ADVERTISEMENT

ബോണ്‍∙ ജര്‍മന്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ സുഹൃത്തുക്കള്‍ ഉള്‍പ്പടെ മലയാളി സമൂഹം അശ്രുപൂജയോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു. സംസ്ക്കാര കര്‍മ്മങ്ങള്‍ റ്യോസ്റാത്തിലെ സെന്‍റ് നിക്കോളാസ് ദേവാലയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ദിവ്യബലിയോടുകൂടി ആരംഭിച്ചു. 

സിറോ മലബാര്‍ റീത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക ചാപ്ളെയിന്‍ ഫാ. ജോസ് വടക്കേക്കര സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്ളെയിന്‍,ഇന്‍ഡ്യന്‍ കമ്യൂണിറ്റി കൊളോണ്‍), ഫാ മാണി കുഴികണ്ടത്തില്‍ സിഎംഐ (ഒസ്നാബ്രുക്ക്) എന്നിവര്‍ സഹകാര്‍മ്മികരായി. ഇഗ്നഷ്യസ് അച്ചന്‍ ആമുഖ പ്രസംഗവും ജോസ് അച്ചന്‍ അനുശോചന പ്രസംഗവും നടത്തി. തുടര്‍ന്ന് ഹോഫ്നുഗ്സ്താള്‍ ഫോള്‍ബര്‍ഗ് സെമിത്തേരിയില്‍ സംസ്കരിച്ചു. സെമിത്തേിരിയിലെ  ശുശ്രൂഷകള്‍ക്ക് ഫാ. അലക്സാണ്ടര്‍ (ബെല്‍ജിയം) മുഖ്യകാര്‍മ്മികത്വം വഹിച്ചു.

യുകെ, സ്വിറ്റ്സര്‍ലൻഡ്, വിയന്ന എന്നിവിടങ്ങളില്‍ നിന്നുള്ള ജോണിന്‍റെ ബന്ധുക്കളും ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും ഉള്‍പ്പടെ ഒരു വന്‍ജനാവലി അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ എത്തിയിരുന്നു. 

kochukandathil-memoir-2

സംസ്ക്കാര ശേഷം ദേവാലയ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ ഫാ.മാണി കുഴികണ്ടത്തില്‍ സിഎംഐ അദ്ധ്യക്ഷത വഹിച്ചു.ജോളി എം പടയാട്ടില്‍(പ്രസിഡന്‍റ്, ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ്)ഫാ.അലക്സാണ്ടര്‍(ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ), ജോളി തടത്തില്‍ (ചെയര്‍മാന്‍, ഡബ്ല്യുഎംസി യൂറോപ്പ് റീജിയന്‍), തോമസ് അറമ്പന്‍കുടി (ഗ്ളോബല്‍ ട്രഷറാര്‍, ഡബ്ല്യുഎംസി), ഗ്രിഗറി മേടയില്‍ (പ്രസിഡന്‍റ്, ഡബ്ല്യുഎംസി യൂറോപ്പ് റീജിയന്‍), ജോസ് പുതുശേരി (പ്രസിഡന്‍റ് കേരള സമാജം കൊളോണ്‍, ചെയര്‍മാന്‍ സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ ജര്‍മനി, മാനേജിംഗ് എഡിറ്റര്‍ നമ്മുടെ ലോകം), ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍, ഇന്ത്യന്‍ കമ്യൂണിറ്റി, കൊളോണ്‍), പോള്‍ ഗോപുരത്തിങ്കല്‍ (ചെയര്‍മാന്‍ ഇന്‍ഡ്യന്‍ സ്കൂള്‍, ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍, പോര്‍സ് കുടുംബകൂട്ടായ്മ പ്രതിനിധി), ജിന്‍സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍ (ഒഐസിസി ഗ്ളോബല്‍ ഗ്ളോബല്‍ സെക്രട്ടറി, കോഓര്‍ഡിനേറ്റര്‍, ഒഐസിസി യൂറോപ്പ് ), തോമസ് കണ്ണങ്കേരില്‍ (മുന്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍, ഡബ്ല്യുഎംസി) എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. ജോസ് കുമ്പിളുവേലില്‍ പരിപാടികള്‍ കോര്‍ഓര്‍ഡിനേറ്റ് ചെയ്തു. കെപിസിസിയും അനുശോചിച്ചിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍  ജര്‍മന്‍ പ്രവിന്‍സ് ചെയര്‍മാന്‍, യൂറോപ്പ് റീജിയന്‍ പ്രസിഡന്‍റ്, ഗ്ളോബല്‍ വൈസ് പ്രസിഡന്‍റ്, കൗണ്‍സിലര്‍ തുടങ്ങിയ തലങ്ങളില്‍ വിവിധ നിലകളില്‍ നിരവധി തവണ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ജോണ്‍ കൊച്ചുകണ്ടത്തിലിന്‍റെ ആകസ്മിക വേര്‍പാട് ഡബ്ല്യുഎംസിയ്ക്ക് മാത്രമല്ല ജര്‍മന്‍ മലയാളി സമൂഹത്തിനു തന്നെ ഒരു തീരാനഷ്ടമായി. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആവിര്‍ഭാവം മുതല്‍ സംഘടനയെ മാറോടുചേര്‍ത്തു പ്രവര്‍ത്തിച്ച ജോണിന്‍റെ സേവനം ഒരിയ്ക്കലും വിസ്മരിയ്ക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ബോണില്‍ നടന്ന ഗ്ളോബല്‍ കോണ്‍ഫ്രന്‍സില്‍ ജോണിന്‍റെ മുന്‍നിരയില്‍ നിന്നുള്ള പ്രവര്‍ത്തനം സമ്മേളത്തെ വിജയത്തിലെത്തിയ്ക്കാന്‍ സഹായിച്ചിരുന്നു.

തന്‍റേതായ കാഴ്ചപ്പാടില്‍ ജര്‍മനിയിലെ മലയാളി മാദ്ധ്യമ രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഒഐസിസി ജര്‍മനിയുടെ കോഓര്‍ഡിനേറ്ററായിരുന്നു. നല്ലൊരു സംഘാടകനായി ജര്‍മന്‍  മലയാളി സമൂഹത്തില്‍ തിളങ്ങി നിന്ന ജോണ്‍ ജര്‍മനിയിലെ സാമൂഹ്യ, സാംസ്കാരിക, സംഘടനാ, ചാരിറ്റി  പ്രവര്‍ത്തനത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മനുഷ്യ  സ്നേഹിയായിരുന്നു. 

ജര്‍മനിയിലെ ഇന്‍ഡ്യന്‍  ഓര്‍ത്തഡോക്സ് സഭയുടെ നെടുംതൂണായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ജോണ്‍ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായിരുന്നു. ഹൃദ്യവും മാന്യതയും നിസ്വാര്‍ത്ഥതയും മുഖമുദ്രയാക്കിയുള്ള പെരുമാറ്റവും കളങ്കരഹിതമായ സ്നേഹസൗഹൃദവും കൊണ്ട് അദ്ദേഹം ജര്‍മന്‍ മലയാളികള്‍ക്കിടയില്‍ വലിയൊരു സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു. ഏതു സമൂഹത്തിലും സര്‍വാല്‍മനാ സ്വീകാര്യനായിരുന്ന ജോണിന്‍റെ തീക്ഷ്ണമായ ജ്വലിയ്ക്കുന്ന ഓര്‍മ്മകള്‍ക്കു മുമ്പില്‍ മലയാളി സമൂഹം കണ്ണിരോടെയാണ് പ്രണാമം അര്‍പ്പിച്ചത്. 

1973 ലാണ് ജര്‍മനിയിലെത്തിയ ഹരിപ്പാട്,  കരുവാറ്റാ സ്വദേശിയായ ജോണ്‍ ജര്‍മന്‍ എംപ്ളോയ്മെന്‍റ് എക്സചേഞ്ചില്‍ ജോലിക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്നും വിരമിച്ച ജോണ്‍( 66) പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ബോണിലെ മരിയന്‍ ഹോസ്പിറ്റലില്‍ വെച്ച്  മെയ് 25 ന്ാണ് അന്തരിച്ചത്.  നെടുംകുന്നം സ്വദേശിനി എല്‍സമ്മയാണ് ഭാര്യ.  മക്കള്‍ : പ്രിയ, നിദ. മരുമകന്‍:ജനിന്‍ പ്ളാങ്കാലായില്‍. കൊച്ചുമകള്‍: മീര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com