മലയാളത്തിലെ ആദ്യ അച്ചടിമഷി പുരട്ടിയതിനു 200 വയസ്സ്

benjamin-beyli
SHARE

കൃത്യം ഇന്നേക്ക് 200 വർഷം മുൻപ് അതായത്, 1821 ഒക്ടോബർ 18നു കോട്ടയത്ത്, ഇംഗ്ലണ്ടിലെ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടനയുടെ പ്രതിനിധി ബെഞ്ചമിൻ ബെയിലിയുടെ കരങ്ങളാൽ ആദ്യമായി പ്രിന്റിങ് പ്രസ്സിൽ മഷിപുരട്ടുമ്പോൾ വന്യജീവികൾ വിഹരിച്ചിരുന്ന കേരളത്തിലെ ഒരിടം, ഇന്ത്യയുടെ തന്നെ മികച്ച ഒരു അക്ഷരകേന്ദ്രമായി പരിണമിക്കും എന്നു ചിന്തിച്ചുകാണില്ല. ഇംഗ്ലണ്ടിൽ നിന്നും വരാനിരുന്ന പ്രിന്റിങ്ങ് യന്ത്രം എത്താൻ താമസിച്ചപ്പോൾ അന്നത്തെ 'ഗൂഗിൾ സെർച്ചിൽ' നിന്നും ബെഞ്ചമിൻ ബെയിലി ആദ്യ മലയാള അച്ചുകൂടം തട്ടിക്കൂട്ടി. എന്തായിരുന്നു അദ്ദേഹത്തെ  ഇതിനു പ്രേരിപ്പിച്ച ഘടകം എന്നതിൽ തർക്കിക്കാതെ, അക്ഷരത്തിലൂടെ ഒരു ജനതയുടെ ആത്മാവിനെ കണ്ടെത്താൻ അതു നിയോഗമായി എന്നു കരുതുക. 

കേരളത്തിലെ ആദ്യത്തെ പാശ്ചാത്യ മാതൃകയിലുള്ള കോളജിനു  തുടക്കംകുറിച്ചതും (CMS College Kottayam) മലയാളത്തിലെ പ്രിന്റിങ്ങ്  പ്രസ്സ് എന്ന സംവിധാനത്തിന്റെ കുലപതിയും ബെഞ്ചമിൻ ബെയ്‌ലി തന്നെ. ആദ്യ മലയാള അച്ചുകൂടം ക്രമീകരിച്ചത് കോട്ടയം ചുങ്കത്തുള്ള പഴയ സെമിനാരിയിൽ (ഇപ്പോൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക സെമിനാരി) ആയിരുന്നു. കോട്ടയം കോളജ് അല്ലെങ്കിൽ സുറിയാനി കോളജ് എന്നാണ് സിഎംഎസ് പ്രസ്സ് നടന്ന ഇടം അറിയപ്പെട്ടത്.  "ചെറുപൈതങ്ങൾക്ക്  ഉപകാരപ്രദം  ഇംഗ്ലീഷിൽ നിന്നു പരിഭാഷപ്പെടുത്തിയ കഥകൾ" എന്നതായിരുന്നു ആദ്യ പ്രസിദ്ധീകരണം (1824). വളരെ ചെറുപ്പത്തിൽ എന്റെ പിതാവ് പഴയ സെമിനാരിയിൽ എന്നെയും കൊണ്ട് പോയി ആദ്യ പ്രസ്സ് നടന്നിരുന്ന സ്ഥലം ചൂണ്ടിക്കാണിച്ചു തന്നത് ഓർക്കുന്നു. ക്രിസ്ത്യൻ മിഷൻ പ്രവർത്തങ്ങളിൽ അന്നത്തെ മിഷനറിമാർ കാണിച്ച ആവേശവും താൽപര്യവും പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞുനിന്ന നന്ദിയും പ്രകടമായിരുന്നു. 

press

200 വർഷം മുൻപ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വില്യം വിൽബെർഫോഴ്‌സ്‌, ജോൺ വെയ്ൻ, ജോൺ ന്യൂട്ടൺ തുടങ്ങിയവർ നേതൃത്വo നൽകിയ ക്രിയാത്മ ക്രിസ്തീയ പ്രേഷിതവൃത്തി എന്ന ആശയത്തിൽ നിന്നും അവരുടെ ആത്മാവിൻറെ തുടിപ്പുകളുമാണ് ഒരു വലിയ കൂട്ടം ആളുകളെ ക്രിസ്തീയ സ്‌നേഹത്തിൻറെ പാതയിൽ കൊണ്ടുവരാനും അടിമത്തത്തിൽ നിന്ന് അറിവില്ലായ്മയിൽനിന്നും മോചിതരാക്കാനുമുള്ള തീവ്ര ശ്രമം, അങ്ങനെയാണ് സിഎംഎസ് സംഘടനയുടെ ആരംഭം.  

മിഷനറിമാർക്കു മുന്നിൽ വ്യാപാരവിഷയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, എന്നാൽ തങ്ങൾ രുചിച്ചറിഞ്ഞ ദൈവസത്യങ്ങൾ അത് കടന്നുചെല്ലാത്ത ഇടങ്ങളിൽ പകരുക അവരുടെ ജീവിത ലക്ഷ്യമായി അവർ കണ്ടിരുന്നു. മനുഷ്യനന്മയും കരുണയും മാത്രമായിരുന്നു അവരെ ഏതു ഘോരവനങ്ങളിലും പ്രതിസന്ധികളെ നിസ്സാരമാക്കി കടന്നുചെല്ലാൻ പ്രേരിപ്പിച്ചത്. ഭാരതക്രിസ്ത്യാനികൾ വലിയ പാരമ്പര്യം അവകാശപ്പെടുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെ സ്വന്തമായ ഭാഷയിലുള്ള ആരാധനാക്രമങ്ങളോ ബൈബിളോ ഇല്ലായിരുന്നു. 1829 ഇൽ ബെയ്‌ലിയുടെ ആദ്യത്തെ പുതിയനിയമ തർജ്ജിമ കോട്ടയം സിഎംഎസ് പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ബെയ്‌ലി സ്വയം രൂപകൽപന ചെയ്തു നിർമ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സിഎംഎസ് പ്രസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. 

നിഥീയിരിക്കൽ മാണികത്തനാർ മാന്നാനത്തുനിന്നും ആരംഭിച്ച നസ്രാണി ദീപിക കേരളത്തിലെ ആദ്യത്തെ പത്രപ്രസിദ്ധീകരണമായി (1887).  കണ്ടത്തിൽ വർഗീസ്മാപ്പിള കോട്ടയം എംഡി സെമിനാരിയിൽ നിന്നും (1888) ആരംഭിച്ച മലയാള മനോരമപത്രം കേരളത്തിന്റെ അച്ചടിരംഗത്ത് ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു.1938  ഇൽ തിരുവിതാംകൂർ ദിവാൻ രാമസ്വാമി അയ്യർ മനോരപത്രം നിരോധിക്കയും പത്രാധിപരെ ജയിലിൽ അടക്കയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചൂടിൽ കെ.പി.കേശവമേനോൻ ആരംഭിച്ച മാതൃഭൂമി പത്രവും കേരള പ്രിന്റിങ് ചരിത്രത്തിലെ നാഴികക്കല്ലുകളായി. തലശ്ശേരിയിൽ നിന്നും ആരംഭിച്ച രാജ്യസമാചാരം (1847), പശ്ചിമോദയം തുടങ്ങിയ പത്രങ്ങൾ മുന്നോട്ടു പോയില്ല.

ദിവാൻ 1938 ഇൽ മലയാള മനോരമ അടയ്‌ക്കുന്നതുവരെ എന്റെ വല്യപ്പച്ചൻ (കെ.എം. മത്തായി) മനോരമയുടെ അച്ചുകൂടത്തിന്റെ ഫോർമാൻ ആയിരുന്നു. മനോരമ അടച്ചതോടുകൂടി എന്റെ അമ്മയും കുടുംബവും കോട്ടയത്തുനിന്നും തിരുവല്ലയിലേക്കു താമസം മാറ്റി. മനോരമയും പ്രസ്സും അച്ചുകൂടവും ഒക്കെ അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ അറിയാതെ ഇഴുകിച്ചേർന്നു നിന്നിരുന്നു. 

നക്ഷത്രശകലങ്ങൾ താഴേക്ക് പതിച്ചാണ് ഭൂമിയിലെ പുതിയ ജീവന്റെ ജീവന്റെ തുടിപ്പുകൾ ഉണ്ടായത് എന്നു പറയാറുണ്ട്. ഏതോ ജന്മസാഫല്യത്തിൽ ബ്രിട്ടീഷ് മിഷനറിമാർ കേരളത്തിൽ എത്തുകയും അവർ തുടങ്ങിവച്ച നിഘണ്ടുനിര്‍മ്മാണവും അച്ചടിയും മലയാളിയുടെ ഹൃദയത്തിൽ പുരട്ടിയ നിറക്കൂട്ടുകൾ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും എത്രമാത്രം സമ്പന്നമാക്കിയെന്നു വെറുതേ ഒന്നു  തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും. മലയാളഅച്ചടിയുടെ പിതാമഹൻ ബെഞ്ചമിൻ ബെയ്‌ലിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS