ADVERTISEMENT

ലണ്ടൻ∙ നോ ഡീൽ ബ്രെക്സിറ്റിനുള്ള നീക്കം ചെറുത്തുതോൽപിച്ച  ബ്രിട്ടീഷ് എംപിമാർ  ഇതിനെ മറികടക്കാൻ പൊതു തിരഞ്ഞെടുപ്പു നടത്താനുള്ള  പ്രധാനമന്ത്രി ബോറിസ് ജോൺസന്റ  നീക്കവും പാർലമെന്റിൽ തടഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ  മൂന്നുതവണ പാർലമെന്റിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ട ബോറിസ് സർക്കാർ പ്രതിസന്ധി മറികടക്കാൻ മാർഗമില്ലാത്തെ നട്ടം തിരിയുകാണ്. രാജിവച്ച് പുറത്തുപോകുകയോ പാർലമെന്റിന്റെ തീരുമാനമനുസരിച്ച് ബ്രെക്സിറ്റ് ചർച്ചകളുമായി മുന്നോട്ടു പോകുകയോ മാത്രമാണ് ഇനി സർക്കാരിനു മുന്നിലുള്ള മാർഗം. അവിശ്വാസത്തിലൂടെ പ്രതിപക്ഷം സർക്കാരിനെ പുറത്താക്കാനുള്ള സാധ്യതയും ഏറെയാണ്. 

തിരഞ്ഞെടുപ്പു തടയാനും വിമതരുടെ പിന്തുണ

മുഖ്യ പ്രതിപക്ഷ കക്ഷികളായ ലേബറിനും ലിബറൽ ഡെമോക്രാറ്റുകൾക്കും സ്കോട്ടീഷ് നാഷണൽ പാർട്ടിക്കുമൊപ്പം ടോറിയിലെ മുപ്പതോളം ബ്രക്സിറ്റ് വിരുദ്ധർ കൂറുമാറി അണിനിരന്നതോടെയാണ് പാർലമെന്റിൽ സർക്കാരിന് കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. പൊതു തിരഞ്ഞെടുപ്പിന് അനുമതി തേടിയുള്ള ബില്ലിന്റെ വോട്ടെടുപ്പിൽ നിന്നും ലേബർ പാർട്ടി വിട്ടുനിന്നതോടെ ഇതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ലഭിക്കാത്ത  സ്ഥിതിയായി. പ്രതിപക്ഷത്തിന്റെയും ടോറി വിമതരുടെയും ഇരട്ട പ്രഹരത്തിൽ അടിപതറിയ ബോറിസിന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് ബ്രിട്ടൻ. രാജിയോ കീഴടങ്ങലോ എന്നതാണ് ഇനി അറിയാനുള്ളത്. 

ബ്രെക്സിറ്റ് വിരുദ്ധ സർക്കാരിനു സാധ്യത

കടുത്ത ബ്രക്സിറ്റ് വാദിയായ ബോറിസ് പാർലമെന്റിന്റെ നിർദേശത്തിനു വഴങ്ങി ബ്രക്സിറ്റ് ചർച്ചകൾക്കായി യൂറോപ്യൻ യൂണിയനോട് സമയം നീട്ടി ചോദിക്കാൻ സാധ്യതയില്ല. തിരഞ്ഞെടുപ്പു നീക്കവും പാർലമെന്റ് തള്ളിയ സാഹചര്യത്തിൽ രാജിവച്ചൊഴിയുകയാണ് മറ്റൊരു മാർഗം. അങ്ങനെ വന്നാൽ പ്രതിപക്ഷ ഐക്യത്തിൽ  ഒരു ബ്രക്സിറ്റ് വിരുദ്ധ സർക്കാരിനുള്ള സാധ്യത തെളിയും. അത്തരമൊരു സാഹചര്യത്തിലും തിരഞ്ഞെടുപ്പിലൂടെയോ രണ്ടാം റഫറണ്ടത്തിലൂടെയോ മാത്രമേ നിലവിലെ ബ്രകസിറ്റ് പ്രതിസന്ധിയിൽനിന്നും ബ്രിട്ടണ് കരകയറാനാകൂ. 

തിരഞ്ഞെടുപ്പിനെ പിന്തുണച്ചത് 298 പേർ മാത്രം

ഒക്ടോബർ 15 ചൊവ്വാഴ്ച പൊതു തിരഞ്ഞെടുപ്പ് നടത്താൻ അനുമതി തേടുന്ന ബില്ല് മൊത്തം അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് വേണ്ടിയിരുന്നത്. എന്നാൽ രാത്രി വൈകി നടന്ന വോട്ടെടുപ്പിൽ സർക്കാരിന് ലഭിച്ചത് 298 അംഗങ്ങളുടെ പിന്തുണ മാത്രമാണ്. 56 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ടുചെയ്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 136 അംഗങ്ങളുടെ കുറവ്. മുൻപ് പലതവണ പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും സ്കോട്ടീഷ് നാഷണൽ പാർട്ടിയും വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. പാർട്ടി നിലപാട് വിട്ടു നിൽക്കാനായിരുന്നെങ്കിലും ലേബറിലെ 28 പേർ പ്രമേയത്തെ എതിർത്തും മൂന്നുപേർ അനുകൂലിച്ചും വോട്ടുചെയ്തതായാണ് റിപ്പോർട്ട്. രണ്ടുദിവസം മുൻപുവരെ പൊതു തിരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ലേബർ പാർട്ടി സർക്കാർ തിരഞ്ഞെടുപ്പിന് തയാറായപ്പോൾ നിലപാടു മാറ്റിയത് തരംതാണ രാഷ്ട്രീയമായി വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ രാഷ്ട്രീയ പ്രായോഗിഗതയായും അടവുനയമായുമാണ് പാർട്ടി നേതൃത്വം ഇതിനെ കാണുന്നത്. 

നോ ഡീൽ ബ്രക്സിറ്റ് തടഞ്ഞത് 28 വോട്ടിന് 

നേരത്തെ നോ ഡീൽ ബ്രക്സിറ്റ് തടഞ്ഞുകൊണ്ട് പാർലമെന്റിൽ പ്രതിപക്ഷം അവതരിപ്പിച്ച  ബില്ല് ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ 28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാർലമെന്റ് പാസാക്കിയത്. ബില്ല് അവതരിപ്പിക്കാനുള്ള അനുമതിയെ പിന്തുണച്ച ടോറി വിമതർ ബില്ല് പാസാക്കാനും പ്രതിപക്ഷത്തിനൊപ്പം അണിനിരന്നതോടെയാണ് സർക്കാരിന് തോൽവിയുണ്ടായത്. 327 പേർ നോ ഡിൽ ബ്രക്സിറ്റിനെതിരേ വോട്ടുചെയ്തു. 299 പേർ പിന്തുണച്ചു. പ്രതിപക്ഷത്തിന്റെ ബില്ല് പാസായതോടെയാണ് ഒക്ടോബർ 15ന് തിരഞ്ഞെടുപ്പു നടത്താൻ അനുമതി തേടിയുള്ള ബില്ല് പ്രധാനമന്ത്രി സഭയിൽ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒക്ടോബർ 17ന് യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ മികച്ച ഉടമ്പടിക്കായി വാദിക്കാൻ കഴിയുമെന്നായിരുന്നു തിരഞ്ഞെടുപ്പിനുള്ള ബോറിസിന്റെ ന്യായീകരണം. നിരന്തരം തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന പ്രതിപക്ഷം ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പിൽ ഫലം അനുകൂലമാകാൻ സാധ്യതയില്ലെന്ന് അറിയുന്ന പ്രതിപക്ഷം പൊടുന്നനെ നിലപാട് മാറ്റി വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.  

ഭൂരിപക്ഷം നഷ്ടപ്പെട്ട ബോറിസ് സർക്കാർ രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ പ്രതിപക്ഷത്തിന് അവിശ്വാസത്തിലൂടെ സർക്കാരിനെ പുറത്താക്കാം. അത്തരമൊരു നീക്കവും അതിനുള്ള  ഐക്യവും പ്രതിപക്ഷം കാണിക്കുമോ എന്ന കാത്തിരിപ്പിലാണ് ബ്രിട്ടീഷ് രാഷ്ട്രീയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com