തൊണ്ണൂറുകളുടെ ആദ്യപാദത്തിലാണ് എന്നാണ് ഓർമ്മ. ന്യൂയോർക്കിലെ ലോങ്ങ്ഐലൻഡിൽ, ഭാര്യ ജോലിക്കു പോകുന്ന വഴി ഓവർസ്പീഡിനു ഒരു പൊലീസ് ടിക്കറ്റ് കിട്ടി. വളരെപേടിച്ചാണ് അത് എന്നെ ഏൽപ്പിച്ചത്. വെള്ളക്കാരൻ പൊലീസിന്റെ സംസാരവും രീതികളും കക്ഷിയെ ആകെ ഉലച്ചുകളഞ്ഞിരുന്നു. കോടതിയിൽ നേരിട്ട് ഹാജാരാകാനാണ് പറഞ്ഞിരിക്കുന്നത്, കോടതി എന്നൊക്കെ കേട്ടിട്ടേയുള്ളു, അതിന്റെ ഒരുഭയം ഒക്കെയുണ്ട്. പേടിക്കേണ്ട, ഞാനും ഒപ്പംവരാം എന്നു പറഞ്ഞു ധൈര്യപ്പെടുത്തി.
ന്യൂയോർക്കിലെ സമ്പന്നർ വസിക്കുന്ന ഓൾഡ് വെസ്റ്റ്ബറി ട്രാഫിക് കോടതിയാണ് രംഗം. അമേരിക്കയിൽ ഫെഡറൽ, സ്റ്റേറ്റ്, കൗണ്ടി, സിറ്റി, ടൗൺ, വില്ലേജ് എന്നിങ്ങനെ വിവിധ സ്വതന്ത്രഭരണകൂടങ്ങളാണ് ഉള്ളത്. ഏറ്റവും ചെറിയ തലമായ വില്ലേജിൽപോലും അവരുടേതായ പൊലീസ്, വാട്ടർ, ഫയർ, കോടതി, സ്കൂൾ, ലൈബ്രറി, ഇലക്ഷൻ കമ്മിഷൻ തുടങ്ങിയ സംവിധാനങ്ങൾ ഒക്കെയുണ്ടാവാം. മിക്കവയും അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ് നിയന്ത്രിക്കുന്നത്. വില്ലേജ് കോടതി ആയിരുന്നതിനാൽ ഒരു ചെറിയ കെട്ടിടം, സമയത്തിന് മുന്നേ അവിടെ ചെന്നു, ടിക്കറ്റ് കോടതി ക്ലർക്കിനു സമർപ്പിച്ചു. അപ്പോഴേക്കും കുറെയേറെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു.
കോടതി ക്ലാർക്ക് ഓരോരുത്തരെയായി പേരുവിളിച്ചു വില്ലേജ് പബ്ലിക് പ്രോസിക്യൂട്ടറുമായി നേരിൽകാണാൻ പറഞ്ഞു. ഒരു വെള്ളക്കാരിയാണ്, അവർ പറയുന്നത് അത്ര മനസ്സിലാകുന്നില്ല, ട്രാഫിക് പോയിന്റ് ഇല്ലാതാക്കാം, പിഴയടച്ചാൽ മതി എന്നാണ് തോന്നിയത്. എന്നാലും കോടതിയിൽ നേരിട്ട് മുഖം കാണിക്കണം. അത് അപ്പോൾത്തന്നെയുണ്ട് എന്നുംപറഞ്ഞു. എല്ലാവരും മുറിയിൽ കയറി ഇരുന്നു. മുന്നിലുള്ള ഇരിപ്പിടങ്ങളിൽ ഞങ്ങളും ഇരുന്നു. കോടതി ക്ലാർക്ക്, പബ്ലിക് പ്രോസിക്യൂട്ടർ ഒക്കെ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചു.
പൊടുന്നനെ കൂർത്ത തൊപ്പി ധരിച്ച ഒരു അതികായകനായ വെള്ളക്കാരൻ പൊലീസ് ഓഫിസർ കടന്നുവന്നു ഒരു ഒരു പ്രതിമപോലെ നിലയുറപ്പിച്ചു. അയാൾ കൈരണ്ടും മുന്നിൽ കൂട്ടിപ്പിടിച്ച് ഓരോത്തരെയും ക്രൂരമായി നോക്കുന്നു. ഉടൻതന്നെ ഒരു കിഴവൻ വെള്ളക്കാരൻ കയറിവന്നു ജഡ്ജിന്റെ ഇരിപ്പിടത്തിൽ ഇരുന്നു. ആകെ ഞങ്ങൾ രണ്ടുപേർ മാത്രമേ ബ്രൗൺ നിറക്കാരായി അവിടെ ഉണ്ടായിരുന്നുള്ളൂ. പിറകിൽ നിന്ന ചിലർ പരസ്പരം എന്തൊക്കെയോ പറയുന്നു. ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുമ്പോൾ ആ കിഴവൻ ജഡ്ജി വലിയ ഉച്ചത്തിൽ എന്നോട് ആക്രോശിക്കുകയാണ്. ഇനിയും ഒരു അക്ഷരം ഉരിയാടിയാൽ ഞാൻ നിന്നെ അറസ്റ്റ് ചെയ്യും. അപ്പോൾ ഞാൻ ഒന്നും സംസാരിക്കുകയില്ലായിരുന്നുവെന്നു പറയാനുള്ള ധൈര്യം ഉണ്ടായില്ല. പൊലീസുകാരൻ ഒരു അടി മുന്നോട്ടുവച്ചു എന്നെ തുറിച്ചു നോക്കുകയാണ്.
എന്റെ രക്തം ഉരുകിപ്പോയതുപോലെ. അയാൾ എന്നോട് എന്തേ ഇങ്ങനെ പെരുമാറി എന്ന് മനസ്സിലായില്ല. അപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന വെള്ളക്കാരോട് ഒന്നും അയാൾ പറഞ്ഞുമില്ല. അയാളുടെ മുഖത്തു വെറുപ്പും പുച്ഛവും പകയും നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഒന്നും പ്രതികരിക്കാൻ കഴിയാഞ്ഞതിനാൽ, അയാളുടെ പെരുമാറ്റത്തെക്കുറിച്ചു വില്ലജ് മേയർക്ക് പേരുവെക്കാതെ ഒരു കത്തെഴുതി. അമേരിക്കയിൽ വന്നശേഷം വെള്ളക്കാരൻ പൊലീസിന്റെയും കോടതിയുടെയും തിക്തമായ ആദ്യ അനുഭവം. ഇത്തരം എത്രയോ വലുതും ചെറുതുമായ അനുഭവങ്ങൾ നമ്മുടെ ആളുകൾക്ക് ഇവിടെ ഉണ്ടായിക്കാണും.
വീട് വാങ്ങാൻ വെള്ളക്കാർ ഏറെയുള്ള സ്ഥലത്തെ ഒരു റിയൽഎസ്റ്റേറ്റ് ഏജൻസിയിൽ പോയപ്പോൾ ഏജന്റുമാർ മുഴുവൻ ഇറങ്ങിപ്പോയത്, കുട്ടികൾ സ്വന്തം സിറ്റിയിൽ ഗെയിംസിന് ചേരാൻ വന്ന വിഷമതകൾ, മുന്തിയ കാർ വാങ്ങിയപ്പോൾ ചങ്ങാത്തം കൂടാൻ വന്ന വെള്ളക്കാർ ഒക്കെയായി തൊണ്ണൂറുകളുടെ ആദ്യ പാദത്തിലെ വിചിത്രമായ അനുഭവങ്ങൾ. വിവേചനം തിരിച്ചറിഞ്ഞു അതുമായി മുന്നോട്ടുപോകയല്ലാതെ നിർവ്വാഹമില്ല. കറുത്തവരുടെ ഇടങ്ങളിൽ പോയാൽ കുട്ടികൾ കൈവിട്ടു പോകും, അവർക്കും ബ്രൗൺ നിറക്കാരോടു അതൃപ്തി. എൺപതുകളിൽ ബ്രൂക്ലിൻ ബ്രോങ്ക്സ് മൻഹാട്ടൻ തുടങ്ങിയ ഇടങ്ങളിൽ താമസിച്ച മലയാളികൾക്ക് കറുത്തവരിൽനിന്നും അടികിട്ടാത്തവർ ചുരുങ്ങും. അതോടെ കറുത്തവരില്ലാത്ത ഇടങ്ങൾ അന്വേഷച്ചാണ് വീടുവാങ്ങാൻ തുടങ്ങിയത്.
അപ്പോൾ ലോങ്ങ് ഐലൻഡിലെ സ്കൂളുകളിലും, പൊലീസുകാരിലും ഫയർ ഡിപ്പാർട്മെന്റിലും വെള്ളക്കാരല്ലാത്ത ആരെയും കാണുക ദുഷ്കരമായിരുന്നു. ഏതാനും കറുത്ത വർഗ്ഗക്കാർ താമസിക്കുന്ന ഇടങ്ങളിൽ ഒഴിച്ച്. കുട്ടികളുടെ സ്പോർട്സ് ആൻഡ് ഗെയിംസ് വെള്ളക്കാരുടെ നിർബന്ധമായ ഇടങ്ങളാണ്. അവിടെയും അപൂർവ്വമായി മാത്രമേ മലയാളി സാന്നിധ്യം ഉണ്ടായതായി കണ്ടിട്ടുള്ളൂ. കുട്ടികളെയും കൊണ്ട് ഓരോ വാരാന്ത്യത്തിലും ട്രാവൽ ടീമിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുക, ഓരോ സായാഹ്നത്തിലും പരിശീലനത്തിന് കൊണ്ടുപോകുക, ഇടയ്ക്കു ടീമുകൾ ചേർന്നുള്ള ഒത്തുചേരലുകൾ, മാനേജരന്മാരും കോച്ചുകളും ഒക്കെയുള്ള കിടമത്സരങ്ങൾ ഒക്കെ വിചിത്രമായ അനുഭവങ്ങളായി. അമേരിക്കയുടെ അടിസ്ഥാനപരമായ സംഭാഷണങ്ങൾ നടക്കുന്നത് ഈ കളിക്കളങ്ങളുടെ ഓരങ്ങളിൽ ആണെന്ന് കേട്ടിട്ടുണ്ട്. അന്ന് തുടങ്ങിയ ചില ചങ്ങാത്തങ്ങൾ കുട്ടികളും ഞങ്ങളും ഇപ്പോഴും കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്.
സ്കൂളിൽത്തന്നെ വിരലിൽ എണ്ണാവുന്ന മലയാളികുട്ടികൾ. പഠന മികവോ കായികമികവോ കൊണ്ടുമാത്രമേ മലയാളിക്കുട്ടികൾക്ക് അവിടെ പിടിച്ചുനിൽക്കാനാവൂ. പഠിക്കാൻ മികവില്ലാത്തവർ ഏതെങ്കിലും ഗ്യാങ്ങുകളും ആയി ഫ്രറ്റെണിറ്റി കൂടുകയോ, ആരുമായി ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞു പോകയോ ഒക്കെയായിരുന്നു. കുട്ടികളുടെ മാനസീക സമ്മർദ്ദം അവർ പങ്കുവെയ്ക്കുകയില്ല. അവർക്കു നമ്മൾ വളർന്നുവന്ന രീതികളെക്കുറിച്ചു യാതൊരു അറിവും ഇല്ലാത്തതിനാൽ എല്ലാം സാധാരണയായി അവർ കണ്ടുകാണുമായിരിക്കും. എന്തായാലും അൽപ്പം കഠിന ശ്രമങ്ങൾക്കുശേഷം വെള്ളക്കാരുടെ ഇടയിൽ ഇടിച്ചുകയറാൻ കഴിഞ്ഞു. ബാങ്കിൽ പോയാലും, കടകളിൽ പോയാലും ഒക്കെ പേരുപറഞ്ഞു തിരിച്ചറിയുന്ന കുറച്ചു സഹൃദം ഉണ്ടാക്കാനായി. കുട്ടികളും വെള്ളക്കാർകുട്ടികളുടെ ഒരു വലിയ സൗഹൃദവലയം ഉണ്ടാക്കി. ചിലരൊക്കെയായി അത് ഇപ്പോഴും തുടരുന്നതും ഉണ്ട്. അപ്പോഴൊക്കെ കറുത്തവർഗ്ഗക്കാരുമായി യാതൊരു സംസർഗ്ഗവും ഉണ്ടായിരുന്നില്ല, ഭയമായിരിക്കണം കാരണം.
തൊണ്ണൂറുകളിൽ ജോലിസംബന്ധമായ പരിശീലനത്തിനു അപ്പർ മൻഹാട്ടനിലെ 125 സ്ട്രീറ്റ്, ഹാർലെമിൽ കുറച്ചു നാൾ പോകേണ്ടി വന്നത് മറക്കാനാവില്ല. ഒരുകാലത്തു അമേരിക്കയുടെ സംസാകാരികമായ കേന്ദ്രമായിരുന്നു എന്ന് കേട്ടിരുന്ന ഹാർലെം, ഭൂമിയിലെ ഒരു പാതാളമായിട്ടാണ് അന്ന് തോന്നിയത്. ഓഫീസിലേക്ക് നടക്കേണ്ട ഏതാനും ബ്ലോക്കുകൾ ജീവൻപിടിച്ചു നില്ക്കാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കടകൾ ഒക്കെ ബുള്ളറ്റ് പ്രൂഫ് കണ്ണാടി വച്ച് മറച്ചിരുന്നു. തെരുവ് മുഴുവനും പല നിറത്തിലുള്ള വലിയ അക്ഷരങ്ങൾ കൊണ്ട് ഗ്രഫീഡി, വറുത്ത ചിക്കന്റെ മണം അവിടെയൊക്കെ നിറഞ്ഞുനിന്നു. കാറുകൾ തല്ലിത്തുറന്നു മോഷ്ടിച്ചുകൊണ്ടു പോകുന്നതും, ആളുകളെ അടിച്ചു പണം കൈക്കലാക്കുന്നതും കറുത്തവരുടെ ഒരു സാധാരണ പരിപാടി ആയിരുന്നു. എത്രയോ തവണ അക്രമങ്ങൾ നേരിൽപെട്ടു ഏതോ ഭാഗ്യംകൊണ്ടു രക്ഷപെട്ടുപോയിട്ടുണ്ട്.
താമസിയാതെ ഓരോ മൂലകളിലും വൻപൊലീസ് സംവിധാനങ്ങൾ പ്രത്യക്ഷപ്പെട്ടു. തോക്കുചൂണ്ടി നിരത്തി നിൽക്കുന്ന കറുത്തവർ ഒരു സാധാരണ കാഴ്ചയായിമാറി. ന്യൂയോർക് മേയർ റൂഡി ജൂലിയാനി കടുത്ത പൊലീസ് സംവിധാനം ഒരുക്കി. ഏതാനും വർഷങ്ങൾകൊണ്ട് ചുടലഭൂമി എന്ന് തോന്നിച്ച നഗരത്തിന്റെ വീഥികൾ വൃത്തിയും സുരക്ഷിതവുമായി മാറുന്നത് കാണുവാൻ ഇടയായി. പ്രതിബദ്ധതയുള്ള ഒരു രാഷ്രീയക്കാരനു നാടിൻറെ ഗതിവിധികൾ മാറ്റിമറിക്കാനാകുമെന്നതിനു തെളിവായിരുന്നു റിപ്പബ്ലിക്കൻ മേയർ ജൂലിയാനി. അപ്പോഴാണ് അമേരിക്കയിലെ പൊലീസ് സംവിധാനങ്ങൾ സ്വസ്ഥമായ ജീവിതത്തിനു അത്യാവശ്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞത്. ഇത്തരം ഒരു മനോവസ്ഥയിൽ കറുത്തവരുടെ ഇടങ്ങളിൽനിന്നും മലയാളികൾ മാറിത്തുടങ്ങിയിരുന്നു. ശക്തമായ പൊലീസിംഗ് ഇല്ലാതെ സാധാരണ അമേരിക്കകാരൻ സുരക്ഷിതനല്ല. അങ്ങനെ കറുത്തവരും പൊലീസും അമേരിക്കക്കാരുടെ ഏറ്റവും വലിയ ജീവിത സത്യങ്ങൾ ആയി നിലകൊണ്ടു.
ഈ ഉൾഭയം നമ്മുടെ വീടുകളിൽ നിറഞ്ഞുനിന്നു, അതിനാൽ കറുത്തവരോട് നല്ല അകലം പാലിച്ചാണ് മലയാളികൾ നീങ്ങിയത്. സിറ്റിയിലെ ജോലിക്കുള്ള ടെസ്റ്റുകൾ കറുത്തവർക്കുകൂടി ലഭിക്കത്തക്കവണ്ണം ലഘൂകരിച്ചിരുന്നതിനാൽ പബ്ലിക് സർവീസ് ടെസ്റ്റുകൾ ഒക്കെ നമ്മുടെ ആളുകൾ നല്ല രീതിയിൽ ജയിക്കാനും ജോലി കിട്ടാനും ഉതകി. തങ്ങൾക്കു കിട്ടേണ്ട സാധ്യതകളാണ് ബ്രൗൺആളുകൾ തട്ടിയെടുക്കുന്നത് എന്ന് കറുത്തവർക്കു തോന്നിത്തുടങ്ങിയിരുന്നു. നാട്ടിൽ വരേണ്യ വർഗ്ഗമായി വിശേഷിക്കപ്പെട്ടു ഇവിടെ എത്തിയ ബ്രൗൺ നിറക്കാർ വെള്ളക്കാരിൽനിന്നും കറുത്തവരിൽനിന്നും അകന്നു സ്വന്തം ജോലിയും കാര്യങ്ങളുമായി നിഴലുകളിൽ ഒതുങ്ങി ജീവിച്ചു തുടങ്ങിയിരുന്നു. പലപ്പോഴും സ്കൂളിലെ അദ്ധ്യാപകരുടെയും മറ്റു മറ്റുവർഗ്ഗക്കാരിൽനിന്നും മക്കൾ അനുഭവിക്കുന്ന വ്യഥകളെപ്പറ്റി അറിവില്ലായിരുന്നു; അല്ലെങ്കിൽ അവർ മാതാപിതാക്കളോട് പറയാൻ ശ്രമിക്കാറുമില്ലായിരുന്നു.
അമേരിക്കയിലെ മലയാളി സംഘടനകളും മാധ്യമങ്ങളും വളരെ അപര്യാപ്‌തമായ ഇടങ്ങളായി, അതുകൊണ്ടു മതപരമായ കൂടിച്ചേരുകൾ ശക്തമായി. അവ ഭിന്നമായി നിലയുറപ്പിച്ചിരുന്നതിനാൽ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അമേരിക്കൻ മലയാളികൾ വിവിധതട്ടുകളിലായ ഇന്നും നിലയുറപ്പിച്ചിരിക്കുന്നു. അമേരിക്കൻ മലയാളികളെക്കുറിച്ചു പറയാൻ യോഗ്യതയുള്ള ഒരു പൊതുസ്ഥലവും ഇന്നും നിലവില്ല എന്നതാണ് പരിതാപകരമായ അവസ്ഥ.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉണ്ടാക്കിയത്. അമേരിക്കൻ കോർപറേറ്റ് ഭീമന്മാരുടെ തലപ്പത്തു നിരവധി ഇന്ത്യക്കാർ, അമേരിക്കൻ രാഷ്ട്രീയത്തിലും, മാധ്യമരംഗത്തും, അക്കാഡമിക് മികവിലും , കലയിലും സാഹിത്യത്തിലും, സിനിമയിലും എണ്ണപ്പെടാവുന്ന സാന്നിധ്യമാണ് ചുരുങ്ങിയ കാലയളവിൽ അമേരിക്കയിൽ ഇന്ത്യക്കാർ സൃഷ്ട്ടിച്ചത്. വളരെ ചെറിയ കൂട്ടമാണെങ്കിലും മലയാളികളും കഠിനപരിശ്രമം കൊണ്ട് മികച്ച സമൂഹമായിമാറി. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ഫോർട്ട് ബെൻ കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റീവ് ലീഡർ ആനി പോൾ, നിരവധി സിറ്റി മേയർമാർ, കൌൺസിൽ അംഗങ്ങൾ ഒക്കെ തങ്ങളുടെ പാടവം തെളിയിച്ച മലയാളികളായുണ്ട്. ന്യൂയോർക്ക് ടൈംസ് പ്രകീർത്തിച്ച എഴുത്തുകാരൻ ഡോക്ടർ എബ്രഹാം വർഗീസ്, അമേരിക്കൻ ഫെഡറൽ സംവിധാനത്തിൽ തിളക്കമുള്ള ഫാദർ അലക്സാണ്ടർ കുര്യൻ, പ്രസിഡന്റ് ഒബാമയോടൊപ്പം സഹചാരിയായിരുന്ന മനു വർഗീസ് ഒക്കെ ചില വ്യക്തികൾ മാത്രം.
മലയാളികളുടെ അടുത്തതലമുറ വെള്ളക്കാരിൽനിന്നും കറുത്തവരിൽനിന്നും ഒരു അകലം പാലിച്ചു കൊണ്ടുതന്നെ അവരുടേതായ ഇടം കണ്ടു പിടിക്കാൻ ഉത്സാഹിക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഇപ്പോഴത്തെ തലമുറ അതു വീക്ഷിക്കുന്നത്. അമേരിക്കയിൽ മലയാളികൾ നേരിടുന്ന വർഗീയ വിദ്വേഷവും ഒറ്റപ്പെടുത്തലും അവർ അറിഞ്ഞുകൊണ്ടുതന്നെ, തങ്ങളുടെ കഠിന പരിശ്രമം കൊണ്ട് അതിനു മറുപടി കൊടുത്തുകൊണ്ട് മുന്നോട്ടു പോകുകയാണ്. മലയാളിസത്വവും പേറിക്കൊണ്ട് നാടിനെ പ്രണയിക്കുന്ന അമേരിക്കൻ മലയാളി, തന്റെ പുതിയ തലമുറയ്ക്ക് കൈമാറുന്നത് കുറച്ചു വിശ്വാസങ്ങളും, മൂല്യങ്ങളും, ഭാഷയും സംസ്കാരവും മലയാളനാടിനെപ്പറ്റിയുള്ള ഒരുപിടി ഓർമ്മകളുമാണ്. നാടൻകൃഷി മുതൽ, വള്ളംകളിയും ചെണ്ടമേളവും ഉത്സവങ്ങളും പെരുന്നാളുകളും സംഘടനാരാഷ്രീയവും, സിനിമയും നാടകവും, പാരവെയ്പുകളും എല്ലാം പൂത്തുലഞ്ഞു നിൽക്കുകയാണ് ഏഴുലക്ഷം വരുന്ന അമേരിക്കൻ മലയാളികളിൽ.
ഇപ്പോൾ അടുത്ത തലമുറ വിവാഹം കഴിച്ചു തുടങ്ങി. വെള്ളക്കാരുമായുള്ള വിവാഹത്തിന് വലിയ തടസ്സം ഉണ്ടാക്കിയില്ല, എന്നാൽ കറുത്തവർഗ്ഗക്കാരുമായുള്ള വിവാഹം നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമിക്കുകയും ചെയ്തു. പക്ഷെ ഇവിടുത്തെ അവസ്ഥയിൽ ഒന്നും നിർബന്ധിക്കാൻ പറ്റാത്തതിനാൽ കറുപ്പായാലും വെളുപ്പായാലും എങ്ങനെയെങ്കിലും കുട്ടികൾ വിവാഹം കഴിക്കട്ടെ എന്ന് മാത്രമാണ് മലയാളികൾ ആഗ്രഹിച്ചുതുടങ്ങിയത്. വിവാഹത്തിന് താല്പര്യമില്ലാത്ത ഒരു വലിയകൂട്ടം മലയാളികുട്ടികൾ അവിടവിടെയായി ഉള്ളതിനാൽ, അമേരിക്കയിലെ പുതുതലമുറയെക്കുറിച്ചു അൽപ്പം ആശങ്ക ഇല്ലാതില്ല. എല്ലാവരെയും ഡോക്ടറും എഞ്ചിനീറും ആക്കാൻ പറ്റാത്ത കുറേപ്പേർ, മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്തു ഉയരാൻ സാധിക്കാത്ത കുട്ടികൾ, സ്വന്തമായി ഒരു സ്ഥാപനം നടത്താൻ ചങ്കുറപ്പില്ലാത്തവർ ഒക്കെ അമേരിക്കൻ മലയാളി തലമുറയുടെ വലിയ ഒരു ഭാഗമാണ്. ആദ്യ തലമുറകൾ യാത്രപറഞ്ഞുതുടങ്ങി. ഇനി താമസിയാതെ അവശേഷിക്കുന്ന രണ്ടാം തലമുറ കേരളരാഷ്ട്രീയവും, ഇന്ത്യയിൽ ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളും ഒക്കെ ചർച്ചചെയ്തു കൊണ്ടു പോകും. അതിനടുത്ത തലമുറ 'മൈ പേരെന്റ്സ് ആർ സംവെയർ ഫ്രം ഇന്ത്യ' എന്ന് പരിചയപ്പെടുത്തും. അതിൽ അധികം പേരും പണം കൊടുത്തു പള്ളിയിലും സമുദായത്തിലും ഒന്നും പ്രവർത്തിക്കാൻ താല്പര്യപ്പെടുകയുമില്ല. ഇതൊന്നും ആവശ്യമില്ലാത്ത അമേരിക്കൻ ഉരുക്കുമൂശയിൽ അവർ അലിഞ്ഞുചേരും.