ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയില്‍ വേനല്‍ എത്തിയതോടെ ചൂടിന്‍റെ കഠിന്യവും വര്‍ധിച്ചു. ചൊവ്വാഴ്ച തലസ്ഥാന നഗരമായ ബര്‍ലിനില്‍ 30 ഡിഗ്രി ചൂടി ഉണ്ടായിരുന്നത് ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനു താങ്ങാന്‍ കഴിഞ്ഞില്ല. ഏതു രാഷ്ട്രീയ ചൂടിനെയും നിഷ്പ്രയാസം കീഴടക്കുന്ന  മെര്‍ക്കലിന് അന്തരീക്ഷ താപനിലയെ അല്‍പ്പനേരം മറികടക്കാനായില്ല.  ഉക്രേനിയന്‍ പ്രസിഡന്‍റ് വോലോദിമിര്‍ സെലന്‍സ്കിക്കു നല്‍കിയ സ്വീകരണത്തിനിടെയാണ്  ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നത്. പ്രസിഡന്‍റ് സെലന്‍സ്കിക്കു നല്‍കിയ സ്വീകരണ വേളയില്‍ മെര്‍ക്കലിന് നേരെ നില്‍ക്കാന്‍ ബുദ്ധിമുട്ടിയെന്നും  വിറയല്‍ അനുഭവപ്പെട്ടുവെന്നും വ്യക്തമാക്കിയത് മാധ്യമങ്ങളാണ്. 

 

എന്നാല്‍, ഇത് നിര്‍ജലീകരണം കാരണം സംഭവിച്ചതാണെന്ന് മെര്‍ക്കല്‍ തന്നെ പിന്നീട് അറിയിച്ചത് കൂടുതല്‍ വിശദീകരണത്തിന്‍റെ മുനയൊടിച്ചു. കടുത്ത ചൂടുണ്ടായിരുന്നു. അതാണ് അസ്വസ്ഥതയ്ക്കു കാരണം. മൂന്നു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ എല്ലാം ശരിയായെന്നും മെര്‍ക്കല്‍ പറയുന്നു.

 

ചാന്‍സലറുടെ കൊട്ടാരത്തില്‍ തന്നെയാണ് ഉക്രേനിയന്‍ പ്രസിഡന്‍റിന് സൈനിക സ്വീകരണം ഒരുക്കിയിരുന്നത്. ഗാര്‍ഡ് ഓഫ് ഹോണര്‍ കൊട്ടാരത്തിനു വെളിയിലായിരുന്നു. അപ്പോഴത്തെ കടുത്ത വെയിലിന്‍റെ ചൂടാണ് മെര്‍ക്കലിന് പ്രശ്നമായത്. മെര്‍ക്കലിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് പിന്നീട് സെലന്‍സ്കിയും പറഞ്ഞു.

 

2021 ല്‍ ചാന്‍സലര്‍ കാലാവധി അവസാനിക്കുന്നതോടെ പൊതു ജീവിതത്തില്‍നിന്നു വിരമിക്കുകയാണെന്ന് മെര്‍ക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അടുത്ത മാസം അവര്‍ക്ക് 65 വയസ് തികയുന്നതേയുള്ളൂ.മെര്‍ക്കലിന്‍റെ ആരോഗ്യത്തില്‍ ആശങ്ക ചുട്ടുപൊള്ളുന്ന വെയിലില്‍ വിറച്ചു നിന്ന മെര്‍ക്കലിന്‍റെ ഫോട്ടോയാണ് മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

 

ജര്‍മനിയില്‍ ശനിയാഴ്ച വരെ അന്തരീക്ഷ താപനില ഉയരുമെന്നും ഉഷ്ണക്കാറ്റും ചുഴലിക്കാറ്റും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കലണ്ടര്‍ പ്രകാരം ജൂണ്‍ 21 ന് വെള്ളിയാഴ്ചയാണ് യൂറോപ്പില്‍ വേനല്‍ തുടങ്ങുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com