ആരാണ് ദൈവം എന്താണ് ദൈവം? ഗോപിനാഥ് മുതുകാടുമായി അഭിമുഖം

korason-muthukad
SHARE

ചെറുപ്പത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വ്യക്തിജീവിതം അമേരിക്കൻ എഴുത്തുകാരിയും ഭിന്നശേഷിക്കാരുടെ വക്താവും ആയ ഹെലൻ കെല്ലർ ആയിരുന്നു. ജനിച്ചു 19 മാസം ആയപ്പോഴേക്കും മെനിഞ്ചൈറ്റിസ് രോഗം ബാധിച്ചു അവരുടെ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു. ഹെലൻ കെല്ലറുടെ അധ്യാപികയും ജീവിതകാലം മുഴുവൻ സഹജീവിയും ആയ ആനി സള്ളിവൻ ഒരു ഭിന്നശേഷിക്കാരിക്കുട്ടിയെ ലോകത്തിന്റെ മാതൃകവനിതയായി മാറ്റിയ മാർഗദർശനത്തിന്റെ അതിസാഹസിക കഥ അമ്പരപ്പിക്കാതിരുന്നില്ല. 

helen-keller-annie-sullivan
Helen Keller and Ann Sullivan

1903-ൽ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ദ സ്റ്റോറി ഓഫ് മൈ ലൈഫ്, ഹെലൻ കെല്ലറുടെ ആത്മകഥയാണ്. യാഥാസ്ഥിതിക ചുറ്റുപാടുകളിൽ ഒരു രോഗം വരുത്തിവച്ച വിന എന്ന രീതിയിൽ ഭിന്നശേഷിയെ തളച്ചിടാതെ, അമേരിക്കൻ സമൂഹത്തിൽ ഒരു വലിയ മാറ്റത്തിന്റെ മുന്നോടിയായി ആയി മാറി ആനി സള്ളിവൻ. ഒന്നേകാൽ നൂറ്റാണ്ടിനു ശേഷം നമ്മുടെ കേരളത്തിലും മറ്റൊരു ആനി സള്ളിവൻ നിരവധി ഹെലൻ കെല്ലര്‍മാരെ വാർത്തെടുക്കാൻ തയാറായി. അതാണു ഗോപിനാഥ് മുതുകാട്. 

അദ്ദേഹത്തിന്റെ അതിശയകരമായ ജാലവിദ്യകൾ കാണുകയും ഹൃദയത്തിൽ തട്ടുന്ന സന്ദേശങ്ങൾ  കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അടുത്തു കാണാനും സംസാരിക്കാനും ഇടയായത്. അമേരിക്കയിലെ ഒർലാന്റോയിൽ നടന്ന ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ സമ്മേളനത്തിൽ അതിഥിയായി എത്തിയിരുന്നു അദ്ദേഹം. ജാലവിദ്യയുടെ മാസ്മരിക ലോകത്തു നിന്നു വിടപറഞ്ഞു, ജീവിതം മുഴുവനും ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി സമർപ്പിച്ചു എന്നു കേട്ടപ്പോൾ അതിശയം തോന്നി.

അദ്ദേഹം വിഭാവനം ചെയ്ത ലോകത്തിലെ ആദ്യത്തെ മാജിക് അക്കാദമി, ദി അക്കാദമി ഓഫ് മാജിക്കൽ സയൻസസ്, ആദ്യത്തെ മാജിക് മ്യൂസിയം, തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റ്, ഇവയെക്കുറിച്ചൊക്കെ കൗതുകത്തോടെ ചോദിച്ചറിഞ്ഞു. ഒപ്പം അദ്ദേഹത്തിന്റെ വീക്ഷണങ്ങളും ചിന്തകളും ന്യൂയോർക്കിൽ വച്ചു പങ്കുവച്ചു. അതാണ് ഇവിടെ കുറിക്കുന്നത്.  

അറിയപ്പെട്ട ഒരുഇന്ദ്രജാലക്കാരനിൽ നിന്ന് ഒരു മോട്ടിവേഷണൽ സ്പീക്കർ എന്ന ചുവടുമാറ്റം എങ്ങനെയായിരുന്നു?

അവിചാരിതമായി നടന്ന ഒരു ചുവടുമാറ്റം തന്നെയായിരുന്നു. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ഗ്യാപ് ഫില്ലിംഗ് സമയത്തു ചില സംഭാഷണങ്ങൾ, എലിമിനേഷൻ സമയത്തു പിൻവാങ്ങുന്ന മത്സരാർഥികളോടുള്ള ആശ്വാസവാക്കുകൾ, ഒക്കെ അറിയാതെ പ്രേക്ഷകർ ഏറ്റെടുത്തു. വാക്കുകൾക്ക് വലിയ സ്വാധീനം ജീവിതങ്ങളിൽ ഉണ്ടാക്കാനാവും. സൃഷ്ടിയുടെ താക്കോലാണ് വാക്കുകൾ എന്നു പറയാറില്ലേ.  

കപടത മൂടിയ സമൂഹം ഇന്നു വളരെ അസ്വസ്ഥമാണ്. ആരെയും വിശ്വസിക്കാൻ കഴിയാത്ത സമൂഹത്തിൽ എങ്ങനെ സമൂഹത്തിനു മുന്നോട്ടു പോകാനാവും? 

സ്വാമി വിവേകാനന്ദന്റെ  മെന്ററും ഗുരുവുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതം വളരെ പ്രചോദനമായ ചില സത്യങ്ങൾ കാട്ടിത്തരുന്നു. പച്ചയായ മനുഷ്യൻ, ഒന്നും ഒളിച്ചുവയ്ക്കാതെ പ്രവർത്തിക്കുക. യുക്തിഭദ്രമായ ഒരു തീർപ്പ് ഉണ്ടാകാതെ, യുക്തിഭംഗമായ ഒരു തീരുമാനത്തിൽ എത്താതിരിക്കുക. ഒരു ശരിയും തെറ്റും കൂടിയല്ല ഇന്നു മത്സരിക്കുന്നത്, പലതരത്തിലുള്ള ശരികൾ തമ്മിലാണ് ഇന്ന് മത്‌സരം. അറിവും തിരിച്ചറിവും കാഴ്ചപ്പാടുകളെ വേർതിരിച്ചെടുക്കാനാവണം. അപ്രിയസത്യങ്ങൾ ആശ്വാസകരമായ നുണകളിൽ മുങ്ങിപ്പോയിരിക്കുന്നു. ചാനൽ ചർച്ചകളിൽ എന്താണ് ശരിയെന്നു കണ്ടുപിടിക്കാനാവില്ല. അവതരിപ്പിക്കുന്നവർക്കുപോലും അവർ കപടതയാണ് വിളമ്പുന്നത് എന്നറിയാം, കേൾവിക്കാർ നിരന്തരം വഞ്ചിക്കപ്പെടുകയാണ്. സമൂത്തിൽ നടക്കുന്ന വസ്തുതകൾ അറിഞ്ഞുകൊണ്ടിരിക്കണം. സത്യം തിരിച്ചറിയാനുള്ള സാവകാശം കൊടുക്കണം. സത്യം ഒരിക്കലും മൂടിവെയ്ക്കാനാവില്ല , അത് ഒരിക്കൽ പുറത്തു വരികതന്നെ ചെയ്യും. 

korason-muthukad-2

ആരാണ് ദൈവം, എന്താണ് ദൈവം? എന്താണ് ഒരു ആൾദൈവം ആകാതെ പോയത്? 

ഖലീൽ ജിബ്രാന്റെ വാക്കുകൾ ചേർത്തുവെച്ചാൽ, ഒരു സ്വാർത്ഥ താല്പര്യവുമില്ലാതെ, മറ്റൊരാളെ സ്നേഹിക്കാൻ, ചേർത്തുനിർത്താൻ കഴിയുന്നവനാണ് ദൈവം. യാഥാർഥ്യം തിരിച്ചറിയുന്നതിലൂടെയാണ് സായൂജ്യം . ഞാൻ ഇപ്പോൾ വളരെ സന്തോഷവാനാണ്. സമ്പാദിച്ചതൊക്കെ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിപോഷണത്തിനായി മാറ്റിവച്ചു. 

എന്താണ് ഇനിയുള്ള പദ്ധതികൾ? 

ഇനിയുള്ള കാലം അവർക്കൊപ്പം അവർക്കുവേണ്ടി ജീവിക്കുകയാണ് എന്റെ ദൗത്യം. അമേരിക്കയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ കാണാനും അത് നടത്തുന്നവരും അതിന്റെ ശാസ്ത്രീയമായ പഠനം നടത്തുന്നവരുമായി സമയം ചിലവഴിച്ചു. അമേരിക്കയിൽ എത്ര കാര്യക്ഷമതയോടെയാണ് ഈ മേഖലയിൽ സംവിധാനങ്ങൾ ഇടപെടുന്നത്. നമ്മുടെ സമൂഹം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെ സമീപിക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ചില ചിന്താരീതികൾ മാറ്റണം. ഈ അടുത്തകാലത്ത് വന്ന ഒരു സിനിമയിലെ സംഭാഷണം വല്ലാതെ വേദനിപ്പിച്ചു. മാതാപിതാക്കളുടെ കുഴപ്പം കൊണ്ടാണ് ഭിന്നശേഷിയുള്ള കുട്ടികൾ ഉണ്ടാവുന്നത് എന്ന തെറ്റായ സംഭാഷണം എങ്ങനെ കടന്നുവന്നു എന്ന് അത്ഭുതപ്പെടുത്തി. 

ഇന്നത്തെ സമൂഹത്തിൽ വിജയം എന്നതിന്റെ അളവ് എത്രയധികം സമ്പത്തുനേടി എന്നതിനെ ആശ്രയിച്ചല്ലേ? ആകാശത്തേക്ക് എറിഞ്ഞു വിടുന്ന കല്ല്, അത് പക്ഷികളോടൊപ്പം പറക്കാനുള്ള അവകാശമല്ല, അൽപ്പം കഴിയുമ്പോൾ അത് താഴേക്ക് പതിക്കും എന്നോർക്കുക. വലിയ കല്ലുകൾക്കടിയിൽ അമർന്നു കിടക്കുന്ന ചില ചെറിയ കല്ലുകൾ കൂടിയുണ്ട് എന്നു വിസ്മരിക്കാതിരിക്കുക. പണവും ആർഭാടവും ഒക്കെ നിമിഷംകൊണ്ട് ഇല്ലാതെ പോകുന്നതു നമ്മൾ കണ്ടിട്ടുണ്ട്. സ്വപ്നം പോലും കാണാൻ സാധിക്കാത്ത കുട്ടികളെയാണ് ഞാൻ സംരക്ഷിക്കുന്നത്. അവരുടെ സ്വപ്നം നമുക്ക് ഏറ്റെടുക്കാനാവണം. ഒരു അമ്മയുടെയെങ്കിലും കണ്ണുനീർ തുടക്കാൻ കഴിഞ്ഞാൽ പുണ്യമാണ്‌. അമ്മയെന്ന ബന്ധം പോലും അറിയാത്ത കുട്ടികളാണ് പല ഭിന്നശേഷിയുള്ള കുട്ടികളും. അവരുടെ ശരീരത്തിന്റെ ആവശ്യങ്ങൾ അവർ മറച്ചുവെയ്ക്കില്ല.  

വേദനിച്ച നിമിഷം?

കുഴമ്പുമണമുള്ള അച്ഛന്റെ മാറിൽ കിടന്നുകേട്ട മാന്ത്രിക കഥകളാണു ജാലവിദ്യയുടെ പ്രേരണ. ഒന്നും അരുതെന്നു പറഞ്ഞിട്ടില്ലെങ്കിലും പറയാതെ പറഞ്ഞ ചിന്തകളാണ് എന്നെ മുന്നോട്ടു നടത്തുന്നത്. ആ അച്ഛന്റെ വിയോഗ സമയത്തു അരികിലെത്താനായില്ല, അപ്പോൾ ഒരിടത്തു മാജിക് അവതരിപ്പിക്കയായിരുന്നു. 

സന്ദേശം? 

ഒരു കല്ലെടുത്തു തടാകത്തിലേക്കെറിഞ്ഞാൽ അവ ഉണ്ടാക്കുന്ന ഓളങ്ങൾ തിരകളായി തീരത്തേക്കു വരും. നാം കൊടുക്കുന്ന സ്നേഹത്തിന്റെ ഒരു ഇളക്കത്തിന് ഭൂമിയെ മാറ്റിമറിക്കാനാവും. കൊടുക്കുന്ന സ്നേഹം പതിന്മടങ്ങു ആവേശത്തോടെ തിരകളായി തിരികെവരും, അതുകൊണ്ടു സ്നേഹിച്ചു കൊണ്ടേയിരിക്കുക, മതിയാവാതെ സ്നേഹിക്കുക, നിസ്വാർഥമായി സ്നേഹിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}