ADVERTISEMENT

ലണ്ടൻ∙ ബ്രെക്സിറ്റിന്റെ പുതിയ ഉടമ്പടി വ്യവസ്ഥകൾ ചർച്ചചെയ്യാൻ ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്നു ചേരാനിരിക്കെ ഉടമ്പടിയെ ന്യായീകരിച്ചും പ്രകീർത്തിച്ചും പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. നിലവിലെ സാഹചര്യത്തിൽ ഇതിലും മികച്ചൊരു പിന്മാറ്റക്കരാർ ഇനി ലഭിക്കാനില്ലെന്നാണു ബോറിസിന്റെ വിശദീകരണം. 

എംപിമാരുടെ പിന്തുണ ആർജിക്കാൻ ദിവസം മുഴുവൻ നീണ്ട  ചർച്ചകൾക്കൊടുവിൽ ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഉടമ്പടിയെ പരസ്യമായി ന്യായീകരിച്ചും സാധൂകരിച്ചും രംഗത്തെത്തിയത്. രാജ്യതാൽപര്യം മുൻനിർത്തി എംപിമാർ ഒറ്റക്കെട്ടായി ഉടമ്പടിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ബ്രെക്സിറ്റിന്റെ പേരിൽ ഭിന്നിച്ചു നിൽക്കാതെ രാജ്യം മുന്നോട്ടു പോകേണ്ടത് അനിവാര്യമാണ്. ഇതിന് ഉടമ്പടിയെ പിന്തുണയ്ക്കുക മാത്രമാണ് മാർഗമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം. ഇന്നത്തെ വോട്ടെടുപ്പിൽ ഉടമ്പടി പാസാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

എന്നാൽ പുതിയ ഉടമ്പടി വ്യവസ്ഥകൾക്കെതിരായി വോട്ടുചെയ്യുമെന്നും രാജ്യതാൽപര്യത്തിനു വിരുദ്ധമായ വിഷലിപ്തമായ ഉടമ്പടിയാണ് ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നതെന്നുമാണ് സർക്കാരിനെ പുറത്തുനിന്നും പിന്തുണച്ചിരുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ (ഡിയുപി)  നിലപാട്. നോർതേൺ അയർലൻഡിലെ പ്രാദേശിക പാർട്ടിയായ ഡിയുപി ഈ നിലപാട് സ്വീകരിച്ചതോടെ ഇരുവരും തമ്മിലുണ്ടായിരുന്ന  സഖ്യവും ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇവർ നൽകിവന്ന പ്രശ്നാധിഷ്ഠിത പിന്തുണയുടെ പിൻബലത്തിലായിരുന്നു ടോറി നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരുകൾ നിലനിന്നിരുന്നത്. 

മുഖ്യ പ്രതിപക്ഷമായ ലേബറിന്റെ  നേതാവ് ജെറമി കോർബിനും സ്കോട്ടീഷ് നാഷണൽ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും  ഉടമ്പടിയെ എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ലേബറിലെ ബ്രക്സിറ്റ് അനുകൂലികളായ എംപിമാരുടെ നിലപാടിലാണ് സർക്കാരിന്റെ കണ്ണ്. ലേബറിൽനിന്നും ബ്രക്സിറ്റ് അനുകൂലികളായ പത്തുപേരുടെ പിന്തുണ ലഭിച്ചാൽ ടോറി വിമതരെക്കൂടി അനുനയിപ്പിച്ച് ഉടമ്പടിക്ക് അംഗീകാരം നേടാനുകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

മുന്നോറോളം പേരുടെ പിന്തുണ ഇരു പക്ഷവും അവകാശപ്പെടുമ്പോൾ ഇനിയും നിലപാട് വ്യക്തമാക്കാത്ത 35 പേരുടെ വോട്ടിലാണ് ഇരുപക്ഷത്തിന്റെയും കണ്ണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com