ADVERTISEMENT

ലണ്ടൻ∙ ചരിത്രപ്രധാനമായ സംഭവപരമ്പകൾക്കു ശേഷം ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു. മുൻ നിശ്ചയപ്രകാരമുള്ള അഞ്ചാഴ്ചത്തെ ഇടവേളയ്ക്കുശേഷം (പ്രററോഗേഷൻ) ഒക്ടോബർ 14ന് രാജ്ഞിയുടെ പ്രസംഗത്തോടെയാകും പുതിയ സമ്മേളനം ആരംഭിക്കുക. രണ്ടാഴ്ചത്തെ ഈ സമ്മേളനത്തിനുശേഷം പദവി ഒഴിയുമെന്ന സ്പീക്കർ ജോൺ ബെർക്കോവിന്റെ നാടകീയ പ്രഖ്യാപനത്തോടെയായിരുന്നു ഇന്നലെ സഭാ നടപടികൾ അവസാനിച്ചത്. പാർട്ടിയിലെ എതിർപ്പും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നയങ്ങളോടും നടപടികളോടുമുള്ള വിയോജിപ്പുമാണ് സ്ഥാനമൊഴിയാൻ സ്പീക്കർ ബെർക്കോവിനെ പ്രേരിപ്പിച്ചത്. 

 

സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ പൊതു തിരഞ്ഞെടുപ്പിന് അനുമതി തേടി പ്രധാനമന്ത്രി അവതരിപ്പിച്ച ബില്ല് സഭ രണ്ടാമതും തള്ളിക്കളഞ്ഞു. 293 പേർ മാത്രമാണ് തിരഞ്ഞെടുപ്പിനെ അനുകൂലിച്ചത്. പ്രതിപക്ഷകക്ഷികൾ മറ്റു വിയോജിപ്പുകൾ മറന്ന് ഒന്നിച്ചതോടെ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രിയുടെ നീക്കം നടക്കാതെപോയി. 

 

സർക്കാരിന്റെ തുടർച്ചയായ പരാജയവും സ്പീക്കറുടെ രാജി പ്രഖ്യാപനവും പ്രതിപക്ഷത്തിന്റെ അവസരോചിതമായ യോജിപ്പും കണ്ട സമ്മേളനം പിരിയുമ്പോൾ സഭ സസ്പെൻഡ് ചെയ്തതിനെതിരെയുള്ള അംഗങ്ങളുടെ പ്രതിഷേധം പലരും മറച്ചുവച്ചില്ല. 

 

നോ ഡീൽ ബ്രക്സിറ്റും പൊതു തിരഞ്ഞെടുപ്പു നിർദേശവും പാർലമെന്റ് തള്ളിയതോടെ പ്രതിസന്ധിയിലായ ബോറിസ് ജോൺസൺ ഭാവി നടപടികൾ ആലോചിക്കാൻ ഇന്ന് അടിയന്തര കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്. ബ്രക്സിറ്റ് തടയുന്ന പാർലമെന്റ് നടപടി കോടതിയിൽ ചോദ്യം ചെയ്യാനാണ് സർക്കാരിന്റെ നീക്കം. 

 

24 വർഷമായി എംപിയും കഴിഞ്ഞ പത്തുവർഷമായി കോമൺസിലെ സ്പീക്കറുമായ ജോൺ ബെർക്കോവ് ഒക്ടോബർ 31ന് സ്ഥാനമൊഴിയുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനു മുൻപു തിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞാൻ അന്നു സ്ഥാനമൊഴിയും. 2009ലാണ് ബെർക്കോവ് സ്പീക്കറായി ചുമതലയേറ്റത്. ഡേവിഡ്, കാമറൺ, തെരേസ മേ, ബോറിസ് ജോൺസൺ എന്നീ മൂന്നു പ്രധാനമന്ത്രിമാർക്കൊപ്പം സ്പീക്കറായി പ്രവർത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com