കൊറോണയും ബ്രൗൺബാഗും

corona
SHARE

അവൾ തനിച്ചേ ഉണ്ടാവൂ എന്നാണ് എനിക്ക് പേടി, അവൾ ജോലിയും ചെയ്യുന്നില്ല. അതുകൊണ്ടു എനിക്ക് ഉള്ളതും കിട്ടാവുന്നതും അവളുടെ പേരിൽ എഴുതി ഇന്നു തന്നെ വയ്ക്കും. കൊറോണക്കാലത്തെ ആശങ്കൾ പങ്കുവച്ച് ഒരു സുഹൃത്ത് പറഞ്ഞതാണ്. അൾത്താരയിലെ പ്രധാന സേവകൻ, സൺ‌ഡേ സ്കൂൾ, കമ്മ്യൂണിറ്റി ക്ലബ്ബ് തുടങ്ങി തന്റെ സമൂഹത്തിനുവേണ്ടി ഏറ്റവും കൂടുതൽ സമയം പങ്കുവച്ച ആൾ എന്ന നിലയിൽ ആരെങ്കിലും ഒക്കെ തന്റെ സംസ്കാരത്തിൽ സംസാരിക്കാൻ ഉണ്ടാവും എന്ന പ്രതീക്ഷയും ഇല്ല. എവിടെയാണ് അടക്കുന്നതെന്നോ എന്ത് കർമ്മമാണ്‌ നടത്തുന്നതെന്നോ  പറയാനൊക്കില്ല. ശ്വാസക്കുഴലും ഘടിപ്പിച്ചു കിടക്കുന്നിടത്തു ആരെക്കിലും പ്രീയപ്പെട്ടവർ കടന്നു വരികയുമില്ല  എന്നുമറിയാം. 

സംഹാരരുദ്രനായ കൊറോണ ഏതു നിമിഷവും കടന്നുവരാവുന്ന ചിന്തയിൽ കുറ്റിയും  കൊളുത്തും വരെ ആൽക്കഹോൾ സ്ട്രിപ്പ് ഇട്ടു തിരുമി, ലൈസോൾ സ്പ്രൈ കൊണ്ട് വീടിന്റെ വാതിൽപ്പടിയിൽ അടിച്ചു, കഴിവതും കൈയിൽ ഗ്ലവ്സ് ഇട്ടു , മുഖത്തു ചൊറിയാതെ, വാമൂടി ഇനി എത്രനാൾ? .അറിയില്ല, കേൾക്കുന്നത്ഒന്നും നല്ല വാർത്തകൾ അല്ല. ആദ്യം തമാശ ഷെയർ ചെയ്തു തുടങ്ങിയെങ്കിലും ഇപ്പൊ അതൊന്നും തമാശ അല്ല എന്ന തിരിച്ചറിവ് വല്ലാതെ നടുക്കുന്നു. 

സുഹൃത്ത് ജോൺ, കൊറോണയെ പ്രതിരോധത്തിലാക്കാൻ ഒരു ഒറ്റമൂലി പറഞ്ഞു. വേപ്പിൻപൊടി, പച്ചമഞ്ഞൾ അരച്ചു തേനിൽ ചാലിച്ചു ഒരു കഷായം പോലെ ദിവസവും സേവിക്കുക. നീം പൗഡർ കിട്ടുന്ന കടയും പറഞ്ഞു തന്നു. അൽപ്പം ദൂരെയാണെങ്കിലും കടതുറന്നിരുന്നു എന്ന് മനസിലാക്കി അങ്ങോട്ട് തന്നെ വിട്ടു. കടയിൽ ചെന്നപ്പോൾ ഒരാൾ വാതിൽ  തുറക്കാൻ കൂട്ടാക്കാതെ മുറുക്കിപ്പിടിച്ചുകൊണ്ട്  ഒരുവളിച്ച ചിരിയോടെ നിൽക്കുന്നു. അൽപ്പം ബലം പിടിച്ചാണെകിലും വാതിൽ വലിച്ചു തുറന്നു. വാതിലിൽ തൊടാതിരിക്കാനായി ടിഷ്യൂപേപ്പർ കൊണ്ടാണ് പിടിച്ചത്. വാതിൽ തുറക്കുകയും അയാൾ ഓടി അപ്രത്യക്ഷ നായി. കടയിൽ നിറയെ പുക, ഒന്നും കാണാൻ സാധിക്കുന്നില്ല. വടക്കേ ഇന്ത്യക്കാരന്റെ കട ആയതിനാൽ അയാൾ എന്തോ പൂജയോ മറ്റോ ചെയ്യുകയാണ് . ഓടി നടന്നു അയാൾ എന്തൊക്കയോ ചെയ്യുന്നു. കുറേ നേരമായിട്ടും അയാൾ അടുത്തുവരുന്നില്ല , ഒന്നും ചോദിക്കാനും സാധിക്കുന്നില്ല. അയാൾ കൂടുതൽ സമയവും അകത്തെ ഓഫീസിൽ മുറിയിൽ തങ്ങി നിൽക്കയാണ്. എന്തോ ഒരു പ്രേതത്തെ കണ്ടമട്ടിലാണ് അയാൾ എന്നെ ഒളിഞ്ഞു നോക്കിയിട്ടു പോകുന്നത് കാണുപോൾ തോന്നിയത്. നീം പൌഡർ ഉണ്ടോ എന്ന് അലറി ചോദിച്ചു. അവിടെ ഉണ്ടോ എന്ന് നോക്കൂ ഉണ്ടെങ്കിൽ അതിന്റെ പണം അവിടെ വെച്ചേക്കൂ എന്ന് പറഞ്ഞു അയാൾ വീണ്ടും മുങ്ങി. ഒരു വിധം പുകനിറഞ്ഞ കടയിൽ നിന്നും വേപ്പിൻപൊടി സംഘടിപ്പിച്ചു പണവും അയാളുടെ മേശപ്പുറത്തുവച്ചു തിരിച്ചിറങ്ങി. കോട്ടിന്റെ കീശയിൽ ഉണ്ടായിരുന്ന ചില്ലറ നാണയങ്ങൾ വാതിൽക്കൽ വച്ചിരുന്ന ഏതോ ദേവ വിഗ്രഹത്തിന്റെ നീട്ടിയിരുന്നകൈയിൽ നിക്ഷേപിച്ചു പോരുന്നു.

രാവിലെ എഴുന്നേറ്റു വീട്ടിലെ എല്ലാവർക്കുമായി വേപ്പില കഷായം കൂട്ടുകയാണ് സ്ഥിരം പണി. കൊറോണക്ക് എതിരെ കടുത്ത പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗം. ഡാഡി, എന്തിനാ ഇത്രപരിഭ്രാന്തി, എന്തിനാ ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകാൻ പറയുന്നത്, എന്തിനാ ഇവെടെല്ലാം ലൈസോൾ സ്പ്രൈ ചെയ്യുന്നത്, ഇത് അൽപ്പം കടുത്ത കൈ തന്നെയാണ് . ഞങ്ങൾ വെളിയിൽ പോകുന്നില്ലല്ലോ പിന്നെന്തിനാ ഇത്രയൂം കാര്യങ്ങൾ. ഡോക്ടറേറ്റ് ഉള്ള  പുത്രന്റെ മുഖത്ത് ഒരു പുശ്ച്ചഭാവം. ഭാര്യയും ഏതാണ്ട് അടുത്ത ഭാവത്തിൽ തന്നെ. ഇതങ്ങോട്ടു ചെയ്യുക, എല്ലാവരുടെയും സുരക്ഷക്കായിട്ടാണ്. നിന്റെയൊക്കെ പിള്ളേരെ കണ്ടിട്ടു ഒന്ന് മരിച്ചാൽ കൊള്ളാമെന്നുണ്ട്. നടക്കുമോ എന്നറിയില്ല എന്നാലും ഒന്ന് ശ്രമിക്കുകയാണ്.  

കൊറോണയുടെ പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകയായ ഭാര്യ ജോലി കഴിഞ്ഞു വരുമ്പോൾ സ്വീകരിക്കാൻ ഞാനും മക്കളും തയ്യാറായി നിൽക്കെയാണ്. ഒരാളുടെ കൈയിൽ തോർത്ത് മറ്റൊരാളുടെ കൈയ്യിൽ സോപ്പ്, നൈറ്റ് ഗൗൺ , തുടങ്ങി ആൾ പടിയിൽ എത്തുമ്പോഴേക്കും എല്ലാം കൈയിലേക്ക് കൊടുത്തു ഓടി അപ്രത്യക്ഷമാകുകയാണ്. ബാത്ത്റൂമിൽ  കയറി എന്ന് സ്ഥിതീകരിച്ചാൽ ഉടൻ ഞങ്ങൾ അവിടമെല്ലാം തുടച്ചും സ്പ്രൈ ചെയ്തും ഒരുവമ്പൻ പരിപാടി നടത്തും. ഏതോ അന്യഗ്രഹത്തിൽ നിന്നും വന്ന ജീവിയെപ്പോലെ യാതൊരു അണുബാധയും കടക്കാതെ സുരക്ഷിതമായ പ്രതിരോധം. കക്ഷി ബാത്ത് റൂമിൽനിന്നും പുറത്തിറങ്ങുമ്പോൾ എല്ലാവരും ഒന്നും അറിയാത്തപോലെ, അലസമായി ടീവി കണ്ടു കൊണ്ടുകൊണ്ടു ചുമ്മാ ഒരു കിടപ്പ്. 

നെറ്റിയിൽ വിരലുകൾ പായിച്ചു കൊറോണ പ്രതിരോധ കഥകൾ വിവരിക്കുമ്പോൾ ഭാര്യയുടെ മുഖത്തു ചൈനീസ് വൻമതിൽ പണിത ക്വിൻ ഡിനാസ്റ്റിയുടെ ഒരു ഭാവം. രാവിലെ ജോലിക്കു കൊണ്ട് വിടാമെന്ന് ഏറ്റു. ഇത്രയും വലിയ കർമ്മത്തിൽ, അണ്ണാൻ കുഞ്ഞിനും തന്നാൽ ആയതു. സർവ്വ സജ്ജീകരങ്ങളുമായി ഒരു പടക്കളത്തിൽ ഇറങ്ങുന്നപോലെ കാറിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യ ലഞ്ച് ബാഗിനൊപ്പം പതിവില്ലാത്തപോലെ ഒരു ബ്രൗൺ പേപ്പർ ബാഗും ചേർത്തുപിടിച്ചിരുന്നു. ഇതെന്താ സാധനം? ഒരു നിഷ്കളങ്കമായ ചോദ്യം. ഓ ഇതോ ഇതാണ് 'N 95 മാസ്‌ക്' ഇത് ധരിച്ചാൽ ഒക്കെ ശുഭം, ഒന്നും പേടിക്കേണ്ട. നന്നായി. ഇതെന്തിനാ ഈ ബ്രൗൺ ബാഗിൽ കൊണ്ടുവരുന്നത്? ഇതോ ഇതൊരെണ്ണം മാത്രമെയുള്ളു എനിക്ക് , രണ്ടാഴ്ചയായി , ഇതുതന്നെ ഉപയോഗിക്കുന്നു. വേറെ സ്റ്റോക്ക് ഇല്ല എന്നാണ് പറയുന്നത്. അതും എടുത്തുകൊണ്ടു ഓടി. 

1010 ന്യൂസ് കൊറോണ വാർത്തകൾ കൊണ്ട് നിറഞ്ഞിരുന്നു. പെട്ടന്ന് അവതാരകൻ N 95 മാസ്കിനെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും പറയുന്നത് ശ്രദ്ധിച്ചു. ചില ആശുപത്രികളിൽ ഒരാഴ്ചവരെ ഒരേ മാസ്ക് ഉപയോഗിക്കാൻ ജോലിക്കാരെ നിർബന്ധിക്കുന്നു എന്നാണ് വാർത്ത. അത് ആരോഗ്യ പ്രവർത്തകരിൽ അസുഖം ബാധിക്കാൻ കാരണമാക്കും അവ എങ്ങനെ സൂക്ഷിച്ചു ചെയ്യണം എന്നുമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴാണ് ആ ബ്രൗൺ പേപ്പർ ബാഗ് അടുക്കളയിലെ മേശപ്പുറത്തു ലഞ്ച്‌ബോക്സിനൊപ്പം അവൾ വച്ചിരുന്നത് ഓർമ്മയിൽ പെട്ടത്. ലഞ്ച് ബോക്സിനൊപ്പം ആയിരുന്നതിനാൽ അതുമാത്രം സ്‌പ്രെയ്‌ ചെയ്യാൻ വിട്ടുപോയി. 

ഭാര്യയുടെ കോളാണ്, ഇപ്പൊ ജോലിക്കു കൊണ്ട് വിട്ടിട്ടു വന്നതേയുള്ളൂ. സംസാരത്തിൽ ആകെ ഒരു പന്തികേട്. കൂടെ ജോലി ചെയ്യുന്ന ജെയിനെ ഓർക്കുന്നില്ലേ എപ്പോഴും ചിരിച്ചുകൊണ്ട് വർത്തമാനം പറയുന്ന, അവൾക്കു ഇപ്പോഴും നല്ലപ്രസരിപ്പ് എന്ന് നിങ്ങൾ പറയാറില്ലേ, ആളുടെ ഭർത്താവു ഇന്നലെ രാത്രി മരിച്ചു.  ഇന്നലെ അവധിയായിരുന്നു, അവർ ഒരുമിച്ചു വെയിലുകൊള്ളാൻ വെളിയിൽ പോയിരുന്നു. രാതി ഒന്നിച്ചു ഡിന്നർ കഴിച്ചു ക്ഷീണം തോന്നുന്നു എന്നുപറഞ്ഞു നേരത്തെ ഉറങ്ങാൻ കിടന്നതാണ്. എന്തൊരു കഷ്ടമാണ് അവരുടെ കാര്യങ്ങൾ, അവൾ അത് പറയുമ്പോൾ ഭയവും വിറയലും തുടുത്തുനിന്നു. 

ഞാൻ ബ്രൗൺ പേപ്പർബാഗിനെക്കുറിച്ചു ഓർത്തു, രണ്ടു ആഴ്ചയായി വർക്ക് അറ്റ് ഹോം പദ്ധതിയിൽ പെട്ടു ഷേവ്  ചെയ്യാതിരുന്ന നരച്ച താടിയെ തടവി, കൈകൾ കഴുത്തിലൂടെ നെഞ്ചിലേക്ക് തടവി തടവി..കണ്ണുകൾ നേരെ മുകളിലേക്ക് നോക്കി. അപ്പോഴും സൂര്യൻ വെളിപ്പെടാതെ മേഘക്കൂറിൽ ഒളിച്ചുനിന്നു.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ