വിശ്വാസങ്ങളുടെ പരീക്ഷണകാലം

korason-1
SHARE

ജോസഫേട്ടനെ ആരെങ്കിലും രക്ഷിക്കണം അല്ലെങ്കിൽ പുള്ളി ആത്മഹത്യ ചെയ്തുകളയും, ഈയിടെ സംഭാഷണത്തിൽ ഒരു സുഹൃത്ത് വളരെ സീരിയസ് ആയ കാര്യം അവതരിപ്പിച്ചു. ഈ കോവിഡ് കാലത്തു വീടുവിട്ടിറങ്ങാതായിട്ടു മാസങ്ങളായി. അതിനിടെ അറിയാവുന്ന ചിലർ കോവിഡ് ബാധിച്ചു മരിച്ചു, ചിലർ രക്ഷപെട്ടു. അൽപ്പം രോഗങ്ങളും പ്രായത്തിന്റെ തളർച്ചയും കൂടിയുള്ളതിനാൽ ജോസഫേട്ടൻ കമ്പ്യൂട്ടർ സൂം പ്രോഗ്രാം വഴിയായി ചില പ്രാർഥന കൂട്ടായ്മകളിൽ പെട്ടു. കുറച്ചു മനസമാധാനം അങ്ങനെ ലഭിച്ചോട്ടെ എന്ന് കരുതി. അങ്ങനെ ദിവസം മൂന്നും നാലും സൂം പ്രാർഥനകൾ, അതും മണിക്കൂറുകൾ നീണ്ട വിലാപങ്ങൾ. 

അൽപ്പസമയം ഒന്ന് കേറിക്കാട്ടെ എന്ന ചിലരുടെ നിർബന്ധങ്ങൾ മൂലമാണ് നിരുപദ്രവിയായ ഇത്തരം പ്രാർഥനകൂട്ടങ്ങളിൽ ചെന്ന് പെടുന്നത്. ഭാര്യ കടുത്ത പ്രാർഥനക്കാരിയായതിനാൽ കുടുംബ സമാധാനം നിലനിർത്തേണ്ടത് ആവശ്യവുമാണ്. ലോകത്തിലുള്ള മുഴുവൻ പ്രശ്നങ്ങളും വ്യക്തിപരമായി അറിവിലും കേട്ടറിവുള്ള എല്ലാ ഇടങ്ങളിലെയും പ്രശ്നങ്ങളും അവതരിപ്പിച്ചാണ് കൂട്ടായ്മ പ്രാർത്ഥന പൊടി പൊടിക്കുന്നത്. അപ്പാ അപ്പച്ചാ, ഞങ്ങളുടെ പാപത്തെ ഓർത്തു ശിക്ഷിക്കരുതെ എന്ന് തുടങ്ങി എന്ന് കരഞ്ഞുവിളിച്ചു അലതലമുറ വിട്ടുള്ള മണിക്കൂറുകൾ നീണ്ട വിലാപ വിസ്ഫോടനങ്ങൾക്കു  സ്ഥിരം ആളുകളും വിഷയങ്ങളുമാണ്. 

ഇനിയും ആർക്കെങ്കിലും എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്ന് തിരക്കുമ്പോളാണ് ജോസെഫേട്ടന് ഒന്ന് വായ്തുറക്കാൻ അവസരം ഉണ്ടാവുക.  അപ്പോഴേക്ക് വിഷയങ്ങൾ അവശേഷിക്കാത്തതുകൊണ്ട് ഈ മഹാപാപിയെ ഓർത്തു ലോകത്തെ നശിപ്പിക്കരുതേ എന്ന അറ്റകൈ പ്രയോഗമാണ് ജോസഫേട്ടൻ ഉപയോഗിക്കാറ്. ഇത്തരം നിരവധി പ്രാർത്ഥനകൾ കഴിയുമ്പോഴേക്കും ഹൃദയരോഗിയായ ജോസ‌ഫേട്ടന് ആകെ മാനസികരോഗം മൂർച്ഛിക്കും. ആരോട് പറയാനാണ് എന്ന് നിരുവിച്ചിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് ഒരു സ്മാൾ അടിക്കാൻ ക്ഷണിക്കുന്നത്.  ചുമ്മാ ഒന്ന് നടക്കാനിറങ്ങുവാ എന്ന് വിളിച്ചു കൂവിയിട്ടു സ്പീഡിൽ നടന്നു. ദൂരെ പാർക്ക് ചെയ്തിരുന്ന ചങ്ങാതിയുടെ കാറിൽ നിന്നും ഒരുലേശം വീശിക്കഴിഞ്ഞപ്പോഴാണ് ജോസഫേട്ടൻ തൻറെ ദാരുണ അവസ്ഥ പങ്കുവച്ചത്.  സുഹൃത്തും ഏതാണ്ട് ഇതേ അവസ്ഥയിലായിരുന്നതുകൊണ്ട്  ഒരു സമാധാനം.  

'ഈ സഭക്കാര് (മിക്കവാറും ഓർത്തഡോക്സ്കാരാവണം) പാട്ടു പാടുമ്പോൾ നന്നായി ചിരിക്കും. പാപം ഉടലിൽ ചുമക്കുന്നവരെന്നവണ്ണം കത്തോലിക്കാ പിള്ളേര് ശിരസ് കുനിഞ്ഞ് നിർവ്വേദ ഭാവത്തിൽ മുക്കിലൂടെ ഞരങ്ങും'. ഡോ. മധുസൂദനൻ സുകുമാരൻ തമ്പി അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ധ്യാനാമം... പരമ പിതാവിനെ സ്തുതിച്ചീടുന്നേൻ... ഒരു ആഗോള കൂട്ടായ്മ... പോസ്റ്റിനു താഴെ അഭിപ്രായം പങ്കുവെച്ച ഇരിങ്ങലക്കുട ക്രൈസ്‌റ് കോളേജ് റിട്ടയർഡ് പ്രൊഫസ്സർ ഡോ. സെബാസ്റ്റിയൻ ജോസഫ് ഇട്ട കമെന്റ് ആയിരുന്നു അത്. പോസ്റ്റും അതിലേറെ സെബാസ്റ്റിയൻ സാറിന്റെ കമെന്റും അസ്സലായിരുന്നു എന്ന് ഞാനും കുറിച്ചു. താമസിയാതെ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക് സുഹൃത്തായി വാഴിച്ചു. 

കഠിനമായ പാപബോധംകൊണ്ട് തലയുയർത്താൻ സാധിക്കാത്ത ഒരു കൂട്ടം കത്തോലിക്ക വിശ്വാസികളെക്കുറിച്ചാണ് അദ്ദേഹം വ്യംഗ്യാര്‍ത്ഥ പ്രയോഗം നടത്തിയെങ്കിൽ, തലയുയർത്തി പാടുന്ന ഓർത്തഡോൿസ് വിശ്വാസികളും കടുത്ത പാപബോധത്തിന്റെ നീർച്ചുഴിയിൽ അലയുക തന്നെയാണ്. വേഷത്തിലും ഭാവത്തിലും വാക്കുകളിലും അപകർഷതാബോധം വളർത്തി, നിഷ്കളങ്കരായ പാവം വിശ്വാസികളെ ഒന്നിനും കൊള്ളാത്ത കൊടും പാപികളാക്കി ബന്ധിക്കുവാനുള്ള ശ്രമം. കറുത്തവേഷം ധരിച്ചു ഭീകരരൂപികളായ ചില രൂപങ്ങൾ കാണേണ്ടി വരുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പോലും പേടിച്ചോടും. സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു കരുണകൊണ്ടു മിഴികൾ നിറയിച്ച, പാപികളെത്തേടി നടന്ന ഇടയന്റെ പ്രതിനിധികൾക്ക് എന്തിനീ ഭാവം, എന്തിനീ രൂപം എന്ന് ചിന്തിക്കാതിരുന്നില്ല. സ്നേഹവും അടുപ്പവും ഉള്ള ചിലരോടു രഹസ്യമായി പറയാറുണ്ട്, സ്വസ്ഥമായ ഉറവിയിലേക്കു ഇറങ്ങിച്ചെല്ലുക. അവിടെയാണ് ആത്മീയതയുടെ ആരാമം.  

കോവിഡ്കാലത്തെ സങ്കീർണ്ണമായ അസ്വസ്ഥതകൾ പലരുടെയും വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി അണിയിച്ചൊരുക്കിയിരുന്ന പൂജാസ്ഥലങ്ങളും മനസ്സുരുകി അർപ്പിച്ചിരുന്ന യാചനകളും ഏതോ കുത്തൊഴുക്കിൽ അപ്രത്യക്ഷമാകുമ്പോൾ എന്തിനായിരുന്നു ഇതൊക്കെ എന്ന് അറിയാതെ ചോദിച്ചു പോകുന്ന നിമിഷങ്ങൾ.ഒരിക്കലും കാണാത്ത സ്വർഗ്ഗസ്ഥനായ പിതാവിനോട് കെഞ്ചി കേഴുമ്പോൾ അൽപ്പം അവിശ്വാസത്തിൻറെ കണികകൾ ചിലപ്പോഴെങ്കിലും അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു. ഇപ്പോൾ ആർക്കും കാണാൻ സാധിക്കില്ലെങ്കിലും എല്ലാ പരിധികളും ലംഘിച്ചു കടന്നു വരുന്ന കോവിഡ് വൈറസ് , നിഷേധിക്കാനാവാത്ത സത്യമായി മുന്നിൽ വന്നു നിൽക്കുന്നു. എന്തിനീ പരീക്ഷണനം വിഭോ? ഞങ്ങളുടെ വിലാപത്തിൽ അവിടന്ന് അഭിരമിക്കുകയാണോ ? ബലിയിലും ഹോമയാഗത്തിലും നീ പ്രസാദിക്കുന്നില്ല. എവിടെ, ആർക്കാണ് ശരിയായ ഉത്തരം നൽകാനാവുക? എന്താണ് ഒരു സമാധാനത്തിന്റെ പിടിവള്ളിയായി ഉയർത്തിക്കാണിക്കാനാവുക? ഇത് പലരും ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി തന്നെയാണ്. ഇതു വിശ്വാസങ്ങളുടെ ഒരു ഇൻക്യൂബേഷൻ പീരീഡ് ആണെന്ന് പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.