ADVERTISEMENT

സൂറിക്∙ മലയാളി ബന്ധമുള്ള നിക്ക് ഗുഗ്ഗർ(49) സ്വിസ് പാർലമെന്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വലത്, ഇടത് പരമ്പരാഗത പാർട്ടികൾക്ക് നഷ്‌ടം നേരിട്ട തിരഞ്ഞെടുപ്പിൽ ഹരിത പാർട്ടികൾ അവരുടെ എക്കാലത്തെയും മികച്ച വിജയം നേടി. ഇവാഞ്ചലിക്കൽ പീപ്പിൾസ് പാർട്ടിയുടെ ടിക്കറ്റിലാണ് ഗുഗ്ഗറുടെ ജയം.

niklaus-samuel-gugger

കർണാടകയിലെ ഉഡുപ്പിയിൽ അനാഥനായി ജനിച്ച ഗുഗ്ഗറെ, തലശ്ശേരി നെട്ടൂരിലെ ബാസൽ മിഷനിൽ പ്രവർത്തിച്ചിരുന്ന സ്വിസ്സ് ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. തലശ്ശേരിയിലായിരുന്നു ഗുഗ്ഗറുടെ ബാല്യം. തന്റെ ബയോളജിക്കൽ മാതാപിതാക്കളെ കേരളത്തിലും, പടിഞ്ഞാറൻ കർണാടകത്തിലും തിരയുന്ന ഗുഗ്ഗർ ഇതിനായി പലപ്രാവശ്യം ഇന്ത്യയിൽ എത്തിയിരുന്നു. സ്വന്തം പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗം എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്, 2017 ൽ പാർട്ടിയുടെ നോമിനിയായാണ് ഗുഗ്ഗർ ആദ്യമായി സ്വിസ്സ് പാർലമെന്റിൽ എത്തുന്നത്.

200 അംഗ പാർലമെന്റിൽ വലതുപക്ഷത്തുള്ള സ്വിസ് പീപ്പിൾസ് പാർട്ടിക്ക് -12, എഫ് ഡി പി - 4, സി വി പി - 2, ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾ - 4 എന്നിങ്ങനെയാണ് മുൻ പാർലമെന്റിനെ ആപേക്ഷിച്ചു സീറ്റ് നഷ്ടം. ഇടതുപക്ഷ ഗ്രീൻ പാർട്ടി - 17 , ലിബറൽ ഗ്രീൻസ് - 9 സീറ്റുകളും അധികം നേടി. 53 എം പി മാരുള്ള സ്വിസ്സ് പീപ്പിൾസ് പാർട്ടി സഭയിലെ ഏറ്റവും വലിയ ഗ്രൂപ്പായി തുടരുമ്പോൾ, രണ്ടാമതുള്ള ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 39 അംഗങ്ങളാണുള്ളത്.

swiss-election

കൂട്ട് കക്ഷി ഭരണമുള്ള സ്വിസ്സിലെ ഏഴ് അംഗ കേന്ദ്രമന്ത്രിസഭയിൽ, നാല് പ്രധാന പാർട്ടികൾക്ക് മാത്രമാണ് നിലവിൽ പ്രാതിനിധ്യം. ക്രിസ്ത്യൻ പീപ്പിൾസ് പാർട്ടിയെ പിന്നിലാക്കി മൂന്നാമത്തെ വലിയ കക്ഷിയായതോടെ കേന്ദ്ര മന്ത്രിസഭയിലെ അംഗത്വത്തിനായി ഇടതുപക്ഷ ഗ്രീൻ പാർട്ടി അവകാശം ഉന്നയിച്ചു. “കാലാവസ്ഥാ പ്രശ്നങ്ങളിൽ സ്വിസ് വോട്ടർമാർ ആശങ്കരാണ്. പരിസ്ഥിതി സൗഹാർദ്ദപരമായ നയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും, വോട്ടിന്റെ ഫലം സർക്കാരിലും പ്രതിഫലിപ്പിക്കണമെന്നും" ഗ്രീൻ പാർട്ടി പ്രസിഡന്റ് റെഗുല റൈറ്റ്സ് ആവശ്യപ്പെട്ടു. 45.1 ശതമാനം മാത്രമായിരുന്നു പോളിംഗ്. 200 അംഗ പാർലമെന്റിലെ നാലിൽ ഒന്നും സ്‌ത്രീകളാണ്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com