ADVERTISEMENT

ബെല്‍ഫാസ്റ്റ്∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരു നഴ്‌സിനെയും മകനെയും പരുക്കുകളോടെ ബെല്‍ഫാസ്റ്റ് റോയല്‍ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ നഴ്‌സിന്റെ നില ഗുരുതരമാണ്.

ആന്‍ട്രിം ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച കാര്‍ ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.45-നായിരുന്നു സംഭവം. അപകടത്തെ തുടർന്ന് അടച്ച റോഡ് പുലർച്ചെ നാലുമണിയോടെ തുറന്നു. എയര്‍ ആംബുലന്‍സ് സഹിതം എത്തിയാണ് പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തിൽപ്പെട്ട ചുവന്ന ടൊയോട്ട യാരിസ് കാറിന്റെ മുൻ വശത്തായിരുന്നു ഷൈമോൾ തോമസ് ഇരുന്നിരുന്നത് എന്നാണ് വിവരം. ഫോക്സ് വാഗന്റെ കറുപ്പ് നിറമുള്ള പസാറ്റ് കാറുമായാണ് വാഹനം കൂട്ടിയിടിച്ചത്. ടൊയോട്ട കാറിലുണ്ടായിരുന്ന ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. പുറകിൽ ഇരുന്ന മറ്റു രണ്ടുപേരുടെ പരുക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

പസാറ്റ് കാറിൽ ഉണ്ടായിരുന്ന രണ്ടു പുരുഷൻമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരുക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിൽസയ്ക്കുശേഷം വിട്ടയക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ആരെങ്കിലും അപകടം നേരിട്ടു കാണുകയോ ഇതിന്റെ വിഡിയോ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പൊലീസുമായി പങ്കുവയ്ക്കണമെന്ന് ഇൻസ്പെക്ടർ മാർക് റിഡ്ഡിൽ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com