ADVERTISEMENT

ബർലിൻ∙ ജർമനിയിൽ ഇന്ത്യക്കാരൻ റോസാ പൂക്കൾ വിറ്റ് നേടുന്നത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ നിന്നുള്ള സൻജീവ് ശർമ എന്ന നാൽപത്തിനാലുകാരനാണ് ഈ ലക്ഷാധിപൻ. ജർമനിയിലെ കൊളോൺ നഗരത്തിലെ പ്രധാന റസ്റ്റോറന്റുകളിൽ ചുറ്റി നടന്നാണ് ശർമ പൂക്കളുടെ വിൽപന പൊടിപൊടിക്കുന്നത്.

ശർമ കൊളോൺ നഗരത്തിൽ സുപരിചിതനാണ്. പൂക്കളുടെ ബോബി എന്ന പേരിലാണ് ശർമ ജർമൻകാരുടെയിടയിൽ അറിയപ്പെടുന്നത്. സന്ധ്യകളിൽ ആരംഭിക്കുന്ന കച്ചവടം അർധരാത്രി വരെ തുടരും.റസ്റ്ററന്റുകളിലും ഹോട്ടലുകളിലും കയറി ഇറങ്ങിയാണ് കച്ചവടം. പ്രായഭേദമെന്യേ റോസാ പൂക്കൾ വാങ്ങുന്നവരുണ്ട്. കമിതാക്കൾ ഭക്ഷണത്തിനുശേഷം പൂക്കൾ കൈമാറി സ്നേഹം ഉറപ്പിക്കുകയാണ് പതിവ്.

നവദമ്പതികളും, ജന്മദിനം ആഘോഷിക്കുന്നവരും എല്ലാം റോസാപൂക്കൾ വാങ്ങി കൈമാറുക പതിവാണ്. ഒരു പൂവിന് മൂന്ന് മുതൽ അഞ്ച് യൂറോ വരെ വിലയ്ക്കാണ് ശർമ വിൽക്കുന്നത്. ഹോളണ്ടിൽ നിന്നാണ് റോസാപൂക്കൾ മൊത്തമായി വാങ്ങുന്നത്. ഒന്നേകാൽ യൂറോ അവിടെ വില നൽകണം. പ്രതിവർഷം ഇരുപത്തിയയ്യായിരം റോസാ പൂക്കൾ വിൽക്കാറുണ്ടെന്നും അതുവഴി ഒരു ലക്ഷം യൂറോ (ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ) യുടെ വരുമാനമുണ്ടെന്നും ശർമ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിലേക്ക് നികുതിയും മറ്റ് ചിലവുകളും മാറ്റിവച്ചാലും ഇരുപത്തി അയ്യായിരം യൂറോ കൈയിൽ കിട്ടുമെന്ന് ശർമ വ്യക്തമാക്കി.

റൗഡികളും മദ്യപാനികളും തന്റെ വിൽപനയ്ക്ക് തടസ്സം ഉണ്ടാക്കാറുണ്ട്. ശർമ തന്റെ ദുരനുഭവം മാധ്യമങ്ങളെ അറിയിച്ചു. ഒരിക്കൽ പൂ കച്ചവടവുമായി രംഗത്തു വന്ന ഒരു പാക്ക് സ്വദേശി തന്റെ വഴി തടഞ്ഞതും പൊലീസ് വന്ന് ഇയാളെ താക്കീത് ചെയ്തതും ശർമ വിവരിച്ചു.

1994–ൽ ആണ് ശർമ കൊളോണിൽ അഭയാർഥിയായി എത്തിയത്. ജർമൻ പൗരത്വം നേടിയ ശർമയ്ക്ക് മൂന്നു മക്കളുണ്ട്. കൊളോൺ നഗരത്തിൽ ഒരു ലഘു ഭക്ഷണശാലയും ശർമയുടെ പേരിലുണ്ട്. ഭാര്യയും മുന്നു തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. ഇരുപത്തിമൂന്ന് വർഷമായി നടത്തിവരുന്ന കച്ചവടം ഇനിയും തുടരുമെന്ന് ഈ ഇന്ത്യക്കാരൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com