2021 ജനുവരി 6, അമേരിക്കൻ ചരിത്രത്തിൽ അത്രയൊന്നും പെട്ടന്ന് മറന്നുപോകാൻ പറ്റുന്ന ഒരു ദിവസമല്ല. ആരുടെയോ ഭാഗ്യത്തിന് അമേരിക്കൻ ജനാധിപത്യം തലനാരിഴടക്കു രക്ഷപെട്ട ഒരു ദിവസം. അത്ര സുന്ദരമല്ല കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ, ഒരുപക്ഷേ ജനാധിപത്യ ബോധ്യമുള്ളവർ ഇന്നും ആ നടുക്കത്തിൽനിന്നും ഞെട്ടിയുണർന്നിട്ടില്ല. ആഴത്തിലുള്ള ജനാധിപത്യ വിള്ളലിന്റെ ഒരു പ്രിവ്യൂ മാത്രമായിരിക്കാം ജനുവരി ആറ്. അമേരിക്കൻ ചരിത്രത്തിലെ ആ കുപ്രസിദ്ധ ദിനത്തിന്റെ കറ തലമുറകളിലൂടെ പ്രതിഫലിക്കും.
എത്ര ദുർബലമാണ് നിലവിലുള്ള അമേരിക്കൻ ചട്ടക്കൂടുകൾ എന്ന് അന്ന് വ്യക്തമാക്കി. അമേരിക്കയുടെ ഭാവി കീഴ്മേൽ മറിഞ്ഞാൽപ്പിന്നെ ലോകത്തിന്റെ ഗതി പറയാനൊക്കുമോ? കാലങ്ങളായി നെയ്തെടുത്ത ഗൂഢാലോചനാ സിദ്ധാന്തം അമേരിക്കയുടെ പ്രാന്തപ്രദേശങ്ങളെ എങ്ങനെയൊക്കെ അസ്വസ്ഥമാക്കിയിരുന്നു എന്ന് അറിയാമായിരുന്നില്ലേ? ബോധപൂർവമായ പാഴ്ക്കഥകൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം എന്തായിരുന്നു? സാധാരണക്കാരിൽ അസാധാരണമായ ഭീതിജനിപ്പിക്കുക, തങ്ങളുടെ മൂല്യങ്ങളും വിശ്വാസങ്ങളും ആരോ തല്ലിത്തകർക്കുന്നു. പിടിച്ചെടുത്താൽ മാത്രമേ രക്ഷയുള്ളൂ എന്ന വിഷം ആരാണ് ബോധപൂർവം പാവങ്ങളുടെ മസ്തിഷ്കത്തിൽ വിതച്ചത്?.
സാധാരണ ജനരോഷം എന്നരീതിയിൽ അതിനെ വിലകുറച്ചുകാണാതിരിക്കുകയാണ് വേണ്ടത്. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ഭരണ സമ്പ്രദായത്തിന്മേലുള്ള ഒരു പ്രസിഡന്റിന്റെ ഏറ്റവും ഉത്തേജകവും വാചാലവുമായ ആക്രമണത്തിന് ലോകം സാക്ഷിയാവുകയായിരുന്നു. അത് അക്രമത്തെ നിയമവിധേയമാക്കി പൗരന്മാർക്കിടയിൽ അരാഷ്ട്രീയ ഉപകരണമായി അവതരിപ്പിച്ചു. സകല മാന്യതകളും ലംഘിച്ചു അക്രമത്തിലൂടെ ജനാതിപത്യരീതികളെ പിടിച്ചെടുക്കാം എന്ന ട്രംപിയൻചിന്ത, അമേരിക്കയുടെ എല്ലാ സ്ഥാപക പിതാക്കന്മാരുടെയും അവർ വിശ്രമിക്കുന്ന കല്ലറകളിൽ നിന്നുപോലും സ്വസ്ഥത കെടുത്തിക്കാണാതിരിക്കില്ല.
വോട്ടർമാരുടെ ഇഷ്ടം നിഷേധിക്കാൻ "നരകം പോലെ പോരാടാൻ" ഒരു ജനക്കൂട്ടത്തെ പ്രേരിപ്പിച്ച ഡോണാൾഡ് ട്രംപ് മണിക്കൂറുകളോളം ജ്വലിപ്പിച്ച ഭീകരതയുടെ അനന്തരഫലങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ ബഹു ഭൂരിപക്ഷവും നടുക്കത്തോടെയാണ് കണ്ടത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മകുടത്തിനുമേൽ അക്രമാസക്തമായ ജനക്കൂട്ടത്തെ ഇളക്കിവിട്ടു തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കാനുള്ള തറവേല പാർട്ടിയുടെ പദ്ധതിയായി മാറിയാൽ റിപ്പബ്ലിക്കൻ പാർട്ടിതന്നെ ഇല്ലാതാവും. രാജ്യത്താകമാനം റിപ്പബ്ലിക്കൻ പാർട്ടി ട്രംപുഗ്രൂപ്പുമായി തമ്മിൽ പോരാടുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ സമുന്നതരായ നേതാക്കളെ ഇല്ലാതാക്കാനും നിശ്ശബ്ദരാക്കാനുമുള്ള ട്രംപിസ്റ്റുകളുടെ വ്യഗ്രത ഈ കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും മറനീക്കിപുറത്തുവന്നു.
അമേരിക്ക വിദേശാക്രമണത്തിൽനിന്നും മോചിതരാണ് എന്ന മിഥ്യാധാരണ സെപ്തംബർ പതിനൊന്നു പൊളിച്ചുവെങ്കിൽ അമേരിക്കൻ ജനാധിപത്യം അത്ര ശോഭനമല്ല എന്ന് ജനുവരി 6 വിളിച്ചുപറയുന്നു. യുഎസ് ക്യാപിറ്റോളിൽ അന്ന് അക്രമികൾക്ക് അടുത്ത നിരയിലേക്ക് കയറാൻ സാധിച്ചിരുന്നെങ്കിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ചരിത്രവും, ആർക്കും പ്രതിരോധിക്കാനാവാത്ത അരാജകത്വവുമായിരിക്കാം രേഖപ്പെടുത്താൻ ഇടവരിക. ജോ ബൈഡന്റെ 2020 ലെ തിരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താൻ മൈക്ക്പെൻസിന്റെ അധികാരപരിധിക്ക് കീഴിലുള്ള കോൺഗ്രസിന്റെ ദിവസം തന്നെ അദ്ദേഹം തീവ്രവാദ വോട്ടർ വഞ്ചന സങ്കൽപ്പങ്ങൾക്ക് തുടക്കമിട്ടു. പെരുത്ത കള്ളങ്ങളുടെ പിൻബലത്തിൽ പ്രാദേശിക രാഷ്ട്രീയക്കാരെ സ്വാധീനിക്കാനും സ്വന്തം വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ അപകടപ്പെടുത്താനും പ്രേരിപ്പിച്ച ബോധം എത്ര നിസ്സാരമായിട്ടാണ് ചിലർ കാണുന്നത് എന്ന് ഓർക്കുമ്പോൾ നടുക്കവും ഒപ്പം അറപ്പുമാണ് തോന്നുന്നത്.
"നിങ്ങളുടെ രാജ്യം തിരിച്ചുപിടിക്കണോ? എന്നാൽ നമ്മുടെ രാജ്യം തിരിച്ചുപിടിക്കണം എന്ന അഭിമാനവും ധൈര്യവും നമ്മുടെ പ്രതിനിധികൾക്ക് നൽകണം." ഹാലിളകിനിൽക്കുന്ന ജനക്കൂട്ടത്തോട് ട്രംപ് ചോദിച്ചു. നിരായുധരായ ജനപ്രതിനിധികളെ ബന്ധിക്കുവാനുള്ള ചരടും, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സ്പീക്കർ നാൻസി പെലോസി തുടങ്ങി ഉന്നതരായ പലരെയും ഇല്ലാതാക്കാനുള്ള കൊലമരവുമായി നിറഞ്ഞാടിയ അക്രമികളുടെ വിക്രിയകൾ വെറും പ്രതിഷേധത്തിന്റെ പേരിലുള്ള പ്രകടനമായി ആരും കരുതുന്നില്ല. ഇതൊക്കെ ഇളക്കിവിട്ടിട്ടു മറ്റ് ഏതു അരാജകത്വ സ്വേച്ഛാധിപതികൾ കാണിക്കുന്നതുപോലെയും ട്രംപ്, വൈറ്റ്ഹാവൂസിന്റെ സുരക്ഷിതത്വത്തിൽ നിലയുറപ്പിച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും പെൻസിനെ തൂക്കിക്കൊല്ലാൻ ആവശ്യപ്പെടുകയും നിയമനിർമ്മാതാക്കളെ ജീവനുവേണ്ടി ഓടിക്കുകയും സഭയിലും സെനറ്റിലും ജനാധിപത്യ സർക്കാരിന്റെ ചിഹ്നങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്ത അക്രമാസക്തമായ ജനക്കൂട്ടത്തെ പിൻവലിക്കാൻ ട്രംപ് തയാറായില്ല. ഏറ്റവും മുതിർന്ന തിരഞ്ഞെടുക്കപ്പെട്ട നേതാക്കളിൽ ചിലർ കൊല്ലപ്പെടുമായിരുന്നിരിക്കാം. തന്റെ നേതാവിന്റെ നുണകളാൽ വാഷിംഗ്ടണിലേക്ക് ആകർഷിക്കപ്പെട്ടതിനെത്തുടർന്ന്, സ്പീക്കറുടെ ലോബി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ, ഒരു ക്യാപിറ്റൽ പോലീസ് ഓഫീസറുടെ വെടിയേറ്റ്, ട്രംപ് അനുയായിയായ ആഷ്ലി ബാബിറ്റ് ഉൾപ്പെടെ നാല് മരണങ്ങളിലേക്ക് അക്രമം നയിച്ചു.
ഒരു വർഷം കഴിഞ്ഞിട്ടും, ഇതെല്ലാം അമേരിക്കയിൽ സംഭവിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, ഇത്രയും കാലം ലോകത്തിന് ഒരു ജനാധിപത്യ വിളക്ക് ആയി നിലയുറപ്പിച്ച അമേരിക്കക്കു എന്താണ് സംഭവിച്ചത്? അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും, അമേരിക്കൻ ഭരണസംവിധാനത്തിന്റെ കാവൽപുരുഷനെന്നു സത്യപ്രതിഞ്ജയും എടുത്ത രാജ്യത്തിൻറെ പ്രസിഡന്റ് സ്വന്തം അഹംഭാവത്തിന്റെ ഇരയായി ഇങ്ങനെയൊക്കെ കാട്ടികൂട്ടുമ്പോൾ നടുങ്ങാതെ ഒരുദിവസംപോലും അമേരിക്കക്കാർക്ക് ഉറങ്ങാനാവില്ല. ട്രംപ് വീണ്ടും റിപ്പബ്ലിക്കൻ പർട്ടിയിൽ പിടിമുറുക്കുന്നു എന്ന സത്യം അമേരിക്കക്കാർക്ക് മാത്രമല്ല ലോകത്തിന്റെ തന്നെ ഉറക്കം കെടുത്തുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.