ടെൾസ കൂട്ടക്കൊലക്ക് നൂറു വയസ്സ്

tulsa-massacre-3
SHARE

“There is separation of colored people from white people in the United States. That separation is not a disease of colored people. 

It is a disease of white people. I do not intend to be quiet about it.” - Albert Einstein.

100 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1921 ജൂൺ 1നു , ഒക്‌ലഹോമയിലെ ടെൽസയിൽ നടന്ന വംശീയ നരനായാട്ട് അമേരിക്കയുടെ ചരിത്രത്തിൽ ലജ്ജിക്കേണ്ട അധ്യായമാണ്. അതുകൊണ്ടാവണം അമേരിക്കൻ ചരിത്രത്തിൽ നിന്നു തന്നെ ' ടെൾസ കൂട്ടക്കൊല' കൃത്യമായി ചുരണ്ടിക്കളയാൻ ശ്രമം നടന്നിരുന്നു. മുന്നോറോളം കറുത്തവർഗ്ഗക്കാർ കൂട്ടക്കൊല ചെയ്യപ്പെടുകയും അവരുടെ വീടുകളും ബിസിനസ് കെട്ടിടങ്ങളും തീവച്ചു നശിപ്പിക്കുകയും ചെയ്ത ആ കറുത്ത ദിനങ്ങൾക്ക് 100 വയസ്സ്. 

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കൻ സമ്പല്‍സമൃദ്ധി വെള്ളക്കാർക്കും മാത്രമല്ല, കറുത്തവർക്കും അവരുടേതായ അമേരിക്കൻ സമൃദ്ധിയുടെ ഇടംപ്രാപ്യമാകുക എന്നതിന് തെളിവായിരുന്നു ഗ്രീൻവുഡ്‌ ഡിസ്ട്രിക്‌ട്. കറുത്തസ്വപ്നത്തിനു ഒരിക്കലും അമേരിക്കയിൽ സാധ്യത ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു ടെൾസ കൂട്ടക്കൊല. ഇന്നും ഉത്തരംകിട്ടാത്ത നിരവധിചോദ്യങ്ങൾ അവശേഷിപ്പിച്ചു അമേരിക്കയുടെ വംശീയ എതിർപ്പിന്റെ സ്മാരകശിലയായി അത് അവശേഷിക്കുന്നു.

tulsa-massacre

അമേരിക്കൻ എഴുത്തുകാരൻ ബുക്കർ ടി. വാഷിംഗ്‌ടൺ 'ബ്ലാക്ക് വാൾസ്ട്രീറ്റ്' എന്ന് വിശേഷിപ്പിച്ച ഗ്രീൻവുഡ്‌ ഡിസ്ട്രിക്റ്റ്, ഒക്കലഹോമയിലെ കറുത്തവർഗ്ഗക്കാരുടെ ഏറ്റവും സമ്പന്നമായ ഒരു ഇടമായിരുന്നു. വിജയകരമായി നേട്ടംകൊയ്‌ത കറുത്ത വ്യവസായികളും, ഡോക്ടറന്മാറും ബാങ്കേഴ്‌സും ഡെൻറ്റിസ്റ്റും ഉദ്യോഗസ്ഥരും നിറഞ്ഞ ഒരു ഇടമായിരുന്നു 1920-നു മുൻപുള്ള ടെൾസ. അതുകൊണ്ടുതന്നെ ബ്രൗൺ സ്റ്റോണിൽ നിർമ്മിച്ച മനോഹരമായ കെട്ടിടങ്ങളും ഇടവഴികളും അവിടെ ദൃശ്യമായിരുന്നു. ഒരു അപ്പർക്ലാസ്സ് സമൂഹത്തിനുവേണ്ട ഭക്ഷണശാലകൾ, ഹോട്ടലുകൾ, ഒപ്പേറ കേന്ദ്രങ്ങൾ, കൺവൻഷൻ സെന്ററുകൾ, അറ്റോർണിസ്, ഇൻഷുറൻസ് ഓഫീസുകൾ, സിനിമാശാലകൾ, പള്ളികൾ, സ്കൂളുകൾ ഒക്കെ അവിടെ പ്രവർത്തിച്ചിരുന്നു. വംശീയ വേർതിരിവ് പ്രകടമായി നിന്നിരുന്ന, കറുത്തവർഗ്ഗക്കാർക്കു പരിമിതമായ സാമ്പത്തീക സാധ്യത മാത്രം നിലനിന്ന കാലത്താണ് ഇത്തരം ഒരു വിജയകഥ തെളിയിക്കാൻ പതിനായിരം ആളുകൾ മാത്രമുള്ള ടെൾസ ബ്ലാക്ക് സമൂഹത്തിനായത്.  

1905 ലെ ഗ്ലെൻപൂൾ എണ്ണ കമ്പനികളുടെ സമൃദ്ധിയാണ് പലയിടത്തുനിന്നും ടെൾസ എന്ന വാഗ്ദത്ത ദേശത്തേക്കു വൻതോതിൽ ആളുകളുടെ കുടിയേറ്റം ഉണ്ടായത്. വർണ്ണവിവേചനം നിലനിൽക്കുന്നതിനാൽ ഗ്രീൻവുഡ്‌ ഡിസ്ട്രിക്റ്റ്, വെള്ളക്കാരുടെ ടെൽസയിൽ നിന്നും മാറി ഒരുറയിൽവേ ട്രാക്കിനു അപ്പുറത്തായിട്ടാണ് നിലനിന്നത്. അവിടുത്തെ ഡാൻബർ എലിമെന്ററി സ്കൂളും ബുക്കർ ടി. വാഷിംഗ്‌ടൺ ഹൈസ്കൂളും രാജ്യത്തെ മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾ ആയിരുന്നു. കറുത്തവരുടെ ഉടമയിലുള്ള രണ്ടു പത്രങ്ങൾ, ആശുപത്രി, രണ്ടു ഡസനിലേറെ പള്ളികൾ ഒക്കെ ചേർന്ന് സൗത്ത് വെസ്റ്റിലെ നീഗ്രോതലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്നു ടെൾസ. 

1919 ലെ കറുത്തവർക്കെതിരായ വെള്ളക്കാരുടെ കിരാതമായ റെഡ് സമ്മർ ഭീകര തേർവാഴ്ച്ചയുടെ ഓർമ്മ നിലനിൽക്കെ, സാമ്പത്തീകമായി കിടപിടിച്ചുനിൽക്കാനുള്ള കറുത്തവരുടെ ശ്രമങ്ങളും, അവകാശങ്ങൾക്കും തുല്യതക്കുവേണ്ടിയുള്ള മുറവിളികളും വെള്ളക്കാരെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. 'എല്ലാ ശബ്ദവും ഉയർത്തിപ്പാടുക' എന്ന ബ്ലാക്ക് ദേശീയഗാനം ഒട്ടൊന്നുമല്ല കറുത്തവരുടെ മനസാന്നിധ്യം ഉറപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നും പിരിഞ്ഞുവന്ന കറുത്ത പട്ടാളക്കാർ വെള്ളക്കാർക്കു ലഭിക്കുന്നതിനു തുല്യമായ മനുഷ്യാവകാശങ്ങള്‍ ചോദിച്ചുതുടങ്ങി. തീവ്രവെള്ളക്കാരുടെ സംഘടനായ KKK അത്യധികം ശക്തി പ്രാപിച്ചു വരികയും ചെയ്തു. ട്രാഷ് വൈറ്റ്സ് എന്ന പേരുകേട്ട താഴ്‌ന്ന  വെള്ളക്കാരുടെ വെറുപ്പും പകയും ഒന്നിനൊന്നു കൂടിക്കൊണ്ടിരുന്നു.  

1921 മെയ് 30 നു ഒരു സംഭവം ഉണ്ടായി. ഡൗൺടൗൺ ടെൾസയിലുള്ള  ഡ്രെക്സിൽ ബിൽഡിങ്ങിൽ എലിവേറ്ററിൽ നിന്നും ഇറങ്ങിവരികയായിരുന്ന, ഷൂ ഷൈൻ ചെയ്യുന്ന 19 വയസ്സുകാരനായ കറുത്തവർഗ്ഗക്കാരൻ ഡിക്ക് റൗലൻഡ്  എലിവേറ്റർ ഓപ്പറേറ്റർ ആയിരുന്ന 17 വയസ്സുകാരി വെള്ളക്കാരിയായ സാറ പേജിൻറ്റെ കാലിൽ അറിയാതെ ചവിട്ടുകയും അവർ നിലവിളിക്കുകയും ചെയ്തു. അത് കേട്ട ഒരു വെള്ളക്കാരൻ ക്ലാർക്ക് പോലീസിൽ വിളിച്ചു 'ഒരു നീഗ്രോ, വെള്ളക്കാരിയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചു' എന്ന് പറഞ്ഞു. ഡിക്ക് റൗലൻഡ് അപ്പോഴേക്കും ഓടിപോയിരുന്നു. പിറ്റേദിവസത്തിലെ ടെൾസ ട്രിബ്യുനിൽ 'നീഗ്രോ എലിവേറ്ററിൽ വച്ച് പെൺകുട്ടിയെ  ആക്രമിച്ചു' എന്ന വാർത്ത വെള്ളക്കാരിൽ വർഗീയ വിദ്വേഷം ആളിക്കത്തിച്ചു. റൗലൻഡ്നെ അറസ്റ്റ് ചെയ്തു ടെൾസ കൗണ്ടികോർട്ട് ഹൗസ്സിൽ കൊണ്ടുവന്നു. വെള്ളക്കാരുടെ ഒരു വലിയ ജനക്കൂട്ടം റൗലൻഡ്നെ പരസ്യമായി കൈകാര്യം ചെയ്യാൻ തയ്യാറായി കോടതിക്കു ചുറ്റും നിലയുറപ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത കറുത്ത വർഗ്ഗക്കാരും റൗലൻഡ്നെ രക്ഷിക്കാനായി അവിടെയെത്തി. സംഗതി ആർക്കും നിയന്ത്രിക്കാനാവാതെ ആകെ കൈവിട്ടുപോയി.    

ഒരു വെള്ളക്കാരനും കറുത്ത മുന്‍ പട്ടാളക്കാരനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു വെടിപൊട്ടി, നരകം തുറന്നുവിടുകയായിരുന്നു പിന്നീട്. ഏറ്റവും കിരാതവും ക്രൂരവുമായ നരനായാട്ടാണ് പിന്നെ അരങ്ങേറിയത്. പ്രായമുള്ളവരെ കെട്ടിയിട്ടു വീടിനു തീവച്ചു. എല്ലാവരും പുറത്തു ഇറങ്ങാൻ പറഞ്ഞു പിന്നെ വീടിനു തീയിട്ടുകൊണ്ടിരുന്നു. പെട്രോൾ പ്ലാസ്റ്റിക് കുപ്പിയിലാക്കി തീകത്തിച്ചു വീടുകളിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ചെറിയ വെള്ളക്കാരൻ കുട്ടികൾ പോലും ആളുകളെ വെടിവച്ചു കൊന്നുകൊണ്ടിരുന്നു. കറുത്തവരുടെ പള്ളി, ലൈബ്രറി, ഓഫീസുകൾ സ്കൂളുകൾ ഒക്കെ കത്തിച്ചാമ്പലാക്കി. പലരെയും കൊന്നു വണ്ടിയുടെ പിന്നിൽ കെട്ടിവലിച്ചുകൊണ്ടുനടന്നു. 'ഞാൻ ഇവിടെയുണ്ട് കുട്ടികളെ, കൊല്ലരുത്' എന്നുപറഞ്ഞു രണ്ടു കയ്യും പൊക്കി പുറത്തേക്കു ഇറങ്ങിവന്ന ഡോ. A .C ജാക്സൺ എന്ന പ്രസിദ്ധനായ നീഗ്രോ സർജനെ വെടിവച്ചു കൊന്നു. കറുത്തവരുടെ ഫ്രിസ്‌സെൽ മെമ്മോറിയൽ ഹോസ്‌പിറ്റലും അഗ്നിക്കിരയാക്കി.   

3307349

ഓരോ വരിയിലെ വീടുകളും ഓരോ ബ്ളോക്കിലും തിരഞ്ഞുപിടിച്ചു കത്തിച്ചു ചാമ്പലാക്കി. ആകാശത്തുനിന്നും വരെ ഗ്രീൻവുഡ്‌ ഡിസ്ട്രിക്‌ട് ആക്രമിക്കപ്പെട്ടു. കറുത്തവരുടെ സമ്പാദ്യങ്ങൾ എല്ലാം തകർന്നു തരിപ്പണമാക്കി. മരണത്തിന്റെ ഗന്ധം അവിടെ തളംകെട്ടി നിന്നു. നാഷണൽ ഗാർഡിലുള്ള പലരും അക്രമികളോടൊപ്പം ചേർന്നതിനാൽ പുറത്തുനിന്നുള്ള നാഷണൽ ഗാർഡ് വന്നാണ് നിയന്ത്രണം ഏറ്റെടുത്തത്. ഒറ്റ വെള്ളക്കാരൻ പോലും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടില്ല. കറുത്തവർഗ്ഗക്കാരുടെ ഒരു നഷ്ട്ടപരിഹാരവും നൽകിയില്ല.  ദുരന്തത്തെ അതിജീവിച്ച പുനര്‍നിര്‍മാണത്തിനു തിരികെയെത്തിയ കറുത്തവർഗ്ഗക്കാർ ഭയന്നു മൗനം പാലിച്ചു. നഗരസമിതി, അമ്പരപ്പിക്കപ്പെട്ട അവരുടെ ചരിത്രം മൂടിവച്ചു. ടെൾസ ട്രിബുനിൽ അന്ന് വന്ന വിഷലിപ്‌തമായ വാർത്തകൾ പോലും ലൈബ്രറിയിൽ നിന്നും മുറിച്ചുമാറ്റി. എന്നാലും ഈ കൂട്ടകുരുതിയെ അതിജീവിച്ച വളരെപ്പേർ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. 76 വർഷത്തിനുശേഷം ഒക്കലഹോമ ഈ കൂട്ടക്കുരുതിയെക്കുറിച്ചു അന്വേഷിക്കാൻ തീരുമാനിച്ചു, അത് എങ്ങുമെത്താതെ അവസാനിപ്പിച്ചു. വർഗ്ഗീയപകയുടെ, അസൂയയുടെ നിണമുണങ്ങിയ  ടെൾസയുടെ മണ്ണിനുള്ളിൽ എത്രയോ ആത്മാക്കളുടെ രോദനം തങ്ങിനിൽക്കുന്നു എന്ന് ഇന്നും അറിയില്ല.  

വെള്ളക്കാർ നേതുത്വം നൽകിയ ഹൈവേ പ്ലാനിംഗ് മുഖാന്തരം US ഹൈവേ 75, I-244 എന്ന ഇന്റെർസ്റ്റേറ്റ് ടെൾസയെ കീറിമുറിച്ചു ഒരിക്കലും ഗ്രീൻവുഡ്‌ ഡിസ്ട്രിക്റ്റ് പുനർജനിക്കാതിരിക്കാനുള്ള ഉരുക്കു കോട്ട നിർമ്മിച്ചു. അമേരിക്കയിലെ മികച്ച വൻ ഹൈവേ സംവിധാനങ്ങൾ രൂപപെട്ടപ്പോഴും നിരവധി സമൂഹങ്ങൾ ബോധപൂർവം പിളർക്കപ്പെട്ടു അതിൽ അമേരിക്കൻ ഇന്ത്യാക്കാരും നീഗ്രോകളും ഉൾപ്പെട്ടിരുന്നു. അമേരിക്കയിൽ ആണവ യുദ്ധം ഉണ്ടായാൽ രക്ഷപെടാനുള്ള സംവിധാനമായാണ് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കു പോകാനുള്ള ദൂരത്തിന്റെ പകുതിയിലേറെ നീളത്തിലുള്ള ഗ്രേറ്റ് അമേരിക്കൻ ഹൈവേകൾ നിർമ്മിക്കപ്പെട്ടത്. വൻ ഹൈവേയുടെ ചാരത്തു താഴ്‌ന്ന വരുമാനക്കാർക്കുള്ള പാർപ്പിട കോളനികളും ലിറ്റിൽ ടൗണുകളും രൂപപ്പെട്ടു. ആദ്യകാലത്തു ആളുകൾക്ക് വലിയ താല്പര്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഹൈവേകൾ പൊളിച്ചുമാറ്റി സാധാരണ റോഡുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതികൾ വന്നുതുടങ്ങി.   

2020 മെയ് മാസം മിനിസോട്ടയിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കഴുത്തു ഡെറിക് ഷോവിൻ എന്ന വെള്ളക്കാരൻ പോലീസിന്റെ കാൽമുട്ടിനു താഴെ ഞെരിഞ്ഞു അമർന്നപ്പോഴും ആ മരണത്തിൻറെ ശേഷം ഉണ്ടായ വർണ്ണവെറിയുടെ പുത്തൻ  അദ്ധ്യായങ്ങളും; അമേരിക്കയിലെ വർഗ്ഗിയ വിഭജനം തുടർക്കഥയാവുകയാണ് എന്ന് തെളിയിക്കുന്നതാണ്. ജനിച്ചുവീണ നിറത്തിൻറ്റെ  പേരിൽ മനുഷ്യ ജീവിതത്തിനു അവകാശഭേദം ഉണ്ടെന്നു സ്ഥാപിക്കാനാണു ഇപ്പോഴും ശ്രമം. തെറ്റായി എന്ന് സമർഥിക്കാൻ ശ്രമിക്കുമ്പോഴൊക്കെ വർദ്ധിതവീര്യത്തോടെ ആ വികല സങ്കല്പം സടകുടിഞ്ഞു എഴുന്നേൽക്കുന്നു. 

2021 ജനുവരി 6, അമേരിക്കയെ തിരിച്ചുപിടിക്കാനുള്ള, 'മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്ന ട്രംപീയൻ ഉണർത്തുപാട്ട് അമേരിക്കൻ വെള്ളക്കാരന്റെ മേധാവിത്തമനഃസ്ഥിതിക്കുള്ള ആശങ്കയുടെ വീർപ്പുമുട്ടലാണെന്നു തിരിച്ചറിയാൻ വലിയ കണക്കുകൂട്ടിന്റെ ആവശ്യമില്ല. പക്ഷെ ഇന്ന് അമേരിക്കയിൽ ബ്ലാക്കും വൈറ്റും തമ്മിൽ മാത്രമല്ല പ്രശ്നങ്ങൾ. ചെറിയ കൂട്ടങ്ങൾ ആണെങ്കിലും സമസ്തമേഖലകളിലും തങ്ങളുടെ അച്ചടക്കവും ഇഴുകിച്ചേർത്ത കുടുംബ ബന്ധങ്ങളും കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കുകയും, അധികാര ശ്രേണികളിൽ പടിപടിയായി ഉയർന്നുവരുന്ന ഏഷ്യൻ വംശജർ, യഹൂദസമൂഹം ഒക്കെ ഇന്ന് ഈ അമേരിക്കൻ ബ്ലാക്ക്-വൈറ്റ് ബെൽറ്റിനു ഭീഷണിയാണെന്ന് അവർ മനസ്സിലാക്കുകയാണ്. ഒബാമ പ്രസിഡന്റ് ആയപ്പോൾ വെള്ളക്കാരൻറെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉണ്ടായി, ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കസേരയുടെ ഒരു ശ്വാസത്തിനു അടുത്ത് ഒരു ആഫ്രോ-ഏഷ്യൻ വനിത എത്തി നിൽക്കുന്നത് അവരെ വിരളിപിടിപ്പിക്കാതെയിരിക്കില്ല. വെള്ളക്കാരന്റെ ആത്മാഭിമാനത്തിനു ക്ഷതം സംഭവിച്ചാൽ അവൻ എന്നെങ്കിലും തിരിച്ചടിക്കാതിരിക്കില്ല, അത് സർവ്വനാശത്തിനുള്ള അവസരമായിരിക്കും എന്നാണ് ടെൾസ കൂട്ടക്കൊല വീണ്ടും ഓർമ്മിപ്പിക്കുന്നത്.          

അടഞ്ഞ കണ്ണുകളോടെ ഇറുക്കിപ്പിടിച്ച ചുവന്നുതുടുത്ത മുഖത്തോടെ 'ചൈനീസ് വൈറസ്' എന്ന് ട്രംപ് ആഞ്ഞടിച്ചപ്പോളൊക്കെ, കുറെയേറെ വെള്ളക്കാരുടെ വീടുകളിൽ ബിയർ കുപ്പികൾ എറിഞ്ഞുടക്കുന്നുണ്ടാവാം. രാവിലെ ജോലിക്കു പോകുന്ന ഏഷ്യക്കാരനെ പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തള്ളിയിട്ടു അപ്രത്യക്ഷമാകുന്ന ഇരുട്ടിന്റെ ആത്മാക്കൾ ഒരു നിര്‍ഗ്ഗമനദ്വാരത്തിനായി കാത്തിരിക്കയാവാം. തിരിച്ചടിക്കാൻ ശേഷിയില്ലാത്ത ഏഷ്യക്കാരുടെ സമ്പത്ത് അമേരിക്കയിൽ എത്രമാത്രം സുരക്ഷിതമായിരിക്കും എന്നു കാലംതെളിയിക്കും. സേനയിലും പോലീസിലും അഗ്നിശമനസേനയും ഒക്കെ 'ലോവർ വൈറ്റ്‌സ്' പിടിമുറിക്കി നിൽക്കുമ്പോൾ, അവിടേക്കു കടന്നുകയറാൻ ഏഷ്യക്കാർ വിമുഖത കാട്ടുകയും ചെയ്യുമ്പോൾ അമേരിക്കൻ വർഗ്ഗീയ ചേരിതിരുവുകളുടെ പശ്ചാത്തലത്തിൽ ആശങ്കപ്പെടാതെ തരമില്ല. 

ടെൾസയിലെ വേര്‍തിരിക്കപ്പെട്ട സാമൂഹിക വികസന തന്ത്രം ഗ്രീൻവുഡ്‌ ബ്ലാക്ക് വിജയകഥയുടെ അടിത്തറയായെങ്കിൽ, അതിനെ വെട്ടിവിഭജിക്കാൻ ദേശീയ ഹൈവേകൾ രൂപംകൊള്ളും. എന്നാൽ 'ജെൻട്രിഫിക്കേഷൻ' എന്ന ഓമനപ്പേരിൽ വെള്ളക്കാർ അവർക്കുമാത്രം ഉള്ള സങ്കേതങ്ങൾ എല്ലാ നഗരത്തിലും ഉണ്ടാക്കിക്കഴിഞ്ഞു. അവിടെ കറുത്തവനോ സാധാരണ ഏഷ്യക്കാരനോ താങ്ങാനാവുന്ന ജീവിതനിലവാരവും സൗകര്യങ്ങളും അല്ല ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷേ നൂറു വർഷത്തിനുശേഷം മേലേക്കിടയിലുള്ള വെള്ളക്കാരനും അത്തരം ഒരു സെഗ്രിഗേറ്റഡ് കമ്മ്യൂണിറ്റിയിൽ സുരക്ഷിതരായി ഉണ്ടാകാവുന്ന വംശീയ ആക്രമണങ്ങളിൽ പങ്കെടുക്കാതെ കാഴ്‌ചക്കാരനായി നില്‍ക്കുന്നവന്‍ ആയിരിക്കും. അതിനു പുറത്തു എന്തൊക്കയാവും സംഭവിക്കുക എന്നതിനു കാലം മാത്രം കാത്തുനിൽക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.