ജോലിയിൽ നിന്നും ഇറങ്ങുന്നതിന് ഏതാനും നിമിഷം മുൻപായി തിരക്കിട്ടു എഴുതുന്ന എന്റെ അടുക്കലേക്കു സഹപ്രവർത്തകനായ എബ്രഹാം കടന്നു വന്നതു ശ്രദ്ധിച്ചില്ല. വലതു കൈയ്യിൽ ഇളം ബ്രൗൺ കളറിലുള്ള മുത്തുകൾ കൊണ്ട് ചേർത്തുവച്ച ബ്രേസ്‌ലെറ്റ് കണ്ടു എബ്രഹാം ചിരിച്ചുകൊണ്ട് ചോദിച്ചു, ഇതൊക്കെ പെൺകുട്ടികൾ ഇടുന്നതല്ലേ? മറുപടി പെട്ടെന്നായിരുന്നു , മകൾ ക്രിസ്റ്റൽ 500 മൈൽ ദൂരത്തു കോളജിലാണ്, രാവിലെ അവളുടെ ഒഴിഞ്ഞു കിടക്കുന്ന മുറിയിൽ ഒന്നു കയറിയപ്പോൾ കിട്ടിയതാണ്. ഇതു കൈയിൽ ഉള്ളപ്പോൾ അവൾ കയ്യിൽ പിടിച്ചിരിക്കുന്നു എന്ന് ഒരു തോന്നൽ. എബ്രഹാമിന്റെ മുഖം ഒന്നു വാടി, ഈ വാരാന്ത്യത്തിൽ മറന്നുപോകാതെ ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ആണ് എഴുതിക്കൂട്ടുന്നത്.
'അമേരിക്കയിൽ കാലെടുത്തു വച്ചപ്പോൾ മുതൽ അടുത്ത ഒരു പത്തു വർഷത്തേക്കുള്ള കാര്യങ്ങളുമായിട്ടാണ് ഓരോ ദിവസവും ഓടുന്നത്. ഒന്നും ഒരു അന്ത്യമില്ലാതെ ലിസ്റ്റിലെ എണ്ണം കൂടുന്നു', അടുത്തകാലത്ത് ഒരു സുഹൃത് പറഞ്ഞതാണ്. ഉള്ള പകലിൽ ചെയ്തു തീർക്കുവാൻ പറ്റാത്തത്ര വലിയ ഓരോ പട്ടികയുമായാണ് ഓരോ അമേരിക്കക്കാരനും ദിവസം തുടങ്ങുന്നത്. ഒക്കെ വിട്ടു മാറിനിക്കാനാവില്ല; വിട്ടുപോയാൽ കനത്ത വില നൽകേണ്ടി വരും എന്നതാണ് പാഠം. പണമടക്കുന്നതിന്റെ ഒരു തീയതി മറന്നുപോയാൽ പിഴ, പിന്നെ ബാഡ് ക്രെഡിറ്റ്.. ഒക്കെ ഒരുപിടി നൂലാമാലകൾ വർഷങ്ങളോളം നീണ്ടുകിടക്കും.
അതുവരെ കുറിച്ചിട്ട ലിസ്റ്റ് ഇങ്ങനെ പോകുന്നു, ഇതിൽ പലതും നിങ്ങൾക്കും പരിചയമുള്ളതാകാം. ഒരു പക്ഷെ ചിലരുടെ എങ്കിലും ലിസ്റ്റ് ഇതിലും കൂടുതലാവാം. എന്നാലും ഒന്ന് കണ്ണോടിച്ചു നോക്കാം.
1 . രാവിലെ ആറരക്ക് ഭാര്യയെ ജോലിക്കു കൊണ്ടുവിടണം. എന്നും തനിയെ കാറോടിച്ചു പോകുന്ന ഭാര്യക്ക് വാരാന്ത്യത്തിൽ ജോലി ഉണ്ടെങ്കിൽ കൊണ്ട് വിടുക കൊണ്ടുവരിക ഒക്കെ ചെയ്യുന്ന ഒരു ഏർപ്പാട്. ഒരു എക്സ്ട്രാ ഓർഡിനറി സഹായം, തണുത്തു പുതച്ചുകിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കി അസൂയ്യപ്പെടാതെ, ത്യാഗിയായ ഒരു പങ്കാളി, എങ്ങനെ? (രാവിലെ എഴുന്നേറ്റ് കാപ്പി ഉണ്ടാക്കി വെക്കുന്നത് ലിസ്റ്റിൽ പെടുത്തിയിട്ടില്ല).
2 . കൃത്യം എട്ടു മണിക്ക് ഓട്ടോ ഡീലർഷിപ്പിൽ വണ്ടി കൊണ്ട് കൊടുക്കണം. ഫ്രീ സർവീസിന്റെ അവസാന വിളിയായിരുന്നു. ഏതായാലും അങ്ങനെ രാവിലെ അലസമായി കിടന്നു ഉറക്കണ്ടാ എന്ന് കരുതി ഭാര്യ എടുത്ത അപ്പോയിന്റ്മെന്റാണ്. അവരെക്കൊണ്ടു ഇത്ര ഒക്കെയേ സഹായിക്കാനാവൂ.
3 . വീടിന്റെ ഇൻഷുറൻസ് കമ്പനി നിരന്തരം കൂട്ടികൊണ്ടിരുന്ന പ്രീമിയത്തിൽ നിന്ന് ഒരു മോചനം ആണ് ഉദ്ദേശം. ഒരു പുതിയ കമ്പനിയെ കണ്ടുപിടിച്ചു പോളിസി എടുത്തു. അത് വീടുലോൺ എടുത്ത ബാങ്കിലും പഴയ ഇൻഷുറൻസ് കമ്പനിയെയും യഥാസമയം അറിയിച്ചതാണ്. പക്ഷെ രണ്ടുകമ്പനിയും ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിക്കുകയാണ്. ബാങ്കിൽപോയി സ്റ്റോപ്പ് പേയ്മെന്റ് ചെയ്യണം. കൂടുതൽ എടുത്ത പണത്തിനായി ഇൻഷുറൻസ് കമ്പനിക്കാരോട് വഴക്കിടണം, അല്ലെങ്കിൽ ബിസിനസ് ബ്യുറോയിൽ കംപ്ലയിന്റ് ചെയ്യണം.
4 . വീട് ക്ലീനിങ്ങിനു ക്ലീനിങ് കമ്പനിക്കാർ 12 മണിക്കും 1 മണിക്കും ഇടയിൽ വരും എന്നാണ് അറിയിച്ചത്. അടുത്ത രണ്ടു മണിക്കൂർ നേരത്തേക്ക് നാല് പേരുള്ള ടീം വീടു കൈയ്യടക്കുകയാണ്. ഇരിക്കാനോ നിൽക്കാനോ ഇടയില്ലതെ മീൻ ചാടുന്നപോലെ വീട്ടിൽ ഓടി നടക്കണം.
5 . വൈറ്റമിൻ ഡി , കുറവുകൊണ്ടു കുറെയേറെ പ്രശനങ്ങൾ ഉണ്ടാകാം എന്ന് ഡോക്ടർ നിർദേശിച്ചു. സൂര്യപ്രകാശം ദേഹത്ത് അടിക്കാത്തതുകൊണ്ടാണ് ഇങ്ങനെ പ്രശനം ഉണ്ടാകുന്നത്. എന്നാൽ സാധാരണ വീട്ടിൽ വരുന്ന മരുന്നുകളുടെ കൂട്ടത്തിൽ അത് കാണുന്നില്ല, ഇനി ഡോക്ടറിനെ വിളിച്ചു മരുന്ന് കുറിപ്പിക്കണം.
6 . ഡോർ ബെൽ - രണ്ടെണ്ണം പ്രധാന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ടും പണിമുടക്കിലാണ്. ബാറ്ററി മാറിയിട്ടും രക്ഷയില്ല. ആരെങ്കിലും ഡോറിൽ വന്നു തട്ടി വിളിച്ചാണ് കേൾക്കുന്നത്. സുഹൃത് ബാബുവിനെ കൂട്ടി ഒരു ബെൽ വെളിയിൽ സ്ഥാപിക്കണം.
7 . വാതിലിനു പുറത്തു സ്ഥാപിച്ച സ്റ്റോംഡോർ കാറ്റടിച്ചു ഇളകിക്കിടക്കുകയാണ്. ശരിക്കു അടക്കാൻ സാധിക്കുന്നില്ല. ശരിയാക്കാൻ ഒരു വൃഥാ ശ്രമം നടത്തി അത് ആകെ കുളമാക്കി എന്ന് പറയാം. മകന്റെ ഒരു സുഹൃത്ത് ഒരു ഹാൻഡിമാൻ ഉണ്ട് എന്ന് പറഞ്ഞു. അയാളെ വിളിക്കണം.
8 . വാർഷിക ടാക്സ് ഫയൽ ചെയ്യണം. ടാക്സ് പേപ്പറുകൾ ഒക്കെ അടുക്കിവച്ചു ടാക്സ് ചെയ്യുന്ന ആളെ കാണണം.
9 . മകളുടെ കോളജ് ലോൺ എടുക്കാനായി 'ഫാസ്ഫാ' എന്ന നീണ്ട ചടങ്ങു ഓൺലൈൻ ഫയൽ ചെയ്യണം.
10 . വീട്ടിലെ പ്രിൻറർ വർക്ക് ചെയ്യുന്നില്ല, അത് ശരിയാക്കാൻ നോക്കണം.
11 . കമ്പ്യൂട്ടർ റൂമിലെ ചെയർ മാറണം.
12 . ലോൺഡ്രിയിൽ കൊടുത്ത തുണികൾ വാങ്ങണം
13 . തടി കുറക്കുന്നതിന്റെ ഭാഗമായി ഡോക്ടർ നിർദേശിച്ച സ്മാർട്ട് വാച്ച് സെറ്റപ്പ് ചെയ്യണം. ഓരോ ദിവസവും എത്ര കലോറി പുകച്ചു , എത്ര കടമ്പകൾ കയറി, ബ്ലഡ് പ്രഷർ എങ്ങനെ ഒക്കെ ഇനിയും വിരൽ തുമ്പിൽ.
14 . ഹെൽത്ത് ക്ലബ്ബിൽ രണ്ടു ദിവസവും പോകണം.മിക്കവാറും നടക്കാറുള്ള കാര്യമല്ല എങ്കിലും ഒന്ന് ശ്രമിച്ചു നോക്കണം. മെമ്പർഷിപ്പ് വെറുതെ അടച്ചു, കാർഡ് പോക്കറ്റിലിട്ടു മനസ്സിൽ വ്യായാമം ചെയ്യുകയാണ്, ഇനിയെങ്കിലും ഒരു മാറ്റം വേണം. ഒന്നു ശ്രമിക്കുക തന്നെ.
15 . ശനിയാഴ്ച വൈകിട്ട് രണ്ടു മീറ്റിങ്ങുകളിൽ ക്ഷണം, ഒക്കെ പരിചയക്കാരാണ്, നമ്മൾ പരിപാടി നടത്തുമ്പോൾ അവരും വിളിച്ചാൽ വരണമല്ലോ, അപ്പൊ അവിടെ ഒന്ന് തലകാണിക്കാതെ തരമില്ല
16 . ക്ലബ്ബിന്റെ ടെലി കോൺഫറൻസ് - ഞായറാഴ്ച വൈകിട്ട് എട്ടു മണിക്ക്
17 . ശനിയാഴ്ച്ച മലയാളം സിനിമ കാണണമെന്ന് ഭാര്യക്ക് ഒരു ആഗ്രഹം
18. പള്ളി, നാട്ടിൽ അമ്മയെ വിളിക്കുക, സുഹൃത്തുക്കളെ വിളിക്കുക, ഗ്രോസറി ഷോപ്പിങ്, എഴുത്തു, വായന തുടങ്ങിയ പതിവു പരിപാടികൾ കൂടാതെയും.
ട്രെയിൻ സ്റ്റേഷനിൽ വച്ച് വേഗത്തിൽ ഫോണും നോക്കി വായിച്ചു വരുന്ന അയൽക്കാരനെ കണ്ടു. നേരെ മുന്നിൽ തടഞ്ഞു നിറുത്തി. അയാൾ ഉച്ചത്തിൽ അട്ടഹസിച്ചുകൊണ്ട് കെട്ടിപ്പുണർന്നു. നമ്മൾ അടുത്ത വീട്ടിൽ താമസിച്ചിട്ടും ഇവിടെവച്ചാണല്ലോ കാണാൻ സാധിക്കുന്നത്. ഞാൻ ഇന്ത്യയിൽ പോയിരുന്നു കഴിഞ്ഞ ആഴ്ചയാണ് വന്നത്. ഓഹോ ഞാൻ അറിഞ്ഞില്ല, ഞാനും വെക്കേഷനിൽ ആയിരുന്നു. എന്തൊരു ജീവിതമാണ് ഇതല്ലേ. എത്ര ഓടിയിട്ടും ഒന്നും തികയാതെ സമയവും ആവശ്യങ്ങളും. ഇതിൽ നിന്നും എന്നാണ് രക്ഷപ്പെടുക? അറിയില്ലല്ലോ.
അപ്പോഴേക്കും ട്രെയിൻ വന്നു, രണ്ടുപേരും ഓരോത്തിടത്തേക്കു ഇരിപ്പിടത്തിനായി ഓടി. ഇനിം എന്നാണ് കാണുക എന്നറിയില്ല . എന്റെ ലിസ്റ്റിനോടൊപ്പം പേനയും പോക്കറ്റിൽ നിക്ഷേപിച്ചു. എത്ര ഒക്കെ ചെയ്യാനാവും കണ്ണുകൾ അടച്ചു . ട്രെയിൻ ഒരു കുലുക്കത്തോടെ പതുക്കെ നീങ്ങാൻ തുടങ്ങി.
"ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ, ഇനിയൊരു വിശ്രമം എവിടെച്ചെന്നോ , മോഹങ്ങൾ അവസാന നിമിഷംവരെ, മനുഷ്യബന്ധങ്ങൾ ചുടല വരെ, വെറും ചുടല വരെ.."