ജീവിതത്തിന്റെ നോവുകൾ അരിച്ചുകയറുന്ന ഒരു കൂട്ടം ആളുകളുടെ കഥനകഥയാണ് ഇന്നു ന്യൂയോർക്കിലും ലോകത്തിന്റെ ഇതര സ്ഥലങ്ങളിലും എഴുതപ്പെടുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും സങ്കീർണ്ണമായ ദിനങ്ങൾ ആണ് കടന്നുപോകുന്നത്. അൽപ്പദിവസങ്ങൾ മുൻപുവരെ ഇതൊന്നും ഞങ്ങൾക്ക് ബാധിക്കില്ല എന്ന ഏതോ ഒരു വിശ്വാസത്തിലായിരുന്നു ശരാശരി അമേരിക്കക്കാരൻ. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഒരു മഹാവിപത്തു തനിക്കു ചുറ്റും ആർത്തടിക്കുന്നു എന്ന നഗ്നസത്യത്തിൽ മരവിച്ചു നിൽക്കയാണ്.
ഓരോ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുമ്പോഴും, അനുശോചനം രേഖപ്പെടുത്തുമ്പോഴും, തൽക്കാലം അതു ഞാൻ അല്ല എന്ന ഒരു അൽപ്പാശ്വാസം മാത്രമാണുള്ളത്. സ്വർഗ്ഗങ്ങൾ തേടിയിറങ്ങി സ്വപനങ്ങൾ നഷ്ട്ടപ്പെട്ട ഒരുകൂട്ടം. പ്രകൃതിയുടെ മൂർച്ചയും അസഹനീയതയും ആഴ്ന്നിറങ്ങുന്ന അസ്വസ്തലോകത്തിനുള്ളിൽ ഒരു ഉയർപ്പു പെരുനാൾ ആഘോഷിക്കയാണ് 2020.
അറിയാവുന്ന ചിലർ അവസാനവിളിയിൽ പെട്ടുപോയി എന്നറിയുന്നതും, അടുത്തറിയാവുന്ന പലരും രോഗവുമായി മല്ലിടുകയാണെന്നും അറിയുന്നത് ഒരു പ്രതിസന്ധിതന്നെയാണ്. ആശ്വസിപ്പിക്കാൻ പോലും ചെല്ലാൻ കഴിയാതെ, ഏകരായി വിലപിച്ചു മുറിക്കുള്ളിൽ ഒതുങ്ങേണ്ടി വരുന്ന ഹതഭാഗ്യർ, ഒരു യാത്രയയപ്പുപോലും നല്കാൻ കഴിയാതെ കൈവിട്ടുപോയവർ, എപ്പോഴാണ് വീണുപോകുന്നതെന്നറിയാതെ നിരന്തരം ആശുപത്രികളിൽ ജോലിചെയ്യേണ്ടിവരുന്നവർ, ഒന്നൊന്നായി മരണമണി മുഴങ്ങുമ്പോൾ ജീവൻ മരവിച്ച ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവർ, അവർ അനുഭവിക്കുന്ന മാനസീകവ്യഥകൾ ഒക്കെ ജീവിതം മുഴുവൻ നിലനിൽക്കുന്ന ആധിയും വ്യാധിയുമാണ്.
ഇത്രയും മനുഷ്യർ മരിച്ചുവീഴുന്ന ന്യൂയോർക്കിൽ എന്തേ പൂർണ്ണമായ ഒരു ഷട്ട്ഡൌൺ സാധ്യമാകുന്നില്ല? എന്തേ രോഗം തടുക്കേണ്ട സംവിധാനങ്ങളിൽ പാളിച്ചകൾ വരുന്നു? എന്തേ പ്രാരംഭഘട്ടങ്ങളിൽ നിസ്സംഗത പാലിക്കയും ഗൌരവം കുറച്ചു കാണിക്കുകയും ചെയ്തത്? ഒരു മഹാവിപത്തു നേരിടുമ്പോൾ പ്രസിഡന്റും ഗവർണറും മേയറും പറയുന്ന പരസ്പര വിരുദ്ധപ്രസ്താവനകൾ, മനുഷ്യത്തമില്ലാതെ മരണത്തിന്റെ കണക്കു പറഞ്ഞു പത്രസമ്മേളനം നടത്തുന്ന രാഷ്ട്രീയക്കാർ, മരിക്കുന്നവരുടെ നമ്പറുകൾ പറഞ്ഞു തർക്കിക്കുന്നവർ ഒക്കെ ഈ ഹൃദയസ്പർശിയായ സമയത്തെ മനുഷ്യത്വരഹിതമാക്കുകയായിരുന്നു.
അഹന്ത തലക്കുപിടിച്ച ചില ലാഭക്കൊതിയന്മാരുടെ സ്വാർഥതയും, മതഭ്രാന്തുപിടിച്ച ചില കിറുക്കൻമാരുടെ രാഷ്ട്രീയ പ്രവർത്തങ്ങളും കൊണ്ട് ഭൂമിയുടെ സമതുലനാവസ്ഥ നഷ്ടപ്പെടുന്നു എന്ന ആശങ്കയുടെ കാർമേഘം രൂപപ്പെട്ടപ്പോഴാണ് കൊറോണ വൈറസിന്റെ രംഗപ്രവേശനം. പട്ടിണിയും, വിദ്വേഷവും, സംഘർഷവും, കാലാവസ്ഥാവ്യതിയാനവും, അന്തരീക്ഷ മലീകരണവും ഒക്കെക്കൂടി ഗ്രഹപ്പിഴ ബാധിച്ച ഭൂമിയിലേക്കാണ് ഈ മഹാവ്യാധി കടന്നുവന്നത്. എന്തെങ്കിലും ഒരു തീരുമാനം ആകാതെ അവൻ പുറത്തുപോകില്ല എന്നാണ് കാര്യങ്ങളുടെ കിടപ്പു കണ്ടിട്ട് തോന്നുന്നത്.
എന്നാലും തർക്കമില്ലാത്ത പ്രത്യാശയാണ് മുന്നിൽ കാണുന്നത്. 'പ്രത്യാശ ചിലപ്പോൾ കിറുക്കന്റെ ശുഭപ്രതീക്ഷ ആയിരിക്കാം' എന്ന് എഴുത്തുകാരി ആനി ലമൊട്ട് പറഞ്ഞിട്ടുണ്ട്. കാണാത്ത ചില കാര്യങ്ങളുടെ ഉറപ്പ് കടന്നുവരാതിരിക്കില്ല. ഒന്നിനു പുറകെ മറ്റൊന്നായി കടന്നുവരുന്ന ഭയാനകമായ അവസ്ഥയും, അവ എന്നുവരെ തുടരും എന്ന ആശങ്കയും, എന്താണ് പ്രതിവിധി എന്ന അറിവില്ലായ്‌മയും നടുക്കുമ്പോളും, പുതിയ ശാസ്ത്ര സങ്കേതങ്ങളും നല്ലമനുഷ്യരുടെ കരുതലുകളും നമ്മുടെ മനസ്സിൽ ചില നല്ല ഉറപ്പുകൾ സമ്മാനിക്കും.
ദീപകൂട്ടങ്ങളുടെ പ്രഭാവലയത്തിൽനിന്നോ, ദൂപകൂട്ടുകളിൽ നിന്നോ, സ്തോത്ര കീർത്തനങ്ങളിൽ നിന്നോ, യാമപ്രാർഥനകളിൽ നിന്നോ ആയിരിക്കയല്ല അത്തരം ഒരു ഉറപ്പിൽ എത്തിച്ചേരാനാവുക. കൊടുമുടി കീഴടക്കി ഇരുകൈകളും ഉയർത്തി നിൽക്കുന്ന പർവ്വതാരോഹകന്റെ നെഞ്ചിൽ ആലേഖനം ചെയ്ത വാക്യം ' ഞാൻ ഇവിടെ വരെ എത്തി, ഇനിയും വരും' എന്ന ഒരു യാഥാർഥ്യബോധമാണ് ഉണ്ടാകേണ്ടത്.
അത് യഥാര്‍ത്ഥമായ സത്യം അംഗീകരിക്കുക എന്നതാണ്. നാമൊക്കെ വിവിധ പ്രതിസന്ധികളിൽ എപ്പോഴെങ്കിലും പെട്ടുപോയവരാണ്, അതിൽനിന്നും കരുത്തോടെ തിരിച്ചുവന്നവരാണ് എന്നതാണ് സത്യം. അടുത്തുള്ളവരുടെ സ്നേഹമുള്ള കരുതലുകൾ, സമയത്തിന്റെ ഉണങ്ങാനുള്ള അസാമാന്യ കഴിവ്, അപ്രതീക്ഷമായ ഉദാരമനസ്‌കതകൾ ഒക്കെ നമ്മൾ തൊട്ടറിഞ്ഞ സത്യങ്ങൾ ആണ്. ചിലപ്പോഴെങ്കിലും നമ്മുടെ ചെറിയജീവിതം ചില യാഥ്യാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പാകത്തിൽ പിടിച്ചു നിർത്തും. സ്നേഹിച്ചവരുടെ വേർപാടോ, ഖേദകരമായ വഴിപിരിയലുകളോ ഒക്കെയാവാം അത്. സമൂഹത്തിന്റെ കരുതലുകൾ, ഔഷധങ്ങൾ ഒക്കെ ദൈവകൃപ എന്നരീതിയിൽ അറിയാതെ അത്ഭുതങ്ങളായി അനുഭവപ്പെട്ടുവരും.
ഈ കൊറോണക്കാലം മനുഷ്യനെ ഒന്നായി ചിന്തിക്കാൻ പാകത്തിൽ ക്രമപ്പെടുത്തും. ഇന്നലെയെപ്പോലെ നാളെ കാര്യങ്ങൾ പോകില്ല. ചില ശീലങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും, പുതിയ പാഠങ്ങൾ പഠിക്കുകയും കൈമോശം വന്ന ചില പാഠങ്ങൾ തിരിച്ചുകൊണ്ടുവരികയും അങ്ങനെ മനുഷ്യ ജീവിതം ഒരു പുതിയ പാതയിൽ എത്തിച്ചേരുകയും ആവാം, ആയേ മതിയാകയുള്ളു.
സുരക്ഷിതമായ ദൂരങ്ങൾ, അത്യന്താപേക്ഷിതമായ സേവനങ്ങൾ, ശുചിത്വം, മിതത്വം അവയെക്കുറിച്ചുള്ള പുതിയ അളവുകോൽ ഈ മനോഹരദേശത്തു വീണിരിക്കുന്നു. ആശ്രയിക്കേണ്ടതും അവകാശമാക്കേണ്ടതും എന്താണെന്നു നമുക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടു ഇനിയും ഭീതിയല്ല, കുലുക്കമില്ലാത്ത നിർഭയമായ വഴികളാണ് നമ്മുടെ മുന്നിൽ തെളിഞ്ഞുവരുന്നത്.
ഓഹരികമ്പോളത്തിലെ ഇടിച്ചൽ ലോകത്തെ അമ്പരത്തിന്റെ നിറുകയിൽ നിറുത്തി, അതാണ് കമ്പോളത്തിന്റെ തന്ത്രവും. അതുകൊണ്ടുതന്നെ ദീർഘകാലത്തേക്കുള്ള വിശ്വസ്തതയുള്ള സുരക്ഷിതമായ ഇടങ്ങൾ അടയാളപ്പെടുത്തണം. ലാഭമോഹികളായ ഓഹരികഴുകന്മാർ ദുർബലരായ സാധാരക്കാരുടെമേൽ ദൃഷ്ടിപതിപ്പിച്ചു കഴിഞ്ഞു.
ന്യൂയോർക്കിൽ ഫ്രാങ്ക്‌ളിൻ സ്‌ക്വയറിൽ ഉള്ള അമേരിക്കൻ അസ്‌ട്രോനോട്ട് മൈക്കൽ മാസിമിനോ തന്റെ ബഹിരാകാശയാത്രകളിൽ പാലിച്ചിരുന്ന ചില മൂല്യങ്ങൾ സ്വന്തം വീടുകളിൽ വളരെ ദിവസങ്ങൾ പുറത്തിറങ്ങാതെ ജീവിക്കേണ്ടിവരുന്ന കുട്ടികളോട് പറയുന്നുണ്ട്. ലോകം മുഴുവൻ തുറന്ന ശൂന്യാകാശത്തു മണിക്കൂറുകൾ സ്പേസ്‌വോക് നടത്തിയപ്പോഴും, താൻ സ്വയം നിഷ്കര്ഷിച്ചിരുന്ന മിതത്വവും ശുചിത്വവും തന്റെ നിലനില്പിനുവേണ്ടി മാത്രമായിരുന്നില്ല, തന്നോടൊപ്പം സഞ്ചരിക്കുന്ന മറ്റുയാത്രികരുടെ സുരക്ഷിതത്വവും തന്റെ ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവായിരുന്നു. ഇടുങ്ങിയ സ്ഥലങ്ങള്‍ ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീതഭയം (ക്‌ളോസ്ട്രോഫോബിയ) അവയെ നേരിട്ടത്, വളരെപ്പേർ അനവധിദിവസങ്ങൾ ഒരു ചെറിയ ഇടത്തിൽ താമസിക്കേണ്ടിവരുമ്പോൾ പാലിക്കേണ്ട മര്യാദകൾ, മറ്റുള്ളവർക്കുവേണ്ടി ഒതുങ്ങുക, ഏറ്റവും കുറച്ചു കൂട്ടിവയ്ക്കുക, ശബ്ദവും ഭക്ഷണവും രീതികളും നിയന്ത്രിക്കുക, ഇതൊക്കെ ഉളവാക്കുന്ന സ്നേഹവും കരുതലും ത്യാഗവും ഒക്കെ ഈ ഒറ്റപ്പെട്ട ദിവസങ്ങളിൽ നാം പഠിച്ചുകൊണ്ടിരിക്കുന്നു. അനിശ്ചിതത്വം ഉളവാക്കുന്ന മാനസിക പിരിമുറുക്കം നേരിടുവാനുള്ള തയ്യാറെടുപ്പും പദ്ധതിയും നമ്മുടെ പാഠപദ്ധതിയുടെ ഭാഗമായി.
'ഉബണ്ടു' എന്ന ചിന്താധാര, സൗത്ത് ആഫ്രിക്കയിലെ സുലു വർഗക്കാരുടെ ഒരു വിശ്വാസത്തിൽ നിന്നാണ് ഉളവായത്. 'ഐ ആം ബിക്കോസ് വി ആർ ' സഹജീവികളോട് മനുഷ്യസംബന്ധമായ ഇടപെടൽ എന്നാണ് ഈ ചിന്തയുടെ അടിസ്ഥാനം. ഇത്, സ്നേഹമുള്ള പങ്കുവെയ്‌പ്പുകൊണ്ട് ലോകംമുഴുവൻ ബന്ധിപ്പിക്കുന്ന സഹജീവന സേതുബന്ധനമാണ്. അന്യം നിന്നു പോയിത്തുടങ്ങിയിരുന്ന ഇത്തരം ഒരു ഇടപെടൽ സമൂഹത്തിലേക്ക് തിരികെ എത്തുന്നു എന്ന് പ്രതീക്ഷിക്കാം.
പലപ്പോഴും ന്യൂയോർക്കിലെ കോവിഡ് വാർത്തകൾ നിറംപിടിപ്പിച്ചു പെരുപ്പിച്ചു മലയാള മാധ്യമങ്ങൾ അങ്കലാപ്പിലാക്കുന്നതു നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. പതിറ്റാണ്ടുകളായി യാതൊരു ബന്ധവുമില്ലാതിരുന്ന സഹപാഠികൾ ഒക്കെ എവിടുന്നോ നമ്പർസംഘടിപ്പിച്ചു ഇടക്കിടെ വിളിച്ചു തിരക്കുമ്പോൾ, മത്സരിച്ചു ശത്രുക്കളായവർ പോലും ഇപ്പോൾ പരസ്പരം വിളിച്ച് അന്വേഷിക്കുന്നത് കാണുമ്പോൾ, മരവിച്ചുപോയ മനുഷ്യത്വം സടകുടഞ്ഞു എഴുനേറ്റു എന്ന് തോന്നുന്നു. ഫോൺ എടുക്കാൻ അൽപ്പം താമസിച്ചപ്പോൾ അടുത്തദിവസം നാട്ടിൽനിന്നും വിളിച്ച സുഹൃത്ത് ആകെ പേടിച്ചുപോയി, സ്വരം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു എന്നും പറഞ്ഞത് മറക്കാനാവില്ല.
കുടുംബത്തോടൊപ്പം അനേകസമയം ഒന്നിച്ചു നിർബന്ധപൂർവ്വം ചിലവഴിക്കേണ്ടിവരുമ്പോൾ, വീട്ടിൽനിന്നുമാത്രം ആഹാരം കഴിച്ചു ശീലിക്കുമ്പോൾ, പണം അത്യാവശ്യത്തിനു മാത്രം ചിലവഴിക്കുമ്പോൾ, ആരെയും കാട്ടാൻവേണ്ടി വസ്ത്രങ്ങൾ വാങ്ങികൂട്ടണ്ട, വീട്ടിലിരുന്നും പ്രാർഥിക്കാം, സ്‌നേഹപൂർവമായ അന്വേഷണങ്ങൾ പങ്കുവയ്ക്കാം, ശുചിത്വത്തിനു പുതിയ മാനദണ്ഡം, തിരക്കില്ലാത്ത ബഹളമില്ലാത്ത നീണ്ട ദിനങ്ങൾ ഇത് ഒരു അപൂർവ്വ സമയമാണ്. പലതും നഷ്ടപ്പെടുന്നു എന്നു കാണുമ്പോഴും, മറ്റു ചിലതെല്ലാം അറിയാതെ മുളച്ചുവരുന്ന എന്നത് ശുഭ പ്രതീക്ഷയാണ്. മൂകമായ ശൈത്യദിനങ്ങൾ കൊഴിഞ്ഞുപോയി, ഇടവമാസത്തെ വിഷുപ്പക്ഷിയുടെ ചിലമ്പലിൽ പുതിയ മുകുളങ്ങൾ തളിർക്കുകയായി, ഉയർപ്പു സമാഗമമാവുകയായി.