sections
MORE

ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷവാർത്ത, ബ്രിട്ടനിൽ പഠനശേഷം രണ്ടുവർഷം ജോലിക്ക് അവസരം

student travel
representative image
SHARE

ലണ്ടൻ∙ വിദേശ വിദ്യാർഥികൾക്ക് അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാഭ്യാസത്തിനു ശേഷം  രണ്ടുവർഷം ജോലിചെയ്യാൻ അവസരം നൽകുന്ന പോസ്റ്റ് സ്റ്റഡി വീസ ബ്രിട്ടൻ പുന:സ്ഥാപിച്ചു. പഠനം പൂർത്തിയാക്കുന്നവർക്ക് ആദ്യം രണ്ടുവർഷമാണ് വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. പഠിക്കുന്ന കോഴ്സ് ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിലോ ഹൈലി സ്കിൽഡ് മൈഗ്രേഷൻ വിസ ലിസ്റ്റിലോ ഉള്ളതാണെങ്കിൽ ഈ വർക്ക് പെർമിറ്റ് നീട്ടിയെടുക്കാനും സാധ്യത ഏറെയാണ്. 

ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനം ഇന്നലെയാണ് ഹോം ഓഫിസ് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാൽ ബോറിസ് ജോൺസൺ സർക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുന്നത് ഇന്ത്യൻ യുവാക്കൾക്കാണ്. ബ്രക്സിറ്റ് നടപ്പാക്കുമ്പോൾ ഉണ്ടാകാനിടയുള്ള  വിദഗ്ധരായ തൊഴിലാളികളുടെയും സംരംഭകരുടെയും കുറവ് പരിഹരിക്കാനായാണ് സ്റ്റുഡന്റ് വിസ നിയമത്തിലെ ഈ ഇളവ്. 

നിലവിൽ വിവിധ കോഴ്സുകൾക്കായി ബ്രിട്ടനിലെത്തുന്ന വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കിയാൽ നാലുമാസത്തിനുള്ളിൽ രാജ്യം വിടണമായിരുന്നു. ഇതാണു പുതിയ ഉത്തരവിലൂടെ റദ്ദാക്കിയിരിക്കുന്നത്. അടുത്ത അധ്യനവർഷം (2020-21) മുതൽ  അഡ്മിഷനെത്തുന്ന വിദ്യാർഥികൾക്ക് പുതിയ പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങൾ ബാധകമാകും. 

ലേബർ നേതാവായിരുന്ന ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണു വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം ജോലി തുടരാൻ അനുവാദം നൽകുന്ന പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ചു തുടങ്ങിയത്. എന്നാൽ പിന്നീടുവന്ന ഡേവിഡ് കാമറൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് എമിഗ്രേഷൻ നിരക്ക് കുറയ്ക്കാൻ കച്ചകെട്ടിയിറങ്ങിയതോടെ  പോസ്റ്റ് സ്റ്റഡി വിസ പൂർണമായും നിർത്തലാക്കി. 2012ൽ ഇങ്ങനെ നിർത്തലാക്കിയ പോസ്റ്റ് സ്റ്റഡി വീസയാണ് ഇപ്പോൾ പുതിയ സർക്കാർ പുന:സ്ഥാപിച്ചിരിക്കുന്നത്. 

പുതിയ ചുവടുവയ്പിലൂടെ വിദേശ വിദ്യാർഥികൾക്ക് ജോലി തേടി യുകെയിൽ താമസിക്കാൻ ധാരാളം സമയം ലഭിക്കുമെന്നും വിവിധ മേഖലകളിലെ അവരുടെ കഴിവുകൾ രാജ്യത്തിന് ഗുണകരമായി ഉപയോഗിക്കാനാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവകാശപ്പെട്ടു. എന്നാൽ സർക്കാരിന്റെ പുതിയ നീക്കത്തെ മൈഗ്രേഷൻ വാച്ച് തുടങ്ങിയ കാമ്പയിൻ ഗ്രൂപ്പുകൾ ശക്തമായി എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. 

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കർക്കശമായ പരിശോധനകളിലൂടെയും നിബന്ധനകളിലൂടെയും കഴിവുറ്റ വിദ്യാർഥികളെ മാത്രമാകും ഉപരിപഠനത്തിനായി യുകെയിലെത്തിക്കാൻ യൂണിവേഴ്സിറ്റികൾക്ക് സാധ്യമാകൂ. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടനടി പുറത്തിറക്കും. ബോറിസ് സർക്കാരിന്റെ ആഗോളവീക്ഷണം തുറന്നുകാട്ടുന്ന പരിഷ്കാരമാണിതെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും ചൂണ്ടിക്കാട്ടി. 

2012ൽ പോസ്റ്റ് സ്റ്റഡി വീസ നിർത്തലാക്കിയതോടെ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇത് പല യൂണിവേഴ്സിറ്റികളുടെയും നിലനിൽപിനുതന്നെ ഭീഷണി ഉയർത്തി. ഈ പ്രശ്നത്തിനും പുതിയ തീരുമാനം പരിഹാരമുണ്ടാക്കും. പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഇല്ലാതായതോടെ ഇന്ത്യൻ- ചൈനീസ് വിദ്യാർഥികൾ ബ്രിട്ടൻ ഉപേക്ഷിച്ച് അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA