മുറിവേറ്റ അമേരിക്ക

capitol-attack
SHARE

പ്രസിഡന്റ് ട്രംപിന്റെ യൂഎസ് സെനറ്റിലെ രണ്ടാം കുറ്റവിചാരണ, ഹൃദയമിടിപ്പോടെയാണ് കണ്ടത്. ക്യാപിറ്റോൾ കലാപം ടിവിയിൽ കണ്ടതും ന്യൂസ് കമന്ററി ശ്രദ്ധിച്ചതും ഇതൊരു രാഷ്ട്രീയ ഉടായിപ്പു നാടകം ആണെന്ന് ആദ്യം തോന്നിച്ചിരുന്നു. എന്നാൽ, സെനറ്റിലെ ഇംപീച്ച്മെന്റ് മാനേജർമാർ ഓരോരുത്തരായി നാൾവഴികളിലൂടെ ചിത്രങ്ങളും വാദങ്ങളുമായി നടന്ന സംഭവങ്ങൾ വിശദീകരിക്കുകയും ട്രംപിന്റെ വക്കീലന്മാർ ദുർബലമായി അതിനെ നേരിടുകയും ചെയ്യുന്നത് കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. ഇരുണ്ട നാളുകളെ ഓർമ്മപ്പെടുത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, കൊള്ളയും കൊള്ളിവയ്പും നിർബന്ധിത പലായനങ്ങൾ, അടഞ്ഞ അതിർത്തികൾ ഒക്കെ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി.    

ആധുനിക അമേരിക്കയുടെ ഒരിക്കലും മറക്കാനാവാത്ത വൈസ് പ്രസിഡന്റ് എന്ന് ഇനിമുതൽ ഓർക്കപ്പെടുന്ന മൈക്ക് പെൻസിന്റെ നീതിക്കുവേണ്ടിയുള്ള നിശ്ചയദാര്‍ഢ്യം അമേരിക്കയുടെ ജനാധിപത്യത്തെ പിടിച്ചു നിറുത്തി. കപ്പിനും ചുണ്ടിനും ഇടയിലാണ് ട്രംപിന്റെ കുതന്ത്രങ്ങൾ മുനയറ്റുവീണത്. ഒരു പക്ഷേ മൈക്ക് പെൻസിന്റെ വിറങ്ങലിച്ച ജഡമായിരിക്കണം ക്യാപിറ്റോൾ കവാടത്തിനു മുന്നിൽ തൂങ്ങിക്കിടക്കുന്നത് ലോകം കാണേണ്ടിയിരുന്നത്. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സ്ഥിതി എന്താകുമായിരുന്നു എന്നു ചിന്തിക്കാൻ കൂടി ആകുന്നില്ല. ഇത്രയൊന്നും ആരും ധരിച്ചിരുന്നില്ല, അതാണല്ലോ ആയിരക്കണക്കിന് പ്രക്ഷോഭകാരികളെ നിയന്ത്രിക്കാൻ ചുരുങ്ങിയ പൊലീസ് സന്നാഹവുമായി ഇത്രയും പ്രധാനപ്പെട്ട ഒരുയോഗം നടന്നത്. എന്തായാലും ഈ സുരക്ഷാവീഴ്ച്ചയും മുന്നറിവിന്റെ പരാജയവും അമേരിക്കയുടെ അഭിമാനത്തിനു തീരാകളങ്കമായി മാറി. 

capitol-attack-2

അരക്ഷിതമായൊരു മുഖം അമേരിക്കക്കു എപ്പോൾ വേണമെങ്കിലും കൈവരാം എന്ന യാഥാർഥ്യം തിരിച്ചറിയുകയായിരുന്നു. ന്യൂയോർക്കിലെ സെപ്റ്റംബർ 11, ദി ഗ്രേറ്റ് ബ്ലാക്കൗട്ട്, ഹരിക്കയിൻ സാൻഡി തുടങ്ങിയ ദുരന്തങ്ങൾ നേരിട്ടപ്പോൾ അമേരിക്കകാരനു നിറഭേദങ്ങൾ ഇല്ലായിരുന്നു. വെട്ടവും വെള്ളവും ഇല്ലാത്ത കൊടുംതണുപ്പിലും കൂരിരുട്ടിലും ദിവസങ്ങളോളം കറുപ്പോ വെളുപ്പോ നോക്കാതെ എല്ലാവരും പരസ്പരം സഹകരിച്ചു. ഇപ്പോൾ കോവിഡ് 19 താണ്ഡവനൃത്തം ആടുമ്പോൾ ജീവനേക്കാൾ കൂടുതൽ പ്രാധാന്യം നിറത്തിനും വെറുപ്പിനും ആകുന്നു എന്നത് അമേരിക്കയുടെ ദുർവിധി. ആരാണ് ഇത്രയും വെറുപ്പിന്റെ ഇന്ധനം അമേരിക്കയുടെ ഓരങ്ങളിൽ വാരി വിതറിയത്? പതിറ്റാണ്ടുകളായി കുപ്പിയിൽ അടച്ചിരുന്ന ദുർഭൂതത്തെ ആരാണു തുറന്നുവിട്ടത്?    

അമേരിക്കൻ തിരഞ്ഞെടുപ്പ് സമയത്തു മിക്കവാറും ഇടങ്ങളിൽ മോട്ടോർ റാലികൾ കാണാമായിരുന്നു. വൻ ട്രക്കുകളും അവയിൽ അമേരിക്കൻ കൊടികളോടൊപ്പം ട്രംപ് പതാകകളും പാറിക്കളിച്ചു. ഹെഡ്റ് ഇട്ടു ഹോൺ ഒക്കെയടിച്ചാണ് ഇത്തരം മോട്ടോർ റാലികൾ പൊതുനിരത്തിലൂടെ നീങ്ങിയിരുന്നത്. അമേരിക്കൻ പതാക തലയിൽ കെട്ടിയ പച്ചകുത്തിയ വെള്ളക്കാരുടെ മുഖം പേടിപ്പെടുത്തുന്നതായിരുന്നു. കോവിഡ് കാലം ആയതിനാൽ ഇങ്ങനെയേ പ്രചാരണം നടക്കൂ എന്നു ധരിച്ചു. എന്നാൽ ഇലക്ഷനു ശേഷം, വീണ്ടും ഇത്തരം വലിയ റാലികൾ, മിലിട്ടറി ടാങ്കിനോട് സമമായ ട്രക്കുകൾ, ഒക്കെ ഹൈവേകളിലും പലയിടത്തുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. അമേരിക്കയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ഇത്തരം ഒരു പ്രകോപനപരമായ തള്ളിക്കയറ്റത്തിന്റെ പിന്നിലെ വികാരം മനസ്സിലായില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ പോലീസുകാരുള്ള, തടവുകാരുള്ള അമേരിക്കയിൽ മറ്റൊന്നും സംഭവിക്കില്ല, അങ്ങനെ അപായ സാദ്ധ്യത തള്ളിക്കളഞ്ഞു. ഇതെല്ലാം ജനുവരി 6 വിപ്ലവത്തിനുള്ള ഒരുക്കങ്ങൾ ആയിരുന്നുഎന്ന തിരിച്ചറിവ് ഇപ്പോഴാണ് വ്യക്തമാകുന്നത്.   

ബിഗ് ലൈ - സ്റ്റോപ്പ് ദി സ്റ്റീൽ: ജർമ്മൻ നാസി പാർട്ടിയിലെ ജോസഫ് ഗീബൽസ് ചെയ്തതുപോലെ, വർഗീയ വിഷം ചീറ്റുന്ന ചില പൊതു ബോധവൽകരണവും പ്രചാരണവും, ട്രംപിന്റെ ക്യാമ്പിൽ നിന്നും കുറച്ചുകാലമായി പുറത്തുവന്നുകൊണ്ടിരുന്നു. മേക്ക് അമേരിക്ക ഗ്രെയിറ്റ് എന്നതിനു ചുവട്ടിൽ മേക്ക് അമേരിക്ക വെയിറ്റ് എഗൈൻ എന്നതാണ് അർഥം എന്നു ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. തിരഞ്ഞെടുപ്പുഫലം എതിരാണെങ്കിൽ നിരാകരിക്കുകയും അട്ടിമറിക്കാനും പദ്ധതിയിട്ടിരുന്നു. ട്രംപും കൂട്ടരും പൊള്ളയായ വാദമുഖങ്ങൾ ആവർത്തിച്ചുകൊണ്ട് ഒരു വിപ്ലവത്തിനായി ഒരു വലിയ കൂട്ടം ആളുകളെ സജ്ജരാക്കി. ഒരു അന്തർദേശീയ കമ്മ്യൂണിസ്റ് ഗൂഢാലോചനയോടെ ട്രംപിൽ നിന്നും വിജയം അടിച്ചുമാറ്റി എന്ന പച്ചക്കള്ളം അടിക്കടി ആവർത്തിച്ചുകൊണ്ടിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാത്രമാണ് എന്ന് പറഞ്ഞു എല്ലാ കോടതികളും ട്രംപിന്റെ വാദങ്ങൾ തള്ളി. പിന്നെ അവശേഷിച്ച അടവ് ഇലക്ഷൻ രേഖാമൂലം അംഗീകരിക്കുന്ന ചടങ്ങിൽ അധ്യക്ഷം വഹിക്കുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, നാലു സംസ്ഥാനങ്ങളിലെ ഇലക്ഷൻ റിസൾട്ട് തള്ളിക്കളയുകയും, ട്രംപ് പ്രസിഡന്റ് ആയി തുടരുകയും ചെയ്യുക എന്നതായിരുന്നു. മൈക്ക് പെൻസ് അതിനു തയ്യാറായില്ല. തനിക്കു ഭരണഘടനാപരമായി അതിനു കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അതാണ് ട്രംപ് അനുകൂലികളെ പ്രകോപിപ്പിച്ചത്. അപ്പോൾ പിന്നെ ബലമായി ക്യാപിറ്റോൾ പിടിച്ചടക്കി കലാപം അഴിച്ചുവിടുക എന്നതായിരുന്നു തന്ത്രം.

capitol-attack-3

ശത്രു ഉള്ളിൽത്തന്നെ: ഒരു ഡസനിൽ അധികം യൂഎസ്  കോൺഗ്രസ് പ്രതിനിധികൾ ജയിച്ചുവന്നത് ക്യുഅനോൻ എന്ന ചിന്താഗതിയുടെ ഭാഗമായിട്ടാണ്. അമേരിക്കയിലെ ഭൂരിപക്ഷംപേർക്കും ഇതെന്താണെന്നു അറിയില്ല; അറിവുള്ളവർക്കു തന്നെ ഇത് രാജ്യദ്രോഹകരമായ വലതുപക്ഷ കപടമതം ആണെന്ന അറിവ് മാത്രമേയുള്ളൂ. സാത്താൻ സേവകരായ നരഭോജികളായ, കുട്ടികളോട് ലൈംഗികാസക്തി ഉള്ളവരുടെ  കൂട്ടുകെട്ട്,‌ പ്രസിഡണ്ട് ട്രംപിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പ്രസിഡണ്ട് ട്രംപ് വൈറ്റ് ഹൗസിൽ ഇവരോട് രഹസ്യ യുദ്ധത്തിലാണ്. അഭ്യസ്‌തവിദ്യരല്ലാത്ത കുറച്ചു വെള്ളക്കാരുടെ സാമൂഹ്യ ശൃംഖല തീർത്ത ഗൂഢാലോചനയുടെ സൃഷ്ടിയായിരുന്നുഇത്.  ഇവർ ബോധപൂർവ്വം ആളിക്കത്തിച്ചത്, വ്യവസ്ഥാപിതമായ വംശീയമായ യാഥാസ്ഥിതികത്വം, വിദേശീയവിദ്വേഷം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ, ഭ്രാന്തുള്ള രാഷ്ട്രീയം തുടങ്ങിയ അപകടകരമായ വികാരങ്ങൾ ആയിരുന്നു. 

യൂഎസ് ജനപ്രതിനിധി മാർജോരി തായ്‌ലർ ഗ്രീൻ വിചാരണ നേരിട്ടപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ കേട്ടു അമേരിക്ക ഞെട്ടി. എല്ലാ മാധ്യമങ്ങളും വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത്, അതുകൊണ്ടു സാമൂഹ്യ ശൃംഖലയിലേക്ക് ജനം തിരിയുന്നു, അവിടെ കാണുന്നത് വികലമായ യാഥാർഥ്യങ്ങൾ, വളച്ചൊടിച്ച സത്യങ്ങൾ അവ പാവം മനുഷ്യർ അപ്പാടെ വിഴുങ്ങുന്നു. തങ്ങളുടെ പ്രസിഡന്റിനേയും രാജ്യത്തെയും വീണ്ടെടുക്കുക അവരുടെ കർമ്മമാണെന്നു അവർ ഉറച്ചു വിശ്വസിക്കുകയാണ്. "സെപ്തംബര്‍ പതിനൊന്നു" വെറും കെട്ടുകഥയാണ്, കാലിഫോർണിയയിലെ കാട്ടുതീ ഇസ്രായേൽ, ലേസർ പ്രയോഗം മൂലം ഉണ്ടാക്കിയതാണ്, പെന്റഗണിൽ പ്ലെയിൻ വീണിട്ടില്ല, അങ്ങനെ ഗൂഢാലോചനയുടെ ഒരു നിര തള്ളി നിറക്കുകയാണ് ചെയ്തത് . അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് ഉൾപ്പെടെ ആരെയും വിശ്വസിച്ചുകൂടാ, അവരാണ് നമ്മുടെ ശത്രുക്കൾ. രാജ്യസ്നേഹികളായ അമേരിക്കക്കാരൻ ഇതിനെതിരേ യുദ്ധത്തിന് ഇറങ്ങണം. നമ്മുടെ മഹത്വം തിരികെ കൊണ്ടുവരണം. വ്യാപാര കരാറുകൾ ഒക്കെ അമേരിക്കക്കു എതിരാണ്. അമേരിക്കയുടെ തൊഴിൽ അവസരങ്ങൾ ഒക്കെ മറ്റുരാജ്യക്കാർ അനീതിയായ രീതിയിൽ അടിച്ചുമാറ്റുകയാണ്. 

പുരുഷൻ മാത്രം ജോലിക്കുപോകുന്ന, സ്ത്രീകൾ കുട്ടികളെ നോക്കുന്ന, എല്ലാ ഞായറാഴ്ചകളിലും കുടുംബമായി പള്ളിയിൽ പോകുന്ന, ആ പഴയ നല്ല കാലത്തേക്ക് നമുക്ക് തിരികെപോകാം, അതാണ് 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' തത്വം. അവരുടെ ലോകത്തു ചൈനീസ് ഉൽപ്പന്നങ്ങളും, ഇന്ത്യൻ കമ്പ്യൂട്ടർ ഗുരുക്കളും, കുടിയേറ്റക്കാരും  മെക്സിക്കൻ തൊഴിലാളികളും ഇല്ല. എല്ലാ ഇടങ്ങളിലും നിറഞ്ഞു നിൽക്കുന്ന അമേരിക്കൻ ഫാക്ടറികൾ, നിറയെ തൊഴിൽ അവസരങ്ങൾ, മറ്റുള്ളവർ വെള്ളക്കാർക്കായി ജോലിചെയ്യുന്ന ആ നല്ലകാലം. ട്രംപ് അതാണ് അവർക്കു പ്രതീക്ഷ നൽകികൊണ്ടിരുന്നത്.  

ട്രംപ് ഈ അവസരം കൃത്യമായി ഉപയോഗിച്ചു. വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരുടെ രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത്. അതുകൊണ്ടു അവരിൽ ഒരാളായി ട്രംപിനെ കാണാൻ അവർക്കു എളുപ്പമായി. "ടൂമച്ച് ആൻഡ് നെവർ ഇനഫ്" എന്ന പുസ്തകത്തിൽ ട്രംപിന്റെ സഹോദരി മേരി ട്രംപ് പറയുന്നത്, അവരുടെ കുടുംബം ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെയാണ് നിർമ്മിച്ചത് എന്നാണ്  ട്രംപിനെപ്പറ്റി പറഞ്ഞത്. അദ്ദേഹത്തിന്റെ കിറുക്കൻ സ്വഭാവം കാരണം, സാധാരണ പ്രെസിഡണ്ടിനു നിരന്തരം ലഭിക്കുന്ന രഹസ്യസ്വഭാവമുള്ള സംക്ഷേപ അറിയിപ്പുകൾ നൽകിയിരുന്നില്ല.

1996 ലെ 'വൈറ്റ് സ്ക്വാൽ" എന്ന ചലച്ചിത്രത്തിലെ ' നമ്മളിൽ ഒരാൾ പോയാൽ, എല്ലാവരും അതിൽ ചേരുന്നു" എന്ന നിലനിൽപ്പിന്റെ സുവിശേഷം  ആയിട്ടാണ് ഈ ക്യുഅനോൻ ചിലരുടെ തലയിൽ പിടിച്ചുകയറുന്നത്. ഒരുപറ്റം സ്കൂൾ കുട്ടികൾ പരിശീലനത്തിന്റെ ഭാഗമായി ആറു മാസക്കാലം  ലോകത്തിന്റെ പല ഭാഗങ്ങളായി യാത്ര ചെയ്യുന്നു അവർ അവസാനം പെട്ടുപോകുന്ന കൊടുംകാറ്റിൽ നിന്നും രക്ഷപെടുന്ന കഥയാണ് വൈറ്റ് സ്ക്വാൽ പറയുന്നത്. ‌

ബ്ലാക്ക് ലൈഫ് മാറ്റർ - ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരൻ, വെള്ളക്കാരൻ പൊലീസിന്റെ കാൽമുട്ടുകൾക്കിടയിൽ കൊല്ലപ്പെട്ടത് അമേരിക്കക്കാരെയും ലോകത്തെയും വല്ലാതെ വേദനിപ്പിച്ചു. അതിന്റെ പേരിൽ അമേരിക്കയുടെ വീഥികളിൽ നടന്ന കൊള്ളയും അക്രമങ്ങളും അതിലേറെ വേദനിപ്പിച്ചു. അമേരിക്കയുടെ ചരിത്രം അടയാളപ്പെടുത്തിയ എത്രയോ പ്രതിമകൾ ആണു നശിപ്പിക്കപ്പെട്ടത് ? ന്യൂയോർക്കിലെ പ്രസിദ്ധമായ ഫിഫ്ത് അവന്യൂവിലൂടെ ഇപ്പോൾ നടന്നാൽ ആരുടേയും മനസ്സ് തകരും. പ്രതിഷേധം ആവശ്യമാണ്, എന്നാൽ അതിന്റെ പേരിൽ ഗ്രഫീറ്റി വരച്ചു നശിപ്പിച്ച നഗരവീഥികൾ, തല്ലിപ്പൊളിച്ച കടകൾ, ഇങ്ങനെ വീണ്ടും വീണ്ടും ജീവിക്കേണ്ടി വരുക അസഹനീയമാണ്. ഇക്കൂട്ടരും നിയമം കയ്യിലെടുത്തു അമേരിക്കൻ സംവിധാനം താറുമാറാക്കുകയായിരുന്നു. പൊലീസിനെ നിർവീര്യമാക്കി ഒരു സർക്കാർ സംവിധാനത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവും?  

അമേരിക്കയിൽ ഇപ്പോൾ ആശങ്കകളുടെ പെരുമഴക്കാലമാണ്. രാജ്യത്തിന്റെ സംവിധാനങ്ങളെ ആകെ ചോദ്യം ചെയ്തുകൊണ്ട് വർഗ്ഗീയതയുടെ കനലുകളുമായി, ക്രിസ്തീയ വിശ്വാസത്തിന്റെ മേലങ്കിയുമണിഞ്ഞു ചോരക്കായി ഒരു കൂട്ടം ദാഹിക്കുന്നു.  തീവ്രവാദത്തിനു നേരെയുള്ള കൈവരികൾ  പൊളിഞ്ഞുതുടങ്ങിയോ? അസ്ഥിരമായ അമേരിക്ക അസ്ഥിരമായ ലോകത്തെയാണ് കാണിച്ചുതരുന്നത്. ലോകത്തെവിടെയായാലും നീണ്ടുവരുന്ന അധാർമ്മികക്കുനേരെ ഒരു ധാർമ്മിക താരതമ്യാധാരം ആക്കാൻ ശ്രമിച്ചിരുന്ന അമേരിക്കയെ ഗ്രസിച്ച കാളകൂടം എന്തൊക്കെ വിപത്തുകളാണ് ഇനി ഉണ്ടാക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. 

വ്യവസ്ഥാപിത സംവിധാനത്തിലൂടെത്തന്നെ ജനാധിപത്യത്തിനു ഭീഷണി ഉയർത്തുന്ന ഒരു അപകടകാരിയെ തിരഞ്ഞെടുക്കാൻ ആകുമോ? അത് ഒരു സംവിധാന തകർച്ചയല്ലേ? നിരന്തരം കള്ളം പറയുന്ന രാഷ്ട്രീയക്കാരോട് ജനങ്ങൾക്ക് എന്ത് പ്രതീക്ഷയാണ് അർപ്പിക്കാനാവുക? നേരും നുണയും തിരിച്ചറിയാനാവാത്ത സമൂഹം എന്തൊരു വിപത്തിലേക്കാണ് കാലെടുത്തു വയ്ക്കുന്നത്? തിരഞ്ഞെടുത്ത സെനർമാർക്കും സഭാ പ്രതിനിധികൾക്കും അഭിപ്രായ സ്വാതന്ത്യ്രത്തിനു ഭീഷണി ആകുന്ന സാഹചര്യം ജനാധിപത്യത്തിനു കളങ്കം ഏൽപ്പിച്ചു. ജനപ്രതിനിധികളിലും പോലീസ് സേനയിലും വിദ്വേഷം ഉള്ളിലൊതുക്കി ആളുകൾ നിലയുറപ്പിച്ചു കഴിയുമ്പോൾ എന്ത് സുരക്ഷിതത്വം ആണ് നൽകാനാവുക? എങ്ങനെ ഫലപ്രദമായ ഒരു സംവിധാനം മുന്നോട്ടുകൊണ്ടുപോകാനാവും? 

അമേരിക്കയുടെ മുറിവ് ആർക്കാണ് ഉണക്കാനാവുക? ഒരു രാജ്യത്തെ ഇത്തരം ഒരു ആശങ്കയുടെ മുൾമുനയിൽ നിർത്തിയതിന് അതിന്റെ തീഷ്ണതക്കു ഉതകുന്ന ശിക്ഷയും മറുപടിയും നൽകാതെ തുറന്നുവിട്ടാൽ ഭാവി എന്താകും? സൗമ്യതയും പക്വതയുമുള്ള ഒരു കാരണവരായി ജോ ബൈഡനു അമേരിക്കയെ നയിക്കാനാവും എന്നതാണ് ഒരു പ്രതീക്ഷ. ഒട്ടനവധി നാടകീയ മുഹൂർത്തങ്ങൾ പിന്നിട്ടു , മഹാമാരിയെയും ഉൾക്കൊണ്ട് ലോകത്തിനു ദിശാബോധം നൽകുന്ന ഒരു കാവൽവിളക്കായി അമേരിക്ക ആയിത്തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.  

"When day comes, we step out of the shade aflame and unafraid. 

The new dawn blooms as we free it. For there is always light.

If only we’re brave enough to see it. If only we’re brave enough to be it."

 - Amanda Gorman, "The Hill We Climb".

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.