എന്തിലേക്കൊക്കെയാണ് മടങ്ങിപ്പോകേണ്ടത്?

SHARE

അടുത്തകാലത്ത് ഒരു സുഹൃത്ത് അടിക്കടി വിളിച്ചു കുശലം പറയാറുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ കാര്യങ്ങൾ പറയുന്ന പഴയരീതിക്കു പകരം സംഭാഷണം മണിക്കൂറുകൾ നീളുന്നു. ജോലിയും പണസമ്പാദനവും കുട്ടികളും തിരക്കോടു തിരക്ക്, അങ്ങനെ ബന്ധങ്ങൾ ഒക്കെ കുറെയേറെ കൈവിട്ടുപോയി. ഉള്ളവതന്നെ ഔപചാരികത നിറഞ്ഞ ഇടപെടലുകളിൽ ഒതുങ്ങി. ഇപ്പോൾ പെൻഷനായി, സമയം ഉണ്ട്, ഇനിയും നഷ്ടപ്പെട്ടുപോയ ബന്ധങ്ങൾ ഒക്കെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് എന്ന് പറഞ്ഞു. "തിരിച്ചുവിളിച്ചില്ലെങ്കിലും ഞാൻ വിളിച്ചോളാം, നിങ്ങൾ എപ്പോഴും തിരക്കാണല്ലോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മടിക്കരുത്, വിളിക്കണം ഞാൻ ഇവിടെയുണ്ടല്ലോ" എന്ന ഓർമ്മപ്പെടുത്തൽ. കണ്ണുകളടച്ചു നോക്കി, അകല്‍ച്ചകളുടെ വ്യാപ്തിയും എണ്ണങ്ങളും ഭയപ്പെടുത്തി; ആശങ്ക തളർത്തി.

മറ്റുമാർഗ്ഗങ്ങൾ ഒന്നും തെളിഞ്ഞുവരാത്ത എഴുപതുകളിലും എൺപതുകളിലും അത്യാവശ്യം പഠിച്ചു കഴിഞ്ഞാലുടൻ എങ്ങനെയെങ്കിലും ഗൾഫിൽപോയി ഒരു ജോലി സമ്പാദിക്കണം എന്നു മാത്രമായിരുന്നു  ചിന്ത. റെയിൽവേ ടെസ്റ്റ്, ബാങ്ക് ടെസ്റ്റ് തുടങ്ങി കുറെയേറെ ഉത്തരംകിട്ടാത്ത ടെസ്റ്റുകൾ. അവിടെയൊന്നും ക്ലച്ചുപിടിക്കും എന്നുതോന്നിയിരുന്നില്ല അത്രയേറെ ആളുകളാണ് ടെസ്റ്റ്പൂരങ്ങൾക്കു എത്തിക്കൊണ്ടിരുന്നത്. നാട്ടിൽ നിന്നാൽ ഇനി എന്താപരിപാടി എന്ന ചോദ്യത്തിന് ഉത്തരം നൽകി മടുക്കും. പിന്നെ ബോംബെക്കോ ഡൽഹിക്കൊ വല്ലകൂട്ടുകാരുടെയും സഹായത്തിൽ എന്തെങ്കിലും ജോലിതരപ്പെടുത്തുക. ഇതൊക്കെയായിരുന്നു ഒരു കാലഘട്ടത്തിൽ തലമുറയെ ബാധിച്ചുകൊണ്ടിരുന്ന പ്രശ്നം. എവിടെയെങ്കിലും ജോലി തരപ്പെട്ടാൽ പിന്നെ, തിരിച്ചുപോക്കിനുള്ള സ്വപ്നങ്ങളാണു ജീവിതത്തിന് അർഥവും പ്രതീക്ഷകളും നൽകിക്കൊണ്ടിരുന്നത്. അതുകൊണ്ടു വടക്കേയിന്ത്യക്കാരന്റെയോ അറബിയുടെയോ മുഷിപ്പും പരിഹാസങ്ങളും അവഗണിച്ചു മുന്നോട്ടുപോയി, എന്തായാലും ഒരു തിരിച്ചുപോക്ക് അനിവാര്യമാണല്ലോ. അമേരിക്കയിലേക്കു ബന്ധുബലത്തോടെ കുടിയേറിയപ്പോൾ മറ്റൊരു സാഹചര്യവുമായിരുന്നു മലയാളിക്ക്, എങ്കിലും കുറച്ചു വർഷങ്ങൾക്കുശേഷം ഒരു മടങ്ങിപ്പോക്ക് സ്വപ്നംകാണാത്തവർ കുറയും. എന്തോ ഒരു ഭ്രാന്തമായ അഭിനിവേശം നാളീകേരത്തിന്റെ നാട്ടിലെ ഒരു നാഴിയിടങ്ങഴി മണ്ണിനോട് അവനുണ്ടായിരുന്നു. 

നാം അറിയാതെ, ഒരു നിയോഗം പോലെ എത്തപ്പെടുന്ന നമ്മുടെ കുടുംബം, മാതാപിതാക്കൾ, സഹോദരങ്ങൾ, നാട്, രാജ്യം, വിശ്വാസങ്ങൾ, നിറം, ഭാഷ, ആചാരങ്ങൾ, ഇവ ഒക്കെ നമ്മുടെ ജീവിതത്തിൽ പുലിയുടെ പുള്ളിപോലെ പറിച്ചുമാറ്റാനാകാത്ത നമ്മൾ തന്നെയാണെന്ന തിരിച്ചറിവാണ് നമ്മളെ നാം ആക്കുന്നത്. ഇതൊക്കെ നഷ്ടപ്പെടുമ്പോഴും, നമ്മിൽ നിന്നും പിടിച്ചു പറിച്ചെടുക്കപ്പെടുമ്പോഴും ഉള്ള വേദന, ആത്മസംഘർഷം, ഒക്കെയാണ് നാം മനുഷ്യനാണെന്ന ഓർമ്മപ്പെടുത്തൽ ഉണ്ടാക്കുന്നത്. ഓരോ ബന്ധങ്ങളും ദൃഢമാകുന്നത് തമ്മിൽ തമ്മിൽ നാം പിടിച്ചു നൽകിയ കൈകളാണ്, സ്വാന്തനങ്ങളാണ് , കാത്തിരിപ്പുകളാണ്.

വീണ്ടും അവയിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മാവിന്റെ തുടിപ്പുകളാണ് നമ്മെ ഭൂമിയിൽ പിടിച്ചു നിർത്തുന്നത്. ബന്ധങ്ങൾ പതുക്കെ വേർപെടുത്തി പുതിയ ബന്ധങ്ങൾ നെയ്തെടുക്കാനുള്ള പാഠങ്ങളാണ് പ്രായോഗിക ജീവിതം നമ്മെ പഠിപ്പിക്കുന്നത് എങ്കിലും, പറയപ്പെടാനാവാത്ത ഏതോ ഒരു വിതുമ്പൽ നമ്മുടെ അവസാന ശ്വാസം വരെ നമ്മെ പിൻതുടരുന്നു എന്നതാണ് സത്യം. നിലനില്പിനുള്ള തുടിപ്പുകളാണ് ഓരോ നിമിഷവും പ്രകൃതി നമ്മിൽ ഉത്തേജിപ്പിക്കുന്ന ഊർജം, അങ്ങനെ നാം അറിയാതെ എവിടെയൊക്കയോ ഏത്തപ്പെടുന്നു , നമ്മെ അറിയാതെ പിന്തുടരുന്ന മരിക്കാത്ത ചില ഓർമ്മപ്പെടുത്തലുകൾ, അവയുടെ അവ്യക്തമായ മർമ്മരങ്ങൾ, ചിലമ്പലുകൾ, ഓളങ്ങൾ ഒക്കെ നമ്മോടു അറിയാതെ സംവദിച്ചുകൊണ്ടിരിക്കുന്നു.

എന്തിനു നാട്ടിൽ പോകണം? അവിടെ എന്നെ പ്രതീക്ഷിച്ചു ആരും ഇരിപ്പില്ല, അമ്മയുള്ളപ്പോൾ എത്രരാത്രിയിലും ചൂരക്കസേരയിൽ ഉറങ്ങാതെ കണ്ണടച്ചിരിക്കുന്ന ആ ഇരിപ്പു ഇപ്പോൾ വെറും ഓർമ്മയാണ്, ഒരു സഹോദരൻ ഉള്ളത് ഒരു ഔദാര്യം പോലെ ഒന്നു രണ്ടു ദിവസം കഷ്ട്ടിച്ചു ഒപ്പം കാണും, അവർ വലിയ തിരക്കിൽ തന്നെയാണ് എപ്പോഴും, എന്തെകിലും ഒക്കെ പ്രതീക്ഷിച്ചു വല്ലപ്പോഴും കടന്നുവരുന്ന ചില പഴയ സുഹൃത്തുക്കൾ, പിരിവുമായി ചിരിവിടർത്തി കടന്നു വന്നു പാഞ്ഞുപോകുന്ന പാർട്ടിക്കാരും പള്ളിക്കാരും. മക്കൾ, അവരും അവരുടെ ജീവിതവുമായി പലയിടത്തായി കടന്നുപോയി. ഇവിടെ അത്ര പറയാൻ അടുത്ത ബന്ധുക്കൾ ഒന്നും ഇല്ല, രോഗിയായ ഭാര്യയും ഞാനും മാത്രം. ആദ്യം കുറെ യാത്രകൾ ഒക്കെ ചെയ്തു, ഇപ്പോൾ അതും മടുത്തു തുടങ്ങിയിരിക്കുന്നു. "ഓർമ്മകളുടെ പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ ഈ പഴയ വീട്ടിൽ ഞാനും ഞാനുമെൻറ്റാളും വിരസതകൊടുള്ള പങ്കായം പൊക്കി" അങ്ങനെ എത്രയെത്ര തനിയാവർത്തനങ്ങൾ !!. ഇത്രയും നേരത്തെ പെൻഷനാവേണ്ടിയിരുന്നില്ല എന്ന് തോന്നുകയാണ് ഇപ്പോൾ. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനായ ഒരു സുഹൃത്ത് വിലപിക്കയായിരുന്നു. മടുത്തു, ഒരിക്കലും നാട്ടിലേക്കില്ല എന്ന് പറഞ്ഞു പരിഭവിക്കുന്ന ഒരു സുഹൃത്ത്, സ്വകാര്യ സൗഹൃദ സംഭാഷണങ്ങളിൽ പിടിവിട്ടു പോകുന്ന തേങ്ങലുകൾ അങ്ങനെ അറിയാതെ കടന്നു വരാറുണ്ട്.

എന്തിനു ഇത്രയും വലിച്ചു നീട്ടി ജീവിതം തരുന്നു, ക്രൂരമാണ് ഇത്, അങ്ങ് വിളിച്ചുകൂടേ? 95 വയസുള്ള ഭർത്താവിനെ നോക്കി ബുദ്ധിമുട്ടുന്ന ഭാര്യ, അവിസ്മരണീയമായ ഒത്തിരി അനുഭവങ്ങളിലൂടെ കടന്നുപോയ പറന്നു നടന്ന കാലം, അതിനു ഇത്തരം ഒരു ശൂന്യമായ വലിച്ചു നീട്ടൽ അനിർവാര്യമായിരുന്നോ? മുകളിലേക്ക് നോക്കിയാണ് ചോദ്യം? ആരാണ് ഉത്തരം നൽകേണ്ടത്? ഇത്രയൊക്കെ വേണമായിരുന്നോ? എന്താണ് ആകെയുള്ള നേട്ടത്തിന്റെ ഫലം?.

സെബാസ്റ്റ്യൻ ജംഗറിന്റെ "Tribe” ഗോത്രം - മടങ്ങിവരവും ചെന്നുചേരലുകളും "എന്ന പുസ്തകം ജീവിതത്തിന്റെ മറ്റൊരു മുഖം അനാവൃതമാക്കയായിരുന്നു . സുരക്ഷിതവും സമ്പന്നവുമായ മേച്ചിൽപുറങ്ങളിലേക്കാണ് നാം ഓടിപ്പോകാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതാണോ ജീവിത ലക്ഷ്യം എന്ന് ഓര്മപ്പെടുത്തുകയാണ് സെബാസ്റ്റ്യൻ ജംഗർ . മടങ്ങിവരവും ചെന്നുചേരലുകളും കാത്തിരിക്കുന്നത് എന്താണ് ? എന്തിലേക്കാണ് എന്ന് വിരൽ ചൂണ്ടുകയാണ് അദ്ദേഹം. യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന പട്ടാളക്കാരെ കാത്തിരിക്കുന്ന സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടും. ഒരു ഗോത്ര സ്വഭാവം വന്നു ചേരുന്ന പട്ടാള യൂണിറ്റിനു താഴെ, മതമോ രാഷ്ട്രീയമോ നിറമോ നോക്കാതെ ഒന്നിച്ചു പോരാടിയിരുന്നവർ തിരിച്ചു വന്നപ്പോൾ നേരിടുന്ന വൈതരണി, ഉള്ളവനും ഇല്ലാത്തവനും, അവജ്ഞ, വെറുപ്പ്, സ്വദേശി, വിദേശി, തുടങ്ങിയ വിരൽചൂണ്ടലുകളിൽ ഒറ്റപ്പെട്ടു പോകുന്ന ജനക്കൂട്ടം. വ്യക്തമായ ലക്ഷ്യവും ധാരണയും കൊണ്ട് നിർവചിക്കപ്പെട്ട ചെറിയ ഗ്രൂപ്പുകളിൽ ഉൾപ്പെടാനുള്ള ശക്തമായ സഹജാവബോധം നമുക്കുണ്ട് -"ഗോത്രങ്ങൾ." ആധുനിക സമൂഹത്തിൽ ഈ ഗോത്ര ബന്ധം ഏറെക്കുറെ നഷ്ടപ്പെട്ടു, പക്ഷേ അത് വീണ്ടെടുക്കുന്നത് നമ്മുടെ മാനസിക നിലനിൽപ്പിന്റെ താക്കോലായിരിക്കാം.

ആധുനിക സംസ്കാരം വച്ചുനീട്ടുന്ന അന്തമില്ലാത്ത ഉപഭോഗ സാമഗ്രികൾ, ഭാവനാതീതമായ വ്യക്തി സ്വാതന്ത്ര്യം , ഇവക്കിടയിൽ എവിടേയോ നമുക്ക് നഷ്ട്ടപ്പെടുന്ന അമൂല്യമായ സാമൂഹിക അവബോധം, പരസ്പരാശ്രയത്വം ഒക്കെ നാം തിരിച്ചു അറിയാൻ തുടങ്ങുന്നത് ദൗർഭാഗ്യങ്ങളും  കഷ്ടകാലങ്ങളും നമ്മെ വേട്ടയാടുമ്പോൾ മാത്രമാണ് എന്ന് ജംഗർ പറയുന്നു. പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിൽ കോളനികളും അമേരിക്കൻ ഗോത്രങ്ങളും പൊരിഞ്ഞ യുദ്ധം നടക്കുക ആയിരുന്നു. കോളനിക്കാർ അമേരിക്കൻ-ഇന്ത്യക്കാരെ പിടിച്ചുകൊണ്ടുപോകയും, അവർ തിരിച്ചു കോളനിക്കാരെ പിടിച്ചു കൊണ്ട് പോകയും സാധാരണമായിരുന്നു. എന്നാൽ ഒരു പ്രത്യേകത കാണപ്പെട്ടത് നരവംശ ശാസ്ത്ര ലോകത്തിനു ഇന്നും പഠന വിഷയമാണ് . പിടിച്ചു കൊണ്ടുപോകപ്പെട്ട യൂറോപ്യൻ സംസ്കാരത്തിൽ വളർത്തപ്പെട്ടവർ അമേരിക്കൻ-ഇന്ത്യൻ ഗോത്ര മേഖലയിൽ തന്നെ ആ ജീവിത രീതിയുമായി ചേർന്ന് പോകാൻ മാനസികമായി തയ്യാറാവുന്നു. കോളനിക്കാർ വന്നു അവരെ മോചിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ തിരിച്ചുപോകാതെ ഒളിച്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ പിടിച്ചു കൊണ്ടുപോകപ്പെട്ട ഒറ്റ അമേരിക്കൻ-ഇന്ത്യനും യൂറോപ്പ്യൻ രീതികൾ അനുകരിക്കാൻ ശ്രമിച്ചില്ല. 1753 ൽ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

നമുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം എന്ന് ശലോമോൻ രാജാവിനു പോലും തോന്നിത്തുടങ്ങിയിരുന്നങ്കിൽ അത്ഭുതപ്പെടാനാവില്ല. നാഗരികത വച്ച് നീട്ടുന്ന കപട സുരക്ഷിതത്വത്തിൽ നിന്നും വേറിട്ടു, തമ്മിൽ തമ്മിൽ അറിയാൻ സാധിക്കുന്ന, അയൽക്കാരന്റെ പേരറിയാവുന്ന, ഒരു സംസ്കാരം, ഒരു കൂട്ടം ഇപ്പോഴും തനിക്കു പിറകിൽ ഉണ്ട് എന്ന ബോധം, ഒരു പ്രത്യേക സംതൃപ്തിയും സമാധാനവുമാണ് തരുന്നത്, ഇതിനു ഉതകുന്ന ഗോത്ര സംസ്കൃതിയെയാണ് നാം പിൻതള്ളി പോകുന്നത്. ആധുനിക പ്രസ്ഥാനങ്ങൾ സേവനം മാത്രമാണ് വച്ചുനീട്ടുന്നത്, "കരുതൽ" എന്ന ശ്രേഷ്ഠമായ മാനുഷീകത എവിടേയോ നമുക്കു നഷ്ട്ടപെട്ടു. മതവും ഭരണകൂടങ്ങളും വച്ചുനീട്ടുന്നത് വെറും “സേവനം” മാത്രം, അതിനു അവർ കൃത്യമായ പ്രതിഫലവും ഈടാക്കും. എന്നാൽ "കരുതലുകൾ" സൗജന്യമാണ്, അത് മനസ്സുകൾ തമ്മിൽ അറിയാതെ കൈമാറുന്ന പ്രതിഫലനമാണ്, അതാണ് ഇന്ന് നമുക്ക് കൈമോശം വന്നത് . അതിലേക്കാണ് നമുക്ക് മടങ്ങി പോകേണ്ടത്, സൗജന്യമായ കരുതൽ കൂടാരത്തിലേക്കാണ് നാം ചെന്ന് ചേരേണ്ടത് .

നാട്ടിൽ പോയി തന്റെ പഴയകാലത്തേക്ക് തിരിച്ചചെല്ലാം, ഒക്കെ തിരിച്ചുപിടിക്കാം എന്ന അതിമോഹം ഒന്നും ഇന്ന് ആർക്കും തീരെയില്ല. പിന്നെ മടങ്ങിപ്പോകാവുന്നതു ആ പഴയ മനസ്ഥിതിയിലേക്കാണ്, അവിടെയാണ് എന്റെ ബാലവും കൗമാരവും യൗവ്വനവും പൊതിഞ്ഞു വച്ചിരിക്കുന്ന ആമാടപ്പെട്ടി. അതൊന്നു തുറന്നു നോക്കാം, ഒക്കെ പുതിയ കാഴ്ചപ്പാടിൽ കാണാവുക മാത്രമാണ് ചെയ്യാനാവുക. നമ്മുടെ പഴയ ഗ്രാമത്തിന്റെ പൊടിപോലും ഇന്നവിടെയില്ല എന്ന തിരിച്ചറിവ്, അതൊരു നൊമ്പരം മാത്രം.

“Humans don’t mind hardship, in fact they thrive on it; what they mind is not feeling necessary. Modern society has perfected the art of making people not feel necessary. It's time for that to end.” ― Sebastian Junger.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS