sections
MORE

ടോറി ലീഡർ തിരഞ്ഞെടുപ്പ്: ഒന്നാം റൗണ്ടിൽ ബോറിസ് ജോൺസൺ ബഹുദൂരം മുന്നിൽ

boris-johnson
SHARE

ലണ്ടൻ ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയെ കണ്ടെത്താൻ ടോറി പാർട്ടിയുടെ (കൺസർവേറ്റീവ് പാർട്ടി) നേതൃസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിൽ ബോറിസ് ജോൺസണ് വൻ ലീഡ്. 313 ടോറി എംപിമാർക്കിടയിൽ നടന്ന ആദ്യഘട്ട രഹസ്യ വോട്ടെടുപ്പിൽ 114 വോട്ടു നേടിയാണ് ഒമ്പത് എതിർ സ്ഥാനാർഥികളെയും ബോറിസ് ബഹുദൂരം പിന്നിലാക്കിയത്. 43 വോട്ടു നേടിയ ജെറമി ഹണ്ടും 37 വോട്ടു നേടിയ മൈക്കിൾ ഗോവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. മാർക്ക് ഹാർപർ, ആൻഡ്രിയ ലീഡ്സം, എസ്തേർ മക്വേ എന്നിവർ രണ്ടാം റൗണ്ടിലേക്ക് കടക്കാൻ ആവശ്യമായ മിനിമം വോട്ടു നേടാനാകാതെ പുറത്തായി. അടുത്ത ചൊവ്വാഴ്ചയാണ് അവശേഷിക്കുന്ന ഏഴുപേർക്കിടയിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പ്. 

ചുരുങ്ങിയത് 16 എംപിമാരുടെ ഫസ്റ്റ് വോട്ടും 32 എംപിമാരുടെ സെക്കൻഡ് വോട്ടും ലഭിക്കുന്ന സ്ഥാനാർഥിക്കു മാത്രമേ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കൂ. ഇത്തരത്തിൽ 18,19,20 തിയതികളിൽ നടക്കുന്ന തുടർ വോട്ടെടുപ്പുകളിലൂടെ എംപിമാർ മൽസരാർഥികളുടെ എണ്ണം രണ്ടായി ചുരുക്കും. അവസാനം അവശേഷിക്കുന്ന രണ്ടു പേരിൽനിന്നും 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാകും പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ജൂൺ 22 മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. തുടർന്ന് നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി നേതാവിനെ പ്രഖ്യാപിക്കും. എലിമിനേഷൻ റൗണ്ടിൽ ഏതെങ്കിലും നേതാവിന് വ്യക്തമായ മുൻതൂക്കം ലഭിച്ചാൽ എതിർ സ്ഥാനാർഥികൾ സ്വയമേ പിന്മാറുന്ന കീഴ്വഴക്കവുമുണ്ട്. അങ്ങനെ വന്നാൽ അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് ഒഴിവാകും. 

ഡോമിനിക് റാബ്, 27, സാജിദ് ജാവേദ് 23, മാറ്റ് ഹാനോക് 20, റോറി സ്റ്റുവർട്ട്19 എന്നിങ്ങനെയാണ് മറ്റ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്. പുറത്തായ ആൻഡ്രിയ ലീഡ്സത്തിന് പതിനൊന്നും മാർക്ക് ഹാർപറിന് പത്തും എസ്തേർ മക്വേയ്ക്ക് ഒമ്പതും വോട്ടാണ് ലഭിച്ചത്. ഒന്നാം റൗണ്ടിലെ മികച്ച വിജയത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച ബോറിസ് ജോൺസൺ ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്നും ഇതിനായി എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നു അഭ്യർഥിച്ചു. 

മുൻ വിദേശകാര്യ സെക്രട്ടറിയും ലണ്ടൻ മേയറുമായിരുന്നു പാർട്ടിയിൽ വിമത പരിവേഷമുള്ള ബോറിസ് ജോൺസൺ. നിലവിലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സജിദ് ജാവേദ്, പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ്, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക്, ഇന്റർനാഷണൽ ഡവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ട്, സർക്കാരിന്റെ മുൻ ചീഫ് വിപ്പ് മാർക്ക് ഹാർപ്പർ, ഹൌസ് ഓഫ് കോമൺസ് ലീഡറായിരുന്ന ആൻഡ്രിയ ലീഡ്സം, മുൻ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി എസ്തേർ മക്വേ, മുൻ ബ്രക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് എന്നിവരാണ് ബോറിസ് ജോൺസണൊപ്പം മൽസരരംഗത്തുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA