ഇഡലിക്കും ഉണ്ടൊര് ആത്മാവ്

kamala-harris-idli
SHARE

ഇഡ്ഡലിക്കും ഉണ്ടൊരാത്മാവ്, ഒപ്പം കുറച്ചുചരിത്രവും ഭാവിയും കൂടിയുണ്ട്. എത്ര വിശുദ്ധമാണ് അതിൻറെ രൂപം, അത് സ്നേഹത്തിന്റെ ആവിയിൽ പൊതിഞ്ഞതാണ്. ഒരു  തെൻഇന്ത്യൻ  ജർമ്മൻകാരി ട്വിറ്റിൽ കുറിച്ചു, അത് ആവിപറക്കുന്ന സാമ്പാറും കൂട്ടിക്കഴിക്കാൻ  ഇഷ്ട്ടപ്പെടാത്ത എത്ര തെക്കെ ഇന്ത്യൻ വംശജർ ലോകത്തുണ്ട്?. രാത്രിയിലെ നക്ഷത്രങ്ങളും പകലിലെ മേഘങ്ങളും ഇല്ലെങ്കിൽ മാനത്തിനു എന്ത് ചന്തം?  ഇഡ്ഡലി അതിന്റെ കൃത്യമായ കോമ്പിനേഷൻ ചേർത്ത് വേണം കഴിക്കുവാൻ. അത് ഒരുകലയാണ്.  ഇത്രയും സരളവും ആമാശയ സൗഹൃദവുമായ ഭക്ഷണം വേറെഎന്തുണ്ട്?.

അമേരിക്കൻ വൈസ് പ്രസിഡന്റ് ആവാൻ കച്ചമുറുക്കി ഇറങ്ങിയിട്ടുള്ള തമിഴ്-പട്ടർ രക്തബന്ധമുള്ള കമല ഹാരിസും തന്റെ ഇഡ്ഡലി പ്രണയം മറച്ചുവച്ചില്ല. കമലയുടെ മാതാവ് ഇഡ്ഡലിയോടുള്ള അവരുടെ തീവ്രവികാരം തന്നിൽ അറിയാതെ സന്നിവേശിപ്പിച്ചിരുന്നു  എന്നു പറയാൻ മടിക്കുന്നില്ല. താൻ വൈറ്റ് ഹൗ‌സിൽ കയറിപ്പറ്റിയാൽ എന്തായാലും ഇഡ്ഡലി തന്റെ ഡിപ്ലോമസിയുടെ ഭാഗം ആയി ഉപയോഗിക്കും എന്ന് തന്നെയാണ് കമലചിന്തിക്കുന്നത്. ജോർജ്ജ് ഫ്ലോയ്യിഡിനു നേരേനടന്ന പൊലീസിന്റെ ക്രൂരമായ അതിക്രമങ്ങൾക്കു ശേഷം അമേരിക്ക ഒരു സാമ്പാർ പരുവമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ  വർഗ്ഗവേർതിരിവുകൾ ഉണർത്തിയ മുദ്രാവാക്യങ്ങൾ, കടുകുവറത്തറച്ച മുളകുസമ്മന്തിതേച്ച മുഖമാണ് അമേരിക്കൻ വെള്ളക്കാർക്കു നൽകിയത്. ഇങ്ങനെ കഷ്ട്ടപ്പെട്ടു, ബുദ്ധിമുട്ടി ചിലർ അമേരിക്ക വെട്ടിമുറിക്കുമ്പോൾ സമാധാനത്തിന്റെ അപ്പക്കഷണമായ തൂവെള്ളഇഡ്ഡലി, വർണ്ണവെറിയുടെ ഒടുങ്ങാത്ത ആവിയിൽനിന്നു പൊങ്ങിവരാതിരിക്കില്ല എന്നുറച്ചാണ് കമല. വൈറ്റ് ഹൌസ്സിലേക്കുള്ള ഇഡ്ഡലിക്കുട്ടകം തയാറാക്കി വച്ചിരിക്കുകയാണ് കാമല ഹാരിസ്. വലിയ താമസമില്ലാതെ ഇഡ്ഡലിയും സാമ്പാറും മണക്കുന്ന ഇടങ്ങൾ ഈസ്റ്റ് വിങ്ങിലോ വെസ്റ്റ് വിങ്ങിലോ ഉണ്ടാകും എന്നാണ് ചില കവടി നിരത്തലുകളിൽ കാണുന്നത്. 

idli-2

കോവിഡ് കാലത്തു തമിഴ്‌നാട്ടിലെ ബിജെപി തുച്ഛമായ വിലയിൽ 'മോഡി ഇഡ്ഡലി' വിതരണം ചെയ്യുന്നത് സഹിക്കാനാകാതെ, എഐഎഡിഎംകെ പാർട്ടി ജയലളിതയുടെ പേരിൽ 'അമ്മ ഇഡ്ഡലി' വിതരണം നടത്തി. അങ്ങനെ അധികാരത്തിന്റെ ഇടനാഴികളിൽ ഇഡ്ഡലി അതിന്റെ പ്രയാണം തുടരുന്നു.   

ഒൻപതാം നൂറ്റാണ്ടിലെ ചില കന്നഡ എഴുത്തുകളിൽ ഇഡ്ഡലിയെക്കുറിച്ചു  പരാമർശിക്കുന്നുണ്ട്. ഇഡ്ഡലി എട്ടാം നൂറ്റാണ്ടിൽ ഇന്തോനേഷ്യയിൽ നിന്നും ഇന്ത്യയിൽ കൊണ്ടുവന്നതാണെന്നും ദീർഘദൂരം കപ്പൽ യാത്രചെയ്ത അറബികൾ അല്ലെങ്കിൽ പോർത്തുഗീസുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നു എന്നും വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. എന്തായാലും സോമെശ്വര രാജാവിന്റെ കാലത്തു 1130 യിൽ എഴുതപെട്ട മനസോല്ലാസ എന്ന സംസ്‌കൃത പുസ്തകത്തിൽ ഇഡ്ഡലി ഒരുവിഷയമാണ്. 

rajaji-nehru

സ്വതന്ത്ര ഭാരതത്തിന്റെ ഏറ്റവും ഒടുവിലെ ഗവർണർ ജനറൽ ആയിരുന്ന സി. രാജഗോപാലാചാരിക്കും ഇഡ്ഡലിയുമായി ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്. ഇന്ത്യ സ്വതന്ത്ര റിപ്ലബിക് ആയിട്ടുള്ള  പ്രഖ്യാപനം വായിച്ചശേഷം  സി. രാജഗോപാലാചാരി ആദ്യം ചെയ്തത് അദ്ദേഹത്തിന്റെ ഇഷ്ട്ടഭക്ഷണം ആയ കാഞ്ചിപുരം ഇഡ്ഡലി കഴിക്കുവാനായിരുന്നു. അദ്ദേഹത്തിന് ഇഡ്ഡലിയുടെ വിവിധ തലങ്ങളെക്കുറിച്ചു അഗാധമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. രാജാജി എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഇഡ്ഡലി പ്രേമത്തിൽ സാക്ഷാൽ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവും വീണു. മാത്രമല്ല എഡ്വിനാമൗണ്ട് ബാറ്റൺ  വൈസ്രോയിക്കൊട്ടാരത്തിൽ ഇഡ്ഡലി ഉണ്ടാക്കുന്നതിനായി ഒരു തെക്കെ ഇന്ത്യൻ പാചകക്കാരനെ അയച്ചുകൊടുക്കണം എന്ന് രാജാജിയോട് ആവശ്യപ്പെട്ടു. പതുക്കെ നെഹ്രുവും, എഡ്വിനയോടൊപ്പം ഇഡ്ഡലി പ്രേമിയായിമാറി. അധികാര കേന്ദ്രങ്ങളെ  ഒന്നിപ്പിച്ചിരുന്ന ഏക പ്രത്യക്ഷ ഘടകം ഇഡ്ഡലി ആയിരുന്നു എന്ന് ചില ചരിത്രഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

1954 ഇൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ, ആണവ ആയുധങ്ങളുടെ ചുടലഭാവം, പുനര്‍ജ്ജന്മം, പൂര്‍വ്വനിശ്ചയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള രാജാജിയുടെ ലെക്ച്ചറിൽ  ആകൃഷ്ടനായിരുന്നു, ഒപ്പം ഇഡലിയുടെ വ്യത്യസ്ത കോമ്പിനേഷനുകളും. തീച്ചൂളയിൽ നിന്നും നിർവികാരമായ ഒരുപിടി മാവു രൂപപ്പെടുത്തുന്ന ശുദ്ധമായ റൈസ് കേക്ക് ആണ് ഇന്ന് ലോകത്തിനു സമാധാനത്തിൻറെ അടയാളം എന്നൊക്കെ നിക്സനെ ബോധിപ്പിക്കാൻ രാജാജി ശ്രമിച്ചുകാണണം. 

നെഹ്രുവിന്റെ സെക്രട്ടറി ആയിരുന്ന എം. ഓ. മത്തായി ഇഡ്ഡലിയുമായുള്ള ബന്ധം ഇന്ദിരാ ഗാന്ധിവരെ നീളുന്ന ചില ചരിത്ര സത്യങ്ങളിലേക്കു നീട്ടുന്നുണ്ട്. സാക്ഷാൽ ഇന്ദിരാ പ്രിയദർശിനിയും എം. ഓ. മത്തായിയും തമ്മിലുള്ള ചില ഇഡ്ഡലിക്കഥകൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കാണുന്നുണ്ട്. വശ്യമായ ഒരു ഇടപെടലാണ് അധികാര കേന്ദ്രങ്ങളിൽ ഇഡ്ഡലി നിർവഹിച്ചത് എന്ന് പറയാതെവയ്യ. എന്തായാലും ചൂടുസാമ്പാർ പരുവമായിരുന്ന അപ്പോഴത്തെ ഉത്തരേന്ത്യയും കടുകുവരത്തറച്ച തേങ്ങാസമ്മന്തിപരുവമായിരുന്ന ദക്ഷിണേന്ത്യയും വിഭജനത്തിന്റെ ആവിയിൽ വെന്തുഉരുകുന്ന തൂവെള്ള വസ്ത്രധാരിയായ മഹാത്മാഗാന്ധിയും, വിശുദ്ധ ഇഡ്ഡലിയും അതിന്റെ കൂട്ടുകറികളുമായി രാജാജി എല്ലാവരുടെയും മുന്നിൽ വിളമ്പി.  

രാജാജി എവിടെയൊക്കെ പോയപ്പോഴും തന്റെ ഇഡ്ഡലിക്കുട്ടകം ഒപ്പം ഉണ്ടായിരുന്നു എന്നതാണ് ഇഡ്ഡലി വൃത്താന്തങ്ങളിൽ കാണുന്നത്. ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആവാൻ രാജാജി ഒരുശ്രമം നടത്തി. അത് അത്രയ്ക്ക് അങ്ങോട്ട് ശരിയായില്ല. അതിനാൽ അദ്ദേഹം തന്റെ ഇഡ്ഡലികുട്ടകവുമായി നേരെ തമിഴകത്തേക്കു മടങ്ങി, അവിടെ ഒരു വിലസു വിലസി എന്നത് ചരിത്രം.         

anderson-idli

എന്നാൽ ഈയിടെ ഇംഗ്ലണ്ടിലെ നോർത്തുംബ്രിയ യൂണിവേഴ്സിറ്റി അധ്യാപകൻ എഡ്‌വേഡ്‌ ആൻഡേഴ്‌സൺ ചെയ്ത ഒരു ട്വീറ്റ് ഒരു ഒന്നര ട്വീറ്റ് ആയിരുന്നു. 'ഇഡ്ഡലി ഒരു അറുബോറൻ ഭക്ഷണമാണ്'. വെറും ഒരു തമാശ ആയിട്ടാണ് പുള്ളിക്കാരൻ ട്വീറ്റ് ചെയ്തത്, അത് ഒരു രാജ്യാന്തര വികാര വിക്ഷോഭം ഉയർത്തുമെന്ന് കക്ഷി മനസ്സിൽപോലും കണ്ടിരുന്നില്ല. ലോകത്തുള്ള എല്ലാ ഇഡ്ഡലി സ്നേഹികളുടെയും വികാരത്തെ മുറിപ്പെടുത്തി ഈ ചെറു വാചകം ബിബിസി മുതൽ ലോകത്തെ എല്ലാ പ്രമുഖ മാധ്യമങ്ങളും  ഏറ്റെടുത്തു. ആൻഡേഴ്സൺ ഇംഗ്ളണ്ടിൽ ആയതു ഭാഗ്യം, ഫ്രാൻ‌സിൽ ആയിരുന്നെങ്കിൽ തലയുണ്ടാകുമോ എന്ന് ചിന്തിക്കാനാവില്ല. 

ലോകത്തുള്ള എല്ലാ ഇഡ്ഡലി വിദഗ്ധരും ഇഡ്ഡലി എങ്ങനെയാണ് കഴിക്കേണ്ടത് എന്ന നിർദേശവുമായി മുന്നോട്ടുവന്നു. എംപിയും ലോകഭാഷാ നിപുണനുമായ സാക്ഷാൽ ശശി തരൂരും ഇഡ്ഡലി കഴിക്കുന്നത് എങ്ങനെയെന്നു ട്വീറ്റ് ചെയ്തു. തനി ദരിദ്രരായ സൊമാലിയക്കൊപ്പം, സിംഗപ്പൂരും , അമേരിക്കയും, സ്വിറ്റസർലണ്ടും നോർവെയും ഒക്കെ അടുക്കിവച്ചാൽ മാത്രമേ ഐക്യ രാഷ്ട്രസഭക്കു ഒരു 'ഇത്' ഉള്ളൂ എന്ന് അദ്ദേഹത്തിനെ ആരെങ്കിലും പഠിപ്പിക്കണോ. ആവിപറക്കുന്ന ഇഡ്ഡലിക്കൊപ്പം കടുകുവറത്ത തേങ്ങാസമ്മന്തിയും, പിരിയൻമുളകുപൊടിയിൽ ഉള്ളിയും മഞ്ഞളും ചേർത്ത്, അൽപ്പം നെയ്യും മേൻപൊടി ആക്കി ഇഡ്ഡലി കഴിച്ചാൽ ഭൂമിയിലെ സ്വർഗ്ഗത്തിനു സമം വേറെ ഒന്നും ഇല്ല എന്നാണ് അദ്ദേഹം കുറിച്ചത്. ശശി തരൂരിന്റെ മകൻ ഇഷാനും ഇത് ഏറ്റുപിടിച്ചു. ഇഡ്ഡലിയെ താലോലിക്കാനും ക്രിക്കറ്റ് ഇഷ്ടപ്പെടാനും ഓട്ടൻതുള്ളൽ ആസ്വദിക്കാനും എല്ലാ സംസ്കാരത്തിനും ആവില്ല കുട്ടാ എന്ന് അപ്പൻ തരൂർ മകനോടു ട്വീറ്റ് ചെയ്തു.  

ചരിത്രാദ്ധ്യാപകനായ ആൻഡേഴ്സൺ വിട്ടില്ല. സാമ്പാറും സമ്മന്തിയും ഇഷ്ട്ടമാണ് പക്ഷെ ഒരിക്കലും ഒരു മണവും ഗുണവുമില്ലാത്ത ഇഡ്ഡലി അംഗീകരിക്കാനാവില്ല.ദോശയും വടയും എത്രയോ ഭേദമാണ്. തന്റെ ഭാര്യ മാളവിക അവരുടെ മാതാപിതാക്കൾക്ക് (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ , അപരൻ ധ്വനി തുടങ്ങി നിരവധി മലയാളം സിനിമ സംവിധാനം ചെയ്ത വേണു, കേരള ചലച്ചിത്ര അക്കാദമി ചെയർ പേഴ്സൺ ആയിരുന്ന ബീന പോൾ ) ഇടയ്ക്ക് ഇഡ്ഡലി ഉണ്ടാക്കികൊടുക്കുന്നത് അദ്ദേഹം കാണാറുണ്ടായിരുന്നു. അവിടെനിന്നാണ് ഇഡ്ഡലിയെക്കുറിച്ചു  ഒരു പ്രത്യേക വീക്ഷണം അദ്ദേഹം ഉണ്ടാക്കിയത്.  ഇത്രയും ബോറനായ ഇഡ്ഡലി എങ്ങനെ ആളുകൾ ഇഷ്ട്ടപ്പെടുന്നു എന്ന് അറിയാതെ അന്തിച്ചു നിൽക്കുകയാണ് ആന്ഡേഴ്സൻ .  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.