ടോം ആദിത്യ ബ്രിസ്റ്റോള്‍ മേയര്‍

tom-adithya
SHARE

ലണ്ടന്‍∙ ബ്രിസ്റ്റോള്‍ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാഴ്ച മുന്‍പ് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മല്‍സരിച്ച ടോം ആദിത്യ ഹാട്രിക് വിജയം നേടിയാണ് ഇത്തവണ മേയറായി സ്ഥാനമേറ്റത്. ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കില്‍ നിന്നുമാണ് റാന്നി സ്വദേശിയായ ടോം ആദിത്യ മല്‍സരിച്ചു വിജയിച്ചത്. മുന്‍പ് 2011 ലും 2015 ലും ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ നിന്നുമാണ് ടോം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നിലവില്‍ ഡപ്യൂട്ടി മേയറായിരുന്നു ടോം. കണ്‍സര്‍വേറ്റീവ് അംഗമായ ടോം മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരനും ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയുമാണ്.

ഏതാണ്ട് ഏഴുലക്ഷത്തോളം പേരാണ് ബ്രിസ്റ്റോള്‍ നഗരപരിധിയില്‍ അധിവസിക്കുന്നത്. ഒട്ടനവധി മലയാളികളും ബ്രിസ്റ്റോളില്‍ കുടിയേറിയിട്ടുണ്ട്. റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്‍റെയും ഗുലാബി മാത്യുവിന്‍റെയും പുത്രനും സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം. ലിനിയാണ് ഭാര്യ. മക്കള്‍:അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്.

പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിക്കുന്ന വ്യക്തിയെന്ന നിലയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളത്. സാമൂഹ്യ പ്രതിബദ്ധതയും, ശ്രദ്ധയും, അര്‍പ്പണമനോഭാവും ടോമിനെ വ്യത്യസ്തനാക്കുന്നു. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ്, ഹ്യൂമന്‍ റൈറ്റ് ക്യാമ്പയ്നര്‍ എന്നീ നിലകളിലുള്ള ടോമിന്‍റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും വിജയത്തിന്‍റെ ഘടകമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA