ഭാരതദർശനം

delhi
SHARE

അതിരാവിലെ ഡൽഹിയുടെ തിരക്കിൽനിന്നും രക്ഷപ്പെടണമെന്ന് ഡ്രൈവറും വഴികാട്ടിയുമായ പെരുമാൾ ഓർപ്പിച്ചിരുന്നു. ജനുവരിയിലെ മൂടിക്കെട്ടിയ അന്തരീക്ഷവും, പുകമഞ്ഞിലും ഡൽഹി കുളിച്ചു നിൽക്കുകയായിരുന്നു. ഹോൺ അടിച്ചുപോകുന്ന വണ്ടികളും , മോട്ടോർ ബൈക്കുകളും  പരൽമീൻ പറന്നു നടക്കുന്ന തീരത്തെ ഓർമ്മപ്പെടുത്തി. 

delhi-2

ഗാസിയബാദ് മുതൽ മുറാദാബാദ് വരെ റോഡ് നല്ല രീതിയിൽ പോയിരുന്നു. റോഡരികത്തെ വെടിപ്പും ശ്രദ്ധിച്ചു. റോഡരികിൽ വിവിധ നിറങ്ങളിലുള്ള പ്ലാസ്റ്റിക് പാക്കുകളിൽ തൂക്കിയിട്ടിരിക്കുന്ന സാധന സാമഗ്രികൾ ഏതാണ്ട് ഉത്സവത്തിന് തോരണം കെട്ടിയതുപോലെ തോന്നിച്ചു. പുതച്ചു മൂടി  വിറകുകൾ കൂട്ടി തീകായുന്ന പുരുഷന്മാർ . ഉന്തുവണ്ടികളുടെ പുറത്തിരുന്നു ഫോൺ വിളിക്കുന്ന ആളുകൾ , ചായ കുടിക്കുന്നവർ, നിര നിരയായി ഇരുന്നു നിരങ്ങി ചൂൽ അടിച്ചു നീങ്ങുന്ന സ്ത്രീകൾ ഒക്കെ പ്രഭാതത്തിൽ റോഡിലെ പൊടിയും ബഹളവും എല്ലാം കൂടി  തിരക്ക്. ചായ കഴിക്കാൻ അടുത്ത ദാബ്ബയിൽ നിറുത്തി.  നന്നായി സൂക്ഷിച്ചിരുന്ന അകത്തളം, നടന്നുകയറിയാൽ വൃത്തിയായ ഇരിപ്പിടങ്ങളും. തണുപ്പുള്ള പ്രഭാതത്തിൽ മൺകപ്പിൽ ആവി കാണാവുന്ന ചൂട് കേൽച്ച ചായ  ബോധിച്ചു. നിരത്തിൽ  സ്ഥാപിച്ചിരുന്ന ബാനറുകളിൽ നിന്നും യോഗി ആദിത്യനാഥിന്റെ ചിരിക്കുന്ന പടം നോക്കി ചായ കഴിച്ചു. എന്തോ മൺകപ്പ് ചുണ്ടിൽ പറ്റിപ്പിടിച്ചു, അങ്ങനെ ചുണ്ടിനും കപ്പിനുമിടയിൽ യോഗിയോട്‌ സലാം പറഞ്ഞു വണ്ടി മുന്നോട്ടു പോയി. 

ഗംഗഘട്ട്, ഒന്നാംതരം പാലം അതിലൂടെ കടന്നു പോകുന്നു, വളരെ കുറച്ചു വെള്ളമേ ഉണ്ടായിരുന്നുള്ളൂ , ബാക്കി മുഴുവൻ പാറകൾ നിരന്നു കിടന്നു. ഒക്കെ യോഗിയുടെ പരിശ്രമമായി പുതുതായി ഉണ്ടായതല്ല എന്ന് ഡ്രൈവർ സൂചിപ്പിച്ചു. കൂടുതലും ട്രാക്ടറുകളാണ് ജന ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നിന്നതു.  കുറേദൂരം ചെന്നപ്പോൾ ഹൈവേയുടെ ഓരം ചേർന്നാണ് വണ്ടിക്കു പോകാനായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പണിയപ്പെടുകയാണ് , വിശുദ്ധ നദിയായ ഗംഗയുടെ പേരിൽ തന്നെ. കോൺക്രീറ്റു ഉറപ്പിച്ച വൻ പദ്ധതിയാണ് , പക്ഷെ വഴിയിൽ അധികം പണിക്കാരെയോ യന്ത്രങ്ങളോ കണ്ടില്ല, വലിയ ഗതാഗത കുരുക്കുകളും. അതുകൊണ്ടു ഏതോ വഴി മാറി ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നു. ഡ്രൈവർ പെരുമാളിനു വഴികൾ നല്ല നിശ്ചയമുണ്ടായിരുന്നതിനാൽ കുറെ ഉൾപ്രദേശത്തുകൂടി സഞ്ചരിക്കാനായി. 

ഇനി കുറെഏറെ മുസ്ലിം ഏരിയ സർ, പെരുമാൾ ഉച്ചത്തിൽ പറഞ്ഞു. പിന്നെ കുറെയേറെ മണിക്കൂറുകൾ തനി ഉൾനാടൻ ഗ്രാമത്തിലൂടെ കടന്നു പോയി. അവിടെ വഴി തീരെ പരിമിതം, രണ്ടു സൈഡിലും തിങ്ങിനിറഞ്ഞു നിൽക്കുന്ന കടകൾ , വഴി നിറയെ ആളുകൾ, റിക്ഷാകൾ, സൈക്കിൾ , അതിനിടെ പശുക്കളും എരുമകളും പട്ടികളും നിറഞ്ഞു ഒഴുകുന്നു. സ്കൂൾ ദിവസമായിട്ടും കുറേ കുട്ടികളും നിരത്തിൽ കച്ചവടവും ഒക്കെയായി തിരക്കിലാണ്. ഇടയ്ക്കു ഓട്ടോ റിക്ഷയിൽ കുത്തിനിറച്ച സ്കൂൾ കുട്ടികൾ കാണാനുണ്ടായിരുന്നു. അവരൊക്കെ നന്നായി വേഷം ധരിച്ചു സോക്‌സും ഷൂകളും സ്വെറ്ററും സ്കാർഫ് അണിഞ്ഞു ആണ് പോകുന്നത്. കുറെ ദൂരം ഇടവിട്ട് ചില വലിയ സ്കൂളുകൾ പ്രത്യക്ഷപ്പെടുന്നു. ഒക്കെ വളരെ ഭദ്രമായി മതിൽ കെട്ടി കാവൽക്കാരും നിലയുറപ്പിച്ചിരുന്നു.  

ഒരു ഓട്ടോ റിക്‌ഷോയിൽ ഏതാണ്ട് 25 പേരെങ്കിലും കയറിപ്പറ്റും. ചില ഓട്ടോറിക്ഷകൾ പച്ചക്കളറിലുള്ള കൊടി കെട്ടിയിരുന്നു അതിൽ മുസ്‌ലിംകളെ കയറുള്ളൂ. കുങ്കുമ കോടി കെട്ടിയ ഓട്ടോറിക്ഷകൾ ആളില്ലാതെ പോകുന്നതും ശ്രദ്ധിച്ചു. ഹിന്ദുക്കളുടെ വീടുകളുടെ പുറത്തു കാണാവുന്നതുപോലെ വലുപ്പത്തിൽ 'ഓം" എന്ന് എഴുതി വച്ചിട്ടുണ്ട്. ഏതാണ്ട് രണ്ടു തരക്കാരെയും തിരിച്ചറിഞ്ഞു തന്നെയാണ് ജനജീവിതം. കുറെ വഴി പിന്നിട്ടപ്പോൾ വഴി വളരെ നേർത്തു. വണ്ടി നിർത്തി ആളുകളെയും സാധങ്ങളും ഒക്കെ മാറ്റിയാണ് പോകാൻ സാധിച്ചത്. അവിടെയൊന്നും ആരാണ് ഡൽഹി അല്ലെങ്കിൽ സംസ്ഥാനം ഭരിക്കുന്നത് എന്നൊന്നും അവർക്കു അറിയില്ല എന്ന് തോന്നുന്നു. ഏതാണ്ട് ഒരു 75 വർഷമെങ്കിലും പഴക്കമുള്ള കേരളത്തിലെ ജീവിതം. 

ഒരിടത്തു ഒരു പഞ്ചാബി വിവാഹം നടക്കുന്നു. അവർ ഏതാണ്ട് അമേരിക്കയിലുള്ള പഞ്ചാബികളുടെ നിലവാരത്തിലായിരുന്നു വസ്ത്രധാരണവും വണ്ടികളും ഒക്കെ. തലയിൽ മരക്കമ്പുകളുൾടെ കൂട്ടം കേറ്റി നിരന്നു പോകുന്ന സ്ത്രീകളും കുട്ടികളെയും കാണാനായി. പാചക വാതകത്തെപ്പറ്റി അവർ കേട്ടിട്ടുകൂടി ഉണ്ടാകില്ല. 

ന്യൂഡൽഹി, പണ്ട് കണ്ടതിനേക്കാൾ ഒട്ടൊക്കെ വെടിപ്പായി തോന്നി. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്കു മുന്നോടിയായി സൗത്ത് നോർത്ത് ബ്ലോക്കുകൾ  ഒക്കെ പവർ വാഷ് ചെയ്തു , പുതിയ പെയിന്റ് ഒക്കെ അടിച്ചു മനോഹരമാക്കുകയാണ്. പരേഡിനുള്ള റിഹേഴ്സൽ റോഡിൽ തന്നെ നടക്കുന്നുണ്ട്. മഞ്ഞണിഞ്ഞ് നിൽക്കുന്ന തലസ്ഥാനത്തിനു പെണ്ണുകാണൽ ചടങ്ങിലെ പെൺകുട്ടിയുടെ ലാസ്യ ഭാവം. കുറെ മാറിക്കഴിഞ്ഞപ്പോൾ നിരത്തിലൂടെ ഉറുമ്പുപോലെ അരിച്ചു നീങ്ങുന്ന ജനസാഗരം , അവരുടെ നിത്യ ജീവിതചര്യകളുമായി നടന്നും വാഹനങ്ങളിലും നീങ്ങുന്നു. ഒരു വിരൽ കടത്താവുന്ന സ്ഥലമുണ്ടെങ്കിലും ഒരു കാർ അവിടെ ഇടിച്ചു കേറ്റി പോകാനാണ് ശ്രമം. എന്തായാലും വാഷിങ്ടൺ ഡി.സി യെക്കാൾ പ്രൗഢമായി തോന്നി നമ്മുടെ തലസ്ഥാനം. 

തിങ്കളാഴ്ച ആയതിനാൽ ഡൽഹിയുടെ മ്യൂസിയം ഒന്നും പ്രവർത്തിക്കില്ല, അതൊക്കെ മിസ് ചെയ്തു. എന്നിരുന്നാലും നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിനു മുന്നിൽ ഒരു നിമിഷം നിശബ്ദമായി നിന്നു, ഈ നിമിഷത്തിന്റെ സമാഗമനം ഒരു വിധിയായി മനസ്സിൽ കരുതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ദേയമായ പ്രസംഗം," ട്രൈസ്ട് വിത്ത് ഡെസ്റ്റിനി "നെഹ്‌റു കുറിച്ചത് ഈ അകത്തളത്തിൽ വച്ചുതന്നെയല്ലേ?. "A moment comes, which comes but rarely in history, when we step out from the old to new, when an age ends, and when the soul of a nation, long suppressed, finds utterance..." എത്രയോ നാൾ പഠനമേശയുടെ മുന്നിൽ ഒട്ടിച്ചു വച്ചിരുന്നു  ഈ വാക്കുകൾ;പിന്നീട് അവ ഹൃദയത്തിൽ നാരായം കൊണ്ട് എഴുതി വച്ചു. ഇന്ന് ഈ വാക്കുകൾക്ക് ഒരു ജീവിതത്തിന്റെ അർഥവും വ്യാപ്തിയും ഉണ്ടെന്നു കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. 

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ എത്തിയപ്പോൾ ഏതാണ്ട് ഇരുണ്ടുതുടങ്ങിയിരുന്നു. മഴയും തണുപ്പും ഒപ്പം പേടിപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങൾ. അദ്ധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തുന്ന പ്രക്ഷോഭം അകത്തു നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമ സംഘം വെളിയിൽ തമ്പടിച്ചിരുന്നു. സൈനീക വേഷത്തിലുള്ള പോലീസ് യുദ്ധ സന്നാഹത്തോടെ അവിടെയുണ്ട്. ഗേറ്റിനു മുന്നിൽ നിന്ന് ഒരു പടം എടുത്തോട്ടെയെന്നു ഡ്രൈവർ പെരുമാൾ ഒരു ഓഫീസറിനോട് ചോദിച്ചു. ടുറിസ്റ്റാണ് എന്നു പറഞ്ഞതിനാൽ ഫോട്ടോ എടുക്കാൻ അനുവദിച്ചു. ലോകോത്തരമായ വിദ്യാഭ്യാസ സ്ഥാപനം , ഇന്ത്യയിലെ സ്വതന്ത്ര ചിന്തകരുടെ ഈറ്റില്ലം. റോബർട്ട് ഫ്രോസ്റ്റിന്റെ ഈരടികൾ നെഹ്‌റു തന്റെ കുറിപ്പിൽ ചേർത്തു വച്ചിരുന്നു,  മഴയിൽ കുതിർന്ന കൂരിരുട്ടിൽ നിന്നുകൊണ്ട് ജെ .എൻ .യു വിന്റെ കനത്ത ഗേറ്റിൽ പിടിച്ചുകൊണ്ടു അറിയാതെ ഉരുവിട്ടു .. "The woods are lovely, dark and deep, but I have promises to keep, and miles to go before I sleep".

കോണൗട്ട് പ്ലേസിന്റെ വളരെ തിരക്കുപിടിച്ച അകത്തളത്തിലൂടെ നടന്നു നീങ്ങുന്നത് ഒരു അനുഭവം തന്നെ. മനോഹരമായ ഒരു ഷോപ്പിംഗ് എക്സ്പീരിയൻസ്! അകത്തു വിലപിടിച്ച സാമഗ്രികളും പുറത്തു വിലപേശി വാങ്ങാവുന്ന ലൊട്ടുലൊടുക്ക് സാധനങ്ങളും. പ്രകാശപൂരിതമായ ആംബിയൻസ് മാള് , ലോകോത്തര നിലവാരമുള്ള സജ്ജീകരണങ്ങൾ, കേട്ടിട്ടുള്ള മിക്ക ബ്രാൻഡഡ് ഐറ്റംസ് അവിടെ കാണാനായി. ചില സ്ട്രീറ്റുകൾ മൻഹാട്ടനിലെ ഫിഫ്‌ത് അവന്യൂ പോലെതന്നെ ശോഭിച്ചിരുന്നു. അപ്പോൾ ഡെൽഹിയെക്കുറിച്ചു അൽപ്പം മതിപ്പു കൂടിയോ എന്നൊരു സംശയം. 

പെരുമാൾ, ഇതൊക്കെ കേജരിവാൾ ഡൽഹി മുഖ്യമന്ത്രി ആയതിനു ശേഷം ഉള്ള മാറ്റങ്ങളാണോ? പെരുമാൾ ഡൽഹിയിൽ ജനിച്ചു വളർന്ന തമിൾ സ്വാമി. സാർ, ഒക്കെ ഷീലദീക്ഷിദ് മാഡം തുടങ്ങിവച്ചതാണ്. എന്നാലും എനിക്ക് കേജരിവാളിനെ പെരുത്തു ഇഷ്ട്ടം സാർ. ഞാനും ഭാര്യയും മകനും എന്റെ അപ്പയും അമ്മയും എല്ലാം ഒരു മുറിയിലാണ് താമസിക്കുന്നത്. അപ്പാ സിക്ക് ആയതിനാൽ ഒൻപതാം ക്ലാസ്സിൽ പഠിത്തം നിർത്തി , എല്ലാത്തരം ജോലിയും ചെയ്തു ജീവിക്കുന്നു. മൂന്നോ നാലോ മണിക്കൂർ മാത്രമേ ഉറങ്ങാൻ പറ്റൂ. മകൾ മദ്രാസിൽ നഴ്സിംഗ് ഡിഗ്രി പഠിക്കുന്നു, ഒരു വര്ഷം ഒരു ലക്ഷം രൂപ വേണം.  

കേജരിവാളിനെപ്പറ്റി പറയാൻ ആയിരം നാവുകളാണ് പെരുമാളിനു. അച്ഛന്റെ ചികിത്സകൾ ഒക്കെ സൗജന്യം, വെള്ളം കറന്റ് ഒക്കെ ഇപ്പോൾ മൂന്നിൽ ഒന്നു ചാർജ്‌ മാത്രമേ ഉള്ളൂ. രാത്രിയിൽ സ്ത്രീകളുടെ ബസ്സിൽ ഓരോ പോലീസ്, സ്ത്രീകൾക്ക് ബസ്സിൽ സൗജന്യ യാത്ര. അങ്ങനെ നീളുന്നു ഡൽഹി ഭരണത്തെപ്പറ്റി പറയാൻ. ഇന്ത്യ ഭരിക്കാൻ സ്ട്രോങ്ങ് മോഡി തന്നെ, പക്ഷെ കേജരിവാൾ തന്നെ ഡൽഹി മുഖ്യമന്ത്രിയാവണം എന്നാണ് പെരുമാളിന്റെ ഒരു ഇത്..

dhaba

ഡൽഹിക്കു പുറത്തു യൂപി യിലുള്ള നോയിഡയിൽ ദീർഘകാലമായി താമസിക്കുന്ന ലില്ലിയുടെ അഭിപ്രായത്തിൽ യോഗി വെറും കടലാസുപുലിയാണ്. മോദിയെപ്പോലെതന്നെ ഹിന്തുവത കുത്തിയിറക്കി ഭരണം പിടിച്ചുനിർത്താനുള്ള അടവുകളാണ് യോഗി ചെയ്യുന്നത് . മായാവതി കുറെയേറെ കാര്യങ്ങൾ ചെയ്തു . വളരെ പിന്നോക്കമായ ഒരു സംസ്ഥാനത്തിനു ആകെ ഒരു ഒറ്റ ദേശീയ പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദിത്യനാഥിനെയും കേജരിവാളിനെയും താരതമ്യപ്പെടുത്താനാവില്ല. ഡൽഹിയിൽ എല്ലാകാര്യത്തിനും ലെഫ്റ്റിനെന്റ് ഗവർണർ വേണം, അദ്ദേഹവും പോലീസും മോദിയുടെ കൂടെയാണ്. എന്നാൽ ആദിത്യനാഥിനു എല്ലാ സർക്കാർ സംവിധാനങ്ങളും സ്വന്തം വിരൽത്തുമ്പിലാണ്. മെച്ചമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഡൽഹി വളരെ മുന്നിലാണ് , അതുപോലെ സർക്കാർ സംവിധാങ്ങളും. യോഗി ഒക്കെ തുടങ്ങാൻ പോകുന്നു എന്ന മട്ടിൽ പരസ്യം ചെയ്യുകയാണ്. ഡൽഹി റേപ്പ് ക്യാപിറ്റൽ എന്ന് വിശേഷിപ്പിച്ചിരുന്നു എങ്കിൽ ഇപ്പോൾ ആൾക്കൂട്ട കിരാത നിയമത്തിന്റെ (lynching capital) തലസ്ഥാനമായാണ് ഇപ്പോൾ യൂ.പി അറിയപ്പെടുന്നത്. 

ചെയ്ത കാര്യങ്ങൾ എണ്ണി പറഞ്ഞാണ് കേജരിവാൾ വോട്ട് ചോദിക്കുന്നത് , എന്നാൽ വലിയ പദ്ധതികളുടെ രേഖാചിത്രങ്ങളുമായാണ് ആദിത്യനാഥ്‌ മുന്നോട്ടു പോകുന്നത്. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ കാര്യങ്ങൾ ചെയ്യും എന്നു പറയുന്നതും ചെയ്തു കാട്ടുന്നതും തമ്മിൽ വലിയ വിടവുണ്ട്. യോഗി ഗംഗാനദി ശുദ്ധമാക്കും, ഇന്ത്യയിലെ ഏറ്റവും ബ്രഹ്ത് ഗംഗാ ഹൈവേ നിർമാണത്തിലാണ്. മോദിയെപ്പോലെനിരവധി അന്തർദേശീയ വ്യവസായങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലുമാണു യോഗി.  

കേജരിവാളിന്റെ കാര്യക്ഷമായ ക്ഷേമപ്രവർത്തങ്ങളോ, യോഗി ആദിത്യനാഥിന്റെ അടിസ്ഥാന വികസന പദ്ധതികളോ ഒന്നും കേരളത്തിൽ വിരൽ ചൂണ്ടികാണിക്കാനില്ല. വലതായാലൂം ഇടതായാലും ഒരേ പാതയിൽ സഞ്ചരിക്കുന്ന മുന്നണികൾക്ക് കൊടിയുടെ നിറത്തിലേ വത്യാസമുള്ളൂ. നേതാക്കളുടെ വേഷം, ഭാഷ, മാർഗ്ഗം ഒക്കെ  ഇപ്പോൾ ജനത്തിന് തിരിച്ചറിയാനാവാതെ പോകുന്നു. ഒരു ചടങ്ങുപോലെ ഓരോ വർഷവും നടത്തുന്ന മനുഷ്യച്ചങ്ങലകളിൽ ജനത്തെ തളച്ചിട്ടു അവരവരുടെ മാത്രം പുതിയ ലോകം സൃഷ്ട്ടിക്കുന്ന സ്വാർഥ സമൂഹത്തിനു എന്തു സാമൂഹിക പ്രതിബദ്ധത?. 

കൊടിയും പാരകളും ഒളിപ്പിച്ചു നിറചിരിയുമായി നിക്ഷേപകരെ തേടി ലോകം മുഴുവൻ ഓടിനടക്കുമ്പോൾ, എങ്ങനെയെങ്കിലും എവിടെയെങ്കിലും പോയി രക്ഷപ്പെടൂ മക്കളേ എന്ന് ദിവസവും കുട്ടികളെ ഓർമ്മിപ്പിക്കുന്ന മാതാപിതാക്കൾ. വൃദ്ധരായ മാതാപിതാക്കളെ ഏകാന്തതയുടെ തടവറയിൽ പൂട്ടിവച്ചു തൊഴിൽ തേടി നാടുവിടുന്ന ജനം, ഇതല്ലേ ഇന്നത്തെ കേരളത്തിന്റെ നേർക്കാഴ്ച?. മരടിൽ തകർന്നത് വെറും ഫ്ളാറ്റുകളല്ല, മലയാളികളുടെ സംവിധാനത്തോടുള്ള അവസാനത്തെ വിശ്വാസമാണ്. പാലാരിവട്ടം പാലത്തിൽ കയറാൻ മലയാളി മടിക്കുന്നത്ത് അവനു കുറച്ചുകൂടി ജീവിക്കണം എന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രം. ഭരണഘടന വിശുദ്ധ ഗ്രന്ഥമായി തന്നെ ഇരുന്നോട്ടെ, എന്നാൽ കോടതിവിധി ഒന്നും ഇവിടെ നടത്താൻ ഒക്കില്ല എന്ന് ഒരു ഉളിപ്പും ഇല്ലാതെ, ഭരണവും സമരവും ഒന്നിച്ചു ചെയ്യുന്ന അത്ഭുത സമൂഹം. അണുബോംബിട്ടു ആർക്കും മലയാളിയെ തകർക്കാനാവില്ല; അവന്റെ സാമൂഹിക സംവിധാനം തന്നെ അവ ഭംഗിയായി ചെയ്തുകൊള്ളും. 

"The woods are lovely, dark and deep, but I have promises to keep, and miles to go before I sleep".

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ