ADVERTISEMENT

ബർലിൻ∙ ജർമനിയിലെ പ്രധാന പാർട്ടിയായ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയന്റെ നേതാവും സർക്കാർ വക്താവുമായിരുന്ന വാൾട്ടർ ലൂബെക്കിനെ (65) വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ സ്റ്റെഫാൻ എന്ന 46കാരൻ നവനാസി പിടിയിൽ. നാടിനെ നടുക്കിയ കൊല ജൂൺ രണ്ടിന് കാസ്സൽ എന്ന നഗരത്തിലെ പ്രാന്തപ്രദേശത്താണു നടന്നത്.

neo-nazism

രാത്രിയിൽ വീടിന്റെ വരാന്തയിൽ നിന്നിരുന്ന ലൂബെക്കിനെ ഒറ്റ വെടിക്കാണ് സ്റ്റെഫൻ വക വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. ലൂബെക്കിന്റെ തലയ്ക്കാണ് വെടിയേറ്റത്. ശബ്ദം കേട്ട് ഭാര്യയും മക്കളും ഓടി എത്തിയപ്പോൾ ലൂബെക്ക് നിലത്ത് കിടന്ന് പിടയുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ജർമൻ കുറ്റാന്വേഷണ വിഭാഗം പതിനഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിലാണ് സ്റ്റെഫാനെ കസ്റ്റഡിയിലെടുക്കുന്നത്.

neo-nazism-2

ജർമൻ സേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറിന്റെ ആശയങ്ങളോട് വിധേയത്വമുള്ള നവനാസി പാർട്ടിയിലെ സജീവ പ്രവർത്തകനാണ് സ്റ്റെഫാനെന്ന് പൊലീസ് പറഞ്ഞു. 2015 –ൽ ലൂബെക്ക് നടത്തിയ ഒരു പ്രസംഗമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജർമനിയിലേക്ക് കുടിയേറിയ അഭയാർഥികളെ ലൂബെക്ക് സ്വാഗതം ചെയ്യുകയും അഭയാർഥികളെ ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിട്ട് പോകാമെന്നും പറഞ്ഞിരുന്നു. ഇതാണ് സ്റ്റെഫാനെ പ്രകോപിപ്പിച്ചത്.

അന്നു മുതൽ ലൂബെക്കിനെ വകവരുത്താൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. സ്റ്റെഫാന്റെ പേരിൽ ഒട്ടനവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദേശികൾക്കെതിരെ നടത്തുന്ന നാസി പ്രകടനങ്ങളിൽ നായകത്വം വഹിക്കുന്നതും സ്റ്റെഫാൻ തന്നെ. പൊലീസിനെ അക്രമിച്ച കേസുകളിലും ഇയാൾ പ്രതിയാണ്.

ലൂബെക്കിന്റെ  കൊലയ്ക്ക് ശേഷം സമൂഹമാധ്യമങ്ങൾ വഴി നവ നാസികൾ ആഘോഷം നടത്തിയത് പൊലീസിന് പ്രതിയെ പിടിക്കാൻ എളുപ്പമായി. ലൂബെക്കിന്റെ വധം തന്നെ ഞെട്ടിച്ചുവെന്ന് ചാൻസലർ അംഗല മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. കുറ്റവാളിയെ പിടികൂടാൻ കഴിഞ്ഞതിൽ ആശ്വാസം കൊള്ളുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com