മാർ തോമ്മാശ്ലീഹായുടെ പരിശുദ്ധ യുക്തിവാദം

st-thomas
SHARE

ചോദ്യം ചെയ്യലില്ലാതെ വിഴുങ്ങുന്ന ശരികൾ സാമൂഹിക പുരോഗതിക്ക് പരിഹാരങ്ങൾ കാണുന്നതിൽ പരാജയപ്പെടും. യുക്തി, സംശയം, നിഷ്‌പക്ഷമായ വിലയിരുത്തൽ ഒക്കെ ഒരു ശരാശരി സത്യത്തെ ഉറപ്പിക്കാൻ അനിവാര്യമാണ്. പരിഹരിക്കാൻ പറ്റാത്തവ പ്രശ്‌നമായിതന്നെ നിലനിൽക്കും. അങ്ങനെ അവ നിലനിൽക്കുക തന്നെ വേണം. സാമൂഹിക ശാസ്ത്രജ്ഞർ വിവക്ഷിക്കുന്ന 'പോസിറ്റീവിസം' എന്ന തത്വചിന്ത,  സ്വാഭാവികമായ പ്രതിഭാസം തന്നെയാണ്. വസ്‌തുതകള്‍ വിവേചനത്തോടെ സമീപിക്കപ്പെടണം. വെള്ളത്തിൽ കാണുന്ന മുഖം യാഥാർഥത്തിലുള്ളതല്ല, മാനസീകമായ കാഴ്ചകളെ അടിസ്ഥാനപ്പെടുത്തി യുക്തി ചിട്ടപ്പെടുത്താനാവില്ല. അതുകൊണ്ടു അറിവുകൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കണം. ഈ പോസിറ്റീവിസം ആണ് എല്ലാ ശാസ്ത്ര പാഠങ്ങളുടെയും അടിസ്ഥാനം. 

തോമസ് അപ്പോസ്തോലനാവണം ആദ്യത്തെ പ്രകൃതിതത്ത്വജ്ഞാനവാദി (Positivist). അദ്ദേഹം തന്നെയാവണം  പരിചയമാര്‍ഗം (Empiricism, അനുഭവം മാത്രമാണ്‌ ജ്ഞാനത്തിനു കാരണമെന്നുള്ള വിശ്വാസം) എന്ന ചിന്താധാരയുടെ സ്ഥാപകന്‍. വിശ്വാസത്തിനു ആധാരമാകേണ്ടത് യുക്തിസഹജമായ തെളിവുകളാണ് എന്നത് വിശ്വാസത്തെ നിഷേധിക്കലല്ല. ഞങ്ങൾ ഉയർക്കപ്പെട്ട യേശുവിനെ കണ്ടു എന്ന് മറ്റു ശിഷ്യർ തോമസിനോട് പറയുന്നു. ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് തോമസ് തർക്കിക്കുന്നു.  

മറ്റു ശിഷ്യന്മാർക്കും യേശു ആണിപ്പാടുകൾ കാട്ടിക്കൊടുത്തിരുന്നു. ഇത്തരം  ഒരു ചിന്തയും സമീപനവും യേശുവിന്റെ അടുത്ത സുഹൃത്‌വലയത്തിൽ നടപ്പുള്ളതായിരുന്നിരിക്കാം. ഇവർ തമ്മിൽ പരസ്പരം തർക്കവും വാദങ്ങളും തെളിവുകൾ ആവശ്യപ്പെടുന്നതും ഒക്കെ സാധാരണമായിരുന്നിരിക്കാം. അങ്ങനെയാണല്ലോ ഒരുകൂട്ടമായി ഒരു പുതിയ ചിന്താധാര രൂപപ്പെടുന്നതും. വെറുതേ എന്തെങ്കിലും പറഞ്ഞു വിശ്വസിക്കാൻ പ്രേരിപ്പിച്ചാൽ ആ വിശ്വാസങ്ങൾ ഒന്നും നിലനിൽക്കില്ല. യേശുവിനും ഇത് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് തെളിവുകളുമായി തോമസിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല, വിലാപ്പുറത്തു കൈയ്യിടുവാൻ അനുവദിക്കയും ചെയ്യുന്നു. ഉയർത്തെഴുനേറ്റശേഷം എന്നെ തൊടരുത് എന്ന് മറിയയോട് യേശു പറയുന്നുണ്ട്. എന്നാൽ എല്ലാ മാന്യതയോടും കൂടെത്തന്നെ തന്റെ ഉയർക്കപ്പെട്ട ശരീരത്തെ തൊടാൻ തോമസിനെ സ്വാഗതം ചെയ്യുന്നു. 

bible-story

എംപിരിസിസം അല്ലെങ്കിൽ അനുഭവവാദം, പ്രകൃതി ശാസ്‌ത്രത്തിൽ പൊതുവെ ഉപയോഗപ്പെടുത്തുന്ന ഒരു പദമാണ്. ജ്ഞാനസമ്പാദനത്തിന് നിദാനം ഇന്ദ്രിയാനുഭവമാണ് എന്ന സിദ്ധാന്തമാണ് അനുഭവവാദം. ഏതൊരു ആശയത്തിന്റെയും പ്രസ്താവനയുടെയും വാസ്തവികത നിർണയിക്കുന്നതിനുള്ള അന്ത്യപരീക്ഷണം മനുഷ്യന്റെ അനുഭവം തന്നെയാണെന്ന സിദ്ധാന്തം അനുഭവവാദത്തിന്റെ മറ്റൊരു രൂപമാണ്. ഇത് പരീക്ഷണത്തെ പൂർണ്ണമായി ഉൾകൊണ്ടുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലി ആണ് തോമസ് അനുവർത്തിച്ചത്.  

യേശു തോമസിനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. അവിശ്വാസിയായ തോമസ് എന്ന പൊതുവേ വിരൽചൂണ്ടപ്പെടുമ്പോഴും, വ്യക്തമായ തെളിവുകൾ കൂടാതെ നിങ്ങൾ പറയുന്നത് വിശ്വസിക്കുക ശരിയല്ല എന്ന് നേരിട്ട് പ്രസ്താവിക്കുകയാണ്. മറ്റു ശിഷ്യന്മാരോട് തർക്കിക്കാനുള്ള മാനസീക സമ്മർദം ആ വ്യക്തിവൈശിഷ്‌ട്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനു മുൻപും ഇത്തരം പെരുമാറ്റങ്ങൾ തോമസിൽനിന്നും ഉണ്ടായിട്ടുണ്ട്.  

യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായത്തിൽ യേശു പിതാവിന്റെ ഭവനത്തിലേക്ക് പോകുന്നു, വഴി നിങ്ങൾക്കറിയാമല്ലോ, ഞാൻ വന്നു കൊണ്ടുപോകാം എന്നൊക്കെ പറയുന്നു. കാര്യങ്ങൾ അപ്പടി വിഴുങ്ങുവാൻ തോമസ് തയ്യാറായില്ല. തോമസ് മുഖത്തടിച്ചതുപോലെ പ്രതികരിച്ചു, കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും? ഇവിടെയാണ് സാമൂഹ്യശാസ്ത്രത്തിലെ പോസിറ്റീവിസം ചർച്ചചെയ്യപ്പെടുന്നത്. അന്വേഷണാത്മകമായ  ചോദ്യങ്ങൾ സത്യത്തെ നിഷേധിക്കലല്ല, സത്യത്തെ ഉറപ്പിക്കലാണ്. 

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് തത്ത്വചിന്തകന്‍ അഗാസ്തെ കോമ്പതേ സത്യം തിരിച്ചറിയാനുള്ള മൂന്നു അവസ്ഥകളെക്കുറിച്ചു പറയുന്നുണ്ട്. ദൈവശാസ്‌ത്രപരമായ, ഭൗതികാതീതമായ, യഥാര്‍ത്ഥമായ, എന്നീ നിലകളിൽ ഓരോ സത്യത്തെയും അപഗ്രഥിക്കണം. അത് മാനവീയമായ ഒരു അവകാശമാണ്. അത് തീർത്തും ഉൾകൊണ്ട ഒരു വ്യക്തിത്വമായിരുന്നു തോമസ് അപ്പോസ്തോലൻ. യേശു മറുപടി പറയുന്നു ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. ക്രിസ്തുമതത്തിന്റെ വഴിയും ലക്ഷ്യവും മാർഗ്ഗവും എന്ന അടിസ്ഥാന സത്യം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. തോമസിന്റെ ഇത്തരം ചൊടിപ്പിക്കുന്ന ചോദ്യങ്ങളാണ് ക്രിസ്തുമതചിന്തയുടെ ആധികാരിക ശിലയായി മാറിയത്. വളരെ നിഷ്‌കളങ്കമായ ഒരു ചോദ്യം ഉദ്ദീപിപ്പിച്ച സത്യത്തിന്റെ പൊരുൾ ഇന്നും ലോകം തിരയുകയാണ്.

വിശ്വാസങ്ങൾ രൂപപ്പെടുത്തേണ്ടത് കാലത്തിനൊത്തുപോവുന്ന അടിസ്ഥാനശിലകളുടെ ഉറപ്പിന്റെ പേരിലാവണം. അതാണ് തോമസ് അന്വേഷിച്ചത്. വിശ്വാസത്തിന്റെ അപ്പോസ്തോലനു യുക്തിസഹജമായ അന്വേഷണം, തമ്മില്‍തമ്മിലുളള നിഷേധിക്കലല്ല. വിശ്വാസം പരിപൂർണ്ണമാകണമെങ്കിൽ ഉപരിവിപ്ലവമായ ആശയങ്ങൾകൊണ്ട് നിർമ്മിക്കുന്ന ചുള്ളിക്കമ്പുകളുടെ കൊട്ടാരമല്ല ഉയർത്തേണ്ടത്; ഒരു യുഗസന്ധിയിലും തകരാത്ത ഉറച്ച വസ്തുതകളുടെ സത്യചങ്ങലകൾകൊണ്ടായിരിക്കണം ബന്ധിക്കപ്പെടേണ്ടത് എന്ന് തോമസിനു വ്യക്തമായിരുന്നു

അത്തരം ഒരു സ്വയം അന്വേഷണത്തിന്റെ ഭാഗമായിട്ടാവണം അടച്ചിരുന്ന മുറിയിൽ നിന്നും തോമസ് തനിയെ പുറത്തുപോയത്. ചില സത്യങ്ങൾ തൊട്ടറിയുകതന്നെവേണം, അനുഭവത്തിലൂടെ ആർജിക്കുന്ന അറിവിന് പരിധികൾ ഉണ്ടാവില്ല. ആപേക്ഷികമായ അറിവുകൾ നിരന്തരം  പുനഃപരിശോധിക്കുക ആവശ്യമാണ്, അനുമാനങ്ങൾ, നിഗമങ്ങൾ,സംഭവ്യത ഒക്കെ വിശകലനം ചെയ്തു,  കൃത്രിമത്വം ഒഴിവാക്കി സത്യം ഉറപ്പാക്കികൊണ്ടിരിക്കണം. പിന്നെ മറ്റു ശിഷ്യന്മാരിൽനിന്നും വേറിട്ട ഒരു ദിശയിൽ സഞ്ചരിക്കാനുള്ള ഒരു മനസ്സൊരുക്കമാണ് റോമാസാമ്പ്രാജ്യ അതിരുകൾവിട്ടു ചൈനവരെയുള്ള ദീർഘമായ നീണ്ട യാത്രകളിലൂടെ ക്രിസ്തുവിന്റെവഴി തെളിയിച്ചുപോയത്.   

1623 -ൽ ചൈനയിലെ സിയാൻ ഫു പ്രിവിശ്യയിൽ നിന്നും കണ്ടെടുത്ത, 635 -ൽ ചൈനയിൽ എത്തിച്ചേർന്ന ആല്ഒബെൻ എന്ന നെസ്തോറിയൻ മിഷനറിയുടെ സ്മാരകശില തോമസ് അപ്പോസ്തോലന്റെ പാതയുടെ വിസ്തൃതി അടയാളപ്പെടുത്തുന്നു. അന്ന് അവിടം ഭരിച്ചിരുന്ന എമ്പറർ ഗാവോസോങ്, ആല്ഒബെനു ബഹുമാനസൂചകമായി 'സാമ്പ്രാജ്യത്തിന്റെ സംരക്ഷകൻ, വലിയ നിയമത്തിന്റെ പ്രഭു' എന്ന സ്ഥാനനാമം കൊടുത്തതായും പ്രാചീന ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. (Aluoben, a Nesthorian Missionary in the 7 th Centuary China by Kahar Barat, Harvard University). വിശാലമായ പൗരസ്ത്യ ദേശങ്ങളിൽ ക്രിസ്തുസന്ദേശം എത്തിക്കുവാൻ കടലുകളും കൊടുമുടികളും താണ്ടി, താൻ ഉറപ്പിച്ചെടുത്ത വിശ്വാസസംഹിതകൾ അവിടവിടെയായി പാകി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു തോമസ് അപ്പോസ്തോലൻ. ഒന്നും വെട്ടിപിടിക്കുകയായിരുന്നില്ല; ഒരു വലിയ ലോകത്തെ സ്നേഹത്തിന്റെ സുവിശേഷത്തിൽ മുക്കിയെടുക്കുകയായിരുന്നു.     

ആംഗ്ലോ സാക്സൺ ക്രോണിക്കിൾ പ്രകാരം AD 883 -ൽ വെസ്സക്സ് മഹാരാജാവ് ആൽഫ്രഡ്‌ ദി ഗ്രെയിറ്റ്, അപ്പോസ്തോലന്മാരായ തോമസിന്റെയും ബെർത്തലോമയുടെയും കബറുകളിലേക്കു നേർച്ചകൾ അർപ്പിക്കാൻ രണ്ടു പേരെ ഇന്ത്യയിലേക്ക് അയച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ലണ്ടനിൽ വൈക്കിംഗ് സേന നടത്തിയ ആക്രമണങ്ങളെ ചെറുക്കാൻ അനുഗ്രഹിച്ച ദൈവത്തിനു നേർച്ചയായിട്ടു, തൻറെ പ്രതിജ്ഞയുടെ നിറവേറ്റൽ ആയിട്ടാണ് രാജാവ് ഇത് ചെയ്യുന്നത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ ആംഗ്ലോ സാക്സൺ ദിനവൃത്താന്തങ്ങളിൽ കാണപ്പെടുന്ന പ്രകാരം, ഭാരതത്തിന്റെ അപ്പോസ്തോലൻ പുണ്യവിശ്രമം  കൊള്ളുന്ന പ്രദേശത്തെപ്പറ്റി റോമിലും പാശ്ചാത്യദേശത്തും പ്രസിദ്ധമായിരുന്നു എന്നാണ് കൂട്ടിവായിക്കേണ്ടത്. അവിടേക്കുള്ള തീർത്ഥയാത്രകളും വഴിപാടുകൾ പോലും പ്രസിദ്ധമായിരുന്നിരിക്കണം. ബോധപൂർവമായ തുടച്ചുനീക്കലുകളിൽ നമ്മുടെ ഇടങ്ങളിൽ  ചരിത്രം കൈമോശം വന്നിരിക്കാം അത് വേദനിക്കുന്ന ഭൂതകാലത്തിന്റെ ആശങ്കകളായി നിലനിൽക്കട്ടെ. 

ജൂലൈ മൂന്ന്, ഭാരതത്തിന്റെ അപ്പോസ്തോലൻ എന്ന് വിശേഷിക്കപ്പെടുന്ന സെന്റ് തോമസിന്റെ ഓർമ്മദിനം. ഭാരതീയ ക്രൈസ്തവസഭയുടെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും മുദ്രയാണ് ക്രിസ്തുവർഷം 52-ൽ തോമസ് അപ്പോസ്തോലൻ  കൊടുങ്ങല്ലൂർ (മസൂറിസ്‌) എത്തിയെന്നും ക്രിസ്തുവർഷം 72-ൽ മൈലാപ്പൂരിൽ വച്ച് രക്തസാക്ഷിയായി എന്നുമുള്ള വിശ്വാസം. വായ്മൊഴിയായും വരമൊഴിയായും പാരമ്പര്യം കൈമാറി ഫിക്‌ഷനും ചരിത്രവുമായി ഇണപിരിഞ്ഞു കിടക്കുന്ന സംഭവങ്ങളെ പൊടിതട്ടി എടുക്കുകയല്ല എന്റെ ഇപ്പോഴത്തെ ഉദ്ദേശം. 

മറ്റുശിഷ്യന്മാർക്കു ഉയർത്തെഴുനേറ്റ യേശു തൻറെ കയ്യും വിലാപ്പുറവും കണിച്ചു. എന്നാൽ ആദ്യതവണ തോമസ് അവരോടൊപ്പം ഉണ്ടായിരുന്നില്ല. 8 ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. യേശു തോമസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. തോമസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ (My Lord and my God) എന്ന് പ്രതികരിച്ചു. യേശുവിനെക്കുറിച്ചു ഇത്രയും തീഷ്ണമായ ഒരു സാക്ഷ്യം ക്രിസ്ത്യൻ എഴുത്തുകളിൽ അപൂർവമായി  മാത്രമേ കടന്നു വന്നിട്ടുള്ളൂ. അത് തോമസിനു അവകാശപ്പെട്ടതാണ്, അങ്ങനെയാണ് ആ അപ്പോസ്തലൻ ഓർക്കപ്പെടേണ്ടതും. സംശയിക്കുന്ന തോമസ് എന്നല്ല, വിശ്വാസികളുടെ അപ്പോസ്തോലൻ എന്നാണ് തോമസിനെ അടയാളപ്പെടുത്തേണ്ടത്.  

‌ഇരട്ട എന്ന് വിശേഷിക്കപ്പെടുമ്പോഴും ആരാണ് ഇരട്ട സഹോദരനെന്നു വ്യക്തമല്ല. ക്രിസ്തുവിനു ശേഷം ഏതാണ്ട് ഒരു നൂറ്റാണ്ടോടെ ക്രോഡീകരിക്കപ്പെട്ട  സുവിശേഷകർത്താക്കളിൽ മത്തായിയും യോഹന്നാനുമാണ് ശിഷ്യന്മാരായി യേശുവിനൊപ്പം സഞ്ചരിച്ചിരുന്നവർ. യോഹന്നാൻ വളരെ കൃത്യമായി തോമസിനെപ്പറ്റി കുറിക്കുമ്പോൾ, ശിഷ്യന്മാരിൽ വളരെ പ്രത്യേകതയുള്ള ഒരു വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു എന്നാൽ ആദ്യ സുവിശേഷങ്ങളിൽ പത്രോസിനു പ്രാമുഖ്യം നൽകപ്പെടുന്നത് വിചിത്രമായി തോന്നാം. അതിന്റെ പിറകിലെ ചേതോവികാരം അപ്പോഴത്തെ ചിതറിയ എഴുത്തുകൾ ക്രോഡീകരിച്ചവരുടെ മാനസീക അവസ്ഥയാണെന്ന് അനുമാനിക്കുകയെ തരമുള്ളൂ.  

അപ്പോസ്തോലന്മാരുടെ അപ്പോസ്തോലൻ എന്ന് വിശേപ്പിക്കാൻ പറ്റിയ ഒരു അവസരമാണ് യേശുവിന്റെ സ്നേഹിതനായ ലാസർ മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ ഉണ്ടായ സംഭാഷണം. യോഹന്നാന്റെ സുവിശേഷം 11 -)൦ അദ്ധ്യായത്തിൽ വിവരിക്കുന്നു. നിദ്രയെക്കുറിച്ചും മരണത്തെക്കുറിച്ചും, പകലിലെയും  രാത്രിയിലെയും  സഞ്ചാരത്തെയും ഒക്കെ യേശു ഫിലോസഫിക്കലായി പറയുന്നു. കല്ലെറിയാൻ സാദ്ധ്യതയുള്ളതിനാൽ യഹൂദ്യയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് ശിഷ്യന്മാർ ആവശ്യപ്പെടുമ്പോഴും, യേശു യാത്രതിരിക്കാൻ ഒരുങ്ങുന്നു. ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു. ഇത് വീണ്ടും ക്രൈസ്തവ വിശ്വാസത്തിന്റെ വളരെ കാതലായ ഒരു സത്യമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. 

ക്രിസ്തുവിനോടുകൂടി മരിക്കാൻ പോകുക എന്നതാണ് ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷം. ഇത് യേശുവിന്റെ സാന്നിധ്യത്തിൽ തോമസ് മറ്റു ശിഷ്യന്മാരോട് ആവശ്യപ്പെടുകയാണ്. യേശുവിന്റെ ഉപദേശങ്ങളുടെ സംക്ഷിപ്ത സമാഹാരമാണ് 'അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക' എന്ന ചുരുങ്ങിയ വാക്കുകളിൽ തോമസിൽ നിന്നും അടർന്നുവീണത്. കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു, പിന്നീട് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെപോലെയായിരുന്നില്ല തോമസ്, അവനോടുകൂടെ പോകുക എന്നുപറഞ്ഞിട്ടു ധൈര്യപൂർവ്വം യേശുവിന്റെ പിന്നിൽ അണിനിരക്കാൻ എഴുനേറ്റുകാണണം. ആ ധൈര്യത്തിലാവണം മറ്റുള്ളവരും കൂടിയത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുരിശെടുത്തു എന്നെ അനുഗമിക്കുക എന്ന വഴികാട്ടിക്കൊടുക്കൽ; ദുരിതപൂർണ്ണമായ ലോകത്തിൽ വെല്ലുവിളികളെ സധൈര്യം നേരിടുവാനുള്ള ഒരു ആഹ്വാനം, പിതാവിലെത്തിച്ചേരുന്ന പൂർണ്ണത, ഇത്തരം  മൗലികമായ ക്രിസ്തുസിദ്ധാന്തം തോമസിൽകൂടി വെളിപ്പെടുകയായിരുന്നു. ഇങ്ങനെയുള്ള തോമസ് അപ്പോസ്തോലൻ എങ്ങനെ ആദിമകാല പണ്ഡിത പരാമർശങ്ങളിൽനിന്നും മങ്ങിപ്പോയി എന്ന് ചിന്തിക്കേണ്ടതുണ്ട്.  

തോമസ് അപ്പോസ്തോലന്റെ ഭാരതത്തിലെ സുവിശേഷീകരണത്തെ സംശയിക്കുകയും ചെറുതാക്കുകയും ചെയ്യുന്നതിൽ അക്രൈസ്തവരിൽ നിന്നുള്ള വിവേചനത്തെക്കാൾ ക്രൂരമായി തരം താഴ്ത്തുകയും ചെയ്യുന്നത് ചില ക്രിസ്തീയ സമൂഹങ്ങൾ തന്നെയാണ്. കോളനിവൽക്കരണത്തിന്റെയും, വർണ്ണവെറിയുടെയും നിഴലിൽ ഭാരത ക്രൈസ്തവ സമൂഹത്തെ തരം താഴ്ത്താൻ ശ്രമിക്കുമ്പോൾ അപ്പോസ്തോലന്മാരുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ അപ്പോസ്തോലൻ തോമസ്, നൽവരം ലഭിക്കാത്ത, നിറംകുറഞ്ഞ, വിലകുറഞ്ഞ അപ്പോസ്തോലനായി ഇന്നും വേട്ടയാടപ്പെടുന്നു. ജീസസിന്റെ തിരുവിലാവിൽ കൈ ചേർത്തുപിടിക്കാൻ ഭാഗ്യം ലഭിച്ച ഏക അപ്പോസ്തോലൻ, ഭാരതത്തിന്റെ മണ്ണിൽ തന്റെ ശരീരവും രക്തവും അലിഞ്ഞു ചേർന്ന് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യർ രണ്ടായിരം വർഷങ്ങളായിട്ടും എല്ലാ എതിർപ്പുകളെയും അവഗണിച്ചു ഭാരതത്തിന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ തെളിവ്, ഏറ്റവും വലിയ നിറവ്, ഏറ്റവും വലിയ കനിവ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.