ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമാണ് പതിനഞ്ച് ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ. ഒന്നര ലക്ഷത്തിലേറെ വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഈ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ എക്കാലവും ലേബർ പാർട്ടിക്കായിരുന്നു. ലേബറിന്റ ഉദാരമായ കുടിയേറ്റ നയങ്ങളും  ജനപ്രിയ സാമൂഹിക പദ്ധതികളും തൊഴിലാളി സ്നേഹവുമെല്ലാമാണ് ഇന്ത്യൻ സമൂഹത്തെ ആ പാർട്ടിയോട് അടുപ്പിച്ചത്. നഴ്സുമാർക്കും ഐ.ടി മേഖലയിലെ വിദഗ്ധ തൊഴിലാളികൾക്കും ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർക്കുമായി രണ്ടാം തലമുറ കുടിയേറ്റത്തിന് തൊണ്ണൂറികളിൽ വാതിൽ തുറന്നതും ലേബർ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ്. 

ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ യൂണിസെൻ, കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയൻ തുടങ്ങിയ യൂണിയനുകളിലെ അംഗത്വവും ഇന്ത്യൻ സമൂഹത്തെ അറിയാതെ ലേബർ പാർട്ടിയുടെ കുത്തക വോട്ടർമാരാക്കി മാറ്റി. ഇതിന്റെ ഫലമായി ഇന്ത്യക്കാരായ നിരവധി എംപിമാരും പാർട്ടി നേതാക്കളും ലേബറിനുണ്ടായി. പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്ന കീത്ത് വാസും, വീരേന്ദ്ര ശർമ്മയും എല്ലാം ഉദാഹരണങ്ങൾ. ലണ്ടനിലും മറ്റും നിരവധി പ്രാദേശിക കൗൺസിലർമാരും പല കൗൺസിലുകളിലെയും മേയർമാരും ഇന്ത്യക്കാരായി. ഇതിൽ ഓമന ഗംഗാധരനെപ്പോയെയും മഞ്ജു ഷാഹുൽ ഹമീദിനെപ്പോലെയും ഫിലിപ്പ് ഏബ്രഹാമിനെപ്പോലെയുമുള്ള മലയാളികളും ഉൾപ്പെടുന്നു. 

എന്നാൽ പരമ്പരാഗതമായ ഇന്ത്യക്കാരുടെ ഈ ലേബർ സ്നേഹം ഇക്കുറി ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നില്ല. ഇതിനു പ്രധാന കാരണം കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ലേബറിന്റെ പാക് അനുകൂല നിലപാടുകളാണ്. ഇതു തുറന്നു പറഞ്ഞ് പല ഇന്ത്യൻ സംഘടനകളും പരസ്യമായി രംഗത്ത് എത്തിക്കഴിഞ്ഞു. ദീപാവലിക്കും സ്വാതന്ത്ര്യദിനത്തിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു മുന്നിൽ പാക്കിസ്ഥാൻകാർ നടത്തിയ പരസ്യമായ പ്രതിഷേധത്തിന് പിന്തുണ നൽകിയത് ഇന്ത്യക്കാർക്ക് ലേബർ നേതൃത്വത്തോട് അകൽച്ചയുണ്ടാകാൻ കാരണമായി. 

യൂണിവേഴ്സിറ്റി ഫീസ്, എൻ.എച്ച്.എസ്, പൊതു ഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ ലേബറിന്റെ നിലപാടുകളോട് താൽപര്യമുണ്ടെങ്കിലും ബ്രെക്സിറ്റിലെ വ്യക്തതയില്ലാത്ത നിലപാട് മറ്റെല്ലാവരെയും പോല ഇന്ത്യക്കാരെയും ലേബറിന്റെ വിരോധികളാക്കി. 

Boris Johnson, Jeremy Corbyn

നാലു വർഷത്തിന്ടെ മൂന്നു പ്രധാനമന്ത്രിമാർ മാറി ഭരിച്ച ടോറി ഭരണത്തെ മികച്ചതായി ആരും കാണുന്നില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ഏറെ അടുപ്പമുള്ള ലേബർ നേതാവ് ജെറമി കോർബിനെ ഇവരേക്കാൾ മികച്ച പ്രധാനമന്ത്രിയായി കാണാൻ കടുത്ത പാർട്ടിക്കാർക്കല്ലാതെ ആർക്കും കഴിയുന്നില്ല. കോർബിനല്ലാതെ മറ്റൊരു നേതാവിനെ പാർട്ടിക്ക് ഉയർത്തിക്കാട്ടാനുമില്ല. നാലുവർഷത്തിനിടെ പാർട്ടിക്കുള്ളിൽ അദ്ദേഹം ഉയർത്തിയ വിവാദങ്ങളും ഏറെയായിരുന്നു. 

കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കാതെയും പാക്കിസ്ഥാനെ പിണക്കാതെയും തണുപ്പൻ നിലപാട് സ്വീകരിച്ച ലേബർ പാർട്ടിക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന പരസ്യ നിലപാടിലാണ് ബ്രിട്ടനിലെ ബിജെപി.യുടെ പ്രവാസി സംഘടനയായ  ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി. 

മൂന്നു കാരണങ്ങളാൽ ലേബറിനെ പിന്തുണയ്ക്കാൻ സാധ്യമല്ലെന്നാണ് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി. പ്രസിഡന്റ് കുൽദീപ് സിംങ് ഷെഖാവത്ത് വിശദീകരിക്കുന്നത്. കാശ്മീർ വിഷയത്തിൽ ഓഗസ്റ്റ് 15നും സെപ്റ്റംബർ മൂന്നിനും ലണ്ടനിലെ ഇന്ത്യാ ഹൗസിലേക്ക് പാക്കിസ്ഥാൻകാർ നടത്തിയ പ്രകടനത്തിന് ചില ലേബർ എംപിമാർ നൽകിയ പിന്തുണയാണ് ഇതിൽ ഒന്നാമത്തേത്. കാശ്മീർ വിഷയം ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ചയായപ്പോൾ ഒരു ലേബർ എംപി പോലും ഇന്ത്യയ്ക്ക് അനുകൂലമായി സംസാരിച്ചില്ല എന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ കാരണം. കാശ്മീർ വിഷയത്തിൽ ലേബർ പാർട്ടി കോൺഫറൻസിൽ പാക്കിസ്ഥാന് അനുകൂലമായി പാസാക്കിയ പ്രമേയമാണ് മൂന്നാത്തെ കാരണം. ഇന്ത്യയുടെ ആഭ്യന്തര കാര്യമായ കാശ്മീരിനെക്കുറിച്ച് ലേബർ പാർട്ടി പാർട്ടി കോൺഫറൻസിൽ പ്രമേയം പാസാക്കേണ്ട കാര്യമെന്താണെന്നാണ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ ചോദ്യം. 

ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം എന്നീ വൻ നഗരങ്ങളിലും ലണ്ടനു ചുറ്റുമുള്ള ചെറുനഗരങ്ങളിലുമായാണ് ഇന്ത്യൻ സമൂഹത്തിൽ നല്ലൊരു ഭാഗവും വാസമുറപ്പിച്ചിട്ടുള്ളത്. ഇവരുടെ പിന്തുണ നഷ്ടമായാൽ ചുരുങ്ങിയത് അമ്പത് സീറ്റിലെങ്കിലും ലേബറിന് അത് തിരിച്ചടിയാകും. ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ വീണ്ടെടുക്കാൻ ലേബറും പിടിച്ചെടുക്കാൻ ടോറികളും വരുംദിവസങ്ങളിൽ എന്ത് അടവും നയങ്ങളും പുറത്തെടുക്കുമെന്ന് കാത്തിരുന്ന് കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com