ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകാൻ അവസാന റൗണ്ടിൽ മൽസരിക്കുന്നത് മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും നിലവിലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും. ടോറി പാർട്ടിയുടെ (കൺസർവേറ്റീവ് പാർട്ടി) 313 എംപിമാർക്കിടയിൽ നടന്ന അവസാനവട്ട വോട്ടെടുപ്പുകളിൽ എതിർ സ്ഥാനാർഥികളെ പിന്നിലാക്കിയാണ് ഇരുവരും അന്തിമ സ്ഥാനാർഥികളായി യോഗ്യത നേടിയത്. ബോറിസിന് 160 വോട്ടും രണ്ടാം സ്ഥാനത്തെത്തിയ ജറമി ഹണ്ടിന് 77 വോട്ടും ലഭിച്ചു. അവസാന റൗണ്ട് വോട്ടെടുപ്പിൽ 75 വോട്ടുമാത്രം നേടിയ പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് പുറത്തായി. 

എംപിമാർക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിന്റെ എല്ലാ റൗണ്ടിലും മുന്നിട്ടു നിന്ന ബോറിസ് ജോൺസൺ അവസാന റൗണ്ടിൽ പകുതിയിലധികം പേരുടെ പിന്തുണയോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബോറിസ് ജോൺസൺ ഇന്നലെ നടന്ന നാലാം റൗണ്ടിലും അവസാന റൗണ്ടിലും മുന്നേറ്റം തുടർന്നു. ഒന്നാം റൗണ്ടിൽ 114, രണ്ടാം റൗണ്ടിൽ126, മൂന്നാം റൗണ്ടിൽ 143, നാലാം റൗണ്ടിൽ 150, ആഞ്ചാം റൗണ്ടിൽ 160 എന്നിങ്ങനെ വൻ ഭൂരിപക്ഷത്തിലാണ് ബോറിസ് ഒൻപത് എതിർ സ്ഥാനാർഥികളെയും ബഹുദൂരം പിന്നിലാക്കിയത്.  

160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാകും ഇനി പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ജൂൺ 22 മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി ജൂലൈ 22ന് ഫലം പ്രഖ്യാപിക്കും.  

തുടക്കം മുതൽ എംപിമാരുടെ വൻ പിന്തുണയോടെ മുന്നേറിയ ബോറിസ് ജോൺസൺ സ്ഥാനാർഥിയായി വരുമെന്ന് ഉറപ്പായിരുന്നു. എന്നാൽ രണ്ടാം സ്ഥാനത്തെത്താൻ മൈക്കിൾ ഗോവും ജെറമി ഹണ്ടും തമ്മിൽ ശക്തമായ മൽസരം നടന്നു. ഒടുവിൽ കേവലം രണ്ട് വോട്ടിനാണ് ഗോവ് പുറത്തായത്.  തെരേസ മേയ്ക്കെതിരെയും ഗോവ് ശക്തമായ മൽസരം കാഴ്ചവച്ചിരുന്നു. ഇന്നലെ നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിൽതന്നെ മൽസരരംഗത്തുണ്ടായിരുന്ന ഹോം സെക്രട്ടറി സാജിദ് ജാവേദ് പുറത്തായി. തുടർന്നാണ് രണ്ടാമനെ കണ്ടെത്താൻ അവസാനവട്ട വോട്ടെടുപ്പ് നടന്നത്. 

എംപിമാർ നൽകിയ അംഗീകാരത്തിൽ സംതൃപ്തിയും അഭിമാനവുമുണ്ടെന്നും തന്റെ ബ്രെക്സിറ്റ് നിലപാടുകളും മറ്റും വിശദീകരിച്ച് വരും ദിവസങ്ങളിൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. 

എംപിമാർക്കിടയിലെ വോട്ടെടുപ്പിൽ ബഹുദൂരം മുന്നിലെത്തിയ ജോൺസണെ അഭിനന്ദിച്ച ജെറമി ഹണ്ട് എന്നാൽ രാഷ്ട്രീയത്തിൽ അദ്ഭുതങ്ങൾ തള്ളിക്കളയാനാകില്ലെന്ന വിശ്വാസത്തിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com