മലയാളത്തിൽ മാത്രം പ്രസംഗിക്കു ന്നതിൽ അദ്ദേഹത്തിന് വലിയ പ്രയാസമുണ്ടായിരുന്നു. "ഞാൻ ഇവിടെ ജനിക്കുകയായിരുന്നെങ്കിൽ ഈ പള്ളികളിൽ പോകില്ലായിരുന്നു, മലയാള ഭാഷ മനസ്സിലാകാത്ത ഈ കുട്ടികൾക്ക് മുന്നിൽ എത്ര മലയാള സാഹിത്യം പറഞ്ഞാലും പ്രയോജനമുണ്ടാകുമോ? അൽപ്പം തയ്യാറായാൽ ഏതു വൈദികനും ഇത് ചെയ്യാവുന്നതേയുള്ളൂ".തിരുമേനി വേദനയോടെ പറയുമ്പോൾ അമേരിക്കയിലെ പുതിയ തലമുറയെപ്പറ്റിയുള്ള ആശങ്ക കണ്ണുകളിൽ നിഴലിച്ചിരുന്നു.

ഒരു ദിവസം തിരുമേനിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പുറത്തു നടക്കുകയായിരുന്നു. കോരസൺ, എനിക്ക് നിങ്ങളൊക്കെ താമസിക്കുന്നപോലുള്ള ഒരു വീട് മതി, വലിയ കെട്ടിടത്തിൽ എനിക്ക് താമസിക്കാനാവില്ല, എന്റെ കൈപിടിച്ച് അത് പറയുമ്പോൾ ആളുകളുടെ ആഗ്രഹങ്ങളും തന്റെ താല്പര്യങ്ങളും തമ്മിലുള്ള ആത്മസംഘർഷം തെളിഞ്ഞു വന്നിരുന്നു. ക്വീൻസിലെ ബെൽറോസിലുള്ള ആ ചെറിയ വീടാണ് ഏറെനാൾ അരമനയായി ഉപയോഗിച്ചത്. തിരക്കുള്ള വഴികൾ ചുറ്റിനിന്ന, ഏതാണ്ട് എല്ലാ സമയവും തുറന്നുകിടന്ന, ആ കെട്ടിടത്തിനു വലം വെയ്ക്കുകയായിരുന്നു തിരുമേനിയുടെ പതിവ് വ്യായാമം. സമൂഹത്തിലെ വലിയ ആളുകൾ ഒക്കെ തിരുമേനിയെ സന്ദർശിച്ചിരുന്നതിനാൽ ഒരു വലിയ അരമന കെട്ടിടം വാങ്ങണം എന്ന് ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കമ്മറ്റി തീരുമാനപ്രകാരം കുറെ ദിവസങ്ങൾ അവധിയെടുത്തു ഓരോ കെട്ടിടങ്ങൾ കാണിക്കാനായി തിരുമേനിയെയും കൊണ്ട് പോകുമായിരുന്നു. ഒന്നും തിരുമേനിക്ക് തൃപ്തിയില്ലാതെ പോയി. അതിൽ അൽപ്പം നീരസം എനിക്കുണ്ട് എന്ന് തിരുമേനിക്ക് തോന്നിക്കാണണം.

വർഗീസ് പോത്താനിക്കാടും, കോര. കെ. കോരയും, ഞാനും ചേർന്നാണ് തിരുമേനിയെ മട്ടൻടൗണിലുള്ള  കെട്ടിടം കാണിക്കാൻ പോയത്. അന്നും ഞങ്ങൾ ജോലികഴിഞ്ഞു തിരുമേനിയോടൊപ്പം സന്ധ്യാ പ്രാർഥനയും കഴിഞ്ഞാണ് കൊണ്ടുപോയത്. അപ്പോഴേക്കും വലിയ ഇരുട്ടായി, ആകെ ചെറിയ വെളിച്ചത്തിൽ ആ കെട്ടിടം കൃത്യമായി കാണാൻ സാധിച്ചില്ല, തിരുമേനി സദാ സമയവും താഴേക്ക് നോക്കി തന്നെയിരുന്നു. ഞങ്ങളോടൊപ്പം മുറിയിൽ കയറി, “പ്രാർഥിക്കാം”, ഒന്നും കാണാൻ കൂട്ടാക്കാതെ “നമുക്ക് പോകാം” എന്ന് തിരക്ക് കൂട്ടി. പതിവ് പരിപാടികൾ പോലെ ഈ പരിപാടിയും പൊളിഞ്ഞു എന്ന് ഞങ്ങൾ കണക്കുകൂട്ടി. തിരികെ വരുന്ന വഴി തിരുമേനി ഒന്നും സംസാരിച്ചില്ല. ഞങ്ങളും നിശ്ശബ്ദരായിരുന്നു.

വർഗീസ്  പോത്താനിക്കാട് വിളിക്കുന്നു, തിരുമേനി രാവിലെ വിളിച്ചു ഒരു ചെക്ക് തന്നു. നിങ്ങൾ പോയി കോൺട്രാക്ട് എഴുതിക്കോളൂ എന്ന് പറഞ്ഞു. അന്നും ജോലികഴിഞ്ഞു ഞങ്ങൾ അറ്റോർണിയുടെ ഓഫീസിൽ പോയി വേണ്ട കോൺട്രാക്ട് പേപ്പറുകൾ തയ്യാറാക്കി അഡ്വാൻസ് തുകയും നൽകി. തിരികെ വന്നു തിരുമേനിയുടെ കാൽപാദങ്ങളിൽ തൊട്ടു, അപ്പോൾ കൈ മുത്താനല്ലായിരുന്നു ഞങ്ങൾക്ക് തോന്നിയത്. പിന്നെ ഓരോ ഘട്ടങ്ങളിലും തിരുമേനി ഒരു എതിർപ്പും പ്രകടിപ്പിക്കാതെ എല്ലാത്തിനും മുന്നിൽ തന്നെ നിന്നു. അത് തനിക്കു വേണ്ടിയല്ല, ജനങ്ങളുടെ ആഗ്രഹത്തിനുവേണ്ടിയുള്ള ത്യാഗമാണെന്നു ഞങ്ങൾക്ക് തിരിച്ചറിവുണ്ടായിരുന്നു. പലപ്പോഴും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാതെ അവരുടെ തലയിൽ വമ്പൻ പദ്ധതികൾ അടിച്ചേൽപ്പിക്കുമ്പോളാണ് ഇടയവേല പാളുന്നത് എന്ന് തിരിച്ചറിവുള്ള വലിയ മനുഷ്യൻ.  

"നിമിഷങ്ങൾ.. നിമിഷങ്ങൾ.." എന്നുതുടങ്ങുന്ന ഗാന ശകലം പാടി നടക്കുന്ന തിരുമേനിയെ കാണാറുണ്ടായിരുന്നു. തന്റെ നിയോഗത്തിന്റെ അതിരുകളിൽ സ്പർശിക്കറായി എന്ന് നല്ല ബോധം ഉണ്ടായിരുന്നു അപ്പോഴേക്കും. തനിക്കു കിട്ടിയ പണത്തിൽ ഒന്നും എടുക്കാതെ ഒക്കെ പിൻഗാമിയുടെ കരങ്ങളിൽ ഏൽപ്പിച്ചു നാട്ടിലേക്കു തിരികെ പോകുന്ന ദിവസം. യാത്രയയക്കാൻ ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. അപ്പോഴേക്കും അരമന ഒരു വലിയ സൗധം ആയി മാറ്റപ്പെട്ടിരുന്നു. 

തിരുമേനി പതുവുപോലെ ഉച്ചയുറക്കം, പ്രാർഥനകൾ ഒക്കെ കഴിഞ്ഞു എയർപോർട്ടിൽ പോകാൻ തയ്യാറായി. വലിയ വികാര വിക്ഷോഭം ഒന്നും പ്രകടിപ്പിക്കാതെ കാറിലേക്ക് കയറി, ആരോ സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു. പതുക്കെ കാർ മുകളിലേക്ക് കയറി റോഡിൽ പ്രവേശിച്ചു. നിറഞ്ഞ കണ്ണുകളോടെ അവിടെ യാത്ര അയക്കാൻ എത്തിയവരോട് കൈ വീശി യാത്ര പറയാനോ മിനക്കെട്ടില്ല. തന്നെ ഏൽപ്പിച്ച ധൗത്യം തിരുനാമ മഹത്വത്തിനായി ചെയ്തു, വേല തികച്ചു, കർഷകൻ വയലിൽ നിന്നു മടങ്ങുന്നപോലെ പോയി.അവിടെ കൂടി നിന്നവരുടെ നെടുവീർപ്പുകൾ പെരുവെള്ളത്തിന്റെ ഇരമ്പൽ പോലെ അരമനക്കു ചുറ്റും പരിവർത്തിച്ചുകൊണ്ടിരുന്നു. അത് ഇന്നും അമേരിക്കൻ ഭദ്രാസനത്തിൽ നിറഞ്ഞു നിൽക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA