sections
MORE

വി.ടി.ബൽറാം എംഎൽഎയ്ക്കും സജീവൻ അന്തിക്കാടിനും പുരസ്ക്കാരം

sajeevan-anthikad-vt-balram
സജീവൻ അന്തിക്കാട്, വി.ടി. ബൽറാം.
SHARE

ലണ്ടൻ ∙ യുകെയിൽ പ്രവർത്തിക്കുന്ന എസ്സെൻസ് ഗ്ലോബൽ യുകെയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വി.ടി.ബൽറാം എംഎൽഎയ്ക്കും ചലച്ചിത്ര സംവിധായകൻ സജീവൻ അന്തിക്കാടിനുമാണ് പുരസ്കാരങ്ങൾ. ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡ് 2019 വി.ടി. ബൽറാമിനും ഫ്രീതോട്ട് എമ്പവർമെന്റ് അവാർഡ് സജീവൻ അന്തിക്കാടിനുമാണ്. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. മലയാളികളിൽ ശാസ്ത്രീയാഭിമുഖ്യം പ്രോത്സാഹിപ്പിക്കുന്നതിന് മുൻതൂക്കം കൊടുക്കുന്ന അഭ്യസ്ത വിദ്യരായ ഒരുകൂട്ടം സ്വതന്ത്രചിന്തകരുടെ ഒത്തൊരുമയാണ് എസ്സെൻസ്. 

സ്വതന്ത്ര ചിന്തയും  ശാസ്ത്രീയമനോഭാവവും പ്രചരിപ്പിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന  ഭരണഘടനാ നിർദ്ദേശത്തിലേക്ക് മലയാളിയുടെ ശ്രദ്ധ ആകർഷിക്കുന്നതിനായാണ് വർഷം തോറും രണ്ടു പുരസ്ക്കാരങ്ങൾ എസ്സൻസ് ഗ്ലോബൽ യുകെ  രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. അഴിമതി തൊട്ടുതീണ്ടാതെ സത്യസന്ധമായ പൊതുപ്രവർത്തനം നടത്തി വരുന്ന സ്വതന്ത്ര ചിന്തകരായ നിയമസഭാ സാമാജികരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘ബെസ്റ്റ് പാർലമെന്റേറിയൻ’  പുരസ്ക്കാരം. തെളിവുകളെ അടിസ്ഥാനമാക്കി മനുഷ്യരെ  ചിന്തിക്കാൻ ധൈര്യപ്പെടുത്തും വിധമുള്ള നിസ്വാർഥ സേവനങ്ങൾ കാഴ്ചവെക്കുന്ന ഇന്ത്യക്കാർക്കാർക്കായാണ് ‘ഫ്രീ തോട്ട് എംപവർമെന്റ് അവാർഡ്’.

ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡ് 2019

എസ്സെൻസ് ഗ്ലോബൽ യുകെയുടെ ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡ് 2019 നേടിയിരിക്കുന്നത് പ്രശസ്ത നിയമസഭാ സാമാജികനായ തൃത്താല മണ്ഡലം  എംഎൽഎ വി.ടി.ബൽറാമാണ്. ജനപ്രതിനിധി എന്ന നിലയിൽ നിയമസഭയിലും പ്രതികരണ ശേഷിയുള്ള പൊതു സമൂഹ പ്രതിനിധി എന്ന നിലയിൽ  മാധ്യമങ്ങളിലും നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ഈ പുരസ്ക്കാരത്തിന് അർഹമാക്കിയത്.

ഫ്രീതോട്ട് എമ്പവർമെന്റ് അവാർഡ്

‘ഫ്രീതോട്ട് എമ്പവർമെന്റ്’ അവാർഡ് ലഭിച്ചിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ സജീവൻ അന്തിക്കാടിനാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യമായി  സ്വതന്ത്ര ചിന്തകരുടെ ജീവിതം പ്രമേയമാക്കിയ ‘പ്രഭുവിന്റെ മക്കൾ’ എന്ന  മലയാള സിനിമ 2012 ൽ നിർമ്മിച്ച് തിയറ്ററിൽ റിലീസ് ചെയ്ത് സാക്ഷാത്ക്കരിച്ചതിനും ലോകമെമ്പാടുമുള്ള മലയാളികളായ സ്വതന്ത്ര ചിന്തകരുടെ പ്രധാന പ്ലാറ്റ്ഫോമായി ഇതിനകം മാറിക്കഴിഞ്ഞ ‘എസ്സെൻസ് ഗ്ലോബൽ’ സംഘടന സ്ഥാപിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളുമാണ് സജീവൻ അന്തിക്കാടിനെ ഈ പുരസ്ക്കാരത്തിന് അർഹനാക്കിയത്.

ഒക്ടോബർ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ്  മൂന്നരക്ക് ലണ്ടൻ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടക്കുന്ന എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനത്തിൽ വെച്ച് ന്യൂ ഹാം എം.പി. സ്റ്റീഫൻ ടിംസ്‌ ആണ് വി.ടി. ബൽറാമിനും സജീവൻ അന്തിക്കാടിനും അവാർഡുകൾ നൽകുന്നത്. തദവസരത്തിൽ  പ്രശസ്ത ഭിഷഗ്വരനും ശാസ്ത്ര പ്രചാരകനുമായ ഡോ. അഗസ്റ്റസ് മോറിസ് വിദേശ മലയാളികളിലെ അന്ധവിശ്വാസങ്ങളെയും അനാരോഗ്യ പ്രവണതകളെയും കുറിച്ച് പ്രഭാഷണം നടത്തും.

എസൻസ് ഗ്ലോബൽ വാർഷിക സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നതിനായി ജോബി ജോസഫ്, ബിനോയി ജോസഫ്, സിജോ പുല്ലാപ്പള്ളി, ടോമി തോമസ്, ഉമ്മർ കോട്ടക്കൽ, ഡോ. കൃഷ്ണ നായർ, ഡെയ്സൺ ഡിക്സൺ എന്നിവർ കൺവീനർമാരായി പതിനഞ്ചംഗ കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA