സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും ദേശീയ ദേവാലയവും

st-nicholas-greek-orthodox-church-1
SHARE

രോ വാതിൽ തുറന്നു അകത്തു കയറുന്നതു കണ്ടപ്പോഴാണ് സെന്റ് നിക്കോളാസ് ഓർത്തഡോക്സ് പള്ളി തുറന്നിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞത്. അകത്തു കയറിയപ്പോൾ ആരൊക്കൊയോ ചില സന്ദർശകർ അവിടെ ഉണ്ടായിരുന്നു. ഉണങ്ങാത്ത പെയിന്റിന്റെ മണം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. നിറയെ പരിശുദ്ധന്മാരുടെ വർണ്ണ ചിത്രങ്ങൾ നിറഞ്ഞ ഒരു ചെറിയ ദേവാലയം, കൊത്തുപണികളുടെ യാതൊരു ആർഭാടവുമില്ലാത്ത വളരെ സിംപിൾ സ്‌മാരക മണ്ഡപം. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ തിരിച്ചറിയാൻപോലും കഴിയാതെ ഭസ്മമായ ആയിരക്കണക്കിനു ആത്മാക്കളുടെ ഓർമ്മകൾ തളംകെട്ടിനിൽക്കുന്ന ഈ ഭൂമിയിൽ ഈ സ്മാരകം ഒരു സ്വാന്തനം മാത്രമാണ്. അകത്തു കയറി അവിടെ ഇട്ടിരുന്ന വെളുത്ത കസേരയിൽ അമർന്നിരുന്നു, ശരീരത്തിന്റെ വ്യാപ്‌തി ആവശ്യമില്ലാത്ത ആത്മാക്കളുടെ നേർത്ത സംഭാഷണം കേട്ടുവോ എന്നു തോന്നി. കണ്ണുകൾ അറിയാതെ അടഞ്ഞു, മുഖങ്ങൾ തിരിച്ചറിയാത്ത ആയിരങ്ങളുടെ ഭാഗമായി. പോകാം എന്ന് സിബി അടുത്തുവന്നു പറഞ്ഞപ്പോളാണ് സ്ഥലകാല ബോധം ഉണ്ടായത്.  

ഞാനും സിബിയും ഈ ദേവാലയത്തെ വലംവെച്ചായിരുന്നു മിക്കവാറുമുള്ള ഉച്ചസവാരി നടത്തിക്കൊണ്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന പ്രദിക്ഷണവും തീർഥയാത്രകളുമായി അറിയാതെ അതു മാറുകയായിരുന്നു. മിക്കവാറും ദിവസങ്ങളിൽ അതിന്റെ മുകളിൽ ആരൊക്കെയോ ജോലിക്കാർ കാണുമായിരുന്നു. നമ്മുടെ ഈ നടപ്പുകാലത്തു ഈ പള്ളിപണി തീരുമോ എന്ന് ഞങ്ങൾ ശങ്കിച്ചിരുന്നു, അത്രയ്ക്ക് ഒച്ചിഴയുന്ന വേഗതയിലായിരുന്നു പണികൾ നടന്നുകൊണ്ടിരുന്നത്. ഗ്രീക്ക് പാത്രിയർക്കിസ് വന്നു ദേവാലയം തുറക്കുകയും അതിന്റെ മകുടത്തിലെ കുരിശു സ്ഥാപിക്കയും ചെയ്യുന്നത് വലിയ വാർത്തയായിരുന്നു. അതിന്റെ പിറ്റേ ദിവസം തന്നെ ആ കുരിശു പൊക്കി മാറ്റുന്നത് ഞങ്ങൾ കണ്ടിരുന്നു. മഴയിലും മഞ്ഞിലും അതിന്റെ പുറത്തു പണിക്കാർ ഉണ്ടായിരുന്നു. ഓരോ ദിവസവും തീയതി ഇട്ടു പടം എടുത്തുവെയ്ക്കണം എന്ന് ഞങൾ പറയുമായിരുന്നു. സിബിക്ക് അതിന്റെ മോഡൽ തീരെ ഉൾക്കൊള്ളാനായില്ലായിരുന്നു; അതുകൊണ്ടു തന്റെ പ്രതീക്ഷയിലുള്ള ഉള്ള മോഡൽ ചർച്ചചെയ്യുമായിരുന്നു. ലോകത്തിലെ ഏറ്റവും വിലപിടിച്ച ആ ഭൂമിയിൽ ഒരു ഓർത്തഡോക്സ് ദേവാലയം പണിതുയരുന്നതിൽ ഒരു ഓർത്തഡോക്സുകാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുമായിരുന്നെങ്കിലും അതിന്റെ പണിയുടെ പിറകിലെ കുംഭകോണവും കെടുകാര്യസ്ഥതയുമായിരുന്നു ഞാൻ ഏറെ പറഞ്ഞുകൊണ്ടിരുന്നത്. 

1916-ൽ സ്ഥാപിതമായ സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ച്, വേൾഡ് ട്രേഡ് സെന്ററിന്റെ നിഴലിലായിത്തീർന്ന ഊർജ്ജസ്വലമായ ബഹു-വംശീയ അയൽപക്കത്തിന്റെ ഭാഗമായിരുന്നു. ഒടുവിൽ 9/11 ന് സൗത്ത് ടവർ തകർന്നപ്പോൾ നശിപ്പിക്കപ്പെട്ടു. സെന്റ് നിക്കോളാസ് ദേശീയ ദേവാലയം 9/11 ന്റെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, ആ നിർഭാഗ്യകരമായ ദിവസത്തിന്റെ ഫലമായി ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയുടെയും ബഹുമാനത്തിന്റെയും ക്ഷേത്രമായി. ഇസ്താംബുളിലെ രക്ഷകന്റെ ചർച്ച്, ഹാഗിയ സോഫിയ, ഏഥൻസിലെ പാർഥെനോൺ എന്നീ സ്വാധീനത്തിൽ നിന്നാണ് ഇതിന്റെ വാസ്തുവിദ്യ. പുതിയ സെന്റ് നിക്കോളാസ് രൂപകൽപന ചെയ്യാനുള്ള ചുമതല സ്പാനിഷ് ആർക്കിടെക്റ്റ് സാന്റിയാഗോ കാലട്രാവയ്ക്ക് ലഭിച്ചു.

st-nicholas-greek-orthodox-church-us

നാവികരുടെ പുണ്യവാളനായ സെന്റ് നിക്കോളാവാസിന്റെ പേരിലുള്ള ഈ പള്ളി, എല്ലിസ് ദ്വീപ് വിട്ടതിനുശേഷം പല ഗ്രീക്ക് കുടിയേറ്റക്കാരുടെയും ആദ്യത്തെ സ്റ്റോപ്പിംഗ് പോയിന്റായിരുന്നു. ചുറ്റും അംബരചുംബികളായ കെട്ടിടങ്ങൾ ഉയരുമ്പോൾ, എളിമയുള്ള പള്ളി ഇരട്ട ഗോപുരങ്ങളുടെ നിഴലിൽ വർഷങ്ങളോളം ഇരുന്ന വെള്ള പൂശിയ ഘടനയിലേക്ക് ചേർത്തു. പള്ളി പണി ആരംഭിച്ചപ്പോൾ വൻതോതിലുള്ള ധനസമാഹരണ ശ്രമം ഊർജിതമായി ആരംഭിച്ചിരുന്നു. വിശ്വാസികളിൽനിന്നുതന്നെ  ദശലക്ഷക്കണക്കിന് ഡോളർ ഒഴുകിയെത്തി, എന്നാൽ സമ്പന്നരായ ഗ്രീക്കുകാരിൽ നിന്നും ഗ്രീക്ക് ഗവൺമെന്റിൽ നിന്നും അമേരിക്കൻ യഹൂദ കമ്മിറ്റി, ബോസ്റ്റണിലെ കത്തോലിക്കാ ആർച്ച് ബിഷപ്പ് എന്നിവരുൾപ്പെടെ മറ്റു വിശ്വാസങ്ങളിൽ നിന്നുപോലും വലിയ സംഭാവനകൾ വന്നു. 2017 ഡിസംബറോടെ, ഗ്രീക്ക് അതിരൂപത 49 മില്യൺ ഡോളർ വാഗ്ദാനമായി ശേഖരിച്ചു, അതിൽ 37 ദശലക്ഷം ഡോളർ സമാഹരിച്ചു. 

അമേരിക്കയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും അതുല്യവുമായ പള്ളികളിലൊന്നാണ് കാലട്രാവ രൂപകൽപന ചെയ്തത്. ഇത് അമേരിക്കയിലോ ഒരുപക്ഷേ ലോകത്തിലെയോ ഏറ്റവും ചെലവേറിയ നിർമ്മാണ സ്ഥലമാണ്, ഇത് പവിത്രമായ ഭൂമിയിലാണ്. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ കെടുകാര്യസ്ഥത നിഴലിച്ച പള്ളിനിർമ്മാണം കൂടിയായി ഇതിനെ വിലയിരുത്തുന്നവർ ഉണ്ട്. ഒരു സമയത്തു ഗ്രീക്ക് അതിഭദ്രാസനം തന്നെ പാപ്പരായി തീരുന്ന സന്ദർഭവും; പണം കിട്ടാത്തതിന്റെ പേരിൽ ഒറിജിനൽ കോൺട്രാക്ടർ സ്കാൻസ്ക പണി ഉപേക്ഷിച്ചു പോയിരുന്നു. ന്യൂയോർക്ക് പോസ്റ്റ് പത്രത്തിൽ വന്ന കൗതുകരമായ വാർത്ത ഇങ്ങനെയായിരുന്നു: "പോളിന് പണം നൽകാനാണ് അവർ പീറ്ററിനെ കൊള്ളയടിച്ചത്” സെന്റ് നിക്കോളാസിനായി പണം വരുമ്പോൾ, ഒരു അതിരൂപത എന്ന നിലയിൽ അവർ തന്നെ തകരുകയായിരുന്നു. ഗംഭീരമായ ഒരു പബ്ലിക് റിലേഷൻ കമ്പനിയെ നിയമിച്ചു ഇത്തരം വാർത്തകൾ ഒക്കെ അവർ മുക്കി. പ്രോജക്റ്റിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഒരു ആന്തരിക അന്വേഷണം നടത്തുകയാണെന്നും അതിരൂപതയുടെ സാമ്പത്തിക രേഖകൾ ഒക്കെ അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. 

വിവാദങ്ങൾ ഏറെ ഉണ്ടായെങ്കിലും 2014 ഒക്‌ടോബറിൽ, സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിയും ദേശീയ ദേവാലയവും ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ "ഗ്രൗണ്ട് ആശീർവാദത്തിൽ" 2,000 പേർ പങ്കെടുത്തു. പിന്നെയും പണി തുടരുന്നത് കാണുമായിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്, എങ്കിലും ആളുകൾ അകത്തു പ്രവേശിച്ചു തുടങ്ങി. വിചാരിച്ച രീതിയിൽ അതിന്റെ ഉൾഭാഗം അത്ര ഗംഭീരമായി എന്ന് പറയാനായില്ല. രാത്രിയിൽ വെളുത്ത പ്രകാശത്തിൽ ആ ചെറിയ ദേവാലയം അതിമനോഹരമായ നക്ഷത്ര ശോഭയിൽ തിളങ്ങും. ഇനി അതൊരു ഓർമ്മകളുടെ മകുടമായി നിലനിൽക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS