അമ്മാച്ചനൊപ്പം ഒരു ക്രിസ്മസ് കാലത്തു തിരുവല്ലയിലെ അമ്മ വീട്ടിൽ കരോളുകൂട്ടരേയും പ്രതീക്ഷിച്ചിരിക്കയായിരുന്നു. എന്തായാലും കുറച്ചു കൂട്ടർ പാട്ടുമായി രാത്രിയുടെ യാമങ്ങളിൽ എത്തും എന്നുറപ്പാണ്, അതൊരു സുഖമുള്ളഓർമ്മയാണ്. അങ്ങോട്ടുനോക്കിക്കേ അമ്മാച്ചൻ വിരൽചൂണ്ടി. നോക്കടാ നക്ഷത്രം ഒക്കെ ഇങ്ങനെ കണ്ടത്തിൽകൂടി പാറിപ്പറക്കുന്നേ, അമ്മാച്ചൻ സ്വതവേ എന്തുപറഞ്ഞാലും ചിരിച്ചുമണ്ണുകപ്പും, അതാണ് പ്രകൃതം. പുള്ളി എത്ര സീരിയസ് വിഷയം അവതരിപ്പിച്ചാലും നർമ്മവും ഭാവവും അറിയാതെ ചേർക്കുമ്പോൾ അത് അസാധാരണ പൊട്ടിച്ചിരികളിലാണ് അവസാനിക്കാറുള്ളത്.
ശരിയാണ്, നോക്കിയപ്പോൾ ഒരു നക്ഷത്രം വീടിന്റെ പിന്നിലുള്ള കണ്ടത്തിന്റെ വരമ്പിലൂടെ ഓടുകയാണ്, പല നക്ഷത്രങ്ങളും പലവഴിക്ക് ഓടുകയാണ്, ക്രിസ്മസ് ആശംസകൾ വർണ്ണക്കടലാസുകളിൽ എഴുതിവെച്ചു അകത്തു ദീപം തെളിയിച്ച ഭംഗിയുള്ള സന്ദേശപേടകങ്ങൾ തലയിൽ ചുമന്നാണ് കരോൾ കൂട്ടരുടെ വരവ്. അകത്തു മെഴുകുതിരിതെളിയിച്ച ബോർഡുമായി ആരോ ഓടുന്നുണ്ട്, അപ്പോൾ ഒരു നക്ഷത്രം തീപിടിച്ചു കത്തുകയാണ്, അമ്മാച്ചൻ തലതല്ലിച്ചിരിക്കുമ്പോൾ ഞാൻ അന്തം വിട്ടു ഇരുപ്പാണ്, എന്താണ് സംഭവിക്കുന്നതെന്നറിയില്ല.
പിറ്റേന്നാണ് അതിന്റെ കാരണം അറിയുന്നത്. സൺഡേ സ്‌കൂൾകാരുടെ കരോൾ പിരിവായിരുന്നു. സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ പാപ്പച്ചായൻ കരോൾ സംഘവുമായി സ്ഥലത്തെ പണക്കാരനായ ചാണ്ടിയുടെ വീട്ടിലേക്കു കയറുകയായിരുന്നു. ചാണ്ടിക്ക് പാപ്പച്ചായനോടുള്ള ബഹുമാനവും മതിപ്പും വച്ച് അടച്ചിട്ട ഗേറ്റ് അങ്ങ് തുറന്നൊള്ളൂ എന്നു പാപ്പച്ചായൻ വിളിച്ചു പറഞ്ഞു. കേൾക്കാത്ത താമസം, കരോൾ സംഘം തമ്പേറും അടിച്ചു ഗേറ്റ് തുറന്നു ഇടിച്ചുകയറി. പാതിരാത്രിയിൽ ഗേറ്റ് അടച്ചുകഴിഞ്ഞശേഷം തന്റെ രണ്ടു അൽസേഷൻ നായ്ക്കളെ കാവൽ ഏൽപ്പിച്ചാണ് ചാണ്ടിയുടെ ഉറക്കം. അവറ്റകൾ അതിഗംഭീരമായി പ്രതിരോധം സൃഷ്ട്ടിച്ചു, പെട്ടന്നുള്ള ആക്രമണത്തിൽ കരോൾ സംഘം നാലുപാടും ഓടി. കുട്ടികൾ ഒക്കെ അടുത്ത വീടുകളിൽ ഇടിച്ചുകയറി അവിടെ ഭീകരാന്തരീഷം സൃഷ്ടിച്ചു. എയർഫോഴ്‌സ് റിട്ടയേർഡ് ആയിരുന്ന പാപ്പച്ചായന് കേൾവി വളരെ കുറഞ്ഞിരുന്നതുകൊണ്ടു കാര്യങ്ങൾ ഒന്നും പെട്ടന്ന് പിടികിട്ടിയില്ല. അന്തം വിട്ടുനിന്ന അദ്ദേഹത്തെ ആരോ കണ്ടത്തിൽ നിന്നു പിന്നെ പുറത്തെടുക്കുകയായിരുന്നു എന്ന് കേട്ടു.

അപ്പോഴേക്കും മറ്റൊരു കൂട്ടർ പാട്ടുമായി വീട്ടിൽ എത്തിക്കഴിഞ്ഞു. ആട്ടിടയർ കൂട്ടമായി, ബെത്‌ലെഹെം ഹല്ലെലുയ്യ, ഇതൊക്കെ മാറ്റി മാറ്റി പാടുകയാണ് പുതിയ തലമുറയുടെ പതിവെങ്കിലും ഒരു പഴയക്രിസ്മസ് പാട്ടു പ്രായമുള്ളവർ ചേർന്നു പാടും, അതാണ് പതിവ്.
'മൂന്നമ്പര സുതൻ അംബരനായകൻ, ഇമ്മാനുവേലൊരു നാരിയാകും മേരി,
തന്നൂടെ ഓമന ബാലകൻ ആയവൾ, മടിയിലിരുന്നാലതും വിസ്മയം!
മണ്ണിൽ നരനുടെ വടിവു ധരിച്ചു പിറന്നൊരു സുരവരനുടെ തിരുജനനത്തെ
അംബര സുരഗണം ഇടയോരോടാറിച്ച - അതിമോദിത്താൽ അറിയിച്ചതും വിസ്മയം!!'
തമിഴും സംസ്കൃതവും ഒക്കെ ഇടകലർന്ന ആ ഗീതം ചെറിയ താളത്തോടെ ഇരുണ്ട വെളിച്ചത്തിൽ കുട്ടച്ചായനും തോമാച്ചായയാനും ഒക്കെ പാടുമ്പോൾ അവർ അത് ഹൃദയത്തിൽ നിന്നായിരുന്നു പാടുന്നത് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. അതും വിസ്മയം! എന്നവർ പാടുമ്പോൾ തംപേറുകാരൻ ശബ്ദം വളരെ നേർത്തു കൊണ്ടുവരികയും വിസ്മയം ജ്വലിപ്പിക്കയും ചെയ്യുമായിരുന്നു. ചെറിയ മനസ്സിൽ വലിയ വിസ്മയം ജ്വലിപ്പിക്കാൻ ആ പാട്ടുകൾക്ക് ആകുമായിരുന്നു.
അത് പ്രാർഥനാ യോഗക്കാരായിരുന്നു, അൽപ്പം സീനിയർ സിറ്റിസൺസ് ആണെങ്കിലും അവർ അൽപ്പം അകത്താക്കിയിരുന്നതുകൊണ്ടാകാം പാട്ടിനു മധുരവും, വരികൾക്കിടയിൽ അവരുടെ മനസ്സും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. വർഷത്തിലൊരിക്കലാവാം അവർക്കു തണുത്ത പാതിരാത്രിയിൽ, വിലക്കുകളില്ലാതെ താളവും സംഗീതവുമായി മനസ്സുതുറക്കാനാവുന്നത്. ജീവിതത്തിന്റെ കോണുകൾ മുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ കളർ പേപ്പറിൽ പൊതിഞ്ഞ നക്ഷത്രവിളക്കുകകൾക്കു വല്ലാത്ത ശോഭയും സ്വാന്തനവും പ്രതീക്ഷയുമായിരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളും അവർ ഉയർത്തിയ ഈറപാളികളുടെയുടെ നക്ഷത്രങ്ങളിലും തെളിഞ്ഞുനിന്നിരുന്ന ദിവ്യസന്ദേശം ഒന്നായിരുന്നുവെന്നു ഇന്നു തിരിച്ചറിയുന്നു.

കിടക്കാൻ കട്ടിലിലേക്കു കയറിയപ്പോഴാണ് മറ്റൊരു കൂട്ടരുടെ ഡ്രംഅടി കേട്ടുണർന്നത്. അവർ അടുത്തവീട്ടിൽ പാടുകയാണ്, പക്ഷേ വീട്ടുകാർ ലൈറ്റ് ഇട്ടില്ല, വാതിലും തുറന്നില്ല അപ്പാടെ ഒരു സ്വാഗതവും കണിച്ചില്ല. ഏതായാലും കാരോൾസംഘം തകർത്തുപാടുകയാണ്. ഞങ്ങൾ ലൈറ്റ് ഒക്കെയിട്ട് അവരെ കാത്തിരുന്നു. കുറേനേരം അവർ അവിടെ തങ്ങിനിന്നു, വീട്ടുകാർ ഉണരുന്നില്ല; ക്ഷമകെട്ട് അവർ ഞങ്ങളുടെ വീട്ടിലേക്കു വന്നു പാട്ടുതുടങ്ങി. അത് ഒരു ക്ലബ്ബ്കാരായിരുന്നു എന്ന് അവരുടെ വർണ്ണപ്പേപ്പറുകൾ ഒട്ടിച്ച വലിയ ഒരു ബോക്സ് വിളിച്ചുപറഞ്ഞു, ഞങ്ങൾക്കുള്ള സന്ദേശവും അവർ അതിൽ കുറിച്ചിരുന്നു. അവർ നന്നായി പാടി, അവർക്കു പാടാനുള്ള ഇന്ധനം അവർക്കുമുമ്പേ അവർ എത്തുമെന്ന് ഉറപ്പുള്ള കേന്ദ്രങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരുന്നു എന്നാണ് കേട്ടത്. പാട്ടു ഒക്കെ കഴിഞ്ഞു പ്രാർഥനക്കായി ഒരാൾ തലയുയർത്തി. അത് ഹിന്ദുവായ വിജയൻ, ക്രിസ്തുവിന്റെ വരവിനെക്കുറിച്ചും മനുഷ്യലോകത്തിന്റെ വിമോചനത്തിനെക്കുറിച്ചും വിജയൻ പ്രാർഥിച്ചപ്പോൾ ബൈബിളിൽ ഇല്ലാത്ത ചില കാര്യങ്ങൾ കൂടി വെളിയിൽ വന്നു. 'നിർത്താടാ അവിടെ' ഒറ്റ അലർച്ചയായിരുന്നു കുര്യൻസാറിന്റെ തൊണ്ടയിൽനിന്നും. ഒപ്പം തമ്പേറും അടിച്ചു 'സന്തോഷ സൂചകമായി തന്നതും സ്വീകരിച്ചു ബാലകരായ ഞങ്ങളിതാ പോകുന്നു.. ഇതാ പോകുന്നു..' അവർ നടന്നു നീങ്ങി.
ക്ലബ്ബ് അംഗങ്ങൾ ദൂരെ മാറി പരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ഒരു സംശയം. അപ്പോഴേക്കും അടഞ്ഞുകിടന്ന വീട്ടിൽനിന്നും അകത്തു ചില ശബ്ദങ്ങൾ കേട്ടുതുടങ്ങി, ആളുകൾ പോയോ എന്ന് ഒളിഞ്ഞു നോക്കുകയായിരുന്നു. പൊടുന്നനെ അവിടെ പാത്തുനിലയുറപ്പിച്ചിരുന്ന ക്ലബ്ബ് അംഗങ്ങൾ തലയുയർത്തി, അച്ചായാ ഞങളുടെ പാട്ടു കേട്ടതാണ്, ആ പൈസ ഇങ്ങു തന്നേക്കു എന്ന സംസാരമാണ് അൽപ്പം ഉച്ചത്തിൽ നടക്കുന്നത്.
എൺപതുകളിൽ ഷാർജയിലെ ദേവാലയത്തിൽ കരോൾ പാടാനിറങ്ങി. വളരെ കടുത്ത നിയന്ത്രണങ്ങൾ നിലനിന്ന സമയത്തു ഒക്കെ അത്ര ആർഭാടമായി നടക്കാൻ സാധിച്ചില്ലെങ്കിലും ഒരു കൈ നോക്കാം എന്ന് കരുതി. മൂന്നു നാലു വാനുകളിലെയായി കരോൾ സംഘം വീടുകൾ സന്ദർശിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ സന്റോക്ലോസ് ആയി വേഷമിട്ട ആൾക്ക് മൂത്രം ഒഴിക്കണം, വാൻ അടുത്ത ഒരു സ്ഥലത്തു പാർക്ക് ചെയ്തു സന്റോക്ലോസ് അദ്ദേഹത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ വഴിവക്കിൽ തന്നെ നിർവഹിച്ചുകൊണ്ടിരുന്നു, ഒപ്പം മലയാളികളുടെ സ്വതവേയുള്ള ചാപല്യമായ മൂത്രമൊഴിക്കാൻ ചടങ്ങു അങ്ങനെ വഴിയോരത്തു പൊടിപൊടിക്കുമ്പോൾ പൊലീസ് പ്രത്യക്ഷപ്പെട്ടു. മൊത്തം ഗ്രൂപ്പിനെയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പള്ളിയുടെ ആതുര സേവന പിരിവായ വഞ്ചികൾ വാനിൽനിന്നും പൊലീസ് കണ്ടെടുത്തു. അത്തരം പിരിവുകൾക്കു പ്രത്യേകം അനുമതി വേണ്ട കാലം ആയിരുന്നു. ഒരു വിധത്തിൽ ആരെയൊക്കെയോ കാലുപിടിച്ചു അന്നത്തെ സന്റോക്ലോസ് ഉൾപ്പടെ കരോൾ സംഘത്തെ ഇറക്കികൊണ്ടുവന്നു.

ന്യൂയോർക്കിലും കരോൾ ആഘോഷമായി പൊടിപൊടിച്ചു. രാത്രിയിൽ കരോൾ സംഘം വീടുകൾ സന്ദർശിക്കുക വലിയ സന്തോഷമുള്ള കാര്യമായിരുന്നു. അലക്സ് അങ്കിൾ ഒരു സംഗീതപ്രേമിയാണ്. പ്രത്യേകിച്ചും പിക്കിനിക്കിനും ക്രിസ്‌മസിനും അദ്ദേഹത്തിനു വലിയ ഉത്സാഹമായിരുന്നു. ഓരോ വീട്ടിലും കയറുമ്പോൾ ലഘുഭക്ഷണങ്ങളും കോളയും ഒക്കെ ഇഷ്ടംപോലെ കിട്ടും, പോരാത്തതിനു പ്ലാസ്റ്റിക് ബാഗിൽ പയർ സഞ്ചിയും (സുഖിയൻ), വടയും കേക്കും ഒക്കെ ശേഖരിക്കുന്ന പതിവും തുടർന്നു. അലക്സ് അങ്കളിന്റെ വീട്ടിൽനിന്നും പുറപ്പെട്ടതിനുശേഷം എല്ലാവർക്കും വല്ലാത്ത ഒരു ഉത്സാഹം. പിന്നെയാണ് അറിയുന്നത് അദ്ദേഹം നിർബന്ധപൂർവ്വം വച്ചുനീട്ടിയ കോളയിൽ അൽപ്പം ആവേശം എല്ലാവർക്കും പകർന്നുവച്ചിരുന്നു. പിന്നെങ്ങനെ ക്രിസ്മസ് അടിപൊളി ആകാതിരിക്കും?.
ക്രിസ്തു ഒരു പേരിലുപരി സർവ്വലോകത്തിനുമുള്ള ഒരു സന്ദേശമാണ്. ദൈവത്തിൽനിന്നും മനുഷ്യനെ അകറ്റുന്ന പാപത്തിന്റെ പുതിയ നിർവചനം, പാപത്തിൽനിന്നുള്ള വിമോചനം, വീണ്ടെടുപ്പിന്റെ ആഹ്വാനം, മനുഷ്യ സ്വാതന്ത്ര്യം, അടിമയിൽ നിന്നും പുത്രനിലേക്കുള്ള ഉയർച്ച, അസഹിഷ്ണുത അടിച്ചേൽപ്പിക്കുന്ന മത പൗരോഹിത്യത്തിനെതിരെ ശക്തമായ വിരൽചൂണ്ടൽ, സമ്പത്തിനെക്കുറിച്ചുള്ള പുത്തൻവിലയിരുത്തൽ, സഹോദരൻ, സുഹൃത്ത് എന്ന വാക്കുകളിൽ ഒതുങ്ങാത്ത അർഥതലങ്ങൾ, സമാധാനം, സന്തോഷം, സ്വർഗ്ഗരാജ്യം ഒക്കെ ഒരു വിരൽച്ചുണ്ടിൽ ലഭിക്കാവുന്ന ലാസ്യഭാവം, ഒട്ടേറെ പ്രതീക്ഷകൾ നൽകുന്ന ജീവിതത്തിൻറെ രണ്ടാമൂഴം അങ്ങനെ ലോകത്തിനു ഒരു പുതിയ കാഴ്ചപ്പാട്, അതാണ് ആഘോഷിക്കപ്പെടേണ്ട ക്രിസ്തു.
ക്രിസ്തു ഒരു മൂല്യമായി ഉൾക്കൊള്ളുവാൻ ശ്രമിക്കുമ്പോൾ ദൈവം സ്വർഗസ്ഥൻ മാത്രമല്ല, സമീപസ്ഥനാണ്, അവൻ നമ്മിൽ വസിക്കുന്ന ഇമ്മാനുവേൽ ആണ് എന്ന തിരിച്ചറിവ് ഉണ്ടാക്കപ്പെടുന്നു. അവിടെ സ്വർഗ്ഗം തുറക്കപ്പെടുന്നു, ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലെ വർണ്ണപേപ്പറുകളിൽ ഒട്ടിച്ചെടുത്ത മങ്ങിയ നക്ഷത്രങ്ങോളോടൊപ്പം മിന്നുന്ന കാഴ്ചയും ഭൂമിയിലെ കരോൾ ഗാനത്തോടൊപ്പം സ്വർഗീയ സംഗീതം അലിഞ്ഞു ഒന്നായിത്തീരുകയും ചെയ്യുന്ന വിസ്മയം! ഓരോ തിരുപ്പിറവിയുടെ ആഘോഷങ്ങളും ഈ ഉണർത്തുപാട്ടാകട്ടെ.
ക്രിസ്മസ് അതിവേഗം ആസന്നമായതിനാൽ, ക്രിസ്തുമസിന്റെ യഥാർഥ അർഥത്തെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യേശുവിന്റെ ജനനം ആഘോഷിക്കാനുള്ള സമയമാണ് ക്രിസ്മസ്. വരൂ, നമ്മുക്ക് ആഘോഷിക്കാം...