ADVERTISEMENT

ബുക്കാറസ്റ്റ്∙ ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ചു പ്രതിപാദിക്കുന്ന വിഡിയോ അപ്ലോഡ് ചെയ്ത അധ്യാപകരുടെ അക്കൗണ്ടുകള്‍ക്ക് യൂട്യൂബില്‍ വിലക്ക്. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചു രണ്ട് ചരിത്രാധ്യാപകര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

വിദ്വേഷ പ്രചരണം തടയുന്നതിന്‍റെ ഭാഗമായി നാസികളെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കങ്ങളുള്ള വിഡിയോകള്‍ നീക്കം ചെയ്യുമെന്നു യൂട്യൂബ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ ആവശ്യത്തിനായി അപ്ലോഡ് ചെയ്ത വിഡിയോകള്‍ നീക്കം ചെയ്തതും അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും. റൊമാനിയയിലെ സ്കൂള്‍ അധ്യാപകനും മിസ്റ്റര്‍ ആള്‍സോപ് ഹിസ്റ്ററി എന്ന റിവിഷന്‍ വെബ്സൈറ്റ് ഉടമയുമായ സ്കോട്ട് ആള്‍സോപ്, അധ്യാപകനായ റിച്ചാര്‍ഡ് ജോണ്‍സ് എന്നിവരുടെ അക്കൗണ്ടുകള്‍ക്കാണ് യൂട്യൂബ് വിലക്കേര്‍പ്പെടുത്തിയത്.

ഫാസിസത്തിന്‍റെ ദോഷഫലങ്ങള്‍ വിവരിക്കുന്ന വിഡിയോ പോലും യൂട്യൂബില്‍ നിന്നു നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ചരിത്ര വിഡിയോകള്‍ ഉള്‍പ്പെട്ടതായിരുന്നു ആള്‍സോപിന്‍റെ യൂട്യൂബ് ചാനല്‍. അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ചാനല്‍ വീണ്ടെടുക്കാനായിട്ടുണ്ട്.

വിദ്വേഷപ്രചാരണം തടയുന്നതിനുള്ള യൂട്യൂബിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നെന്നും എന്നാല്‍ അതിന്‍റെ പേരില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള വിഡിയോ പോലും നീക്കം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ആള്‍സോപ് അഭിപ്രായപ്പെട്ടു. നാസിസത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള വിഡിയോകള്‍ പങ്കുവച്ചതിനാണ് റിച്ചാര്‍ഡ് എന്ന അധ്യാപകനെതിരെ യൂട്യൂബ് നടപടിയെടുത്തത്. 25 വര്‍ഷമായി ബ്രിട്ടനിലെ ചരിത്രപഠനത്തില്‍ ഹിറ്റ്ലര്‍ക്ക് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com