ADVERTISEMENT

ലണ്ടൻ∙ രാജി പ്രഖ്യാപിച്ച് കാവൽ പ്രധാനമന്ത്രിയായി തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകാൻ രംഗത്തുള്ളത് കൺസർവേറ്റീവ് പാർട്ടിയിലെ (ടോറി) പത്തു മുൻനിര നേതാക്കൾ. ബ്രക്സിറ്റ് നിലപാടുകളും ജയിച്ചാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും പ്രഖ്യാപിച്ച് സ്ഥാനാർഥികൾ ശക്തമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.  നേതാക്കൾക്ക് പരസ്യ പിന്തുണയുമായി രണ്ടാംനിര നേതാക്കളും രംഗത്തിറങ്ങിക്കഴിഞ്ഞു. 

വ്യാഴാഴ്ചയാണ് 313 ടോറി എംപിമാർക്കിടയിലെ ആദ്യത്തെ എലിമിനേഷൻ റൗണ്ട് വോട്ടെടുപ്പ്. ചുരുങ്ങിയത് 16 എംപിമാരുടെ ഫസ്റ്റ് വോട്ടും 32 എംപിമാരുടെ സെക്കൻഡ് വോട്ടും ലഭിക്കുന്ന സ്ഥാനാർഥിക്കു മാത്രമേ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കൂ.  ഇത്തരത്തിൽ 18,19,20 തീയതികളിൽ നടക്കുന്ന തുടർ വോട്ടെടുപ്പുകളിലൂടെ എംപിമാർ മൽസരാർഥികളുടെ എണ്ണം രണ്ടായി ചുരുക്കും. അവസാനം അവശേഷിക്കുന്ന രണ്ടുപേരിൽ നിന്നും 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാകും പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ജൂൺ 22 മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. തുടർന്ന് നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി നേതാവിനെ പ്രഖ്യാപിക്കും.  എലിമിനേഷൻ റൗണ്ടിൽ ഏതെങ്കിലും നേതാവിന് വ്യക്തമായ മുൻതൂക്കം ലഭിച്ചാൽ എതിർ സ്ഥാനാർഥികൾ സ്വയമേ പിന്മാറുന്ന കീഴ്‌വഴക്കവുമുണ്ട്. അങ്ങനെ വന്നാൽ അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് ഒഴിവാകും. 

മുൻ വിദേശകാര്യ സെക്രട്ടറിയും ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസൺ, നിലവിലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സജിദ് ജാവേദ്, പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ്, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക്, ഇന്റർനാഷണൽ ഡവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ട്, സർക്കാരിന്റെ മുൻ ചീഫ് വിപ്പ് മാർക്ക് ഹാർപ്പർ, ഹൌസ് ഓഫ് കോമൺസ് ലീഡറായിരുന്ന ആൻഡ്രിയ ലീഡ്സം, മുൻ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി എസ്തേർ മക്വേ, മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് എന്നിവരാണ് മൽസരരംഗത്തുള്ളത്. 

ഇവരിൽ ബോറിസ് ജോൺസൺ, മൈക്കിൾ ഗോവ്, ആൻഡ്രിയ ലീഡ്സം എന്നിവർ തെരേസ മേയ്ക്കെതിരേയും പ്രധാനമന്ത്രിയാകാൻ മൽസരിച്ചിരുന്നു. പക്ഷേ, എലിമിനേഷൻ റൌണ്ട് പൂർത്തിയാകും മുമ്പേ പരാജയം ഉറപ്പിച്ച ഇവർ ഓരോരുത്തരായി മൽസരരംഗത്തുനിന്നും പിന്മാറുകയായിരുന്നു. 

നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ വിമത പരിവേഷമുള്ള ബോറിസ് ജോൺസണാണ് എല്ലാവരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപിക്കുന്നത്. വിവിധ സർവേ ഫലങ്ങളും ജോൺസന് അനുകൂലമാണ്. മുൻ പാർട്ടി ലീഡർ ഇയാൻ ഡങ്കൺ സ്മിത്ത് ഉൾപ്പെടെയുള്ള പ്രമുഖരുടെ നീണ്ട നിരതന്നെ ജോൺസനു പിന്തുണയുമായി രംഗത്തുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com